മാര്‍ ജോസഫ് പെരുന്തോട്ടം: കരുണയുടെ മുഖമുള്ള അജപാലകന്‍

ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ എന്ന നിലയില്‍ ആറു വര്‍ഷവും മെത്രാപ്പോലീത്ത എന്ന നിലയില്‍ 17 വര്‍ഷക്കാലവും ശുശ്രൂഷ ചെയ്ത ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തന്റെ ഔദ്യോഗിക ശുശ്രൂഷകളില്‍നിന്നു വിരമിക്കുകയാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും കര്‍മ മണ്ഡലങ്ങളിലൂടെയും നമുക്കൊന്ന് കടന്നുപോകാം.

ജീവിതരേഖ

ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് ഇടവക പെരുന്തോട്ടത്തില്‍ ജോസഫ് – അന്നമ്മ ദമ്പതികളുടെ ആറുമക്കളില്‍ ഏറ്റവും ഇളയ പുത്രനായി 1948 ജൂലൈ അഞ്ചിനു ജനിച്ചു. ബേബിച്ചന്‍ എന്നായിരുന്നു വിളിപ്പേര്. കൊങ്ങാണ്ടൂര്‍ സെന്റ് തോമസ് എല്‍. പി. സ്കൂള്‍, പുന്നത്തുറ സെന്റ് ജോസഫ് ഹൈസ്കൂള്‍, ചങ്ങനാശേരി എസ്. ബി. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം നടത്തിയത്.

ചങ്ങനാശേരി പാറേല്‍ സെന്റ് തോമസ് മൈനര്‍ സെമിനാരി, കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദികപഠനത്തിനുശേഷം 1974 സിസംബര്‍ 18 ന് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് കൈനകരി, പുളിങ്കുന്ന് പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു.

പിതാവ് കൈനകരിയില്‍ അസി. വികാരിയായിരിക്കുമ്പോള്‍ ആരംഭിച്ച CWM (Christian Workers Movement) പടിയറ പിതാവ് അതിരൂപതാതല സംഘടനയാക്കി മാറ്റുകയും പിന്നീട് അത് KLM ആയി പരിണമിക്കുകയും ചെയ്തു. അതിരൂപതാ മതബോധനകേന്ദ്രമായ സന്ദേശനിലയത്തിന്റെ ഡയറക്ടറായും പിതാവ് ശുശ്രൂഷ ചെയ്തു. ഈ കാലയളവിലാണ് ഇപ്പോഴും തുടരുന്ന സി. എല്‍. റ്റി. എന്ന അധ്യാപക പരിശീലനപരിപാടി അദ്ദേഹം ആരംഭിക്കുന്നത്. 1983 ല്‍ അദ്ദേഹം റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിനായി പോവുകയും സഭാചരിത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. തിരികെയെത്തിയശേഷം വടവാതൂര്‍ സെമിനാരി, മാങ്ങാനം എം. ഒ. സി. എന്നിവടങ്ങളില്‍ പ്രൊഫസര്‍, കൊടിനാട്ടുകുന്ന് പള്ളിവികാരി എന്നീ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടു.

പെരുന്തോട്ടം പിതാവ് കൊടിനാട്ടുകുന്ന് പള്ളിവികാരി ആയിരിക്കുമ്പോഴാണ്, ഇന്ന് കുടുംബക്കൂട്ടായ്മകള്‍ എന്നറിയപ്പെടുന്ന BCC (Baisic Christian Communtiy) യ്ക്ക് ആരംഭം കുറിക്കുന്നത്. ഈ അവസരത്തില്‍ത്തന്നെയാണ് വത്തിക്കാന്റെ അനുവാദത്തോടെ അൽമായര്‍ക്ക് ദൈവശാസ്ത്രത്തില്‍ എം. എ. വരെ പഠിക്കാനുതകുന്ന മാര്‍ത്തോമാ വിദ്യാനികേതന്‍ ആരംഭിക്കാന്‍ അദ്ദേഹം പ്രേരകമാകുന്നതും അതിന്റെ ഡയറക്ടറായി ചുമതലയേല്‍ക്കുന്നതും. വിശ്വാസപരമായ സംശയങ്ങള്‍ക്കു മറുപടി പറയാനായി സത്യദര്‍ശനം ദ്വൈവാരിക ആരംഭിച്ചതും ഇതോടനുബന്ധിച്ചാണ്.

മുകളില്‍പറഞ്ഞ കൂട്ടായ്മകളിലൂടെയും മാര്‍ത്തോമാ വിദ്യാനികേതനിലൂടെയുമാണ് ഇന്ന് പ്രമുഖരായ പല അൽമായനേതാക്കളും പ്രസംഗങ്ങള്‍ പരിശീലിച്ചതും ദൈവശാസ്ത്രം അഭ്യസിച്ചതും. അദ്ദേഹം പൊങ്ങ മാര്‍ സ്ലീവാ പള്ളിവികാരി, പാസ്റ്ററല്‍ കൗണ്‍സില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ എന്നിവയുടെ സെക്രട്ടറി, സീറോമലബാര്‍ സഭയിലും രൂപതയിലും ആരാധനാപരമായ വിവിധ ചുമതലകള്‍ തുടങ്ങിയ കര്‍ത്തവ്യങ്ങളും നിര്‍വഹിച്ചു. വൈദികനായപ്പോള്‍ മുതല്‍ അൽമായശാക്തീകരണമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമശ്രദ്ധ.

