മലയിഞ്ചിപ്പാറ ബസ് സ്റ്റോപ്പില്‍ തന്നെ ഒരു കുരിശുപള്ളിയും കുറെ കടകളും കാണാം. ബസ് സ്റ്റോപ്പില്‍ നിന്നും സ്‌കൂളിലേക്ക് പോകുംവഴി ഇടതുവശത്താണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റും ബാലികാഭവനവും. അതിനോടുചേര്‍ന്ന് പഴയ നേഴ്‌സറി. വീണ്ടും മുമ്പോട്ടുചെല്ലുമ്പോള്‍ വലതുവശത്തായി ചെറിയ പള്ളിക്കൂടം. തൊട്ടടുത്ത് ഇടതുവശത്തായി വലിയ പള്ളിക്കൂടം. അതിന്റെ മുന്‍പില്‍ വിശാലമായ മൈതാനം. അതിന്റെ ഒരുവശത്ത് ജാതിമരങ്ങള്‍. ഒരു വലിയ കുരിശും കിണറും മൈതാനത്തുണ്ട്. സ്‌കൂളിനെ അഭിമുഖീകരിച്ചുകൊണ്ട് മലയിഞ്ചിപ്പാറ മാര്‍ സ്ലീവാപള്ളി… ശതാബ്ദി നിറവിൽ നിൽക്കുന്ന മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂളിന്റെ തുടക്കത്തിലേയ്ക്കും ചരിത്രത്തിലേയ്ക്കും ഒരു യാത്ര.
മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂള്‍ സ്ഥാപിതമായിട്ട് നൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. 1925 മെയ് 17-ാം തീയതി ഒരു എല്‍. പി. സ്‌കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌കൂള്‍ ഈ നാടിന്റെ വെളിച്ചവും ഊര്‍ജവുമായി നിലകൊള്ളുന്നു. നൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം പതിനായിരത്തോളം വിദ്യാര്‍ഥികള്‍ ഇവിടെനിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിലായി വിവിധങ്ങളായ ജീവിതസാഹചര്യങ്ങളില്‍ അവര്‍ കര്‍മനിരതരാണ്. മലയിഞ്ചിപ്പാറയുടെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും വികസനത്തിന്റെയും വിജയത്തിന്റെയും അടിസ്ഥാനമായി നിലകൊള്ളുന്ന ഈ സ്‌കൂളിന്റെ തുടക്കത്തിലൂടെയും വളര്‍ച്ചയിലൂടെയും കടന്നുപോകുന്നത് നല്ലതാണ്.
മലയിഞ്ചിപ്പാറ
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നും 51 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമാണ് മലയിഞ്ചിപ്പാറ. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ മന്നം കരയിലാണ് ഈ ഗ്രാമം. കൂടുതലായും കര്‍ഷകരാണ് ഇവിടെയുള്ളത്. റബര്‍, തേങ്ങ, കുരുമുളക്, പാക്ക്, ഗ്രാമ്പു തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാര്‍ഷികവിളകള്‍. പൂഞ്ഞാറില്‍നിന്നും ഏഴു കിലോമീറ്റര്‍ തെക്കുവശത്തായി പൂഞ്ഞാര്‍-കൂട്ടിക്കല്‍ റോഡ്‌സൈഡില്‍ നിന്നും 500 മീറ്റര്‍ ഉള്ളിലാണ് മലയിഞ്ചിപ്പാറ സ്‌കൂള്‍.
രണ്ടു കെട്ടിടങ്ങളിലായാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചുപള്ളിക്കൂടം എന്നറിയപ്പെടുന്ന എല്‍. പി. സ്‌കൂളും വലിയ പള്ളിക്കൂടം എന്ന് പേര് വിളിക്കുന്ന യു. പി. സ്‌കൂളും. മലയിഞ്ചിപ്പാറ ബസ് സ്റ്റോപ്പില്‍ തന്നെ ഒരു കുരിശുപള്ളിയും കുറെ കടകളും കാണാം. ബസ്‌സ്റ്റോപ്പില്‍ നിന്നും സ്‌കൂളിലേക്ക് പോകും വഴി ഇടതുവശത്താണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റും ബാലികാഭവനവും. അതിനോടുചേര്‍ന്ന് പഴയ നേഴ്‌സറി. വീണ്ടും മുമ്പോട്ടുചെല്ലുമ്പോള്‍ വലതുവശത്തായി ചെറിയ പള്ളിക്കൂടം. തൊട്ടടുത്ത് ഇടതുവശത്തായി വലിയ പള്ളിക്കൂടം. അതിന്റെ മുന്‍പില്‍ വിശാലമായ മൈതാനം. അതിന്റെ ഒരുവശത്ത് ജാതിമരങ്ങള്‍. ഒരു വലിയ കുരിശും കിണറും മൈതാനത്ത് സ്ഥിതിചെയ്യുന്നു. സ്‌കൂളിനെ അഭിമുഖീകരിച്ചുകൊണ്ട് മലയിഞ്ചിപ്പാറ മാര്‍ സ്ലീവാപള്ളി നിലകൊള്ളുന്നു.
സ്‌കൂളും പള്ളിയും പരസ്പരം നോക്കിയിരിക്കുന്നതുപോലെയാണ് കാണുന്നവര്‍ക്ക് അനുഭവപ്പെടുക. ദൂരെ ഉയര്‍ന്ന മലനിരകള്‍ കാണാന്‍ സാധിക്കും. എങ്ങും നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പ്, ദൃശ്യഭംഗിയുടെ ഉദാത്തമാതൃകയാണ് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് സ്‌കൂളും പരിസരവും, പക്ഷെ, നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരമൊരു മനോഹര പശ്ചാത്തലത്തിലായിരുന്നില്ല സ്‌കൂള്‍ ആരംഭിച്ചത്.
