സ്നേഹത്താൽ ജ്വലിച്ചെരിയുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹാഗ്നിജ്വാലയിൽ ജ്വലിച്ചെരിയാൻ സ്വയം വിട്ടുകൊടുത്തവളായിരുന്നു വി. എവുപ്രാസ്യമ്മ.
മനുഷ്യകുലത്തെ രക്ഷിക്കാൻവേണ്ടി കുരിശുമരണം വരിച്ച ഈശോയുടെ തിരുഹൃദയം കുത്തിത്തുറക്കപ്പെട്ട രംഗം വി. യോഹന്നാൻ ശ്ലീഹാ വിവരിക്കുന്നുണ്ട്. “അവർ യേശുവിനെ സമീപിച്ചപ്പോൾ അവൻ മരിച്ചുകഴിഞ്ഞു എന്നു കാണുകയാൽ അവന്റെ കാലുകൾ തകർത്തില്ല. എന്നാൽ, പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽനിന്ന് രക്തവും വെള്ളവും പുറപ്പെട്ടു” (യോഹ. 19: 33-34).
മനുഷ്യരോടുള്ള ദൈവത്തിന്റെ അളവറ്റ സ്നേഹത്തിന്റെ ആഴം വെളിവാക്കുന്ന, ഈശോയുടെ തിരുഹൃദയത്തിന്റെ ഈ തിരുമുറിവിൽ ഇന്നും ദൈവം മനുഷ്യർക്ക് അഭയം നൽകുന്നു. നമ്മുടെ ദൈവാലയങ്ങളിൽ ദിവ്യകാരുണ്യമായി ഇന്നും എഴുന്നള്ളിയിരിക്കുന്ന ഈശോ നമ്മെ തന്റെ പക്കലേക്കു വിളിക്കുന്നു. “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28).
കർത്താവിന്റെ ഈ വിളി കേട്ട് ഈശോയുടെ ദിവ്യകാരുണ്യമുഖത്തിനു മുൻപിൽ ആരാധനയോടെ ആയിരിക്കുന്ന മനുഷ്യമക്കളുടെ ഹൃദയത്തിലേക്ക് തന്റെ ഹൃദയത്തിന്റെ സൗഹൃദവും സ്നേഹവും സാന്ത്വനവും ഈശോ പകർന്നുനൽകുന്നു. ആകുലരും പീഡിതരുമായി തന്റെ മുന്നിലണയുന്നവരെ കുത്തിത്തുളയ്ക്കപ്പെട്ട തന്റെ ഹൃദയത്തിൽ അഭയം നൽകി അവിടുന്ന് ആശ്വസിപ്പിക്കുന്നു.
ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ എന്ന നാമം സ്വീകരിച്ചുകൊണ്ട്, സന്യാസ സമർപ്പണം ചെയ്ത നാൾ മുതൽ അമ്മ ഈശോയുടെ ദിവ്യകാരുണ്യ സന്നിധിയിൽ ആരാധനയോടെ ദീർഘസമയം ചെലവഴിച്ചിരുന്നു. തിരുവോസ്തിയിലെ ഈശോയുടെ തിരുമുഖശോഭയിൽ ലയിച്ചിരുന്ന ആ വേളകളിൽ, തിരുവോസ്തിയിലെ അവിടുത്തെ മറഞ്ഞിരുപ്പ്, മൗനം, വിനയം, വിധേയത്വം തുടങ്ങിയവയെല്ലാം അമ്മയെ സ്വാധീനിച്ചു. തിരുവോസ്തിയിലെ ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹാഗ്നി അവളുടെ ഹൃദയത്തെ ദൈവസ്നേഹത്താൽ ജ്വലിപ്പിച്ചു. ഈശോ തന്റെ ഹൃദയത്തിന്റെ വേദനകളും ആഗ്രഹങ്ങളും എവുപ്രാസ്യമ്മയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തു. മനുഷ്യരുടെ നന്ദിയില്ലായ്മയും പാപജീവിതവുംവഴി വേദനിക്കുന്ന ഈശോയുടെ തിരുഹൃദയത്തെ ഏതു വിധേനയെങ്കിലും ആശ്വസിപ്പിക്കാനുള്ള ശക്തമായ ആഗ്രഹം സദാസമയവും ഈ അമ്മയിൽ കത്തിജ്വലിച്ചിരുന്നു.
എവുപ്രാസ്യമ്മ തന്റെ ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ഈശോയുടെ തിരുഹൃദയ സ്വരൂപത്തിന്റെ മുമ്പിലായിരുന്നു. അമ്മതന്നെ മെത്രാനച്ചന് ഇങ്ങനെ എഴുതിയിരിക്കുന്നു: “ഞങ്ങൾക്ക് മാസത്തിൽ ഒരുദിവസം ധ്യാനം കഴിക്കണമെന്നുണ്ട്. അത് മാസാദ്യ വെള്ളിയാഴ്ച കഴിക്കുന്നതിനും അന്നേ ദിവസം വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവയ്ക്കുന്നതിനും അനുവദിക്കണമേ. ഈ ദിവസം ധ്യാനമായിരുന്നാൽ എല്ലാവരും നമ്മുടെ രക്ഷിതാവിനെ അധികം ആശ്വസിപ്പിക്കുന്നതിന് ഇടവരുമെന്നതിനാൽ ഇത് സാധിച്ചുതരണമേ. ആരു വഴിയായിട്ടെങ്കിലും ഈ സ്നേഹംനിറഞ്ഞ തിരുഹൃദയത്തെ ആശ്വസിപ്പിക്കണമെന്നുള്ള ഒരു വലിയ ആഗ്രഹം എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തിലുണ്ട്.”
ഒല്ലൂർ മഠത്തിന്റെ മദറായി നിയമിക്കപ്പെട്ടപ്പോൾ ഈശോയുടെ തിരുഹൃദയത്തിനു തന്നെയാണ് അമ്മ ഭരണം ഏല്പിച്ചുകൊടുത്തത്. എല്ലാ ദിവസവും തിരുഹൃദയക്കൊന്ത ചൊല്ലാനും മറ്റുള്ളവരെക്കൊണ്ട് ചൊല്ലിക്കാനും അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്നെയും താൻ സ്നേഹിക്കുന്ന എല്ലാവരെയും താൻ പ്രാർഥിക്കാനായി ദൈവം ആഗ്രഹിക്കുന്ന എല്ലാ ആത്മാക്കളെയും ഈശോയുടെ തിരുഹൃദയത്തിന് അമ്മ സമർപ്പിച്ചു.
‘ഞങ്ങളോടുള്ള സ്നേഹത്താൽ ബലിവസ്തുവാക്കപ്പെട്ട ഈശോയേ, അങ്ങേയ്ക്കായി സ്നേഹത്തിന്റെ ബലിവസ്തുവായി ഞാൻ സ്വയം സമർപ്പിക്കുന്നു‘ എന്നുള്ള പ്രാർഥന അമ്മ ആവർത്തിച്ച് ഉരുവിട്ടിരുന്നു. ഈശോയുടെ തിരുഹൃദയത്തിൽ മുഴുവൻ പ്രത്യാശയും അർപ്പിച്ച്, ലോകത്തിന്റെ മുഴുവൻ പാപങ്ങൾക്കും പരിഹാരബലിയായി തന്റെ ജീവിതം സമർപ്പിച്ച ഈ അമ്മയുടെ മാതൃക നമുക്കും അനുകരണീയമാണ്.
സി. മരിയറ്റ CMC