വി. എവുപ്രാസ്യ: 31-ാം ദിനം – മരിച്ചിട്ടും ജീവിക്കുന്നവൾ

സി. മരിയറ്റ സി. എം. സി.

“ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും” (യോഹ. 11:25).

ഏഴരപ്പതിറ്റാണ്ടു കാലം ഈ ലോകത്ത് ദൈവത്തിന്റെ പുത്രിയായി ജീവിച്ച്, ദൈവസ്നേഹം ഹൃദയത്തിൽ നിറച്ച്, ആ സ്നേഹം സഹോദരങ്ങൾക്കു പങ്കുവച്ച് കടന്നുപോയ എവുപ്രാസ്യമ്മ ഇന്നും മനുഷ്യഹൃദയങ്ങളിൽ മരിക്കാതെ ജീവിക്കുന്നു. തന്റെ സ്രഷ്ടാവും രക്ഷകനും പരിപാലകനുമായ ദൈവത്തിൽ വിശ്വസിച്ച്, അവിടുത്തെ ഇഷ്ടംമാത്രം നിറവേറ്റി ജീവിച്ച അമ്മ മരിച്ചിട്ടും, ഇന്നും അനേകായിരങ്ങൾ അമ്മയുടെ കബറിടത്തിങ്കലേക്ക് അനുഗ്രഹം തേടിയെത്തുന്നു. ‘മരിച്ചാലും മറക്കില്ലട്ടോ’ എന്ന അമ്മയുടെ വാക്കുകൾ ഇപ്പോഴിതാ അന്വർഥമായിരിക്കുന്നു എന്ന് അമ്മയുടെ കബറിടം സന്ദർശിച്ചു പ്രാർഥിച്ചുപോകുന്നവർ സാക്ഷ്യപ്പെടുത്തുന്നു. തന്റെ മാധ്യസ്ഥ്യം തേടി അണയുന്നവരെ അനുഗ്രഹിച്ചയയ്ക്കാൻ അമ്മ മറക്കുന്നില്ല.

ദിവ്യകാരുണ്യനാഥന്റെ മുൻപിൽ തിളങ്ങുന്ന കണ്ണുകളോടെ പ്രാർഥനാനിരതയായിരുന്ന എവുപ്രസ്യമ്മ ഇന്ന് സ്വർഗത്തിലിരുന്ന് നമുക്കുവേണ്ടി പ്രാർഥിക്കുന്നു. ഇന്ന് ജീവിക്കുന്ന നമുക്ക് എങ്ങനെ വിശുദ്ധരാകാമെന്ന് അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

പരിശുദ്ധ അമ്മയെ മാതൃകയാക്കി, സമ്പൂർണ്ണമായ സമർപ്പണത്തിന്റെ ജീവിതശൈലി സ്വന്തം ജീവിതത്തിലൂടെ അമ്മ നമുക്ക് വെളിവാക്കിത്തരുന്നു. ജപമാലപ്രാർഥനയുടെ മാധ്യസ്ഥശക്തി അമ്മ നമുക്ക് കാണിച്ചുതന്നു. ഒല്ലൂർ മഠത്തിന്റെ കപ്പേളയിലെ അമ്മയുടെ കബറിടത്തിനരികെ ജപമാല ചൊല്ലി പ്രാർഥിച്ച് അഭിഷേകം നേടുന്ന അനേകർ ഇതിനു സാക്ഷികളാണ്.

അപൂർണ്ണതകളും ബലഹീനതകളും ഉൾക്കൊള്ളുന്ന തന്റെ സാധാരണ ജീവിതത്തെ പ്രാർഥന കൊണ്ടും പരിത്യാഗങ്ങൾ കൊണ്ടും ദൈവവുമായി ഒന്നിപ്പിച്ച ഈ അമ്മ ഇന്ന് ജീവിക്കുന്ന ബലഹീനരും സാധാരണക്കാരുമായ നമുക്ക് പ്രചോദനമാകുന്നു. പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വരങ്ങളും ഫലങ്ങളും ധാരാളമായി അമ്മയുടെ ജീവിതത്തിൽ പ്രകടമായിരുന്നു. സഹായകനായ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ഈ അമ്മ, വരദാനങ്ങൾ ഉപയോഗിച്ച് ദൈവജനത്തിന് ശുശ്രൂഷ ചെയ്യേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കുന്നു. ദൈവത്തോടു ചേർന്നുനിന്ന്, ദൈവത്തിൽ ജീവിച്ച്, ആത്മാവിനാൽ നയിക്കപ്പെട്ട ഈ അമ്മ ആത്മാഭിഷേകത്തിന്റെ അനശ്വരപ്രവാഹം ദൈവമക്കൾക്ക് ഇന്നും പകർന്നുനൽകുന്നു.

അധികം ആരാലും അറിയപ്പെടാതെ മറഞ്ഞിരുന്ന ഈ വിശുദ്ധയുടെ ജീവിതവഴികളിലൂടെ നമ്മൾ നടത്തിയ ഈ പുണ്യയാത്ര നമ്മിൽ പുതുചൈതന്യം നിറയ്ക്കട്ടെ. അമ്മയോടു ചേർന്ന് നമുക്കും പ്രാർഥിക്കാം, എന്റെ ഈശോയേ, അങ്ങയോടുള്ള സ്നേഹത്താൽ കത്തിയെരിയുന്ന ഒരു ഹൃദയം എനിക്കു തരേണമേ.

സി. മരിയറ്റ CMC 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.