തുടക്കം
ഇരുപതാം നൂറ്റാണ്ടിനു മുന്‍പുതന്നെ മലയിഞ്ചിപ്പാറയുടെ സമീപപ്രദേശങ്ങളായ മന്നം, കുഴുമ്പള്ളി, അണുങ്ങുംപടി പ്രദേശങ്ങള്‍ ജനവാസകേന്ദ്രങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പാലാ, ഭരണങ്ങാനം, അരുവിത്തുറ, പൂഞ്ഞാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ കുടിയേറിപ്പാര്‍ക്കാന്‍ പാതാമ്പുഴ- മലയിഞ്ചിപ്പാറ പ്രദേശങ്ങളില്‍ എത്തി. യാത്രാമാര്‍ഗങ്ങളോ, വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങളോ ആ പ്രദേശത്ത് അന്ന് ഉണ്ടായിരുന്നില്ല. കുടിയേറിവന്നവര്‍ക്ക് ആരാധനാലയവും ഇല്ലായിരുന്നു. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരായിരുന്നു എല്ലാവരുംതന്നെ. രാപകല്‍ അവര്‍ അധ്വാനിച്ചു. അതിനിടയില്‍ തങ്ങള്‍ക്ക് പ്രാര്‍ഥിക്കാനായി ഒരു പള്ളി ആവശ്യമാണെന്ന ബോധ്യം വന്ന അവര്‍ അതിനായി പരിശ്രമിച്ചു. അതിനോടൊപ്പംതന്നെ തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ഒരു സ്‌കൂള്‍ സ്ഥാപിക്കാനും അവര്‍ ആഗ്രഹിച്ചു.
പള്ളിയും പള്ളിക്കൂടവും
പള്ളിയോടു ചേര്‍ന്ന് ഒരു പള്ളിക്കൂടം എന്ന ആശയമൊക്കെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലായിവരുന്ന കാലമായിരുന്നു അത്. മലയിഞ്ചിപ്പാറയിലും ഏതാണ്ട് സമാനരീതിയിലായിരുന്നു ഇത് നടന്നത്. അതിനെക്കുറിച്ച് 1976 ല്‍ പ്രസിദ്ധീകരിച്ച മലയിഞ്ചിപ്പാറപ്പള്ളിയുടെ സ്മാരകഗ്രന്ഥത്തില്‍ ഇങ്ങനെയാണ് വിവരിച്ചിരിക്കുന്നത്:
”അഞ്ചാറു ദശാബ്ദങ്ങള്‍ക്കു മുന്‍പ് പാലാ, ഭരണങ്ങാനം, അരുവിത്തുറ, പൂഞ്ഞാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പാതാമ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി കുടിയേറിപ്പാര്‍ത്ത കര്‍ഷകജനത തങ്ങളുടെ താല്‍കാലികഭവനങ്ങളില്‍ സന്ധ്യാപ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടിയിരുന്നു. അപ്പോഴെല്ലാം ഒരു ദൈവാലയ മണിനാദം കേള്‍ക്കാനുള്ള അഭിലാഷം അവര്‍ പ്രകടിപ്പിച്ചുപോന്നു. അങ്ങനെ ഒരു ദൈവാലയത്തിന്റെ പ്രാരംഭമെന്നോണം പൂണ്ടിക്കുളത്ത് ലൂക്കാ ദേവസ്യാ വക പാതാമ്പുഴയുള്ള സ്ഥലത്ത് 1922 മാര്‍ച്ച് 19-ാം തീയതി ഒരു കുരിശ് സ്ഥാപിച്ചു. ആ കുരിശ് മണിയംകുന്നുപള്ളിക്കല്‍ കൊണ്ടുപോയി വെഞ്ചരിപ്പിച്ചുകൊണ്ടുവന്നതായിരുന്നു. അന്ന് അവിടെ കൂടിയവരെല്ലാവരും കുരിശിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ഥന നടത്തി. തുടര്‍ന്ന് എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അവര്‍ അവിടെ സമ്മേളിച്ച് പ്രാര്‍ഥിക്കുകയും സ്‌തോത്രകാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.”
ഈ കുരിശ് നാട്ടിയത് പാതാമ്പുഴ മരോട്ടിക്കടവിനു സമീപമാണെന്ന്, 2010 ല്‍ പ്രസിദ്ധീകരിച്ച പൂണ്ടിക്കുളം കുടുംബയോഗ സ്മരണികയില്‍ പറയുന്നുണ്ട്.
”ഈ ആഗ്രഹത്തിന്റെ സഫലീകരണത്തിനായി പുലര്‍ച്ചയോടെ ഒരു മരക്കുരിശ് പണികഴിപ്പിച്ച് മലകള്‍ക്കപ്പുറം സ്ഥിതിചെയ്യുന്ന മണിയംകുന്ന് പള്ളിയില്‍ അട്ടക്കുഴിയില്‍ ഔസേഫ് വശം കൊടുത്തയച്ചു. വെഞ്ചരിച്ച് മേല്‍പട്ടക്കാരന്റെ അംഗീകാരത്തോടെ മരോട്ടിക്കടവിനു സമീപം സ്ഥാപിച്ചു. തുടര്‍ന്ന് അന്തോണീസ് പുണ്യാളന്റെ തിരുസ്വരൂപവും അവിടെ പ്രാര്‍ഥനാപൂര്‍വം സ്ഥാപിച്ചു.”
