യുദ്ധവും വ്യാപകമായ കുടിയൊഴിപ്പിക്കലും സാമ്പത്തികപ്രതിസന്ധിയും രൂക്ഷമായിരിക്കുന്ന ലെബനനിൽ വിദ്യാഭ്യാസവും തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നു. ലെബനനിലെ ഏകദേശം പകുതിയോളം പൊതുവിദ്യാലയങ്ങളും യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാതെപോകുന്നു. എന്നാൽ, വിനാശകരമായ ഈ സാഹചര്യത്തിനിടയിൽ കത്തോലിക്കാ വിദ്യാലയങ്ങൾ പ്രതീക്ഷയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു.
“ലെബനനിൽ ഏകദേശം 75% കത്തോലിക്കാ സ്‌കൂളുകൾ ഇന്ന് തുറന്നിരിക്കുന്നു. തേക്ക്, ബേക്കാ താഴ്‌വര തുടങ്ങിയ ചില പ്രദേശങ്ങളിലെ കത്തോലിക്കാ സ്കൂളുകളും പ്രതിസന്ധി രൂക്ഷമായ മറ്റു പ്രദേശങ്ങളും യുദ്ധംകാരണം താൽക്കാലികമായി അടച്ചിരിക്കുന്നു. എങ്കിലും, ഞങ്ങളുടെ സ്കൂളുകളിൽ 75% ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നു. ഞങ്ങളുടെ സ്വകാര്യ കത്തോലിക്കാ സ്കൂളുകൾ നന്നായി പ്രവർത്തിക്കുന്നതിൽ ഞങ്ങൾ ദൈവത്തിന് നന്ദിപറയുന്നു” – ബെയ്‌റൂട്ടിന് പത്ത് മൈൽ വടക്കുള്ള കെസർവാൻ ജില്ലയിലെ തീരദേശനഗരമായ ജൗനിയിലെ കോളേജ് ഡെസ് അപ്പോട്രസിന്റെ പ്രസിഡന്റ് ഫാ. മൗയിൻ സാബ പറയുന്നു.
കോൺഗ്രിഗേഷൻ ഓഫ് ലെബനീസ് മരോനൈറ്റ് മിഷനറിമാരുടെ കീഴിലുള്ള കോളേജ് ഡെസ് അപ്പോട്രസ് എല്ലാ മതങ്ങളിലെയും വിദ്യാർഥികളെ വ്യത്യാസമോ, പ്രത്യേകാവകാശമോ ഇല്ലാതെ സ്വാഗതം ചെയ്യുന്നു. കത്തോലിക്കാ സ്‌കൂളുകൾ തുറക്കേണ്ടതിന്റെ പ്രാധാന്യം ഫാ. സബ വെളിപ്പെടുത്തുന്നു. “ക്രിസ്ത്യാനികൾ എന്ന നിലയിൽ, പ്രത്യാശയും ജീവനും പ്രചരിപ്പിക്കാൻ വിളിക്കപ്പെട്ടവരാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വ്യക്തിപരമോ, സാമൂഹികമോ ആയ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇത് പ്രകടമാകൂ. ഇന്ന്, ലെബനൻ കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു, എന്നാൽ വിദ്യാഭ്യാസത്തിലൂടെ നമുക്ക് പ്രത്യാശയും ജീവിതവും പ്രചരിപ്പിക്കാനുള്ള അവസരമുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽപ്പോലും മനുഷ്യസമൂഹങ്ങളിൽ പ്രത്യാശയും വിശ്വാസവും പ്രചരിപ്പിക്കാൻ സഹായിക്കാൻ കർത്താവായ യേശുക്രിസ്തു നമ്മെ സഹായിക്കും” – ഈ വൈദികൻ പ്രതീക്ഷയോടെ പറയുന്നു.