2002 ഏപ്രില്‍ 24 ന് അദ്ദേഹം ചങ്ങനാശേരി അതിരൂപതാ സഹായമെത്രാനായി നിയോഗിക്കപ്പെട്ടു. അതിരൂപതയുടെ 116-ാമത് വാര്‍ഷികദിനമായ 2002 മെയ് 20 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍വച്ച് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ കൈവയ്പുവഴി അദ്ദേഹം മെത്രാന്‍പട്ടം സ്വീകരിച്ചു. തുടര്‍ന്ന് അഞ്ചു വര്‍ഷക്കാലം അതിരൂപതയുടെ സഹായമെത്രാനായി ശുശ്രൂഷ ചെയ്ത മാര്‍ പെരുന്തോട്ടം 2007 മാര്‍ച്ച് 18 ന് അതിരൂപതാ മെത്രാപ്പോലീത്തയായി ചുമതലയേറ്റു. സി. ബി. സി. ഐ. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായും സീറോമലബാര്‍ പെര്‍മനന്റ് സിനഡ് അംഗമായും പ്രവര്‍ത്തിച്ചുവന്നിരുന്നു.

സി. ബി. സി. ഐ., കെ. സി. ബി. സി., സീറോമലബാര്‍ സിനഡ് എന്നിവയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനായും സീറോമലബാര്‍ സെൻട്രൽ ലിറ്റര്‍ ജിക്കല്‍ കമ്മിറ്റി (സി. എല്‍. സി.) അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സഭാത്മകജീവിതത്തിനും ആരാധനാക്രമാധിഷ്ഠിത ആധ്യാത്മികതയ്ക്കും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനശൈലിയാണ് അദ്ദേഹത്തിന്റേത്.

പിതാവിന്റെ അജപാലനമേഖലകളെ പ്രധാനമായും 12 ആയി തിരിക്കാം. 

1. ദൈവാരാധന 

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിനും സീറോമലബാര്‍ ആരാധനാക്രമത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന പെരുന്തോട്ടം പിതാവ് അതിരൂപതയുടെ സാരഥ്യം ഏറ്റെടുത്ത ഉടന്‍തന്നെ ആരാധനാവത്സര മാര്‍ഗരേഖ പുറത്തിറക്കി. പിന്നീട് നിരണം തീർഥാടനകേന്ദ്രത്തിന് അനുയോജ്യമായ പള്ളി നിര്‍മിച്ചു. കരുവള്ളിക്കാട് കുരിശുമല ക്രമീകരിക്കുകയും നാല്‍പതാം വെള്ളിയാഴ്ച തീര്‍ഥാടനം നടത്തുകയും ചെയ്യുന്നു.

ചമ്പക്കുളം സെന്റ് മേരീസ് പള്ളി ബസിലിക്കയായി മാര്‍പാപ്പ ഉയര്‍ത്തി. കുടമാളൂര്‍ സെന്റ് മേരീസ് പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. അരമന ചാപ്പല്‍ നവീകരിച്ചു മനോഹരമാക്കി. പാറേല്‍ മരിയന്‍ തീര്‍ഥാടനക്രേന്ദ്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

അതിരൂപതാംഗങ്ങളായ അല്‍ഫോന്‍സാമ്മയും ചാവറയച്ചനും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത് പിതാവിന്റെ കാലഘട്ടത്തിലാണ്. പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍, മാര്‍ മാത്യു കാവുകാട്ട്, മാര്‍ തോമസ് കുര്യാളശേരി, മദര്‍ ഷന്താള്‍ എസ്. എ. ബി. എസ്. എന്നിവരുടെ നാമകരണ നടപടികള്‍ പുരോഗമിച്ചുവരുന്നു.

2. വിശ്വാസപരിശീലനം

മാര്‍ത്തോമാ വിദ്യാനികേതന്‍, സന്ദേശനിലയം എന്നിവയിലൂടെ വിശ്വാസപരിശീലനം തുടര്‍ന്നുവരുന്നു. സന്ദേശനിലയം കെട്ടിടം നവീകരിച്ച് കൂടുതല്‍ സാകര്യപ്രദമാക്കി. മാര്‍ത്തോമാ വിദ്യാനികേതനോടനുബന്ധിച്ച് പ്ലാസിഡ് ലൈബ്രറി പുതിയ ബ്ലോക്ക്, ആര്‍ച്ചുബിഷപ് മാര്‍ പവ്വത്തില്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവ ക്രമീകരിച്ചു.

ഓരോ സംഘടനയും വിശ്വാസപരിശീലനവേദിയാണ് എന്ന കാഴ്ചപ്പാടാണ് പിതാവിനുള്ളത്. നൂറുമേനി വചനമനഃപാഠപദ്ധതി ആരംഭിച്ചു. അതിരൂപതാതല ബൈബിള്‍ കണ്‍വന്‍ഷന്‍ 25 വര്‍ഷമായി നടത്തിവരുന്നു.

3. വിദ്യാഭ്യാസം 

പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജിന്റെ സ്ഥാപനം, തിരുവനന്തപുരം കുറ്റിച്ചല്‍ ലൂര്‍ദ് മാതാ എന്‍ജിനീയറിംഗ് കോളേജിന്റെ ഏറ്റെടുക്കല്‍, എസ്. ബി., അസംപ്ഷന്‍ കോളേജുകള്‍ക്കു ലഭിച്ച ഓട്ടോണമസ് പദവി തുടങ്ങിയവ പെരുന്തോട്ടം പിതാവിന്റെ കാലത്തെ പ്രധാന വിദ്യാഭ്യാസനേട്ടങ്ങളാണ്.