1922 മാര്‍ച്ച് 19 ന് പൂണ്ടിക്കുളത്ത് ലൂക്കാ ദേവസ്യയുടെ സ്ഥലത്തായിരുന്നു ഈ കുരിശ് സ്ഥാപിച്ചത്.
സ്‌കൂള്‍ എന്ന ആശയം
കുരിശ് സ്ഥാപിച്ച് പ്രാര്‍ഥന തുടങ്ങിയതിനുശേഷമാണ് തങ്ങളുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും ഒരു വിദ്യാലയം കൂടി ആവശ്യമാണെന്ന ചിന്ത അവരില്‍ പ്രബലപ്പെട്ടത്. പൂണ്ടിക്കുളം വീട്ടിലെ ലൂക്കാ ദേവസ്യ ആയിരുന്നു അതിന് മുമ്പില്‍നിന്നത്. കുരിശ് സ്ഥാപിച്ച പാതാമ്പുഴ തന്നെ സ്‌കൂളും തുടങ്ങണമെന്നായിരുന്നു അവരുടെ ആഗ്രഹം. അതിനുള്ള ശ്രമങ്ങള്‍ കുരിശടിയോടു ചേര്‍ന്ന് തുടങ്ങുകയും ചെയ്തു. എങ്കിലും മന്നം, തെക്കേക്കര ഭാഗങ്ങളിലുള്ള മറ്റു സമുദായക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്തപ്പോള്‍ പാതാമ്പുഴയെക്കാള്‍ സ്‌കൂളിന് അനുയോജ്യമായ സ്ഥലം മലയിഞ്ചിപ്പാറയാണെന്ന് കണ്ടെത്തി. അങ്ങനെ സ്‌കൂള്‍ മലയിഞ്ചിപ്പാറയില്‍ സ്ഥാപിക്കാന്‍ തീരുമാനമായി.
മലയിഞ്ചിപ്പാറയില്‍ എവിടെ വേണം എന്നതായി തുടര്‍ന്നുള്ള ചര്‍ച്ചയുടെ വിഷയം. ഒടുവില്‍ മലയിഞ്ചിപ്പാറ ഭാഗത്ത് കാട്ടറാത്ത് കൊച്ചുചാണ്ടിയച്ചന്‍ വകയായുള്ള പുത്തന്‍പുരയ്ക്കല്‍ പുരയിടം വില യ്ക്കുവാങ്ങി. ഇതിനെക്കുറിച്ച് പൂണ്ടിക്കുളം കുടുംബയോഗ സ്മരണികയില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ലൂക്കാ ദേവസ്യ എന്ന സ്‌കൂളിന്റെ ആദ്യ മാനേജറെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗമാണിത്.
”താന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പൊതുനന്മയെ കരുതി പ്രവര്‍ത്തിക്കാനുള്ള മറ്റൊരു ആഗ്രഹമാകാം പാതാമ്പുഴ പരിസരങ്ങളില്‍ ഒരു സ്‌കൂള്‍ സ്ഥാപിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനമായത്. കുരിശടിയോടുചേര്‍ന്ന് ഒരു സ്‌കൂള്‍ പണിയുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും മന്നം, തെക്കേക്കര ഭാഗങ്ങളിലുള്ള മറ്റു സമുദായങ്ങളുടെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് സ്‌കൂള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മലയിഞ്ചിപ്പാറ ഭാഗത്ത് കാട്ടാറത്ത് കൊച്ച് ചാണ്ടിച്ചന്‍ വക പുത്തന്‍പുരയ്ക്കല്‍ പുരയിടം വിലയ്ക്കുവാങ്ങി അവിടെ പള്ളിയും സ്‌കൂളും സ്ഥാപിക്കാനായി നടപടി തുടങ്ങി.”
അങ്ങനെ ആ സ്ഥലം വാങ്ങി അവിടെ ഒരു താല്‍കാലിക കെട്ടിടം പണിതു. 1925 മെയ് 17-ന് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. മലയാളവര്‍ഷം 1100 ഇടവമാസം അഞ്ചാം തീയതിയായിരുന്നു അത്. ഒരു എല്‍. പി. സ്‌കൂളായിട്ടായിരുന്നു തുടക്കം. ശ്രീ. ലൂക്കാ ദേവസ്യ പൂണ്ടിക്കുളം ആയിരുന്നു ആദ്യ മാനേജര്‍. ഈ സ്‌കൂളിന്റെ ആദ്യ പ്രഥമാധ്യാപകന്‍ ശ്രീ. എ. പരമേശ്വരന്‍ ഇളയിടമായിരുന്നു. ശ്രീ. ശങ്കരന്‍ നായര്‍, ചാലില്‍ ശങ്കരന്‍ റൈട്ടര്‍ എന്നിവരായിരുന്നു സഹാധ്യാപകര്‍. മൂന്ന് ക്ലാസ്സുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്.
