വിഷാദത്തിന്റെ പൂക്കൾ വിടരാതിരിക്കട്ടെ

ഡോ. സെമിച്ചൻ ജോസഫ്

“ചിരിക്കാൻ മറന്നുപോയ ഒരു യുഗം. സന്തോഷത്തിന്റെ പൊട്ടും പൊടിയും അന്യമായതും ചുറ്റുമുള്ള ഇടങ്ങളിൽനിന്നും ഉൾവലിഞ്ഞ് എന്നിലെ കാരണമില്ലാത്ത സങ്കടങ്ങൾക്കു കാവലിരുന്നും ഉറക്കത്തോട് പിണക്കം നടിച്ചും മരണത്തെ പ്രണയിച്ചും നഷ്ട‌പ്പെടലുകളുടെ ആഴങ്ങളിൽ നീന്തിത്തുടിച്ചും ഭ്രാന്തനൊരുവൻ തള്ളിക്കയറ്റും കല്ലുപോലെ ആരെയൊക്കെയോ അനുസരിച്ചും മുറ്റത്തെ പൂക്കാച്ചെടിപോലെ തളിർത്തുനിന്ന ഒരു ജീവിതം. കേൾക്കാൻ ഒരു ചെവി, എണീക്കാൻ ഒരു കൈത്താങ്ങ്, ചുമലിൽ തട്ടി ‘ഞാനുണ്ട്’ എന്നുപറയുന്ന ഒരാളിനുവേണ്ടി കൊതിക്കുന്ന നിമിഷങ്ങൾ ” – ‘വിഷാദം’ എന്ന തലക്കെട്ടിൽ മുഖപുസ്തകത്തിൽ ആരോ കോറിയിട്ട വരികൾ ഒരു പരിധിവരെ വിഷാദം എന്ന അതിസങ്കീർണ്ണമായ അവസ്ഥയുടെ കാവ്യാത്മക ആവിഷ്കാരമായി തോന്നി.

ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് മാനസികസമ്മർദം. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ‘ഡിപ്രഷൻ’ (Depression) എന്ന് ഇംഗ്ലീഷിൽ പറയുന്ന വിഷാദം. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, തൊഴിൽ, കുടുംബം, ലൈംഗികജീവിതം എന്നിവയെ വലിയതോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ട് ഉഴലുമ്പോൾ, പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ, പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഒക്കെ വ്യക്തികളിൽ വിഷാദരോഗം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ബാല്യകാലത്ത് അനുഭവിക്കേണ്ടിവന്ന തിക്താനുഭവങ്ങൾ, മുതിർന്നവരിൽനിന്നും ലൈംഗികചൂഷണത്തിന് ഇരയായ കുട്ടികൾ, ബലാത്സംഗത്തിന് ഇരയായവർ, സ്ത്രീകൾ പ്രത്യേകിച്ച് പ്രസവാനന്തരമോ, ആർത്തവവിരാമത്തിലൂടെയോ കടന്നുപോകുന്നവർ വിഷാദരോഗത്തിന് എളുപ്പത്തിൽ കീഴടങ്ങുന്നതായി കാണാറുണ്ട്.

നീണ്ടുനിൽക്കുന്നതും നിരന്തരവുമായ നിരാശാബോധം ഇവരുടെ പ്രത്യേകതയാണ്. ചിലപ്പോഴെങ്കിലും
അക്രമാസക്തരാകാനും ബന്ധങ്ങൾ തകരാനും ആത്മഹത്യാപ്രവണത കാണിക്കാനും സാധ്യതയുണ്ട്. അതീവഗുരുതരമായ പ്രസവാനന്തര വിഷാദം അമ്മയെയും കുഞ്ഞിനെയും മോശമായി ബാധിക്കാറുണ്ട്. മധ്യവയസ്ക്കരായ സ്ത്രീകളിൽ ആർത്തവവിരാമ സമയത്തു കാണപ്പെടുന്ന അമിതമായ സങ്കടം, പെട്ടെന്നുള്ള കോപം, പ്രായമായി എന്ന തോന്നൽ, ലൈംഗിക താല്പര്യക്കുറവ് എന്നിവ വിഷാദരോഗവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ചിട്ടയായ ശാരീരികവ്യായാമത്തിന്റെ കുറവും വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

സമീകൃതാഹാരം, ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, നല്ല സാമൂഹികബന്ധങ്ങള്‍, ദേഷ്യം നിയന്ത്രിക്കല്‍ ഇവയെല്ലാം പരിശീലിച്ചാല്‍ ഒരു പരിധിവരെ വിഷാദരോഗം നിയന്ത്രിക്കാം. ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം പോസറ്റീവ്‌ മനോഭാവം പുലര്‍ത്തുന്നതരത്തിലുള്ള കാര്യങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. വിഷാദരോഗം സ്വയം നിയന്ത്രിക്കാൻ സാധിക്കുമെന്ന് രോഗിക്കു തോന്നാം. അതേസമയം ഒരിക്കൽ നിയന്ത്രണത്തിലായാലും വീണ്ടും വരാന്‍ സാധ്യതയുള്ള രോഗാവസ്ഥയാണത്. ചിലപ്പോള്‍ ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗം ഭേദമാകും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ എത്രയും പെട്ടെന്ന്‌ വിദഗ്ദ്ധരെ സമീപിക്കുന്നതും അവരുടെ നിർദേശങ്ങൾ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതുമാണ് ഏറ്റവും ഉചിതം.

ഡോ. സെമിച്ചൻ ജോസഫ്

(തുടരും)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.