ലെയോ 13-ാമൻ മാർപാപ്പ പറയുന്നു: ക്രൈസ്തവജനതയുടെ ഏറ്റവും ശക്തയായ സഹായദായികയും ഏറ്റവും കാരുണ്യമുള്ളവളും (the Mightiest Helper and the most Merciful) ദൈവമാതാവായ കന്യകാമറിയമാണ്. കൂടുതൽ തിളക്കത്തോടെ അവളെ ബഹുമാനിക്കുന്നതും തീവ്രതയുള്ള ആത്മവിശ്വാസത്തോടെ അവളുടെ സഹായം യാചിക്കുന്നതും എത്രയോ ഉചിതമാണ്.
മറിയം ഉദാരതാപൂർണ്ണമായ ഹൃദയത്തോടെ ഉന്നതവും ക്ലേശപൂർണ്ണവുമായ കടമകൾ ഏറ്റെടുക്കുകയും നിർവഹിക്കുകയും ചെയ്‌തു. അവൾ തന്റെ വിശുദ്ധമായ മാതൃക, ആധികാരികമായ ഉപദേശം, മാധുര്യമുള്ള ആശ്വസിപ്പിക്കൽ, ഫലപൂർണ്ണമായ പ്രാർഥന എന്നിവകൊണ്ട് ആദിമക്രൈസ്‌തവരെ, വിസ്‌മയനീയമായ ശ്രദ്ധയോടെ പരിപോഷിപ്പിച്ചു. അവൾ സത്യത്തിൽ സഭയുടെ അമ്മയായിരുന്നു, ശ്ലീഹന്മാരുടെ അധ്യാപികയും റാണിയുമായിരുന്നു. അവളുടെ യോഗ്യതകളുടെ മഹിമ, സ്വർഗീയമഹത്വം സ്വന്തമാക്കാൻ അവളെ അർഹയാക്കി.
അവൾ തന്റെ സ്വർഗീയവസതിയിൽനിന്ന് ദൈവകല്പനപ്രകാരം സഭയുടെ മേൽനോട്ടം ആരംഭിച്ചു. നമ്മുടെ അമ്മയെന്ന നിലയിൽ നമ്മെ സഹായിക്കാനും സുഹൃത്തുകളാക്കാനും തുടങ്ങി. മനുഷ്യരക്ഷയുടെ രഹസ്യവുമായി അവഗാഢം ബന്ധപ്പെട്ട അവൾ എക്കാലത്തും രക്ഷാകർമ്മത്തിൽനിന്നു പ്രവഹിക്കുന്ന കൃപാവരങ്ങളുടെ വിതരണക്കാരിയുമായി. അതിനാൽ ക്രിസ്ത്യാനികളുടെ സഹായികയായ മറിയത്തെ പലപേരുകളിലും നാം കാണുന്നു: ‘നമ്മുടെ അമ്മയും നമ്മുടെ മധ്യസ്ഥയും’ (Our Lady Our Mediatrix), ‘ലോകം മുഴുവനുംവേണ്ടി പരിഹാരം ചെയ്യുന്നവൾ’ (The reparatrix of the whole world) ‘സർവ സ്വർഗീയദാനങ്ങളുടെയും വിതരണക്കാരി’ (The Dispenser of all heavenly gifts).
കോൺസ്റ്റാന്റിനോപ്പിളിലെ വി. ജെർമാനൂസ് പറയുന്നു: “ഏറ്റവും പരിശുദ്ധയായ കന്യകേ, നിന്നിലൂടെയല്ലാതെ ആരും ദൈവികജ്ഞാനത്തിൽ സമ്പന്നനാകുന്നില്ല. ഓ, ദൈവത്തിന്റെ അമ്മേ, നിന്നിലൂടെയല്ലാതെ ആരും രക്ഷ പ്രാപിക്കുന്നില്ല. നിന്നിലൂടെയല്ലാതെ ആരും കാരുണ്യത്തിന്റെ സിംഹാസനത്തിൽനിന്ന് ഒരു ദാനവും സ്വീകരിക്കുന്നില്ല.”
ദൈവമാതാവെന്ന നിലയിൽ അവളോട് ഒരേ സ്വരത്തിൽ സമൂഹമായും വ്യക്തിപരമായും സ്തുതികൊണ്ടും യാചനകൊണ്ടും ആഗ്രഹത്തിന്റെ തീക്ഷ്ണതകൊണ്ടും ‘നീ ഞങ്ങളുടെ അമ്മയാണെന്ന് സ്വയം വ്യക്തമാക്കണമേ’ എന്നു നമുക്കു പ്രാർഥിക്കാം.
സി. റെറ്റി ജോസ് FCC