ദൈവം നമ്മുടെ സമീപത്തുണ്ട്; എപ്പോഴും അവിടുന്ന് നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നുണ്ട്. എന്നാൽ നമ്മുടെ ജോലിത്തിരക്കുകൾ മൂലം പലപ്പോഴും അവന്റെ സാന്നിധ്യം ഓർക്കുന്നതിന് നമുക്ക് കഴിയുന്നില്ല. നമ്മുടെ സ്രഷ്ടാവിനോടുള്ള സ്‌നേഹത്തിൽ വളരുന്നതിന്, നാം ഇടയ്ക്കിടെ അവന്റെ സാമീപ്യം ഓർത്ത് അവനോടു സംസാരിക്കണം.
പലപ്പോഴും ദൈവത്തോട് സംസാരിക്കുന്നത് ബൃഹത്തായ കാര്യമാണെന്നാണ് നാം കരുതുന്നത്. എന്നാൽ നമ്മുടെ മക്കളോടോ, നമ്മുടെ മാതാപിതാക്കളോടോ, പങ്കാളികളോടോ സംസാരിക്കുന്നതുപോലെ ലളിതമായി മതി ദൈവത്തോടുമുള്ള പ്രാർഥന. കടുകട്ടിയുള്ള പ്രാർഥനാമുറകളോ, രീതികളോ അതിന് ആവശ്യമില്ല. അതിനാൽ നമ്മുടെ കൂടെയുള്ള ദൈവത്തിന്റെ സാന്നിധ്യത്തെ ഓർക്കാൻ സഹായിക്കുന്ന ഏതാനും ചെറുതും എന്നാൽ ഏറ്റവും ലളിതവുമായ പ്രാർഥനകൾ പരിചയപ്പെടാം.
ഈ പ്രാർഥനകളുടെ പ്രത്യേകത, വെറും മൂന്നു വാക്കുകൾ മാത്രമേ ഇവയിലുള്ളൂ എന്നതാണ്. മൂന്നു വാക്കുകൾ കൊണ്ട് നമുക്ക് ചുറ്റും ആത്മീയതയുടെ വസന്തം പരത്തുന്ന ആ പ്രാർഥനകൾ ഇതാ.
1. എന്റെ ഈശോയേ, കരുണയായിരിക്കേണമേ
അനുദിനജീവിതത്തിൽ നമുക്ക് എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന ഒരു ചെറിയ പ്രാർഥനയാണിത്. ജീവിതത്തിൽ പ്രതിസന്ധികളാൽ വലയുമ്പോഴും മടുപ്പ് അനുഭവിക്കുമ്പോഴും ഏകാന്തതയിലുമൊക്കെ ഈ പ്രാർഥന ആവർത്തിച്ച് ഉച്ഛരിക്കാം. ഇത് നമ്മുടെ മനസ്സ് ശാന്തമാകാനും കാരുണ്യവാനായ ഈശോയുടെ ഓർമ്മയും സാന്നിധ്യവും അനുഭവവേദ്യമാക്കാനും സഹായിക്കും.
2. അങ്ങിൽ ഞാൻ ശരണപ്പെടുന്നു/ നന്ദി ദൈവമേ
നമ്മുടെ ജീവിതത്തിൽ സന്തോഷങ്ങളും ആനന്ദങ്ങളും നിറയുമ്പോഴും തിരക്കുകൾക്കിടയിലും ഇനി നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലും ഈ പ്രാർഥന നമ്മെ കരുത്തരാക്കും. നമ്മേക്കാൾ ശക്തനായ ദൈവത്തിൽ നാം ശരണപ്പെടുന്നതിലൂടെ അവിടുത്തേക്ക് നമ്മിൽ പ്രവർത്തിക്കാനുള്ള അനുവാദം നൽകുകയാണ്.
3. ഈശോ – മറിയം – യൗസേപ്പേ
പരമ്പരാഗതമായി തലമുറകളിലേക്ക് കൈമാറിവരുന്ന ഒരു പ്രാർഥനയാണിത്. ഈശോ – മറിയം – യൗസേപ്പേ, ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ എന്നത്. ഈശോയുടെ സാന്നിധ്യവും പരിശുദ്ധ അമ്മയുടെയും വി. യൗസേപ്പിതാവിന്റെയും മാധ്യസ്ഥ്യം യാചിക്കുന്ന വലിയൊരു പ്രാർഥനയാണിത്; ഒപ്പം കുടുംബജീവിതത്തിൽ തിരുക്കുടുംബത്തിന്റെ മാതൃകയെക്കുറിച്ച് ഓർമ്മപ്പെടുത്താനും ഈ പ്രാർഥന ഇടയാക്കും.