മാതൃവിചാരങ്ങൾ 8: ജന്മം സാഫല്യമാക്കിയ പരിശുദ്ധ മറിയം പറഞ്ഞുതരുന്ന ആത്മദർശനങ്ങൾ

സി. റെറ്റി എഫ്. സി. സി.

ജന്മപാപത്തിന്റെ കറയോ, കർമ്മപാപത്തിന്റെ നിഴലോ ഏൽക്കാത്ത പരിശുദ്ധ അമ്മയുടെ ജനനം സാർവത്രികസഭയിൽ വലിയ തിരുനാളായി ആഘോഷിക്കുന്നു. അനാദിയിലെ ദൈവം സവിശേഷമാവിധം തിരഞ്ഞെടുത്ത പരിശുദ്ധ മറിയം ഈ ലോകത്തിൽ പാപമില്ലാത്തവളും യോഗ്യതകളിലും പുണ്യങ്ങളിലും നിറവുള്ളവളുമായിരുന്നു. ജനനസമയത്ത് പരിശുദ്ധ മറിയം പ്രാപിച്ച വിശുദ്ധിയുടെ തോത് മനസ്സിലാക്കണമെങ്കിൽ ഒന്നാമതായി ദൈവം പരിശുദ്ധ മറിയത്തെ സമ്പുഷ്ടമാക്കിയ ആദ്യത്തെ കൃപയുടെ മഹാത്മ്യവും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രണ്ടാമതായി, പരിശുദ്ധമായ ആ കൃപകളോട് വിശ്വസ്തതയോടെ അവൾ വേഗത്തിൽ പ്രത്യുത്തരിച്ച രീതിയും.

ദൈവം ഈ ലോകത്തിൽ സൃഷ്ടിച്ചിട്ടുള്ള ആത്മാക്കളിൽ ഏറ്റവും മനോഹരമായ ആത്മാവ് പരിശുദ്ധ മറിയത്തിന്റെ ആത്മാവായിരുന്നു. ദൈവം ഈ ലോകത്തിൽ ചെയ്തിരിക്കുന്ന പ്രവർത്തികളിൽ ഏറ്റവം പരിപൂർണ്ണമായതും ദൈവത്തിന് ഏറ്റവും യോഗ്യമായതുമായ പ്രവൃത്തി, മനുഷ്യനായി അവതരിച്ച ദൈവവചനത്തിനു മാതാവായി പരിശുദ്ധ മറിയത്തെ രൂപപ്പെടുത്തിയതാണ്.

കപ്പദ്യോച്ചിൻ പിതാക്കന്മാരിലൊരാളായ വി. ബേസിൽ പരിശുദ്ധ മറിയത്തെപ്പറ്റി പറയുന്നത് ശ്രദ്ധാർഹമാണ്: “പരിശുദ്ധ കന്യക പരിശുദ്ധാത്മാവിന്റെ എല്ലാ കൃപകളും തന്നിലേക്ക് സ്വയം വലിച്ചെടുത്തു. പരിശുദ്ധ കന്യക കൃപ മുഴുവൻ നിറഞ്ഞവളാണ്. പരിശുദ്ധ മറിയ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവളും മുൻകൂറായി നിശ്ചയിക്കപ്പെട്ടവളുമാണ്. പരിശുദ്ധാത്മാവ് മറിയത്തെ പൂർണ്ണമായും സ്വന്തമാക്കി.” വി. വിൻസെന്റ് ഫെറെറിന്റെ സാക്ഷ്യം ഇപ്രകാരമാണ്: “പരിശുദ്ധ മറിയത്തിന്റെ വിശുദ്ധി എല്ലാം മാലാഖമാരുടെയും വിശുദ്ധരുടെയും വിശുദ്ധിയെക്കാൾ മുൻപന്തിയിൽ നിൽക്കുന്നു.”

‘God does not make junk’ എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. ഈ വാചകം സൂചിപ്പിക്കുന്നത്, ഏതെങ്കിലും ദൈവം സൃഷ്ടിച്ചതാണെങ്കിൽ അതിന് മൂല്യവും ലക്ഷ്യവുമുണ്ടെന്നും അത് തള്ളിക്കളയുകയോ, വിലകെട്ടതായി കണക്കാക്കുകയോ ചെയ്യരുത് എന്നാണ്. എല്ലാറ്റിനും ഒരു കാരണമുണ്ടെന്നും ദൈവത്തിന്റെ എല്ലാ സൃഷ്ടികളിലും നന്മ കാണാൻ ശ്രമിക്കണമെന്നും ഇത് സൂചിപ്പിക്കുന്നു.

