കത്തോലിക്കാസഭ പ്രാർഥനയുടെ വർഷമായി ആചരിക്കുന്ന ഈ വർഷത്തിൽ ‘പ്രത്യാശയുടെ തീർഥാടകരാകാൻ പ്രാർഥിക്കുന്ന മറിയത്തെ നമുക്കു ധ്യാനവിഷയമാക്കാം. പരിശുദ്ധ അമ്മയോടൊപ്പം പ്രാർഥനാനിരതരായിരുന്ന അപ്പസ്തോല ഗണത്തിലാണല്ലോ പരിശുദ്ധാത്മഭിഷേകം ആദ്യം വന്നുനിറഞ്ഞത്. ആദിമസഭയിൽ മനുഷ്യൻ എന്താണ് പ്രാർഥിച്ചിരുന്നത്? അതുതന്നെയാണ് അവർ വിശ്വസിച്ചിരുന്നതും (Lex Orand , Lex Credenti). മറിയം എന്താണ് പ്രാർഥിച്ചത്? അതു അവളുടെ വിശ്വാസവുമായിരുന്നു. അതിനാൽ മറിയം പ്രാർഥനയിൽ ജീവിക്കുന്ന കന്യകയാണ് (Marialis Cultus-18) എന്നു സഭ പഠിപ്പിക്കുന്നു.
മിശിഹായുടെ മുന്നോടിയായ സ്നാപകൻ്റെ അമ്മയായ എലിസബത്തിനെ മറിയം സന്ദർശിച്ചപ്പോൾ, ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന വാക്കുകളിൽ, അവളുടെ വിനയത്തിൻ്റെയും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രകടനങ്ങളും, ദൈവാത്മാവാൽ നിറഞ്ഞപ്രാർഥനയും നമുക്കു കാണാം. ആ പ്രാർഥനയാണ് ‘ മറിയത്തിന്റെ സ്തോത്രഗീതം’. (ലൂക്കാ 1:46-55). മറിയത്തിൻ്റെ അതിവിശിഷ്‌ടമായ പ്രാർഥനയാണത്. മിശിഹാകാലഘട്ടത്തിൻ്റെ പാട്ടാണത്. അതിൽ പഴയ- പുതിയ ഇസ്രായേലിൻ്റെ സന്തോഷം ഇടകലരുന്നു.
വി. ഇരണേവൂസ് പറയുന്നതുപോലെ, മിശിഹായെ മുൻകൂട്ടി കണ്ട അബ്രാഹത്തിൻ്റെ സന്തോഷം ഒരിക്കൽകൂടി കേൾക്കപ്പെട്ടത് മറിയത്തിൻ്റെ കീർത്തനത്തിലാണ്. (എന്റെ ദിവസം കാണാം എന്ന പ്രതീക്‌ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്‌തു (യോഹ 8:56). അങ്ങനെ മറിയത്തിന്റെ കീർത്തനം ലോകമെങ്ങും വ്യാപിച്ചു. എല്ലാക്കാലത്തും സഭ മുഴുവൻ്റെയും പ്രാർഥനയായിത്തീരുകയും ചെയ്തു.
കാനായിൽ മറിയം പ്രാർഥനയിൽ ജീവിക്കുന്ന കന്യകയായി വീണ്ടും കാണപ്പെടുന്നു. അവിടെ അവൾ ഒരു ഭൗതികാവശ്യത്തെക്കുറിച്ചു തന്റെ പുത്രനോടു യാചനാപൂർവം പ്രാർഥിക്കുന്നു. ആ പ്രാർഥനവഴി ദൈവകൃപയുടെ ഒരു അനന്തരഫലം കൂടി സ്വീകരിച്ചു. അതായത്, യേശു തന്റെ ആദ്യത്തെ ‘അടയാളം’ പ്രവർത്തിക്കുന്നതിലൂടെ തന്റെ ശിഷ്യർക്ക് തന്നിലുള്ള വിശ്വാസം സ്ഥിരീകരിച്ചു (യോഹ 2:1-12).
മറിയത്തിൻ്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണത്തിന്റെ അവസാനത്തിൽ അവളെ പ്രാർഥിക്കുന്നവളായി അവതരിപ്പിക്കുന്നു: ‘ശ്ലീഹന്മാർ ഏകമനസ്സോടെ യേശുവിൻ്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവൻ്റെ സഹോദരരോടുമൊപ്പം പ്രാർഥനയിൽ മുഴുകിയിരുന്നു’ (അപ്പ. 1:14).
ആദിമസഭയിലും എല്ലാ യുഗങ്ങളിലും മറിയത്തിൻ്റെ പ്രാർഥനാപൂർണമായ സാന്നിധ്യം നാം കാണുന്നു. അവൾ സ്വർഗത്തിലേക്ക് കരേറ്റപ്പെട്ടശേഷം തന്റെ മാധ്യസ്ഥ്യത്തിൻ്റെയും രക്ഷയുടെയും ദൗത്യം ഉപേക്ഷിച്ചിട്ടില്ല. പ്രാർഥനയിലായിരിക്കുന്ന കന്യക എന്ന പ്രയോഗം സഭയ്ക്കും യോജിക്കുന്നതാണ്. അവൾ തൻ്റെ മക്കളുടെ ആവശ്യങ്ങൾ പിതാവിൻ്റെ സന്നിധിയിൽ അനുനിമിഷവും സമർപ്പിക്കുന്നു. അവിരാമം കർത്താവിനെ സ്‌തുതിക്കുകയും ലോകത്തിൻ്റെ രക്ഷയ്ക്കായി മാധ്യസ്ഥ്യം വഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ‘നന്നായി പ്രാർഥിക്കാനറിയവുന്നവന് നന്നായി ജീവിക്കാനറിയാം’ എന്ന വിശുദ്ധ അഗസ്തീനോസിൻ്റെ സുകൃതമൊഴി പരിശുദ്ധ അമ്മയുടെ കാര്യത്തിൽ പൂർണ്ണമായും ശരിയായി. നമ്മുടെ കാര്യത്തിലും അതു യാഥാർഥ്യമാകട്ടെ.
സി. റെറ്റി ജോസ് FCC