അതിരൂപതാ മാനവ വിഭവശേഷി വികസന ട്രസ്റ്റ്, സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്റര്‍ എന്നിവയും പ്രവര്‍ത്തനമാരംഭിച്ചു. കുട്ടികളില്‍ സര്‍ക്കാര്‍ ജോലികളോട് ആഭിമുഖ്യം വളര്‍ത്താന്‍ അപ്പോസ്റ്റല്‍, ദിശ എന്നീ പദ്ധതികള്‍ ആരംഭിച്ചു.

4. ആതുരശുശ്രൂഷ, സാമൂഹികസേവനം

പിതാവിന്റെ കാലത്ത് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് വളരെ വളര്‍ച്ച നേടാന്‍ കഴിഞ്ഞു. മാര്‍ കാവുകാട്ട് ജൂബിലി ബ്ലോക്ക്, മാര്‍ പവ്വത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, വിവിധ പുതിയ ഡിപ്പാര്‍ട്ടുമെന്റുകള്‍, കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, കാര്‍ഡിയോളജി, കീമോ തെറാപ്പി വിഭാഗങ്ങള്‍, എസ്. ടി. പി. പ്ലാന്റ്, ഓക്‌സിജന്‍ പ്ലാന്റ്, മറ്റു സ്ഥലങ്ങളില്‍ സബ് സെന്ററുകള്‍ തുടങ്ങിയവ ആരംഭിച്ചു.

ഓരോ വര്‍ഷവും എട്ടുകോടിയോളം രൂപ ചികിത്സാരംഗത്ത് ചാരിറ്റിയായി ചെത്തിപ്പുഴ ആശുപത്രി ചെലവഴിക്കുന്നു. ആലപ്പുഴ സഹൃദയ ആശുപ്രതി 2012 ല്‍ അതിരൂപത ഏറ്റെടുത്ത് വലിയ വളര്‍ച്ച കൈവരിച്ചു. 4 ബെയ്‌സിക് ഡിപ്പാര്‍ട്ടുമെന്റുകള്‍ മാത്രമുണ്ടായിരുന്ന ആശുപ്രതി ഇന്ന് 10 ബേസിക്, 6 മള്‍ട്ടി, 9 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളുമായി അമ്പത്തിലധികം ഡോക്ടേഴ്സുമായി മുന്നോട്ടുപോകുന്നു.

മണിമലയില്‍ ഇന്‍ഫന്റ് ജീസസ് ആശുപ്രതി ആരംഭിച്ചു. വൃദ്ധമാതാക്കളെ നിവസിപ്പിക്കുന്നതിനായി നെടുംകുന്നം മദര്‍ തെരേസാ അമ്മവീട്, കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്ന കിഡ്‌നി രോഗികളുടെ സഹായത്തിനായി അതിരമ്പുഴ മദര്‍ തെരേസ കെയര്‍ ഹോം, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും താമസത്തിനും ആശുപത്രിയില്‍ സൗജന്യഭക്ഷണം നല്‍കുന്നതിനുമായി മദര്‍ തെരേസ കെയര്‍ ഹോം, ഓട്ടിസം ലക്ഷണങ്ങളുള്ള കുട്ടികളുടെ പരിശീലനത്തിനായി നെടുംകുന്നം പ്രഷ്യസ് സ്‌സ്കൂള്‍, സാമൂഹിക സേവന വിഭാഗമായ ചീരംചിറ ചാരിറ്റി വേള്‍ഡ്, ചീരംചിറ ജിംപെയര്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പുനലൂര്‍ സ്നേഹതീരം ആരംഭിക്കാന്‍ ബഹു. സിസ്റ്റേഴ്സിന് നല്‍കിയ സഹായങ്ങള്‍, തിരുവനന്തപുരം ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോം (2016), നെടുമങ്ങാട് ഓള്‍ഡ് ഏജ് ഹോം (2019) നാലുകോടി പുതുജീവന്‍ ഏറ്റെടുക്കല്‍, മാനസിക ഭിന്നശേഷിക്കാര്‍ക്കുള്ള ഇത്തിത്താനം ആശാഭവന്റെ നവീകരണം, ഫാത്തിമാപുരം സ്‌നേഹ നിവാസ് ഓര്‍ഫനേജിന്റെ പുതിയ കെട്ടിടം, കിടങ്ങറ പോപ്പ് ജോണ്‍ 23 റീഹാബിലിറ്റേഷന്‍ സെന്റര്‍ ഏറ്റെടുക്കല്‍ തുടങ്ങിയവ പെരുന്തോട്ടം പിതാവിന്റെ സാമൂഹികപ്രതിബദ്ധതയുടെ ഉദാഹരണങ്ങളാണ്.

കുട്ടനാട് 2018 ലെ പ്രളയദുരിതത്തില്‍പെട്ടവര്‍ക്കായി നടപ്പിലാക്കിയ 100 കോടി രൂപയുടെ ക്ഷേമപദ്ധതികള്‍, കോവിഡ് കാലത്ത് നടപ്പിലാക്കിയ നിരവധി ക്ഷേമപദ്ധതികള്‍, മുണ്ടക്കയം, കൂട്ടിക്കല്‍, മണിമല പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലില്‍ നല്‍കിയ സഹായങ്ങള്‍, ചാസ് വഴി നടത്തുന്ന നിരവധിയായ സാമൂഹിക ക്ഷേമപദ്ധതികള്‍, ജീവകാരുണ്യനിധി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള കളര്‍ എ ഡ്രീം വിദ്യാഭ്യാസ, കളര്‍ എ ഹോം ഭവന നിര്‍മാണപദ്ധതികള്‍, കാരിത്താസ് ചങ്ങനാശേരി ജീവകാരുണ്യ ഫണ്ട്, എസ്. കെ. ജൂബിലി ട്രസ്റ്റ്, എന്നിവയും ഇതോടു ചേര്‍ത്തുവായിക്കണം.

