

യോഹന്നാൻ ശ്ലീഹാ സ്വർഗത്തിൽ കണ്ട വലിയ അടയാളം (Signum Magnum) “സൂര്യനെ ഉടയാടയാക്കിയ സ്ത്രീ” (വെളിപാട് 12/1) സൂചിപ്പിക്കുന്നത് രക്ഷകനായ ഈശോയുടെ കൃപാവരത്താൽ എല്ലാ മനുഷ്യർക്കും അമ്മയായ പരിശുദ്ധ മറിയത്തെയാണെന്ന് വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ പറയുന്നു. എന്തുകൊണ്ടാണ് ആ വലിയ അടയാളം നമുക്ക് പ്രധാനപ്പെട്ടതാകുന്നത്? ആ അടയാളം ഒരു മാതൃകയാണ്.
അമലോത്ഭവയായ ദൈവമാതാവിന്റെറെ ശ്രേഷ്‌ഠമായ സദ്ഗുണങ്ങളിൽനിന്നു പുറപ്പെടുന്ന മാധുര്യവും ആകർഷണവും മിശിഹായാകുന്ന ദൈവിക മാതൃക തടയാനാവാത്തവിധം, അനുകരിക്കാൻ ആത്മാക്കളെ ആകർഷിക്കുന്നു. കാരണം, അവൾ അവിടത്തെ ഏറ്റവും വിശ്വസ്‌തയായ പ്രതിരൂപമായിരുന്നല്ലോ. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം പഠിപ്പിക്കുന്നു: ‘ഭക്തിപൂർവം മറിയത്തെക്കുറിച്ചു ധ്യാനിക്കുകയും മനുഷ്യാവതാരം ചെയ്‌ത ദൈവവചനത്തോടു ബന്ധപ്പെടുത്തി അവളെക്കുറിച്ചു പരിചിന്തിക്കുകയും ചെയ്യുമ്പോൾ സഭ ബഹുമാനപുരസ്സരം മനുഷ്യാവതാരമെന്ന മഹാരഹസ്യത്തിലേക്ക് കുടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുകയും തൻ്റെ ദിവ്യമണവാളനോട് ഉത്തരോത്തരം അനുരൂപപ്പെടുകയുമാണു ചെയ്യുന്നത്’.
വിശ്വാസം, സ്നേഹം, മിശിഹായുമായുള്ള പൂർണമായ ഐക്യം എന്നിവയിൽ മറിയം സഭയുടെ മാതൃകയായിത്തീർന്നുകൊണ്ട് ‘മുമ്പേ പോയി’. ഈ “മുമ്പേ പോകൽ” ഒരു മാതൃക എന്ന നിലയിൽ സഭയുടെ രഹസ്യാത്മകതയെ സൂചിപ്പിക്കുന്നു.
വലിയ അടയാളമായ മറിയത്തെ നമ്മുടെ വിശുദ്ധ മാതൃകയായി സ്വീകരിക്കുന്നതിനാൽ വിശുദ്ധ ആൻസലെമിൻ്റെ പ്രാർഥന നമുക്കും സ്വന്തമാക്കാം: “ഓ! മഹിമ നിറഞ്ഞ മഹതീ, നിന്നിലൂടെ ഞങ്ങളിലേക്ക് അവരോഹണം ചെയ്യാൻ കനിഞ്ഞ നിൻ്റെ പുത്രനായ മിശിഹായിലേക്ക് ആരോഹണം ചെയ്യാൻ നിന്നിലൂടെ ഞങ്ങൾ അർഹരാകുന്നതിന് കൃപചെയ്യണമേ.”
സി. റെറ്റി ജോസ് FCC