വി. എവുപ്രാസ്യ: 30-ാം ദിനം – പ്രത്യാശയുടെ ജീവിതം നയിച്ചവൾ

സി. മരിയറ്റ സി. എം. സി.

“ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല” (യോഹ. 15:5).

വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ഈശോയിൽ ശരണംവച്ച് ദൈവൈക്യം പ്രാപിച്ച ഒരു ധീരകന്യകയാണ് വി. എവുപ്രാസ്യ. പ്രത്യാശയെ നിർവചിച്ചുകൊണ്ട് ‘ccc’ പറയുന്നു: “ക്രിസ്തുവിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസർപ്പിച്ചും നമ്മുടെ ശക്തിയിൽ ആശ്രയിക്കാതെ പരിശുദ്ധാത്മാവിന്റെ കൃപാവരസഹായത്തിൽ ആശ്രയിച്ചും നമ്മുടെ സൗഭാഗ്യം എന്ന നിലയിൽ സ്വർഗരാജ്യത്തെയും നിത്യജീവിതത്തെയും നാം ആഗ്രഹിക്കുന്നത് ഏതു സുകൃതത്താലാണോ അതാണ് പ്രത്യാശ (ccc. 1817).

പ്രത്യാശയുടെയും കാത്തിരിപ്പിന്റെയും ജീവിതമായിരുന്നു ഈ അമ്മയുടേത്. സന്യാസജീവിതത്തിലൂടെ ഈശോയുടെ സ്വന്തമായിത്തീരാൻ ആഗ്രഹിച്ച അവൾക്ക് അപ്പന്റെ അനുമതി ലഭിക്കാൻ ഏറെ നാൾ കാത്തിരിക്കേണ്ടിവന്നു. തന്നെ വിളിച്ചവൻ വിശ്വസ്തനാണെന്നും അവിടുന്ന് എല്ലാറ്റിനും വഴിതുറക്കുമെന്നും അവൾ ഉറച്ചുവിശ്വസിച്ചു. “ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്ക 1:37) എന്ന വചനം അവളെ ശക്തിപ്പെടുത്തി. മഠത്തിൽ ചേർന്നശേഷം രോഗിണിയും മരണാസന്നയുമായപ്പോഴും അവൾ പ്രത്യാശയോടെ ദൈവിക വാഗ്ദാനപൂർത്തീകരണത്തിനായി കാത്തിരുന്നു. “മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്” എന്ന് (മത്തായി 19:26) അവൾ വിശ്വസിച്ചു. അതെ, മാനുഷികബുദ്ധിക്ക് അസാധ്യമെന്നു തോന്നിച്ചിരുന്ന കാര്യം ദൈവം സാധ്യമാക്കി. അവളുടെ സഭാവസ്ത്രസ്വീകരണവും വ്രതവാഗ്ദാനവും നടന്നു.

വിശുദ്ധിയുടെ പടവുകളിലൂടെ ദ്രുതഗതിയിലുള്ള ആ യാത്രയിൽ തന്റെ ബലഹീനതകളും അനാരോഗ്യവും പ്രതിബന്ധങ്ങൾ ഉയർത്തിയപ്പോഴും “എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും” (ഫിലി. 4:13) എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രത്യാശാഭരിതയായി അമ്മ മുന്നേറി. ദർശനങ്ങളും വെളിപാടുകളും നിറഞ്ഞ ജീവിതയാത്രയിൽ സഭാധികാരികളും സഹോദരങ്ങളും സംശയാലുക്കളായിരുന്ന കാലഘട്ടത്തിലും വിളിച്ചവനിൽ പ്രത്യാശയർപ്പിച്ച്, ‘ഇതാ, കർത്താവിന്റെ ദാസി; നിന്റെ ഹിതം എന്നിൽ നിറവേറട്ടെ’ എന്ന് ഉരുവിടാൻ അമ്മയെ പ്രേരിപ്പിച്ചതും പ്രത്യാശ എന്ന ദൈവികപുണ്യമാണ്.

അമ്മയെ കാണാനും പ്രാർഥന ചോദിക്കാനും വരുന്നവരെ ആശ്വസിപ്പിച്ച്, പ്രത്യാശാഭരിതരാക്കി പറഞ്ഞയയ്ക്കാൻ അമ്മയ്ക്ക് നല്ല സാമർഥ്യമായിരുന്നു. “എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽനിന്ന്, യേശുക്രിസ്തുവഴി, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും” (ഫിലി. 4:19) എന്ന തിരുവചനവും ചെറിയ പ്രാർഥനകളും അവരെ പഠിപ്പിച്ചും ചൊല്ലിച്ചും അവർക്കുവേണ്ടി പ്രാർഥിച്ചും അവരുടെ കാര്യങ്ങൾ സാധിച്ചുകൊടുത്തിരുന്നു.

അമ്മയുടെ വിശുദ്ധി നിറഞ്ഞ ജീവിതകാലത്തുതന്നെ അത്ഭുതങ്ങളെന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങളും നടന്നിട്ടുണ്ട്. അമ്മ പറഞ്ഞ സമയത്തുതന്നെ രോഗങ്ങൾ മാറി എന്ന സാക്ഷ്യങ്ങൾ അതിനു തെളിവാണ്. അന്നൊരു ദിവസം ഉച്ചയ്ക്ക് മഠത്തിലെ സഹോദരിമാർക്ക് ഭക്ഷണത്തിന് ഒന്നുമില്ലായിരുന്നു. സഹോദരങ്ങൾക്ക് ഒന്നും വിളമ്പാനില്ലാത്തതിന്റെ വേദന അമ്മയെ തളർത്തിയില്ല. ദൈവപരിപാലനയിൽ ആശ്രയിച്ചുകൊണ്ട് അമ്മ സഹോദരിമാരെയുംകൂട്ടി ചാപ്പലിൽ പോയി കൃതജ്ഞതാസ്തോത്രം ഉച്ചത്തിൽ പാടി. അത് പാടിത്തീരും മുൻപേ കനിവുള്ള ദൈവം അമ്മയുടെ പ്രത്യാശയ്ക്കു മറുപടി നൽകി. ഒരു കുട്ടനിറയെ അപ്പവും ഏത്തപ്പഴവുമായി ഒരാൾ പാർലറിൽവന്ന് മണിയടിച്ചു. തന്നിൽ പ്രത്യാശയർപ്പിക്കുന്നവരെ ചേർത്തുപിടിക്കുന്ന ദൈവത്തിന്റെ കരുതലിനും കരുണയ്ക്കും നന്ദിപറഞ്ഞുകൊണ്ട് അമ്മ അതെല്ലാം സഹോദരിമാർക്കു വിളമ്പി.

സർവനന്മസ്വരൂപിയായ സർവേശ്വരനിൽ സർവശരണവും വച്ച് വിശുദ്ധജീവിതം നയിച്ച ഈ അമ്മയെപ്പോലെ നമുക്കും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് നമ്മുടെ ജീവിതവും വിശുദ്ധമാക്കാം.

സി. മരിയറ്റ CMC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.