ആദ്യ മാനേജര്‍
ആദ്യ മാനേജര്‍ ആയിരുന്ന ലൂക്കാ ദേവസ്യ പൂണ്ടിക്കുളം എന്ന മഹദ്‌വ്യക്തി ഈ സ്‌കൂളിന്റെ ചരിത്രത്തിലുടനീളം പ്രഭ തൂകിനില്‍ക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള തുടര്‍ച്ചയായ അധ്വാനമാണ് സ്‌കൂള്‍ എന്ന സ്വപ്നം സഫലമാകാനുള്ള കാരണം. സ്‌കൂള്‍ എന്ന ആശയം കൊണ്ടുവരികയും അതിനുള്ള സ്ഥലം പണംകൊടുത്തു വാങ്ങുകയും ആ സ്ഥലത്ത് മൂന്ന് ക്ലാസ്സുകള്‍ നടത്താന്‍ പറ്റുന്ന വിധത്തിലുള്ള ഒരു കെട്ടിടം സ്ഥാപിക്കുകയും ആദ്യത്തെ മാനേജരായി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്ത ആളാണ് ലൂക്കാ ദേവസ്യ. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും എക്കാലവും വിലമതിക്കപ്പെടേണ്ടതാണ്.
ഇടവകയിലെ ആദ്യ ദിവ്യബലി സ്‌കൂളില്‍
1922 മാര്‍ച്ച് 19-ാം തീയതി പാതാമ്പുഴയില്‍ ഒരു കുരിശ് സ്ഥാപിച്ചിട്ട് അവിടെ ആഴ്ചയില്‍ രണ്ടുദിവസം പ്രാര്‍ഥനകള്‍ നടത്തിയിരുന്നു. ഒരു പൂര്‍ണ്ണ ദൈവാലയം സ്ഥാപിതമാകുന്നത് 1929 ലാണ്. അതിനുമുമ്പേ മലയിഞ്ചിപ്പാറയിലെ ആദ്യത്തെ ദിവ്യബലിയര്‍പ്പണം നടന്നു. അത് നടന്നത് പ്രൈമറി സ്‌കൂളില്‍ സജ്ജമാക്കിയിരുന്ന ബലിപീഠത്തിലാണ്. 1926 മാര്‍ച്ച് 26-ാം തീയതി വെള്ളിയാഴ്ചയായിരുന്നു അത് നടന്നത്.
ആദ്യം പള്ളി, പിന്നീട് പള്ളിക്കൂടം എന്ന ക്രമത്തിലാണ് പലയിടങ്ങളിലും വിദ്യാലയങ്ങള്‍ സ്ഥാപിതമായിട്ടുള്ളത്. എന്നാല്‍ മലയിഞ്ചിപ്പാറയില്‍ അല്‍പം വ്യത്യസ്തമായാണ് ഇത് സംഭവിച്ചത് എന്നു കാണാം. പൂര്‍ണ്ണരൂപത്തിലുള്ള ഒരു പള്ളി സ്ഥാപിതമാകുന്നതിനുമുമ്പേ പ്രൈമറി സ്‌കൂള്‍ ഇവിടെ സ്ഥാപിതമായി. ആ പള്ളിക്കൂടത്തില്‍വച്ചാണ് ഇവിടുത്തെ ആദ്യത്തെ കുര്‍ബാന നടന്നത്. പള്ളി സ്ഥാപിതമാകുന്നതുവരെ സ്‌കൂളിലായിരുന്നു ബലിയര്‍പ്പണം. പള്ളിക്കുമുമ്പേ പള്ളിക്കൂടം തുടങ്ങി എന്നൊരു ചരിത്രം മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് സ്‌കൂളിന് അവകാശപ്പെട്ടതാണ്.
സെന്റ് ജോസഫ്‌സ് സ്‌കൂള്‍
വി. യൗസേപ്പിതാവിന്റെ നാമത്തിലാണ് ഈ സ്‌കൂള്‍ സ്ഥാപിതമായിരിക്കുന്നത്. ഈശോയുടെ വളര്‍ത്തുപിതാവും തിരുക്കുടുംബത്തിന്റെ സംരക്ഷകനുമാണ് വി. യൗസേപ്പ്. കഠിനാധ്വാനത്തിന്റെയും ആത്മാര്‍ പ്പണത്തിന്റെയും പ്രതീകമാണ് യൗസേപ്പിതാവ്. കഷ്ടപ്പാടിന്റെയും കദനങ്ങളുടെയുമിടയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നവര്‍ തങ്ങള്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് വി. യൗസേപ്പിന്റെ പേര് നല്‍കിയത് അവരുടെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായിട്ടാണ്. എല്ലാ അപകടങ്ങളിലും നിന്ന് തിരുക്കുടുംബത്തെ സംരക്ഷിച്ച വി. യൗസേപ്പ് എല്ലാ അപകടങ്ങളിലും നിന്ന് ഈ സ്‌കൂളിനെയും ഇവിടെ ഉള്ളവരെയും സംരക്ഷിക്കുന്നു. കഠിനാധ്വാ നത്തിന്റെ മാതൃകയായ അദ്ദേഹം ഈ വിദ്യാലയത്തിലെ എല്ലാവര്‍ക്കും കഠിനാധ്വാനത്തിന്റെ മാതൃകയായി ഉയര്‍ന്നുനില്‍ക്കുന്നു.
പ്രൈമറി സ്‌കൂളില്‍നിന്ന് അപ്പര്‍ പ്രൈമറി സ്‌കൂളിലേക്ക്
1925 ല്‍ പ്രൈമറി സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 1952 വരെ, അതേ രീതിയില്‍ തുടര്‍ന്നു. ആദ്യത്തെ മാനേജരായിരുന്ന ലൂക്കാ ദേവസ്യ പൂണ്ടിക്കുളം, ഫാ. സ്‌കറിയ മണ്ണൂര്‍ പള്ളിയുടെ വികാരിയായി എത്തിയപ്പോള്‍ മാനേജര്‍സ്ഥാനം വികാരിയെ ഏല്‍പിച്ചു. അന്നുമുതല്‍ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ മാനേജര്‍മാര്‍ മലയിഞ്ചിപ്പാറ ഹോളിക്രോസ് പള്ളിയുടെ വികാരിമാരാണ്.