മാര്‍ ജോസഫ് പെരുന്തോട്ടം സപ്തതിസ്മാരക ഭവനനിര്‍മാണ പദ്ധതി, മാര്‍ തോമസ് തറയില്‍ മെത്രാഭിഷേക സ്മാരക മാര്‍ കാവുകാട് പാലിയേറ്റിവ് കെയര്‍ പദ്ധതി എന്നിവയും ഈ കാലയളവില്‍ ആരംഭിച്ചു. കൊല്ലം മണ്‍റോതുരുത്തിലുള്ള CCCHI (Catholic Council for Children’s Home, India) ഏറ്റെടുത്തു. ഇപ്പോള്‍ വയനാട് – വിലങ്ങാട് പ്രളയദുരിതാശ്വാസ പദ്ധതികള്‍ പ്രാരംഭദശയിലാണ്. അതിരൂപതയിലെ കെയര്‍ ഹോമുകളുടെ ഡയറക്ടറി പുറത്തിറക്കി.

5. പ്രേഷിതദൗത്യം 

പിതാവ് വളരെ പ്രേഷിതതീഷ്ണത പുലര്‍ത്തുന്ന വൃക്തിയാണ്. രൂപതയ്ക്കുള്ളിലെ ചെറിയ സമൂഹങ്ങള്‍ക്കുവേണ്ടിപ്പോലും ഇടവകകള്‍ ആരംഭിക്കുന്നതിനും അവര്‍ക്ക് വൈദികരെ നല്‍കുന്നതിനും പിതാവ് ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇരുപതു വീട്ടുകാര്‍ക്കുവേണ്ടി 2011 ല്‍ തുടങ്ങിയ പന്തളം ദനഹാ മിഷന്‍ ഇന്ന് സ്വന്തമായി മനോഹരമായ പള്ളിയും പാരീഷ് ഹാളും വൈദികമന്ദിരവും സെമിത്തേരിയും പാര്‍ക്കിംഗ് സാകര്യവുവുള്ള ഒരു അജപാലനകേന്ദ്രമായി രൂപപ്പെട്ടിരിക്കുന്നു എന്നത് ചെറിയ സമൂഹങ്ങളോടുള്ള പിതാവിന്റെ കരുതലിന്റെ മികച്ച ഉദാഹരണമാണ്.

കേരളത്തിനു പുറത്തുള്ള മിഷന്‍രംഗങ്ങളിലും പിതാവ് ശ്രദ്ധ പുലര്‍ത്തി. ഇന്നു ഷംഷാബാദ് രൂപത എന്നറിയപ്പെടുന്ന ഹൈദ്രാബാദ് മിഷന്‍ പിതാവ് ആരംഭം കുറിച്ചതാണ്. രാജസ്ഥാനിലെ ജയ്പൂര്‍ മിഷനും പിതാവ് വളര്‍ത്തിക്കൊണ്ടുവന്നതാണ്. തമിഴ്‌നാട്ടില്‍ തക്കല രൂപതയ്ക്കുള്ളില്‍ വിരുത നഗര്‍ മിഷന്‍ ആരംഭിച്ചു. യു. കെ., അയര്‍ലണ്ട് തുടങ്ങിയ കുടിയേറ്റമിഷനുകളെ വളര്‍ത്താനും പിതാവ് ശ്രദ്ധിച്ചു. സൗത്ത് ആഫ്രിക്ക, ജി. സി. സി. രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി വൈദികരെ അയച്ചു. ക്രൈസ്തവവിശ്വാസം പുലര്‍ത്തുന്നത് ജീവനു ഭീഷണിയാകുന്ന രാജ്യങ്ങളിലേക്കുപോലും പിതാവ് സധൈര്യം വൈദികരെ അയയ്ക്കുക മാത്രമല്ല, അവരെ പോയി സന്ദര്‍ശിക്കുകയും അവരോടൊപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്.

6. പ്രവാസി, ടൂറിസം മിനിസ്‌ട്രി 

ചങ്ങനാശേരി അതിരൂപതയില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായിട്ടുള്ളവരുടെ അജപാലനം മുന്‍നിര്‍ത്തി ആരംഭിച്ച ഡിപ്പാര്‍ട്ടുമെന്റാണ് പ്രവാസി അപ്പോസ്തലേറ്റ്. കേരളസഭയില്‍ ഇപ്രകാരമൊരു ഡിപ്പാര്‍ട്ടുമെന്റ് ആദ്യമായി ആരംഭിക്കുന്നത് ചങ്ങനാശേരി അതിരൂപതയിലാണ്. ഇതിന്റെ വളര്‍ച്ചയില്‍ മാര്‍ പെരുന്തോട്ടം പിതാവ് നിർണ്ണായകപങ്ക് വഹിച്ചു.

