
ഈശോയുടെ ഉയിർപ്പിനായി ഒരുങ്ങുകയാണ് ക്രൈസ്തവലോകം. ഓരോ നോമ്പുകാലവും വിശുദ്ധീകരണത്തിന്റെ സമയമാണ്. വിശുദ്ധമായ ചിന്തകളുടെയും പ്രവര്‍ത്തികളുടെയും സമയം. അങ്ങനെ ഏറ്റവും പവിത്രമായ മനസ്സോടെ ഈശോയുടെ ഉയിർപ്പിനെ വരവേല്‍ക്കേണ്ട സമയം.
ഈ സമയം പരിശുദ്ധമാകണമെങ്കില്‍ നമ്മുടെ ജീവിതത്തിലെ ചില ദുശീലങ്ങള്‍, ചില ആസക്തികള്‍ ഒക്കെ മാറ്റിവയ്ക്കണം. അതിന് നമ്മളെ സഹായിക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇതാ…
1. ചിന്തകളെ എതിര്‍ക്കുക
ഓരോരുത്തരിലും ഒരോതരം ദുസ്വഭാവങ്ങളായിരിക്കാം ഉള്ളത്. എന്തെങ്കിലും ഒരു കാര്യത്തോട് പെട്ടെന്നൊരു ദിവസം ‘നോ’ പറയുമ്പോള്‍ ധാരാളം തടസ്സങ്ങളുണ്ടാകാം. എന്തു കാര്യമായാലും അതിലേക്കു നമ്മെ നയിക്കുന്ന ആദ്യപടിയായിട്ടാവും ചില ചിന്തകള്‍ നമ്മിലേക്ക് കടന്നുവരിക. ആ ചിന്തകളെ ഫലപ്രദമായി മറികടക്കാന്‍ കഴിഞ്ഞാല്‍ ആദ്യഘട്ടം നമ്മൾ വിജയിച്ചു.
2. സാഹചര്യങ്ങളെ ഒഴിവാക്കുക
തെറ്റുകളിലേക്കു നയിക്കുന്ന കൂട്ടുകെട്ടുകള്‍, സാഹചര്യങ്ങള്‍ എന്നിവ മുന്‍കൂട്ടി കാണുകയും അത് ഒഴിവാക്കുകയും ചെയ്യുക. ഈ ഒരു നോമ്പുകാലം, മദ്യപാനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിലേക്കു നിങ്ങളെ നയിക്കുന്ന ആളുകളുടെ പക്കല്‍ അധികസമയം ചെലവിടാതിരിക്കുക. അങ്ങനെ തെറ്റുകളില്‍ നിന്നും, അതിനുള്ള സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനിന്ന് നോമ്പുകാലത്തെ ഫലപ്രദമാക്കാം.
3. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക
നല്ല സംഭാഷണം എപ്പോഴും ആളുകളെ നന്മയിലേക്കു നയിക്കും. എന്നാല്‍ ചീത്തസംസാരം ഒരുവനില്‍, അവനറിയാതെ തന്നെ തിന്മ നിറയ്ക്കും. അതിനാല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. നിങ്ങളുടെ വാക്കുകള്‍ നമ്മളെയോ, നമ്മളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവരെയോ തെറ്റിലേക്കു നയിക്കാതിരിക്കട്ടെ.
4. സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കാം
ഇന്ന് പ്രായഭേദമന്യെ കണ്ടുവരുന്ന ഒന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ സമയം ചെലവിടുന്ന പ്രവണത. അതിലൂടെ, നാം അറിയാതെ തന്നെ ചില തിന്മകള്‍ നമ്മിലേക്കു കടന്നുവരാം. നമ്മുടെ കണ്ണുകളെ നിയന്ത്രിക്കാം; ഒപ്പം സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കാനും ശ്രമിക്കാം. പ്രാർഥിക്കാനും വീട്ടുകാരോടും അയല്‍ക്കാരോടുമൊപ്പം സമയം ചെലവിടാനും നന്മപ്രവര്‍ത്തികള്‍ ചെയ്യാനും സമയം കണ്ടെത്തുക. അപ്പോള്‍ നമ്മുടെ നോമ്പ് കൂടുതല്‍ ഫലപ്രദമാകും.
5 . കാവല്‍മാലാഖയുടെ സഹായം തേടാം
നാം ഒരു കാര്യം പെട്ടെന്ന് വേണ്ടെന്നുവയ്ക്കുമ്പോള്‍ അതിനെതിരെ പ്രലോഭനങ്ങള്‍ ഉണ്ടാകുക സാധാരണമാണ്. അത് പിശാചിന്റെ തന്ത്രമാണെന്നു മനസ്സിലാക്കി അതിനെതിരെ പിടിച്ചുനില്‍ക്കാനുള്ള ശക്തിക്കായി കാവല്‍ മാലാഖയോടു പ്രാർഥിക്കാം. ഒപ്പം നല്ല ചിന്തകള്‍ കൊണ്ട് മനസ്സിനെ നിറയ്ക്കാം.