ഈ വർഷത്തെ തിരുപ്പട്ടദാന ശുശ്രൂഷകളുടെ ദിനങ്ങളിലൂടെയാണ് നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നീണ്ട 12 വർഷങ്ങൾ ആഗ്രഹിച്ചും പ്രാർഥിച്ചും ഒരുങ്ങിയും കാത്തിരുന്ന വിശുദ്ധിയുടെ പരിപൂർണ്ണ നിമിഷങ്ങൾ. ദീർഘനാളത്തെ ഒരുക്കങ്ങളുടെയും പഠനങ്ങളുടെയും ബോധ്യങ്ങളുടെയും അതിലുപരി ആഴമായ വിശ്വാസത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ദൈവത്തെ കൈകളിൽ വഹിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെയും പൂർത്തീകരണം – തിരുപ്പട്ട സ്വീകരണദിനം! ഈ വർഷം പൗരോഹിത്യം സ്വീകരിക്കുന്ന എല്ലാവർക്കുമായി നമുക്ക് ഒരുമിച്ചു പ്രാർഥിക്കാം. എല്ലാ നവ വൈദികർക്കും ലൈഫ്ഡേയുടെ ആശംസകൾ!
പ്രതിസന്ധികളും പ്രതികൂല കാലാവസ്ഥകളും നിരവധി ഉണ്ടായിരുന്ന ഒരു വർഷത്തിലൂടെയാണ് സഭ കടന്നുപോയത്. പുരോഹിതരെയും പൗരോഹിത്യത്തെയും അവഹേളിച്ചും കുറ്റപ്പെടുത്തിയും കടന്നുപോയ ഒരു വർഷം. ആ പ്രശ്‌നങ്ങൾക്കിടയിലും പ്രതിസന്ധികൾക്കിടയിലും തളരാതെ അവയെ ഒക്കെ ക്രിസ്തുവിന്റെ കുരിശിനോട് ചേർത്തുവച്ച് അവിടുന്ന് കാണിച്ച വിശുദ്ധിയുടെ പാതയിൽ ചരിക്കാൻ അനേകം യുവാക്കള്‍ മുന്നോട്ടുവന്നു എന്നത് സഭയുടെ തുടരുന്ന വസന്തകാലത്തിന്റെ ശുഭസൂചനയാണ്.
ക്രിസ്തുവിന്റെ നിർമല സക്രാരികളാകാനുള്ള സ്വപ്നം പൂർത്തീകരിച്ചുകൊണ്ട് നിരവധി നവ വൈദികർ അൾത്താരയിലേക്ക് ആഗതരാവുകയാണ്. ഈ ദിവസങ്ങളിൽ കേരളത്തിലെ രൂപതകളും സന്യാസ സമൂഹങ്ങളും തിരുപ്പട്ട ശുശ്രൂഷകൾക്ക് സാക്ഷിയാകുകയാണ്. നിരവധി യുവ വൈദികരാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ദൈവത്തിനായി തങ്ങളുടെ ജീവിതം സമർപ്പിക്കുന്നത്. ഈ പുണ്യനിമിഷങ്ങളിൽ നവ വൈദികർക്കായി പ്രാർഥനകളോടെ ആയിരിക്കാം.
ലോകത്തിന്റേതായ സുഖങ്ങൾ മാറ്റിവച്ച് ദൈവത്തിനായി ഒരു കൂട്ടം യുവാക്കൾ അഭിഷിക്തരായിത്തീരുമ്പോൾ ലോകം വച്ചുനീട്ടുന്ന പ്രതിസന്ധികളെ തരണം ചെയ്യുക എന്നത് പ്രയാസകരമായ ഒന്നാണ്. ദൈവത്തിനും മനുഷ്യർക്കുമിടയിൽ നിൽക്കുന്ന മധ്യസ്ഥനായിത്തീരുകയാണ് പൗരോഹിത്യശുശ്രൂഷയിലൂടെ അവർ. വിവിധ ജീവിത സാഹചര്യങ്ങളിലുള്ള ആളുകളുടെ ഇടയിലേക്ക് സ്വന്തം നാടും വീടും മാതാപിതാക്കളെയും വിട്ട് ദൈവത്തിന്റെ പ്രതിപുരുഷനായി, ശുശ്രൂഷകനായിട്ടാണ് ഓരോ വൈദികനും കടന്നുവരിക. വിശുദ്ധമായ ജീവിതത്തിലൂടെ ദൈവത്തിന്റെ പരിശുദ്ധമായ സ്‌നേഹത്തെ ഒരു സമൂഹത്തിലേക്ക് ഒഴുക്കുന്ന ഉപകരണങ്ങളാണ് ഓരോ വൈദികനും.