ഗള്‍ഫ് മേഖലയിലും പാശ്ചാത്യരാജ്യങ്ങളിലുമുള്ള പ്രവാസികളുടെ ആത്മീയവും ഭാതികവുമായ പുരോഗതിക്ക് ഈ ഡിപ്പാര്‍ട്ട്മെന്റ് നേതൃത്വം നല്‍കുന്നു. അവര്‍ക്ക് സങ്കേതികസഹായവും നിയമസഹായവും ഡിപ്പാര്‍ട്ട്മെന്റ് നല്‍കിവരുന്നു. കൂടാതെ, ടൂറിസം രംഗത്ത് ഹൌസ് ബോട്ട്, റിസോര്‍ട്സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മീറ്റിംഗുകള്‍ വയ്ക്കുകയും ടൂറിസം രംഗത്ത് സഭയുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു.

7. സമുദായക്ഷേമം

കേരള ക്രൈസ്തവര്‍ സമുദായതലത്തില്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ക്ക് വളരെയധികം പ്രാധാനം കൊടുത്ത ഒരു സഭാധ്യക്ഷനാണ് അഭിവന്ദ്യ പെരുന്തോട്ടം പിതാവ്. കേരള സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ (80:20 etc) മെത്രാന്മാരുടെ ഇടയില്‍നിന്നും ആദ്യമായി ശബ്ദമുയര്‍ത്തിയത് പെരുന്തോട്ടം പിതാവാണ്.

2019 മാര്‍ച്ച് 7 വ്യാഴാഴ്ച, കോട്ടയം തിരുനക്കര മൈതാനിയില്‍വച്ച് ഈ വിവേചനങ്ങളെ പിതാവ് പരസ്യമായി ചോദ്യം ചെയ്തു. സമുദായമുന്നേറ്റം ലക്ഷ്യമാക്കി കേരളസഭയില്‍ ആദ്യമായി ഒരു ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചത് ചങ്ങനാശേരി അതിരൂപതയിലാണ്. 2019 സെപ്തംബര്‍ 14 ശനിയാഴ്ച, വിശുദ്ധ കുരിശിന്റെ തിരുനാള്‍ദിവസം ആരംഭിച്ച CARP – Department of Communtiy Awareness and Rights Protection എന്ന ഡിപ്പാര്‍ട്ട്‌മെന്റ് സമുദായ ശക്തീകരണം, ന്യൂനപക്ഷ ആനുകൂല്യങ്ങള്‍, EWS തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശക്തമായി പ്രവര്‍ത്തിക്കുന്നു.

കേരള സര്‍ക്കാര്‍ EWS നടപ്പിലാക്കിയതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചുകൊണ്ട് ”സാമ്പത്തിക സംവരണത്തെ ചൊല്ലി എന്തിന് അസ്വസ്ഥത?’ എന്ന പേരില്‍ പിതാവ് 2020 ഒക്ടോബര്‍ 28 ബുധനാഴ്ച, ദീപികയില്‍ എഴുതിയ ലേഖനം സകല പ്രതിഷേധങ്ങളുടെയും മുനയൊടിക്കാന്‍ പോന്നതായിരുന്നു. ഈ ലേഖനം കേരളസമൂഹത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.

സുറിയാനി സഭകളിലെ നാടാര്‍ ക്രിസ്ത്യന്‍സ്, കമ്മാളര്‍ ക്രിസ്ത്യന്‍സ് എന്നിവര്‍ക്ക് ഒ. ബി. സി. സംവരണം ലഭ്യമാക്കാന്‍വേണ്ടി പിതാവ് മറ്റു പിതാക്കന്‍മാരോടുചേര്‍ന്ന് കഠിനമായി പ്രയത്‌നിക്കുകയും നാടാര്‍ ക്രിസ്തൃന്‍സിന് ഒ. ബി. സി. സംവരണം ലഭ്യമാകുകയും ചെയ്തു. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നടപ്പിലാക്കണമെന്നതും പിതാവ് ശക്തമായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇതിനായി ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മീഷനില്‍ പിതാവ് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

അതിരൂപതാ എയ്ഡഡ് സ്കൂള്‍ നിയമനങ്ങളില്‍ 10% അതിരൂപതാംഗങ്ങളായ ദളിത് ക്രിസ്ത്യന്‍സ്, നാടാര്‍, കമ്മാളര്‍ ക്രിസ്ത്യന്‍സ് എന്നിവര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ പിതാവിന്റെ ആവശ്യപ്രകാരം കുട്ടനാട്ടില്‍ പ്രത്യേക സിറ്റിംഗ് വയ്ക്കുകയും പിതാവ് നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. 2019 ഡിസംബര്‍ 20 ന് ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നും ഇ. ഡബ്ള്യു. എസ്. കേരളത്തില്‍ നടപ്പിലാക്കണമെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 എന്ന അനീതിപരമായ അനുപാതം അവസാനിപ്പിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് ഒരുലക്ഷത്തിലധികം പേരുടെ ഒപ്പോടുകൂടിയ നിവേദനം മുഖ്യമ്രന്തിക്കു സമര്‍പ്പിച്ചതും പിതാവാണ്.

2022 ല്‍ അതിരൂപത മുഴുവനും സര്‍വേ നടത്തുകയും സമുദായത്തിന്റെ നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്തു. സമുദായസംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും സമുദായജിഹ്വയായ ദീപികയുടെ വളര്‍ച്ചയ്ക്കായി നിർണ്ണായക പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ബിസിനസുകാര്‍ക്കായി CAB – Catholic Association of Businessmen എന്ന സംഘടന ആരംഭിച്ചു. Nest 2023, Wings 2.0 എന്ന സംരംഭകത്വ പരിശീലനപരിപാടികളുടെ പ്രേരകശക്തി പിതാവാണ്.