ആരംഭിച്ച സമയത്ത് ചങ്ങനാശേരി രൂപതയുടെ കീഴിലായിരുന്ന സ്‌കൂളും ഇടവകയും പിന്നീട് ചങ്ങനാശേരി അതിരൂപതയായി ഉയര്‍ത്തപ്പെടുകയും പാലാ രൂപത സ്ഥാപിതമാകുകയും ചെയ്തപ്പോള്‍, പാലാ രൂപതയുടെ കീഴിലായി. ഇപ്പോള്‍ പാലാ കോര്‍പ്പറേറ്റിന്റെ കീഴിലാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
1952 ല്‍ ഫാ. ഫ്രാന്‍സിസ് കൊടകനാടി, സ്‌കൂളിന്റെ മാനേജരായി ഇരിക്കുമ്പോഴാണ് ഈ പ്രൈമറി സ്‌കൂള്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തപ്പെടുന്നത്. എല്‍. പി. സ്‌കൂളില്‍നിന്ന് യു. പി. സ്‌കൂളിലേക്കുള്ള മലയിഞ്ചിപ്പാറ പള്ളിക്കൂടത്തിന്റെ വളര്‍ച്ച ഇതിന്റെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്. ഈ നാടിന്റെ പുരോഗതിയെ സംബന്ധിച്ച് സുപ്രധാനമായ മുന്നേറ്റമായിരുന്നു അത്. പൂര്‍ണ്ണമായും ഗ്രാമീണമേഖലയായ ഇവിടെനിന്നും ദൂരെയുള്ള യു. പി. സ്‌കൂളിലേക്ക് കുട്ടികളെ വിടാന്‍ നിര്‍വാഹമില്ലാത്തവരായിരുന്നു ഇവിടുത്തെ നിരവധി കുടുംബാംഗങ്ങള്‍. ദൂരവും സാമ്പത്തികവും അതിന്റെ കാരണവുമായിരുന്നു യു. പി. സ്‌കൂള്‍ തുടങ്ങിയതോടെ പ്രൈമറി ക്ലാസ്സുകളില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നവര്‍ക്ക് വലിയ ആശ്വാസമായി. സ്വന്തം നാട്ടില്‍തന്നെ ഏഴാം ക്ലാസ്സ് വരെ പഠിക്കാന്‍ സാധിക്കുമെന്നത് വലിയൊരു കാര്യമായിരുന്നു. അക്കാലത്ത് പഠിപ്പിക്കാനുള്ള അധ്യാപകരെ ലഭിക്കുന്നതിന് വളരെ ക്ലേശമായിരുന്നു. അധ്യാപകര്‍ക്കുള്ള ശമ്പളം കുറവായിരുന്നു എന്നതാണ് അതിന്റെ കാരണം. അപ്പര്‍ പ്രൈമറി സ്‌കൂള്‍ തുടങ്ങുമ്പോള്‍ ആ പ്രശ്‌നം പരിഹരിക്കാനായി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനികളെ കൊണ്ടുവരാനും അവര്‍ക്ക് താമസിക്കാനുമായി ഒരു മഠം തുടങ്ങാനും തീരുമാനമായി.
സിസ്റ്റര്‍മാരുടെ വരവും മഠം സ്ഥാപനവും
സ്‌കൂളില്‍ അധ്യാപകരെ ലഭിക്കുന്നതിനും കുട്ടികള്‍ക്ക് കൂടുതല്‍ നല്ല പരിശീലനം നല്‍കുന്നതിനുമായിട്ടായിരുന്നു മലയിഞ്ചിപ്പാറയില്‍ മഠം സ്ഥാപിച്ചത്. 1952 ജൂണ്‍ ഒന്നാം തീയതിയായിരുന്നു അത്. പ്രൈമറി സ്‌കൂള്‍, അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തപ്പെടുന്നതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനിമാരുടെ വരവും ഒരുമിച്ചുനടക്കുന്ന സംഭവങ്ങളാണ്. സി. ഫാത്തിമ മേരി എഫ്. സി. സി., അപ്പര്‍ പ്രൈമറി സ്‌കൂളിലെ ആദ്യ പ്രഥമാധ്യാപികയായി നിയമിക്കപ്പെട്ടു.
സി. ഫിലോമിനയും സി. സീത്തായും എല്‍. പി. സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആരംഭിച്ചു. ക്ലാരമഠവും അവിടുത്തെ സിസ്റ്റര്‍മാരും മലയിഞ്ചിപ്പാറ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എല്ലാ രീതിയിലുമുള്ള വളര്‍ ച്ചയ്ക്കു കാരണമായി. വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും ധാര്‍മികമായ പരിശീലനം നല്‍കുന്നതിനും പാഠ്യേതരവിഷയങ്ങളില്‍ പ്രാവീണ്യം നേടുന്നതിനും എഫ്. സി. സി. സന്യാസിനിമാരുടെ പങ്ക് വളരെ വലുതായിരുന്നു.
