മാതൃവിചാരങ്ങൾ 04: കൃപ നിറഞ്ഞ മറിയം നമ്മുടെ സന്തോഷപ്രദമായ പ്രതീക്ഷ

സി. റെറ്റി എഫ്. സി. സി.

മാതൃഭക്തർക്ക് പരിശുദ്ധ മറിയത്തോട് സവിശേഷമായ ഒരു ആശ്രയത്വമുണ്ട്. ദൈവിക കൃപയുടെ മധ്യസ്ഥയെന്ന നിലയിൽ ദൈവത്തിന്റെ സിംഹാസനത്തിങ്കൽ അവൾ നിരന്തരം നിർവഹിക്കുന്ന ‘ഉദ്യോഗം’ നമ്മുടെ ആശ്രയിക്കലിൽ നിരന്തരം നമ്മെ പിന്തുടരുന്നു. അവൾ അർഹതകൊണ്ടും യോഗ്യതകൊണ്ടും ദൈവത്തിന് ഏറ്റവും സ്വീകാര്യയാണ്. അതുകൊണ്ട് അധികാരത്തിൽ സ്വർഗത്തിലെ എല്ലാ മാലാഖമാരെയും വിശുദ്ധരെയും അവൾ അതിശയിപ്പിക്കുന്നു. ഈ മാധ്യസ്ഥമാണ് നമ്മുടെ സന്തോഷപ്രദമായ പ്രതീക്ഷ (Iucunda Semper Expectatione).

സിയെന്നായിലെ വി. ബെർണർദീൻ ഇപ്രകാരം പഠിപ്പിക്കുന്നു: “മനുഷ്യനു നല്കപ്പെടുന്ന ഒരോ കൃപയ്ക്കും ക്രമത്തിൽ മൂന്നു പടികളുണ്ട്. എന്തെന്നാൽ, അത് ദൈവത്താൽ ഈശോയ്ക്കു നല്കപ്പെടുന്നു. ഈശോയിൽനിന്നും കന്യകാമറിയത്തിലേക്കു നീങ്ങുന്നു. കന്യകാമറിയത്തിൽനിന്ന് അത് നമ്മിലേക്ക് ഇറങ്ങിവരുന്നു”

കന്യകാമറിയത്തിന്റെ പ്രാർഥനയാൽ സമർപ്പിക്കപ്പെടുന്ന നമ്മുടെ പ്രാർഥനകൾ ദൈവസന്നിധിയിലേക്ക് മാധുര്യമുള്ളതായി ഉയർത്തപ്പെടാതിരിക്കുകയില്ല. കാരുണ്യപൂർണ്ണനായ അവിടുന്നാണ് അവളെ ഇപ്രകാരം പറഞ്ഞു ക്ഷണിക്കുന്നത്: “നിന്റെ ശബ്ദം എന്റെ ചെവികളിൽ മുഴങ്ങട്ടെ. എന്തെന്നാൽ നിന്റെ ശബ്ദം മാധുര്യമുള്ളതാണ്” (Let thy voice sound in My ears, for thy voice is sweet).

ദൈവം ശ്രദ്ധേയമായ രീതിയിൽ കൃപകൊണ്ടു നിറച്ച വ്യക്തിയാണവൾ. അതിൽനിന്നുള്ള സമൃദ്ധി എല്ലാ മനുഷ്യരിലേക്കും പ്രവഹിക്കുന്നതിനുവേണ്ടിയാണ് അങ്ങനെ ചെയ്തത്‌. എല്ലാ ബന്ധങ്ങളെക്കാളും അവഗാഢമായ ബന്ധം വഴി കർത്താവിനോട് ഐക്യപ്പെട്ടവളോടാണ് – സ്ത്രീകളിൽ അനുഗൃഹീതയായ അവളോടാണ് – നാം പ്രാർഥിക്കുന്നത്. “അവൾ മാത്രമാണ് ശാപം എടുത്തുകളഞ്ഞതും അനുഗ്രഹം വഹിച്ചതും” (വി. തോമസ് അക്വീനാസ്).

മറിയത്തിന്റെ ഉദരഫലം, ഭാഗ്യപ്പെട്ട ഫലം വഴി ഭൂമിയിലെ ജനതകളെല്ലാം അനുഗൃഹീതരായി. പാപികളായ നമുക്ക് ജീവിതത്തിലും അവസാനകാലത്തെ തീവ്രവേദനയിലും അവളിൽനിന്നു കിട്ടുമെന്ന് നമ്മോടുതന്നെ വാഗ്ദാനം ചെയ്യാൻ കഴിയാത്ത എന്ത് അനുഗ്രഹമാണുള്ളത്. അതിനാൽത്തന്നെ അവൾ നമ്മുടെ സന്തോഷപ്രദമായ പ്രതീക്ഷയാണ്.

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.