8. കുടുംബം, കൂട്ടായ്മ

കുടുംബപ്രേഷിതത്വം പിതാവ് പ്രത്യേകം ശ്രദ്ധ പതിപ്പിച്ച മേഖലയാണ്. 2014 കുടുംബവിശുദ്ധീകരണ വര്‍ഷമായി ആചരിച്ചു. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹോളി ഫാമിലി ഫ്രറ്റേണിറ്റി എന്നപേരില്‍ അവര്‍ക്കായി ഒരു കൂട്ടായ്മ ആരംഭിക്കുകയും പിതൃസ്വത്തിലെ തന്റെ ഓഹരി വിറ്റുകിട്ടിയ 50 ലക്ഷം രൂപ ഈ പദ്ധതിക്കായി പിതാവ് സമര്‍പ്പിക്കുകയും ചെയ്തു.

കുടുംബ കൂട്ടായ്മകളെ ശക്തിപ്പെടുത്താന്‍ അതിരൂപതാതലത്തില്‍ പ്രത്യേക ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചതിന്റെ പിന്നിലെ പ്രേരകശക്തിയും പെരുന്തോട്ടം പിതാവായിരുന്നു. കൂട്ടായ്മ ലീഡേഴ്‌സിന്റെ പരിശീലനം (കെ. എല്‍. ടി.) ആരംഭിച്ചു. പാരീഷ് കൗണ്‍സില്‍ അംഗങ്ങളെയും സംഘടനാനേതാക്കളെയും തെരഞ്ഞെടുക്കുന്നത് കൂട്ടായ്മയുമായി ബന്ധപ്പെട്ടപ്പെട്ടായിരിക്കണമെന്നു പിതാവ് നിഷ്‌കര്‍ഷിച്ചു. അൽമായശാക്തീകരണത്തില്‍ പിതാവ് എന്നും പ്രത്യേകശ്രദ്ധ പതിപ്പിച്ചിരുന്നു.

9. കൃഷി, പരിസ്ഥിതിസംരക്ഷണം

കൃഷിയെയും കര്‍ഷകരെയും പിതാവ് വളരെയേറെ സ്‌നേഹിക്കുകയും കുട്ടനാട്ടിലെ കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു. കുട്ടനാടിന്റെ വികസനത്തിനുവേണ്ടി KRRIS സൊസൈറ്റി ആരംഭിച്ചു. ചാസിലൂടെയും ധാരാളം കൃഷി പ്രോത്സാഹനപദ്ധതികള്‍ നടത്തിവരുന്നു.

തെക്കന്‍ മേഖലയിലെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി 11150 എന്ന സൊസൈറ്റി ആരംഭിച്ചു. 2020 ല്‍ ആലപ്പുഴയില്‍ കര്‍ഷകസമരത്തിന് പിതാവ് നേതൃത്വം നല്‍കി. പിതാവ് പ്രകൃതിയെ വളരെയേറെ സ്നേഹിക്കുകയും പരിസ്ഥിതിസംരക്ഷണത്തിന് DOING നല്‍കുകയും ചെയ്യുന്നു. അതിരൂപതാഭവനവും ചുറ്റുപാടുകളും പരിസ്ഥിതിസൗഹൃദമാക്കാനും ജൈവവൈവിധ്യം രൂപപ്പെടുത്താനും പിതാവ് പരിശ്രമിക്കുന്നു.

10. മാധ്യമപ്രേഷിതത്വം

മുദ്രാലയ പ്രേഷിതത്വത്തിന് പിതാവ് വളരെ പ്രാധാന്യം നല്‍കിയിരുന്നു. സെന്റ് ജോസഫ് പ്രസും ബുക്ക് സ്റ്റാളും ഈ കാലഘട്ടത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. മനുഗ്രാഫ് ഫോര്‍ കളര്‍ മെഷീനും വെബ് ഓഫ്‌സെറ്റ് മെഷീനും അനുബന്ധസംവിധാനങ്ങളും സ്വന്തമാക്കി. തുടര്‍ന്ന് പല നൂതന സാങ്കേതികവിദ്യകളും പ്രസില്‍ ഉപയുക്തമാക്കി. മധ്യസ്ഥന്‍ മാ്രിമോണി എന്ന പേരില്‍ വൈവാഹികശൃംഖല ആരംഭിച്ചു. അതിവിശാലമായ ബൈന്‍ഡിങ് യൂണിറ്റും പേപ്പര്‍ ഗോഡൗണും ആരംഭിച്ചു.

സ്ഥപനത്തിന്റെ പുതിയ ഒരു ബ്രാഞ്ച് തിരുവല്ല മുത്തൂരില്‍ ആരംഭിച്ചു. അരമനപ്പടിയിലുണ്ടായിരുന്ന സെന്റ് മേരീസ് ബുക്ക് സ്റ്റാള്‍ ഏറ്റെടുത്ത് സ്ഥാപനത്തിന്റെ ഭാഗമാക്കി. ഓണ്‍ലൈന്‍ സര്‍വീസ് ആരംഭിച്ചു. സ്ഥാപനത്തിന്റെ ശതാബ്ദദി ആചരിച്ചു. ജീവനക്കാരുടെ മക്കള്‍ക്ക് ശതാബ്ദദി സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തി. അജപാലന ദൗത്യത്തിന്റെ തിരക്കുകള്‍ക്കിടയിലും എഴുതാനും വായിക്കാനും സമയം കണ്ടെത്തുന്ന പിതാവ് ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