അങ്കന്‍വാടി
1970 ല്‍ ക്ലാരമഠത്തോടുചേര്‍ന്ന് മഠം വക കെട്ടിടത്തില്‍ ആരംഭിച്ച അങ്കന്‍വാടിയും സ്‌കൂളിനോട് ചേര്‍ന്നുനില്‍ക്കുന്ന സ്ഥാപനമാണ്. സി. സാനിറ്റ എഫ്. സി. സി. ആയിരുന്നു ദീര്‍ഘകാലം അവിടുത്തെ അധ്യാപിക. സെലിന്‍ ഇടവടക്കേല്‍ സഹായിക്കാനുണ്ടായിരുന്നു. 2010 മുതല്‍ സി. ഡെയ്‌സമ്മ ജോസഫ് എഫ്. സി. സി. അങ്കന്‍വാടിയിലെ അധ്യാപികയായി സേവനം ആരംഭിച്ചു. മഠം വക കെട്ടിടത്തില്‍നിന്നും 2017 ല്‍ ശ്രീ. സാബു പൂണ്ടിക്കുളം സൗജന്യമായി നല്‍കിയ മലയിഞ്ചിപ്പാറ റോഡ് സൈഡിലുള്ള പുരയിടത്തില്‍ പണിയുന്ന പുതിയ കെട്ടിടത്തിലേക്ക് അങ്കന്‍വാടി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 2019 ഡിസംബര്‍ 28 ന് പുതിയ കെട്ടിടത്തില്‍ അങ്കന്‍വാടി പ്രവര്‍ത്തിച്ചുതുടങ്ങി.
കെ. ജി. സെക്ഷന്‍
2017 ജൂണ്‍ മാസത്തിലാണ് മലയിഞ്ചിപ്പാറ അങ്കന്‍വാടിയോടു ചേര്‍ന്ന് കെ. ജി. സെക്ഷന്‍ ആരംഭിച്ചത്. അന്നത്തെ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് മണിയഞ്ചിറ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. ശ്രീമതി സിന്ധു തോമസ് ആയിരുന്നു അധ്യാപിക. 2018 ജൂണ്‍ മാസം അങ്കന്‍വാടിയില്‍ നിന്നും മാറി സ്‌കൂളിനോടു ചേര്‍ന്ന് കെ. ജി. സെക്ഷന്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഷൈലടീച്ചറും സിന്ധുടീച്ചറുമായിരുന്നു അധ്യാപകര്‍. ഇപ്പോള്‍ സ്‌കൂളിനോടു ചേര്‍ന്ന് കെ. ജി. സെക്ഷന്‍ പ്രവര്‍ത്തിച്ചുവരുന്നു.
മാനേജര്‍മാര്‍
ആദ്യ മാനേജരായിരുന്ന ശ്രീ. ലൂക്കാ ദേവസ്യ പൂണ്ടിക്കുളം മുതല്‍ ഇപ്പോഴത്തെ മാനേജര്‍ ആയിരിക്കുന്ന റവ. ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ വരെ 27 പേര്‍ മലയിഞ്ചിപ്പാറ സ്‌കൂളിന്റെ മാനേജര്‍മാരായി ഇരുന്നിട്ടുണ്ട്. ഫാ. കൊച്ചുചാണ്ടി കാട്ടറാത്ത്, ഫാ. സ്‌കറിയ മണ്ണൂര്‍, ഫാ. കുര്യാക്കോസ് കാപ്പില്‍, ഫാ. ജേക്കബ് മാറാമറ്റത്തില്‍, ഫാ. മാത്യു മൂങ്ങാമാക്കല്‍, ഫാ. ആഗസ്തി നടയത്ത്, ഫാ. ഫ്രാന്‍സിസ് വാകശ്ശേരില്‍, ഫാ. ജോസഫ് തെരുവപ്പുഴെ, ഫാ. ദേവസ്യ ഇളംതുരുത്തിയില്‍, ഫാ. ഫ്രാന്‍സിസ് കൊടകനാടിയില്‍, ഫാ. ഏബ്രഹാം ചിറ്റക്കോടത്തില്‍, ഫാ. ജോസഫ് പാറേല്‍, ഫാ. തോമസ് കളത്തിപ്പുല്ലാട്ട്, ഫാ. തോമസ് ഐരമന, ഫാ. തോമസ് കലേക്കാട്ടില്‍, ഫാ. മാത്യു ഊഴയ്ക്കല്‍, ഫാ. ജോസഫ് പയ്യാനിമണ്ഡപം, ഫാ. മൈക്കിള്‍ പാമ്പയ്ക്കല്‍, ഫാ. തോമസ് വെടിക്കുന്നേല്‍, ഫാ. മാത്യു മുത്തേടം, ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍, ഫാ. മാത്യു വാഴയ്ക്കാപ്പാറ, ഫാ. ജോസഫ് തെങ്ങുംപള്ളി, ഫാ. മാത്യു പീടികയില്‍, ഫാ. മാത്യു പുല്ലുകാലായില്‍, ഫാ. ജോസഫ് വിളക്കുന്നേല്‍, ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. പോള്‍ നടുവിലേഴം, ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ എന്നിവരാണവര്‍. ഇവരില്‍ ഏറ്റവും കൂടുതല്‍ കാലം മാനേജര്‍ ആയിരുന്നത് ഫാ. തോമസ് ഐരമനയാണ്. 11 വര്‍ഷമായിരുന്നു അദ്ദേഹം സ്‌കൂള്‍ മാനേജര്‍ ആയി സേവനമനുഷ്ഠിച്ചത്. എല്ലാ മാനേജര്‍മാരുടെയും കഠിനാധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമാണ് ഇന്ന് കാണുന്ന സ്‌കൂളും അതിന്റെ പരിസരവും.
