കുട്ടികളും നിങ്ങളെ കണ്ടു പഠിക്കട്ടെ: കുട്ടികൾക്ക് മാതൃകയാകാൻ മാതാപിതാക്കൾക്കായി ചില നിർദേശങ്ങൾ

കുട്ടികളുടെ മനസ് ഒരു തെളിഞ്ഞ സ്ളേറ്റ് പോലെയാണ്. അതിലെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നവർ ആയിരിക്കും മാതാപിതാക്കൾ. കാരണം കുഞ്ഞു കുട്ടികൾ അവരുടെ ജീവിതത്തിന്റെ ആദ്യ സമയങ്ങളിൽ കാണുന്നതും മാതൃകയാക്കുന്നതും മാതാപിതാക്കളെയാണ്. മാതാപിതാക്കളുടെ പ്രവർത്തികളും മാതൃകകളും രീതികളും ആണ് അവർ അനുകരിക്കുക. അതിനാൽ ഓരോ കുഞ്ഞു കാര്യങ്ങൾ ചെയ്യുമ്പോഴും മക്കൾ നമ്മെ മാതൃകയാക്കുന്നു എന്നത് ഓർമയിൽ വേണം. മക്കൾക്ക് മാതൃകയായി മാറാൻ മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. ഉദാത്തസ്നേഹത്തിന്റെ മാതൃക പകരാം

മാതാപിതാക്കൾ തമ്മിലുള്ള കലർപ്പില്ലാത്ത സ്നേഹം മക്കൾക്ക് നല്ല മാതൃക പകരും. ദാമ്പത്യജീവിതത്തിൽ അവർ പരസ്പരം നൽകുന്ന ആദരവും സമർപ്പണവും ബഹുമാനവും കണ്ടും അനുഭവിച്ചും വളരുന്ന കുട്ടികൾ തെറ്റായ സ്നേഹ ബന്ധങ്ങളിലേയ്ക്ക് പോകാനുള്ള സാധ്യതകൾ വളരെ കുറവാണ്. കാരണം മറ്റു ബന്ധങ്ങളേക്കാൾ അവർ അനുഭവിച്ചറിഞ്ഞ മാതാപിതാക്കളുടെ സ്നേഹബന്ധത്തിനു അവർ വില നൽകും. അതിനാൽ ദമ്പതികൾ പരസ്പരം ഉള്ള സ്നേഹത്തിലൂടെ നല്ല മാതൃക കുട്ടികൾക്ക് പകരാനും ഭാവിയിൽ നല്ല മൂല്യങ്ങളുള്ള തലമുറയെ വാർത്തെടുക്കാനും കഴിയും.

2. സമയം നൽകാം

മാതാപിതാക്കൾക്ക് മക്കൾക്കായി നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമയം. ജോലിത്തിരക്കും മറ്റു ഉത്തരവാദിത്തങ്ങളും ഉണ്ടെങ്കിലും അച്ഛനും അമ്മയും മക്കൾക്ക് ഒപ്പം ഒരുമിച്ച് ചിലവിടാൻ സമയം കണ്ടെത്തുക വളരെ പ്രധാനമാണ്. ഇത്തരത്തിൽ സമയം ചിലവിടുമ്പോൾ അത് കുട്ടികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുകയും അവർ മാതാപിതാക്കളുമായി എന്തും പറയാൻ കഴിയും വിധത്തിലുള്ള സ്വാതന്ത്ര്യത്തിലേയ്ക്ക് വളരുകയും ചെയ്യും. മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്നു സംസാരിക്കുന്ന, ആശയങ്ങളും ആഗ്രഹങ്ങളും പങ്കുവയ്ക്കുന്ന, പ്രാർഥിക്കുന്ന, ആഹാരം പങ്കുവയ്ക്കുന്ന കുടുംബങ്ങൾ മികച്ച കെട്ടുറപ്പിൽ വളർന്നു വരുന്നത് കാണാം.

3. കുട്ടിയുടെ മുന്നിൽ വച്ചുള്ള തർക്കങ്ങൾ ഒഴിവാക്കാം

വിവാഹത്തിലൂടെ വ്യത്യസ്ത ആശയങ്ങളും ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും ഉള്ള വ്യക്തികളാണ് ഒന്നാകുന്നത്. അതിനാൽ തുടർന്നുള്ള ജീവിതത്തിലും പല ആശയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഈ ആശയങ്ങൾ തർക്കങ്ങളായും പരിണമിക്കാനും സാധ്യത ഉണ്ട്. എന്നാൽ ഇത്തരം തർക്കങ്ങളും ആശയ കുഴപ്പങ്ങളും ഉണ്ടെങ്കിലും അവയൊന്നും കുട്ടികളുടെ മുന്നിൽ വച്ച് പ്രകടിപ്പിക്കരുത്. ഇങ്ങനെയുള്ള അവസരം ഉണ്ടാവുകയാണെങ്കിൽ പരസ്പരം മാന്യമായും പങ്കാളിയുടെ ആശയത്തെ മാനിക്കുന്ന വിധത്തിലും വേണം അത് ചെയ്യാൻ.

