ഈശോയുടെ മാമോദീസ അനുസ്മരിക്കുന്ന ദനഹാക്കാലം

ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്‌കാരം, വെളിപാട് എന്നെല്ലാം അര്‍ഥം വരുന്ന പദമാണ് ‘ദനഹാ.’ ‘ദനഹാ’ക്കാലത്തില്‍, യോര്‍ദാന്‍ നദിയില്‍വച്ച് ഈശോയുടെ മാമോദീസാവേളയില്‍ ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്കരണമാണ് അനുസ്മരിക്കുന്നത്. ഈശോ സ്വയം ലോകത്തിനു വെളിപ്പെടുത്തുകയും പിതാവും പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: “ഇവന്‍ എന്റെ പ്രിയപുത്രനാകുന്നു; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” (മത്തായി 3:7). പരിശുദ്ധ ത്രിത്വരഹസ്യം ഈശോമിശിഹായുടെ മാമോദീസായില്‍ വെളിവാക്കപ്പെട്ടു.

ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കര്‍ത്താവിന്റെ ‘ദനഹാ’ത്തിരുനാളിനെ കേരളത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ ‘പിണ്ടികുത്തി’പ്പെരുനാൾ എന്നും തെക്കന്‍ഭാഗങ്ങളില്‍ ‘രാക്കുളി’പ്പെരുനാൾ എന്നും വിളിക്കാറുണ്ട്. ‘ലോകത്തിന്റെ പ്രകാശ’മായ മിശിഹായെ ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും വാഴപ്പിണ്ടിയില്‍ പന്തം കൊളുത്തി അതിനുചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ‘ദൈവം പ്രകാശമാകുന്നു’ (ഏല്‍ പയ്യ) എന്ന് ആര്‍ത്തുവിളിച്ചിരുന്ന പതിവില്‍നിന്നാണ് ‘പിണ്ടികുത്തി’പ്പെരുനാൾ ഉണ്ടായത്. ഈശോയുടെ മാമോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂര്‍വീകര്‍ നടത്തിയിരുന്ന ആചാരക്കുളി (ritual bath) യില്‍ നിന്നാണ് ‘രാക്കുളി’ എന്ന പേര് ലഭിച്ചത്. തികച്ചും മതാത്മകമായി നടത്തിയിരുന്ന ഒരു കര്‍മമായിരുന്നു അത്.

മിശിഹായുടെ പരസ്യജീവിതം അനുസ്മരിക്കുന്ന ദനഹാക്കാലത്തെ പ്രഘോഷണങ്ങളെല്ലാം അവിടത്തെ വ്യക്തിത്വത്തിലേക്കാണ് നമ്മെ ആനയിക്കുന്നത്. പരസ്യജീവിതത്തിലെ സുപ്രധാന സംഭവമെന്ന നിലയില്‍ ശ്ലീഹന്മാരുടെ തിരഞ്ഞെടുപ്പും ദനഹാക്കാലത്തെ ധ്യാനവിഷയമാണ്. മിശിഹാ പാപികളെ തേടിവന്നവനാണെന്നും പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണെന്നും ദൈവപുത്രനായ മിശിഹാ വഴിയാണ് രക്ഷയും പാപങ്ങളില്‍നിന്നുള്ള മോചനവുമെന്നും ഈ കാലത്തില്‍ സഭ നമ്മെ പഠിപ്പിക്കുന്നു. ഈശോ നിയമത്തിന്റെ പൂര്‍ത്തീകരണമാണെന്നും ജീവന്റെ അപ്പമാണെന്നും ഇടയനില്ലാത്ത ആടുകളുടെ ഇടയിലേക്ക് ശ്ലീഹന്മാരെ അയയ്ക്കുന്ന കരുണാനിധിയും നല്ലവനുമായ ഇടയനാണെന്നുമുള്ള അറിവും അനുഭവവുമാണ് ഈ കാലത്തിലെ പ്രഘോഷണങ്ങളിലൂടെ നമുക്കു ലഭിക്കുന്നത്.

വെളിപ്പെടുത്തപ്പെട്ട മിശിഹാരഹസ്യത്തെ തങ്ങളുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപ്പെടുത്തിയ വിശുദ്ധാത്മാക്കളെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകളില്‍ സഭ അനുസ്മരിക്കുന്നു. അമ്മയുടെ ഉദരത്തിലായിരുന്നപ്പോള്‍ മുതല്‍ ഈശോയുടെ മഹത്വം അനുഭവിച്ചറിയുകയും അവിടത്തെ മാമോദീസാവേളയില്‍ ഈശോയുടെ മഹത്വത്തിന്റെ സാക്ഷ്യം സ്വര്‍ഗത്തില്‍നിന്ന് സ്വീകരിക്കുകയും ചെയ്ത യോഹന്നാന്‍ മാംദാനയെ ദനഹാക്കാലത്തെ ആദ്യവെള്ളിയാഴ്ചയില്‍ സഭ അനുസ്മരിക്കുന്നു. തുടര്‍ന്നുള്ള വെള്ളിയാഴ്ചകളില്‍, മിശിഹായുടെ ദൈവമഹത്വം സ്വജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ് അവിടുത്തെ ധീരസാക്ഷികളായിത്തീര്‍ന്ന വിശുദ്ധരെയാണ് ഓര്‍മിക്കുന്നത്. ദനഹാക്കാലത്തിലെ അവസാന വെള്ളി, ഉത്ഥാനത്തിന്റെ പ്രത്യാശയില്‍ പുലരുന്ന സകല മരിച്ചവരുടെയും തിരുനാളാണ്.

ഉയിര്‍പ്പു തിരുനാളിനുമുമ്പ്, നോമ്പുകാലത്തിന് ഏഴ് ആഴ്ചകള്‍ വരത്തക്കവിധം ക്രമീകരിക്കേണ്ടതിനാല്‍ ദനഹാക്കാലത്തില്‍ ആഴ്ചകളുടെ എണ്ണം വ്യത്യസ്തമായി വരാറുണ്ട്. അനുതാപചൈതന്യം നിറഞ്ഞ നോമ്പുകാലത്തിലേക്ക് കടക്കുന്നതിനു മുന്നോടിയായി 18 ദിവസം മുമ്പ് ആചരിക്കുന്ന മൂന്നുനോമ്പും ഈ കാലത്തിന്റെ മറ്റൊരു സവിശേഷതയാണ്.

ഈശോയുടെ മാമോദീസ അനുസ്മരിക്കുന്നതോടൊപ്പം ഓരോ ക്രൈസ്തവനും തന്റെതന്നെ മാമോദീസ സ്വീകരണത്തെയും അതിലൂടെ ഏറ്റെടുത്ത ഉത്തരവാദിത്വത്തെയുംപറ്റി ഗാഢമായി ചിന്തിക്കണമെന്ന് ഈ കാലം നമ്മെ ഓര്‍മിപ്പിക്കുന്നു. അങ്ങനെ ഈശോയെ അടുത്തറിഞ്ഞ്, അവിടുത്തെ തീവ്രമായി സ്‌നേഹിച്ച്, ദൈവമക്കളായി ജീവിക്കാന്‍ പരിശ്രമിക്കേണ്ട സന്ദർഭമാണ് ദനഹാക്കാലം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.