1) പരിശുദ്ധ കുര്‍ബാന ചിത്രങ്ങളുടെ
2) അജപാലനശുശ്രൂഷ: ദര്‍ശനവും പ്രയോഗവും
3) ആരാധനാക്രമ നവീകരണം സീറോമലബാര്‍ സഭയില്‍
4) ആരാധനാക്രമത്തിന് ആമുഖം
5) ആരാധനാക്രമവും ഭക്തനുഷ്ഠാനങ്ങളും
6) Life Giving paschal lamb (Great Week celebration in the east syrian liturgy)
7) മാര്‍ ചാള്‍സ് ലവിഞ്ഞ്
8) മാര്‍പാപ്പമാരും പൗരസ്ത്യസഭകളും
9) മാര്‍ത്തോമ്മാ നസ്രാണിസഭ പ്രതിസന്ധികളിലൂടെ
10) മിശിഹാനുഭാവം ആരാധനവല്‍സരത്തിലൂടെ
11) ഓര്‍മച്ചെപ്പ്, Memories
12) മാര്‍ത്തോമാ (കിസ്ത്യാനികളുടെ അധഃപതന കാലഘട്ടം (1712-1752)
13) Period of decline of marthoma christians (1712-1752)
14) പിതാക്കന്മാര്‍ സീറോമലബാര്‍ കുര്‍ബാനക്രാമത്തെക്കുറിച്ച്
15) മാര്‍ത്തോമാ നസ്രാണി പൈതൃകത്തിന്റെ തനതായ സവിശേഷതകള്‍, അതിന്റെ സംരക്ഷണവും പ്രസക്തിയും വെല്ലുവിളികളും
16) Unique features of St Thomas Christian heritage its preservation, relevance and challenges
17) വിശുദ്ധ കുര്‍ബാന കൂട്ടായ്മയുടെ ശക്തിയും സ്രോതസും വാല്യം 1 & 2
18) വിശുദ്ധ കുര്‍ബാന: ഒരു ലഘുപഠനം
19) യാമപ്രാര്‍ഥനകള്‍ ഗാര്‍ഹികസഭയില്‍
20) ആത്മാവിലും സത്യത്തിലും പ്രബോധനങ്ങളും ഇടയലേഖനങ്ങളും ( In Spirit and Truth , teachings and pastrol letters)
21) മാര്‍ ചാള്‍സ് ലവിഞ്ഞ്.: ജീവചരിത്രവും ഇടയലേഖനങ്ങളും
22) യുഗ്രപഭാവനായ മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്ത – Short essays on glitter of the age Mar Joseph Powathil
23) സീറോമലബാര്‍ സഭയില്‍ GHOOWM GBA നവീകരണത്തിന്റെ നാള്‍വഴികള്‍ എന്നിവയാണ് പിതാവിന്റെ പ്രധാന പുസ്തകങ്ങള്‍.

മീഡിയാ വില്ലേജിനോടനുബന്ധിച്ച് റേഡിയോ മീഡിയ വില്ലേജ് എന്ന കമ്യൂണിറ്റി റേഡിയോ ആരംഭിച്ചു MVTV, MACTV, MAC Radio തുടങ്ങിയ മാധ്യമങ്ങളും ആരംഭിച്ചു. പബ്ലിക്കേഷന്‍സ്, തീയറ്റര്‍, Film and Television Institute, My Parish Software എന്നിവയും ആരംഭിച്ചു.

11. ചരിത്രത്തിന്റെയും പാരമ്പരൃത്തിന്റെയും സംരക്ഷണം

മാര്‍ മാത്യു കാവുകാട്ട് പിതാവിന്റെ ഓര്‍മ നിലനിര്‍ത്താന്‍ ചങ്ങനാശേരിയില്‍ കാവുകാട്ട് മ്യൂസിയം നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ, പ്രവിത്താനത്തുള്ള കാവുകാട്ട് പിതാവിന്റെ ജന്മഗൃഹം വാങ്ങി പരിരക്ഷിക്കുന്നു.

ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിസമുച്ചയത്തിലുള്ള കബറിടപള്ളി പുനരുദ്ധരിച്ചു. അതിരൂപതയുടെ ശതോത്തര രജതജൂബിലി ആചരിക്കുകയും ചരിത്രസ്മരണിക പുറത്തിറക്കുകയും ചെയ്തു. അതിരൂപതയുടെ ചരിത്രം മൂന്നാം വാല്യം പുറത്തിറക്കി.

തന്റെ മുന്‍ഗാമിയായ മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ മൃതസംസ്കാര ശുശ്രൂഷകള്‍ അത്യാദരപൂര്‍വം നടത്തി. പവ്വത്തില്‍ പിതാവിന്റെ സംഭാവനക ളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ”നല്ലോര്‍മ’ എന്നപേരില്‍ സുവനീര്‍ പുറത്തിറക്കി. ചരിത്രസംരക്ഷണത്തിനായി ഹിസ്റ്ററി കമ്മീഷനും ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റും MARIOS ഉം ആരംഭിച്ചു.