ഹെഡ്മാസ്റ്റര്‍മാര്‍
1925 ല്‍ മൂന്ന് ക്ലാസുകളോടെ സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ ശ്രീ. പരമേശ്വരന്‍ ഇളയിടമായിരുന്നു പ്രധാന അധ്യാപകന്‍. ശ്രീ. പി. റ്റി. മത്തായി, ശ്രീ. കെ. കെ. ഗോവിന്ദഗണകന്‍, ശ്രീ. സി. പി. വിശ്വംഭരന്‍ നായര്‍ എന്നിവര്‍ പിന്നീട് പ്രധാന അധ്യാപകരായി. 1952 ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തിയപ്പോള്‍ പ്രധാന അധ്യാപികയായി റവ. സി. ഫാത്തിമ മേരി എഫ്. സി. സി. (1952-1953) നിയമിതയായി. തുടര്‍ന്ന് സി. ജയിന്‍ (1953-1956), സി. ട്രീസാ മാര്‍ട്ടിന്‍ (1956-1967), സി. സിംബ്രോസ് (1967-1968), ശ്രീമതി റ്റി. എസ്. മേരി (1968), സി. ഫിലിപ്പ് നേരി (1968-1986), സി. ആനിറ്റ് (1986-1989), സി. ആനി തെരേസ് (1989-1996), സി. ഫിലോമി (1996-2007), സി. മരിയറ്റ് (2007-2014), ശ്രീമതി മേഴ്‌സി ഫിലിപ്പ് പേഴത്തുങ്കല്‍ (2014-2017), സി. ലിന്‍സ് മേരി (2017-2024) എന്നിവര്‍ പ്രധാന അധ്യാപകരായി സേവനം ചെയ്തു. ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. വിന്‍സന്റ് മാത്യൂസ് ആണ്. ഇവരില്‍ ഏറ്റവും കൂടുതല്‍ കാലയളവ് ഈ പദവിയിലിരുന്നത് 1968 മുതല്‍ 1986 വരെയുള്ള 18 വര്‍ഷങ്ങള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന സി. ഫിലിപ്പ് നേരി ആണ്.
അധ്യാപകര്‍
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അനവധി അധ്യാപകര്‍ ഈ സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ളതുമായ വിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‍കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. കുട്ടികള്‍ക്ക് പ്രോത്സാഹനവും പ്രചോദനവും അവര്‍ നല്‍കി. അറിവും ആദര്‍ശവും പകര്‍ന്നു.
ഏറ്റവും കൂടുതല്‍ വര്‍ഷങ്ങള്‍ ഈ സ്‌കൂളില്‍ പഠിപ്പിച്ചത് ശ്രീ. കെ. എ. ജോര്‍ജ് കടൂപ്പാറയില്‍ (കടൂപ്പാറ സാര്‍) ആണ്. 35 വര്‍ഷങ്ങള്‍ അദ്ദേഹം ഇവിടെ അധ്യാപകനായിരുന്നു. കടൂപ്പാറ സാറിന്റെ മൊത്തം സര്‍വീസ് കാലം 36 വര്‍ഷങ്ങളാണ്. 35 വര്‍ഷങ്ങള്‍ മലയിഞ്ചിപ്പാറ സ്‌കൂളിലും ഒരു വര്‍ഷം പൂഞ്ഞാര്‍ കൊവേന്ത സ്‌കൂളിലും.
വിദ്യാര്‍ഥികള്‍
മലയിഞ്ചിപ്പാറ, മന്നം, വേങ്ങത്താനം എസ്റ്റേറ്റ്, മാങ്ങാപ്പാറ, കള്ളുവേലി എസ്റ്റേറ്റ്, ചോലത്തടം, പറത്താനം, അണങ്ങുംപടി, പ്ലാപ്പള്ളി, കഴുമ്പള്ളി, തകിടി, പാതാമ്പുഴ, മുരിങ്ങപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളൊക്കെ പഠിച്ചിരുന്നത് മലയിഞ്ചിപ്പാറ പള്ളിക്കൂടത്തിലായാരുന്നു. കിലോമീറ്ററുകള്‍ നടന്നായിരുന്നു അന്ന് കുട്ടികള്‍ ഇവിടെ വന്നിരുന്നത്. ഈ പ്രദേശങ്ങളില്‍നിന്നും പിന്നീട് വിദേശങ്ങളിലേക്ക് ജോലിക്കായും മികച്ച ജീവിതസൗകര്യങ്ങള്‍ക്കായും കുടിയേറിയവര്‍ നിരവധിയാണ്. അവരൊക്കെ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത് ഇവിടെനിന്നായിരുന്നു. ഇന്നത്തെ അവരുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും അടിസ്ഥാനമിട്ടത് ഈ ഗ്രാമീണവിദ്യാലയമായിരുന്നു എന്ന് അവര്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുന്നു.
മലയിഞ്ചിപ്പാറ സെന്റ് ജോസഫ് സ്‌കൂളില്‍ പഠിച്ചവര്‍ മക്കള്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലും വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. അധ്യാപനം, ആതുരരംഗം, എഞ്ചിനീയറിംഗ്, ഐ. ടി., ബിസിനസ് തുടങ്ങി എല്ലാ മേഖലകളിലും ഉന്നത നിലവാരത്തിലെത്തിയവര്‍ ഈ സ്‌കൂളില്‍നിന്നും ഉണ്ടായിട്ടുണ്ട്.