യേശു പറയുന്നു, ഞാൻ വന്നിരിക്കുന്നത് പിതാവിന്റെ ഇഷ്ടം നിറവേറ്റാനാണ്. ദൈവഹിതമനുസരിച്ച് ജീവിതം രൂപപ്പെടുത്തുന്ന ഒരാൾക്ക് ഒന്നിനുവേണ്ടിയും ശാഠ്യം പിടിക്കാനാവില്ല. ഓരോരുത്തരുടെയും ജീവിതത്തിൽ പൂർത്തിയാക്കേണ്ട ചില വിശുദ്ധ ലിഖിതങ്ങളുണ്ട്. പരിശുദ്ധ അമ്മയും തന്റെ ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ‘ഇതാ, കർത്താവിന്റെ ദാസി’ എന്നുപറയാൻ സാധിച്ചത്.

ദൈവത്തിന്റെ പദ്ധതികൾ തിരിച്ചറിഞ്ഞു പൂർത്തീകരിക്കുന്ന ജീവിതങ്ങളെ സഫലജന്മങ്ങൾ എന്ന് നാം പറയുന്നു. അബ്രാഹവും മോശയും ദൈവം നിയോഗിച്ച ദൗത്യം പൂർത്തിയാക്കി. കർത്താവിന്റെ സന്നിധിയിൽ ദൈവികചിന്തയോടെ ജീവിക്കുന്ന വ്യക്തിക്കു മാത്രമേ ദൈവത്തിന്റെ ഹിതം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

സക്രാരിയുടെ ഇരുവശങ്ങളിലും നന്നായി അലങ്കരിച്ചുവച്ചിരിക്കുന്ന ബൊക്കെയിലെ പൂക്കൾ വളരെ മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്നതുകണ്ട് പൂവിന്റെ അടുത്തേക്ക് ജനാലയിലൂടെ കടന്നുവന്ന ഒരു തേനീച്ച പൂവിനോട് കുശലാന്വേഷണം നടത്തി. വെട്ടിമാറ്റിയിട്ടും ഇറുത്തെടുത്തിട്ടും ഇത്രമാത്രം പ്രസന്നവദനത്തോടെ നിങ്ങൾക്കായിരിക്കാൻ സാധിക്കുന്നത് എങ്ങനെയാണ്. പലവട്ടം ചോദിച്ചിട്ടും ഉത്തരമൊന്നും പറയാത്തതിനാൽ നിരാശപ്പെട്ട തേനീച്ച അവസാനം ഒരു റോസാപ്പൂവിനോടു ചെന്നു ചോദിച്ചു. റോസാപ്പൂ ഇതൾ ഒന്ന് വിടർത്തിക്കൊണ്ട് തേനീച്ചയോടു പറഞ്ഞു, ‘ജന്മസാഫല്യത്തിന്റെ സംതൃപ്തി ദൈവസന്നിധിയിൽ അലങ്കാരമാവുക എന്നതാണ്.’ പരിശുദ്ധ അമ്മയുടെ ജീവിതം സഫലമായത് ഈശോയ്ക്കുവേണ്ടി ഈശോയുടെ സന്നിധിയിൽ ജീവിച്ചുകൊണ്ടാണ്.

വിറക് അടുപ്പിലിരുന്നു കത്തിയാൽമാത്രമേ അതിന്റെ ജീവിതം സഫലമാകുകയുള്ളൂ, തിളയ്ക്കുന്ന വെള്ളത്തിൽക്കിടന്ന് അരി പാകമാകുമ്പോൾമാത്രമേ അതിന്റെ ജീവിതവും അർഥവത്താകൂ. ക്രിസ്തുവിനെ ജന്മം നൽകിയതുകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ എല്ലാ ഇഷ്ടങ്ങൾക്കും തന്നെത്തന്നെ വിധേയപ്പെടുത്തിയതുകൊണ്ടു കൂടിയാണ് പരിശുദ്ധ അമ്മയുടെ ജീവിതം സഫലമായത്.