4. അമിത ശബ്ദത്തിലുള്ള സംഭാഷണങ്ങൾ ഒഴിവാക്കാം

ദേഷ്യം, അമിതമായി ഉച്ചത്തിൽ സംസാരിക്കുക, കർക്കശ്യത്തോടെ പറയുക, പരുഷമായ സംഭാഷണം തുടങ്ങിയവ കുടുംബത്തിന്റെ ശാന്തതയെ ഇല്ലാതാക്കും. അതിനാൽ കാര്യങ്ങൾ മയത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കാം. ചില അവസരങ്ങളിൽ അമിതമായ ദേഷ്യം നമ്മെ മൂടാം. ഇത്തരം സാഹചര്യങ്ങളിൽ വിവേകപൂർവം നിശ്ശബ്ദരാകാം. അമിത ദേഷ്യത്തിൽ നാം ഉപയോഗിക്കുന്ന വാക്കുകൾ ജീവിത പങ്കാളിക്കും മക്കൾക്കും ആന്തരികമായ വേദനകൾ നൽകിയേക്കാം. അതിനാൽ വാക്കുകൾ വിവേകപൂർവം ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

5. ഉത്തരവാദിത്വങ്ങൾ പങ്കിടാം

അനുദിന ജീവിതത്തിൽ മാതാപിതാക്കൾക്ക് അനേകം ഉത്തരവാദിത്വങ്ങൾ ഉണ്ട്. ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങൾ ഒഴികെ മറ്റു ഉത്തരവാദിത്വങ്ങൾ അവസരോചിതം പങ്കിടുമ്പോൾ അത് സന്തോഷത്തിനുള്ള ഉപാധിയായി മാറും. ഒപ്പം നമ്മുടെ ഉത്തരവാദിത്വങ്ങളിൽ കുട്ടികളെയും പങ്കെടുപ്പിക്കുന്നത് അവർക്കും സന്തോഷകരമായ അനുഭവം നൽകും.

6. വ്യായാമം അനിവാര്യം

ആരോഗ്യപരമായ ജീവിതത്തിനു വ്യായാമം ആവശ്യമാണ്. ജോലിത്തിരക്കുകൾക്കിടയിൽ ഒരുമിച്ചു വ്യായാമത്തിനു സമയം കണ്ടെത്തണം. അത് നമ്മുടെ ജീവിത സമ്മർദ്ദങ്ങൾ കുറക്കുവാൻ സഹായിക്കും. മക്കളെയും കൂട്ടി വൈകുന്നേരങ്ങളിൽ നടക്കാൻ പോകാം, അല്ലെങ്കിൽ ഒരുമിച്ചു വ്യായാമം ചെയ്യാം. ഇത് കുട്ടികളിലും വ്യായാമം ആവശ്യമാണെന്ന ചിന്ത വളർത്തും.

7. മിതത്വം പാലിക്കാം

ആവശ്യങ്ങൾ കണ്ടറിഞ്ഞു ചിലവിടുന്ന ഒരു ജീവിത ശൈലി എല്ലായ്പ്പോഴും നമ്മെ ജീവിതവിജയത്തിലെത്തിക്കാൻ സഹായിക്കും. ഭക്ഷണ കാര്യത്തിലായാലും വസ്ത്രങ്ങൾ വാങ്ങുന്ന കാര്യത്തിലായാലും വീട്ടിലേയ്ക്കു ആവശ്യമായ കാര്യങ്ങൾ തുടങ്ങി വാഹനങ്ങൾ വാങ്ങിക്കുന്ന കാര്യങ്ങളിലായാലും ഈ മിതത്വം പാലിക്കുന്നത് കുട്ടികൾക്കും വലിയ ഒരു പാഠമായി മാറും. അത്യാവശ്യമുള്ള കാര്യങ്ങൾ മുൻഗണനാ ക്രമത്തിൽ വാങ്ങുന്നതും സാധനങ്ങളുടെ മിതത്വ പൂർണ്ണമായ ഉപയോഗവും കുട്ടികളെ ഇല്ലായ്മയുടെ കാലത്തും പിടിച്ചു നിൽക്കാനുള്ള വലിയ പാഠം പഠിപ്പിക്കും. ഒപ്പം സാമ്പത്തികമായ കാര്യങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും ഇത് സഹായിക്കും.

8. നാളേക്കായി അൽപ്പം കരുതിവയ്ക്കാം

ഒരു സമ്പാദ്യ ശീലം വളർത്തി വയ്ക്കുന്നത് കുടുംബങ്ങളെ സഹായിക്കും. ഒപ്പം കുട്ടികൾക്കും അത് ഒരു മാതൃകയാകും. കുട്ടികൾക്കായി ചെറിയ കുടുക്കകളും മറ്റും നൽകുന്നതും അതിൽ പണം നിക്ഷേപിക്കാൻ ശീലിപ്പിക്കുന്നതും നല്ലതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.