12 പ്രായോഗിക അജപാലനം

പിതാവ് സഹായമെത്രാനായി ചുമതലയേറ്റെടുത്ത ആദ്യ രണ്ടു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ അതിരൂപതയിലെ എല്ലാ ഇടവകകളും സന്ദര്‍ശിച്ച് അജപാലനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി. കൂടാതെ, തന്റെ മ്രെതാപ്പോലീത്താ ശുശ്രൂഷാകാലയളവില്‍ പിതാവ് ഇടവകകളിലെ ഓദ്യോഗികസന്ദര്‍ശനമായ പാസ്റ്ററല്‍ വിസിറ്റുകള്‍ 510 എണ്ണം നടത്തിയിട്ടുണ്ട്. പാസ്റ്ററല്‍ കൗണ്‍സിലിന്റെ മാതൃകയില്‍ ഫൊറോനാ കൗണ്‍സിലുകള്‍ രൂപീകരിച്ചു.

രണ്ട് അതിരൂപതാ അസാംബ്ലികള്‍ പിതാവിന്റെ കാലഘട്ടത്തില്‍ നടത്തപ്പെട്ടു. അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍വേണ്ടി തൃക്കൊടിത്താനം, കുടമാളൂര്‍, തുരുത്തി, ചെങ്ങന്നൂര്‍, മുഹമ്മ എന്നീ ഫൊറോനകള്‍ പുതുതായി രൂപീകരിച്ചു. പുതിയതായി 12 ഇടവകകളും മിഷന്‍ സ്റ്റേഷന്‍സും അതിരൂപതയ്ക്കുള്ളില്‍ ആരംഭിച്ചു. വലിയ ഇടവകകളെ ചെറുതാക്കിക്കൊണ്ട് അജപാലനപ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നതായിരുന്നു പിതാവിന്റെ കാഴ്ചപ്പാട്. ധാരളം പള്ളികള്‍ നവീകരിച്ചു പുനഃപ്രതിഷ്ഠിച്ചു. പള്ളിമേടകള്‍, പാരീഷ് ഹാളുകള്‍ തുടങ്ങിയവയും ഇടവകകളില്‍ ധാരാളം നിര്‍മിക്കപ്പെട്ടു.

അതിരൂപതയിലെ അജപാലനപ്രവര്‍ത്തനങ്ങളുടെ ഏകോപനവും തുടര്‍ച്ചയും ലക്ഷ്യംവച്ചുകൊണ്ട്, ആരാധാനാവത്സരക്രമത്തോടു ചേര്‍ന്നുപോകുന്ന വിധത്തില്‍ പഞ്ചവത്സര അജപാലനപദ്ധതി പ്രഖ്യാപിക്കുകയും ഓരോ വര്‍ഷവും ഓരോ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ അജപാലനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു.

അതിരൂപതയിലെ വൈദികരുടെ എണ്ണം 507 ലേക്ക് ഉയര്‍ന്നു. പിതാവ് ഇതുവരെ 293 വൈദികര്‍ക്ക് തിരുപ്പട്ടം നല്‍കിയിട്ടുണ്ട്. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ തോമസ് തറയില്‍ എന്നീ പിതാക്കന്മാരുടെ മെത്രാഭിഷേകവും നടത്തിയിട്ടുണ്ട്. അജപാലനമേഖലയിലുള്ള വെല്ലുവിളികള്‍ കണ്ടെത്തുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി ജാഗ്രതാസമിതി രൂപീകരിച്ചു.

അതിരൂപതയിലെ എല്ലാ വ്യക്തികളെയും കുടുംബങ്ങളെയും ഇടവകകളെയും സ്ഥാപനങ്ങളെയും കോര്‍ത്തിണക്കുന്ന My Parish Software നടപ്പിലാക്കി. കുട്ടികള്‍ തീവ്രവാദം, പ്രണയക്കെണി, നിരീശ്വരവാദം തുടങ്ങിയവയില്‍ അകപ്പെട്ടുപോകാതിരിക്കാന്‍ ബോധവത്കരണത്തിനായി വിശ്വാസബോധിനി എന്ന പരിപാടി ആരംഭിച്ചു. അതിരൂപതാ ഡയറക്ടറിയുടെ നവീകരണവും വൈദികരുടെ ഡയറക്ടറിയുടെ (കഹനൂസ) പുറത്തിറക്കലും നടത്തി.

പാലമറ്റം ബേസ് തോമാ സിസ്റ്റേഴ്സിനെ Monastery Sui iuris ആയും 1251 സിസ്റ്റേഴ്സിനെ എപ്പാര്‍ക്കിയല്‍ കോണ്‍ഗ്രിഗേഷനായും ഉയര്‍ത്തി. മാങ്ങാനത്ത് മാര്‍ സ്ത്രീവാ മല്‍പാനേറ്റ് ആരംഭിച്ചു. മെത്രാപ്പോലീത്തയായിരിക്കെ രണ്ട് ആദ്‌ലമീന സന്ദര്‍ശനങ്ങള്‍ നടത്തി അതിരൂപതയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് റോമില്‍ സമര്‍പ്പിച്ചു.

തന്റെ പൗരോഹിത്യസ്വീകരണത്തിന്റെ സുവർണ്ണജൂബിലി വര്‍ഷത്തില്‍ത്തന്നെ അജപാലന നേതൃത്വശുശ്രൂഷയില്‍നിന്നു വിരമിക്കുന്ന അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന് അതിരൂപതാകുടുംബത്തിന്റെ ഹൃദയംഗമമായ നന്ദിയും പ്രാര്‍ഥനകളും നേരുന്നു.

പബ്ലിക് റിലേഷന്‍സ്, ജാഗ്രതാസമിതി, ചങ്ങനാശേരി അതിരൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.