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാൾ ആഘോഷിക്കുമ്പോൾ അമ്മ നമുക്ക് പറഞ്ഞുതരുന്ന ഏതാനും കാര്യങ്ങളുണ്ട്. ജീവിതത്തെ അതിന്റെ എല്ലാ അനുഭവങ്ങളോടുംകൂടി അതേപടി സ്വീകരിക്കുക. ഒന്നും ആവശ്യപ്പെടാതെ, ഒന്നും നിരസിക്കാതെ, ഒന്നിനോടും പരിഭവിക്കാതെ ജീവിതം നേരിടാൻ പരിശുദ്ധ അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിന്റെ ഒരു തീർഥയാത്രയായിരുന്നു ആ ജീവിതം. തന്നിൽ ദൈവം ആരംഭിച്ചത് അവിടുന്ന് പൂർത്തിയാക്കുമെന്ന് വിശ്വാസത്തോടെയുള്ള യാത്രയിലൂടെ പരിശുദ്ധ അമ്മ നമുക്ക് കാണിച്ചുതരുന്നു.

പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും നട്ടംതിരിഞ്ഞ് നിരാശപ്പെടാതെ പ്രതീക്ഷയോടെ ജീവിക്കുക. ദൈവജനത്തെ പരിശുദ്ധാത്മാവിലേക്ക് അടുപ്പിക്കുക. സെഹിയോൻ ശാലയിലെ പ്രാർഥനാന്തരീക്ഷത്തിൽ സമയം ചെലവഴിക്കാൻ മറിയം നേതൃത്വം കൊടുത്തപ്പോൾ ആത്മാഭിഷേകത്താൽ ശിഷ്യന്മാർ നിറഞ്ഞു. നിന്നോട് ഇടപെടുന്നവരെ പരിശുദ്ധാത്മാവിലേക്ക് അടുപ്പിക്കുന്ന ഒരു ഒറ്റമൂലിയായി നീ മാറുക.

പരിശുദ്ധ അമ്മ സ്നേഹമായിരുന്നു. സ്നേഹത്തിനുവേണ്ടി യാത്ര ചെയ്തവളായിരുന്നു മറിയം. മറിയം സ്നേഹത്തിനുവേണ്ടിയാണ് ബത്‌ലഹേമിലേക്കു യാത്രചെയ്തത്, സ്നേഹമാകാനാണ് മകനെയും തോളിലെടുത്ത് ഈജിപ്തിലേക്കു പോയത്, സ്നേഹം സ്വന്തമാക്കാനാണ് 12 വയസ്സായ മകനെ തിരഞ്ഞ് ദൈവാലയത്തിലേക്കു മടങ്ങിയത്, സ്നേഹം പങ്കുവയ്ക്കാനാണ് കാനായിലെ വീട്ടിൽ പോയത്, സ്നേഹത്തിന്റെ സഹനം ഏറ്റുവാങ്ങാനാണ് കാൽവരി കയറിയത്, സ്നേഹത്തിന്റെ കൂട്ടായ്മ സ്വന്തമാക്കാൻ സെഹിയോൻ മാളികയിൽ ശിഷ്യരോടൊപ്പം ചെലവഴിച്ചു.
നീയും സ്നേഹത്തിനുവേണ്ടി യാത്ര ചെയ്യുക.

മറിയം ദൈവമല്ല, ദൈവത്തിലേക്ക് എന്നെ നയിക്കുന്ന എന്റെ ഏറ്റവും വലിയ സ്നേഹിതയാണ്. മറിയം യേശു അല്ല, യേശുവിനെ എനിക്കു നൽകിയ അവിടുത്തെ അമ്മയാണ്. ഈ അമ്മയെ നമ്മുടെ അമ്മയായി സ്വീകരിക്കുന്നതിൽ ഒട്ടും ഭയപ്പെടുകയോ, താമസം വരുത്തുകയോ ചെയ്യരുത്. ജീവിതത്തെ സ്നേഹിക്കുക  – അതിന്റെ കയ്പോടും മാധുര്യത്തോടുംകൂടെ. ജീവിതം മനോഹരമാണ്. മറ്റുള്ളവരെ സ്നേഹിച്ച്‌ അവരുടെ ജീവന് വില നൽകുക.

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.