ഒരുപിടി സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി ജീവിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ വളരെ കുറച്ച് ആളുകള്‍ക്കുമാത്രമേ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ സാധിക്കാറുള്ളൂ. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്.
മൂന്നുതരം ആളുകൾ ഉണ്ടെന്നാണ് പൊതുവിൽ പറയുക. പരിശ്രമിക്കാതെ സ്വപ്നങ്ങള്‍ മാത്രമാക്കി ജീവിക്കുന്നവര്‍, തടസ്സം വരുമ്പോള്‍ ഉപേക്ഷിച്ചുപോകുന്നവര്‍, പ്രശ്നങ്ങള്‍ തരണംചെയ്ത് വിജയം വരിക്കുന്നവർ. ഇതിൽ മൂന്നാമത്തെ കൂട്ടരെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കുന്നത് ഇച്ഛാശക്തിയും ഉറച്ച തീരുമാനങ്ങളും അവയെ പിഞ്ചെല്ലാനുള്ള ജീവിതനൈപുണികളുമാണ് (ലൈഫ് സ്കിൽസ്).
ഇപ്പോഴത്തെ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് കൗമാരക്കാര്‍ക്ക് പ്രശ്നങ്ങള്‍ ധാരാളമാണ്. ‘പിരീഡ് ഓഫ് സ്ട്രെസ്സ് ആന്‍ഡ് സ്ട്രെയിന്‍’ എന്നാണ് മനഃശാസ്ത്രത്തില്‍ കൗമാരകാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. കുട്ടിയുമല്ല, യുവാവുമല്ല എന്ന അവസ്ഥ. സമൂഹത്തിലും കുടുംബത്തിലും ‘കുഴപ്പം പിടിച്ച പ്രായം’ എന്ന മുറുമുറുപ്പ് കൂടിയാവുമ്പോള്‍ സ്ട്രെസ്സും സ്ട്രെയിനും കൂടുകയേയുള്ളൂ. ശരിയായ വിധത്തിൽ വഴികാട്ടിയാല്‍ ഏറ്റവും നല്ല പൗരന്മാരായി കുട്ടികളെ മാറ്റിയെടുക്കാന്‍ കഴിയുന്ന പ്രായമാണിത്.
കൂട്ടുകുടുംബങ്ങളായിരുന്നപ്പോള്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മുതിര്‍ന്നവരുടെയും അരികില്‍നിന്ന് അറിഞ്ഞും അറിയാതെയും നമ്മുടെ മുൻതലമുറയ്ക്ക് കൈമാറിക്കിട്ടിയ മൂല്യങ്ങളും ജീവിതപാഠങ്ങളും നമ്മുടെ തലമുറയ്ക്കു ലഭിക്കുന്നില്ല. എന്നാൽ, കുറേകൂടി സങ്കീർണ്ണമായ പ്രശ്നങ്ങളാണ് നമുക്ക് നേരിടേണ്ടത്. ഇതിനെല്ലാം പരിഹാരമായി ലേകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്നത് ലൈഫ് സ്കിൽ എഡ്യൂക്കേഷൻ ലഭ്യമാക്കുക എന്നതാണ്.
എന്താണ് ലൈഫ് സ്കിൽസ് അല്ലെങ്കിൽ ജീവിതനൈപുണികൾ
കുട്ടിക്കാലം മുതൽത്തന്നെ നമ്മൾ അഭിമുഖീകരിക്കുന്ന ജീവിതയാഥാർഥ്യങ്ങളെ നേരിടാൻ പ്രാപ്തമാക്കുന്ന അറിവും ശേഷികളുമാണ് ഇവ. മികച്ച ജീവിതം നയിക്കുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുന്നതിനും ഫലവത്തായ ആശയവിനിമയത്തിനും സ്വയം കാര്യങ്ങൾ നടത്തുന്നതിനും നമ്മെ സഹായിക്കുന്നവയാണ് ഇവ. നിത്യജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിനുള്ള കരുത്ത് നേടാൻ ചെറുപ്രായത്തിൽത്തന്നെ ലൈഫ് സ്കില്ലുകൾ നേടേണ്ടതുണ്ട്. ആരോഗ്യകരമായ പെരുമാറ്റവും ശീലങ്ങളും വളർത്തിയെടുക്കാൻ അത് സഹായിക്കും. സാമൂഹികവും വൈകാരികവും ചിന്താപരവുമായ മേഖലകളിൽ കുട്ടികൾ നിർബന്ധമായും കൈവരിച്ചിരിക്കേണ്ട പത്ത് ലൈഫ് സ്കില്ലുകൾ ലേകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്നു. അവ ഏതൊക്കെയാണെന്നു നോക്കാം.
- സർഗാത്മക ചിന്ത
- വിമർശനാത്മക ചിന്ത
- തീരുമാനമെടുക്കാനുള്ള കഴിവ്
- പ്രശ്നപരിഹാരം
- ആശയവിനിമയം
- ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ
- സഹാനുഭൂതി
- വികാരങ്ങളുമായി പൊരുത്തപ്പെടുക
- സമ്മർദത്തെ അതിജീവിക്കുക
- അവനവനെ അറിയുക
പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള യാത്രയിൽ ഈ ജീവിതനൈപുണികൾ നമ്മെ സഹായിക്കും. അതുകൊണ്ടുതന്നെ ഇവ ഓരോന്നും ആർജിക്കാൻ സ്വയം ശ്രമിക്കുകയും മറ്റുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കുകയും വേണം.
ഡോ. സെമിച്ചൻ ജോസഫ്
(തുടരും)