ഒരൊറ്റ ദിവ്യബലികൊണ്ട് മാറിമറിഞ്ഞ ജീവിതം

വിശ്വാസത്തിൽ നിന്നും അകന്നു ജീവിച്ച ഫ്രാൻസിൽ നിന്നുള്ള 27 കാരിയായ ഇവയുടെ ജീവിതം ഒരൊറ്റ ദിവ്യബലികൊണ്ട് മാറിമറിഞ്ഞ അനുഭവ കഥയാണിത്. അവൾ ഈസ്റ്റർ ദിനത്തിൽ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് ജ്ഞാനസ്നാനം സ്വീകരിക്കാൻ ഒരുങ്ങുകയാണ്.

ഒരു ഞായറാഴ്ചയിലെ അനുഭവം

ക്ലെർമോണ്ട്-ഫെറാൻഡിൽ നിന്നുള്ള ഈവ 2022-ൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്റായി ജോലി ചെയ്യാൻ വാറിലേക്ക് താമസം മാറുന്ന സമയം. ഒരു ദിവസം അവൾക്ക് ദൈവാലയത്തിൽ പോകണമെന്ന് തോന്നി. അന്ന് ഞായറാഴ്ചയായിരുന്നതിനാൽ ലഭ്യമായ ദിവ്യബലികളുടെ സമയം നോക്കി ഹൈയേഴ്സിലെ സെന്റ് -ലൂയിസ് ദൈവാലയത്തിലെ ദിവ്യബലിയിൽ അവൾ പങ്കെടുത്തു. ആദ്യം അവൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും പതിയെ പതിയെ അവൾ അതിലേക്ക് ലയിച്ചു. വികാര ആവേശത്താൽ അവൾ കരഞ്ഞുപോയി എന്നാണ് ആദ്യ ദിവ്യബലി അനുഭവം പങ്കുവച്ചുകൊണ്ട് ഇവ പറയുന്നത്. “എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ ഒരു വെളിച്ചം എന്നിൽ നിറയുന്നതായി തോന്നി”- അവൾ പറയുന്നു.

വിശ്വാസത്തിലേക്കുള്ള യാത്ര

പരിശുദ്ധ കുർബാനയിൽ സംബന്ധിച്ച തനിക്കു ലഭിച്ച അനുഭവത്തിനുശേഷം അവൾ ദിവസവും ദിവ്യബലിയിൽ പങ്കുചേരാൻ ആരംഭിച്ചു. ഒപ്പം പുസ്തകങ്ങളിലൂടെയും പഠനങ്ങളിലൂടെയും ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു. ദൈവാലയത്തിൽ പ്രവേശിക്കുമ്പോൾ സ്വന്തം വീട്ടിലെത്തിയ ഒരു അനുഭവം എന്തുകൊണ്ടാണ് തനിക്കുള്ളതെന്ന് അറിയാനും ക്രിസ്തുവിശ്വാസത്തിന്റെ ചരിത്രം കൂടുതൽ മനസ്സിലാക്കാനും ആഗ്രഹിച്ചുകൊണ്ട് അവൾ വിശ്വാസ സംബന്ധമായ പഠനങ്ങളിൽ ദൃഷ്ടി ഉറപ്പിച്ചു. പിന്നീട് യുവജന കൂട്ടായ്മയിൽ പങ്കുചേരുകയും ജ്ഞാനസ്നാനം സ്വീകരിക്കാനുള്ള ആഗ്രഹം അവളിൽ ഉടലെടുക്കുകയും ചെയ്തു.

ഇവയുടെ മാതാപിതാക്കൾക്ക് അവളുടെ ജീവിതത്തിൽ വന്ന മാറ്റം മനസ്സിലായതിനെ തുടർന്ന് അവളുടെ അമ്മയും അവളോടൊപ്പം ദിവ്യബലിയിൽ പങ്കുചേരാൻ ആരംഭിച്ചു.

ക്രിസ്തുവിൽ അവൾക്ക് ഏറ്റവും കൂടുതൽ ആകർഷിക്കപ്പെട്ടത് ക്ഷമയുടെ സുവിശേഷം ആയിരുന്നു. “ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ” എന്ന വചനം അവളെ ഏറെ പ്രചോദിപ്പിക്കുകയും വഴി നടത്തുകയും ചെയ്തു എന്നാണ് ഇവ പങ്കുവയ്ക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.