തൂവെള്ള വസ്ത്രത്തിനുള്ളിൽ അതിനിർമലമായ ഹൃദയം സൂക്ഷിക്കേണ്ട വ്യക്തികൾ. നിർമലമായ കരങ്ങളിൽ പരിശുദ്ധനായവനെ വഹിക്കുന്നവർ. ഒരു ഇടവകയുടെ പ്രാർഥനാജീവിതത്തിന്റെയും ആത്മീയതയുടെയും പ്രതീകമായി ആ സമൂഹം ഒത്തൊരുമിച്ച് ഏറ്റവും ആഘോഷത്തോടെയും പ്രാർഥിനാപൂർവവും നവ വൈദികരെ അൾത്താരയിലേക്ക് ആനയിക്കുന്ന ഈ നിമിഷങ്ങളിൽ അവർക്കായി പ്രാർഥിക്കാം. പ്രതിസന്ധികളിൽ ഉഴലുന്ന വൈദികർക്ക് പ്രാർഥനയുടെ പിൻബലം നൽകാം.
ലത്തീൻ, സീറോമലബാർ, മലങ്കര സഭകളിലെ വിവിധ രൂപതകളിൽനിന്നും വിവിധ സന്യാസ സഭകളിൽനിന്നും നിരവധി ഡീക്കന്മാരാണ് ഈ ആഴ്ചകളിൽ പൗരോഹിത്യജീവിതത്തിലേക്കു പ്രവേശിച്ചത്/ പ്രവേശിക്കുന്നത്. വൈദികപരിശീലനത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന മംഗലപ്പുഴ സെമിനാരി, കാർമൽ ഗിരി സെമിനാരി, വടവാതൂർ സെമിനാരി, സെന്റ് മേരീസ് മലങ്കര മേജർ സെമിനാരി തിരുവനന്തപുരം, ധർമാരാം വിദ്യാക്ഷേത്രം, പൂനമല്ലി സേക്രെട് ഹാർട്ട് സെമിനാരി തെള്ളകം കപ്പൂച്ചിൻ വിദ്യാഭവൻ, റൂഹാലയ ഉജ്‌ജയിൻ സെമിനാരി, സെന്റ് എപ്രേം സത്നാ സെമിനാരി, പൂന ജ്ഞാനദീപ വിദ്യാപീഠം, സനാതന എം. സി. ബി. എസ്. സെമിനാരി, തൃശൂർ മേരി മാതാ സെമിനാരി, എന്നിവിടങ്ങളിൽനിന്നും ഈ വർഷം ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയവരാണ് ഈ വർഷം തിരുപ്പട്ടസ്വീകരണം നടത്തുന്നത് (സെമിനാരികളുടെ ലിസ്റ്റ് പൂർണ്ണമല്ല. ഇതിൽ ഉൾപ്പെടുത്താൻ സാധിക്കാതെപോയ മറ്റു പല സെമിനാരികൾ ഉണ്ട്.) ഈ സെമിനാരികളിൽ പഠിച്ചവരാണ് വിവിധ രൂപതകൾക്കും സന്യാസ സഭകൾക്കുമായി പുരോഹിതരായി അഭിഷിക്തരാകുന്നത്.
ആത്മീയതയിൽ സമ്പുഷ്ടമായിത്തീരട്ടെ ഓരോ തിരുപ്പട്ടശുശ്രൂഷയും. ഈ ധന്യനിമിഷത്തിൽ നമ്മുടെ പ്രാർഥനകളും നവ വൈദികർക്ക് ആവശ്യമാണ്. പ്രാർഥനയോടെ അവരെ അൾത്താരയിലേക്ക് കൈപിടിച്ചുനടത്താം.
മരിയ ജോസ്