മത-ആത്മീയരംഗത്തിനും ഈ സ്‌കൂള്‍ മികച്ച സംഭാവനകള്‍ നല്‍കി. നിരവധി വൈദികരും സന്യാസിനിമാരും ഇവിടെ ആദ്യപാഠം പഠിച്ചവരാണ്. രാഷ്ട്രീയരംഗത്തിനും മലയിഞ്ചിപ്പാറ സ്‌കൂള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ നാടിന്റെ നട്ടെല്ലായ അനവധി കര്‍ഷകരും കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നവരും ചെറുകിട വ്യവസായികളും ഈ സ്‌കൂളിന്റെ സംഭാവനയാണ്.
സ്‌കൂള്‍ ഇപ്പോള്‍
ഇപ്പോള്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ മാനേജറും ശ്രീ. വിന്‍സന്റ് മാത്യൂസ് ഹെഡ്മാസ്റ്ററുമായി പ്രവര്‍ത്തിക്കുന്നു. സ്‌കൂളില്‍ ഏഴ് അധ്യാപകരും കെ. ജി. ഒരു ടീച്ചറുമാണ് ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഓഫീസ് സ്റ്റാഫും കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകംചെയ്യുന്ന സ്റ്റാഫും കൂടി ചേരുമ്പോള്‍ സ്‌കൂളിലെ ജോലിക്കാരുടെ എണ്ണം പൂര്‍ണ്ണമാകും. കെ. ജി. സെക്ഷന്‍ മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ ഇവിടെനിന്ന് വിദ്യ അഭ്യസിക്കുന്നു. പഠനരംഗത്തും കലാ-കായികരംഗങ്ങളിലും മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മുന്‍പന്തിയിലാണ്.
ഉപസംഹാരം
1925 മെയ് 17-ാം തീയതി ആരംഭിച്ച സ്‌കൂള്‍ 2025 ല്‍ നൂറ് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചവരുടെ കഷ്ടപ്പാടുകള്‍, ആകുലതകള്‍, കഠിനാധ്വാനം ഇവയൊന്നും വിസ്മൃതിയിലാണ്ടുപോകാന്‍ പാടില്ല. ആദരവോടെ അവരെ അനുസ്മരിക്കേണ്ടതാണ്. അത്രമാത്രം അനുഗ്രഹങ്ങളാണ് അവരിലൂടെ നമ്മള്‍ ഓരോരുത്തരും സ്വീകരിച്ചിരിക്കുന്നത്. ഈ സ്‌കൂള്‍ തുടങ്ങിയവരും ഇതിന്റെ മാനേജര്‍മാരുമായിരുന്നവരില്‍ പലരും, ഇവിടെ പഠിപ്പിച്ച അധ്യാപകരില്‍ നിരവധി പേരും, പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളില്‍ അനേകരും വ്യത്യസ്തങ്ങളായ സേവനങ്ങളിലൂടെ സ്‌കൂളിനായി പ്രവര്‍ത്തിച്ചവരില്‍ പലരും ഇപ്പോള്‍ നമ്മോടൊപ്പമില്ല. അവര്‍ മരണത്തിലൂടെ നിത്യതയിലേക്കു യാത്രയായി. അവരുടെ ജ്വലിക്കുന്ന സ്മരണയ്ക്കുമുമ്പില്‍ ആദരവോടെ നമുക്ക് നില്‍ക്കാം.
നൂറ് വര്‍ഷങ്ങള്‍കൊണ്ട് പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് അറിവും അനുഭവവും സമ്മാനിച്ചു. മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂള്‍. ഇവിടെ പഠിച്ചവര്‍ പിന്നീട് ഏതൊക്കെ സ്ഥാപനങ്ങളില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ അന്തരീക്ഷം തികച്ചും വ്യത്യസ്തമായി അനുഭവപ്പെട്ടിട്ടുണ്ടാകും. കാരണം, സ്‌നേഹത്തിലും ആത്മാര്‍ഥതയിലും വേരൂന്നിയ അറിവായിരുന്നു ഈ സ്‌കൂള്‍ നല്‍കിയത്. ഇവിടുത്തെ ഗ്രാമീണതയുടെ ലാളിത്യവും വിശുദ്ധിയും നൈര്‍മല്യവും മറ്റൊരിടത്തും ലഭിക്കാനിടയില്ല. നൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കൂളിനെക്കുറിച്ചും ഇവിടുത്തെ അനുഭവത്തെക്കുറിച്ചും ആയിരം കഥകള്‍ പറയാനുണ്ടാകും. അതിലേറെ കഥകള്‍ ഇവിടുത്തെ ചുമരുകള്‍ക്കും മണല്‍ത്തരികള്‍ക്കും മന്ത്രിക്കാനുണ്ടാകും.
നൂറ് വര്‍ഷങ്ങള്‍ ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തെളിഞ്ഞും ഉയര്‍ന്നും നിന്ന മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂള്‍ ഇനിയും അനേകായിരങ്ങള്‍ക്ക് അറിവും ആനന്ദവും നല്‍കട്ടെ.
ഡോ. ഫാ. ലിങ്കണ്‍ കെ. ജോര്‍ജ് എം. സി. ബി. എസ്.
ഉറവിടങ്ങള്‍:
1. സ്മാരകഗ്രന്ഥം, മാര്‍ സ്‌ളീവാ പള്ളി, മലയിഞ്ചിപ്പാറ, 1976.
2. ഇടവക ഡയറക്ടറി, മാര്‍ സ്‌ളീവാ ചര്‍ച്ച്, മലയിഞ്ചിപ്പാറ, 2013.
3. പൂണ്ടിക്കുളം കുടുംബചരിത്രം, 2020.
4. മലയിഞ്ചിപ്പാറയുടെ മകുടം: സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂള്‍, www.lifeday.in, 2021.