വി. എവുപ്രാസ്യ: 27-ാം ദിനം – എവുപ്രാസ്യമ്മയുടെ കുടുംബദർശനം

സി. മരിയറ്റ സി. എം. സി.

ക്രിസ്തീയകുടുംബം ആകാശമോക്ഷസദൃശ്യമായിരിക്കണമെന്ന് വി. ചാവറ പിതാവ് ആഗ്രഹിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹം തന്റെ ചാവരുളിലൂടെ ക്രിസ്തീയകുടുംബങ്ങളിൽ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ചു പറയുന്നുണ്ട്. മാതാപിതാക്കളുടെ നേരെ സ്നേഹവും ആദരവുമുള്ളവരും ദൈവത്തോടും മനുഷ്യരോടും പൊരുത്തപ്പെട്ടുകഴിയുന്നവരുമാകണം അവർ. തങ്ങളുടേതായ ജീവിതാന്തസിനനുസരിച്ചുള്ള കടമകൾ നിർവഹിച്ച് ദൈവസായൂജ്യം നേടാൻ ശ്രമിക്കുന്നവരുമായിരിക്കണം ക്രിസ്തീയകുടുംബാംഗങ്ങൾ. രക്തത്താലും സ്നേഹത്താലും ബന്ധിതരായ ഇവർ യോജിപ്പോടെ കൂട്ടായ്മയിൽ ജീവിക്കണം.
എവുപ്രാസ്യമ്മയുടെ കുടുംബദർശനവും ഇതിനോട് ചേർന്നുപോകുന്നു. അമ്മയുടെ ആങ്ങളയുടെ മകൾ മേരിയുടെ വിവാഹാവസരത്തിൽ അമ്മ അവൾക്കെഴുതിയ കത്തിൽ ഇത് വ്യക്തമാണ്.

കുടുംബം ദൈവസ്ഥാപിതമാണെന്നും വധൂവരന്മാരെ വിവാഹത്തിൽ യോജിപ്പിക്കുന്നത് ദൈവമാണെന്നും അമ്മ അനുസ്മരിക്കുന്നു. ദൈവഹിതം സന്തോഷത്തോടും നന്ദിയോടുംകൂടി സ്വീകരിക്കണമെന്നും അമ്മ ഓർമ്മിപ്പിക്കുന്നുണ്ട്. വിവാഹം ക്രിസ്തു സ്ഥാപിച്ച ഒരു കൂദാശ എന്ന നിലയിൽ അത് നൽകുന്ന കൃപാവരങ്ങൾ സ്വീകരിക്കുന്നതിന് മനുഷ്യരുടെ ഒരുക്കം ആവശ്യമാണെന്നും അമ്മ സൂചിപ്പിക്കുന്നു. “നല്ല മനസ്താപത്തോടെ ഒരുങ്ങി, കുമ്പസാരിച്ച് ഈ ദിവ്യകൂദാശ യോഗ്യതയോടും ആഗ്രഹത്തോടുംകൂടി കൈക്കൊള്ളുന്നതിനു ശ്രദ്ധിക്കണം. വിവാഹം എന്ന കൂദാശയിലൂടെ ക്രിസ്തീയദമ്പതികളുടെ ജീവിതത്തിലേക്ക് ക്രിസ്തു കടന്നുവരുന്നു” (Gs: 48 :32). ഈശോ നൽകുന്ന വരപ്രസാദത്തോടു സഹകരിച്ച്, ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്നവർക്കുമാത്രമേ ഈ ജീവിതത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനാവൂ എന്നും അമ്മ അനുസ്മരിപ്പിക്കുന്നു.

കുടുംബം ഒരു കൂട്ടായ്മ എന്ന സത്യം അമ്മയുടെ വീക്ഷണത്തിൽ തെളിഞ്ഞുകാണാം. കുടുംബത്തിൽ സ്നേഹവും ഐക്യവും നിലനിർത്തുന്നതിന്, അനുവർത്തിക്കേണ്ട ജീവിതശൈലി അമ്മ വിവരിക്കുന്നു. “ഭർത്താവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും സ്വന്തമായി സ്വീകരിച്ച് സ്നേഹിക്കുകയും ശിശ്രൂഷിക്കുകയും വേണം.”

“സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താൽ പുരുഷൻ പിതാവിനെയും മാതാവിനെയും വിടുകയും അവർ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും. പിന്നീട് ഒരിക്കലും അവർ രണ്ടല്ല; ഒരു ശരീരമായിരിക്കും. അതിനാൽ, ദൈവം സംയോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ” (മർക്കോ. 10: 6-9). വിവാഹബന്ധത്തിന്റെ അവിഭാജ്യതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കാൻ ദമ്പതികൾ പുലർത്തേണ്ട സമർപ്പണത്തെയും സ്നേഹത്തെയും വിധേയത്വത്തെയും കുറിച്ചും അമ്മ സൂചിപ്പിക്കുന്നുണ്ട്.

ഗാർഹികസഭയായ ക്രൈസ്തവകുടുംബങ്ങൾ ധാർമ്മികതയുടെ പഠനകളരി ആയിരിക്കണമെന്ന് അമ്മ പറയുന്നു. കുടുംബാംഗങ്ങളുടെ കണ്ടുപഠിത്തത്തിന് ഉപകരിക്കുംവിധം എളിമ, ക്ഷമ, വിധേയത്വം, നീതി, സത്യസന്ധത, ആത്മാർഥത, സ്നേഹം തുടങ്ങിയ സുകൃതങ്ങൾ കുടുംബത്തിൽ പുലർത്തണം. ദൈവകല്പനകളുടെ അനുസരണം, കുടുംബപ്രാർഥന, ആരാധനാക്രമജീവിതം തുടങ്ങി ക്രൈസ്തവകുടുംബങ്ങളിൽ പാലിക്കേണ്ട ജീവിതശൈലിയെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു. ചുരുക്കത്തിൽ, വിവാഹജീവിതത്തിലേക്കു പ്രവേശിക്കാൻ ഒരുങ്ങുന്നവർക്കും വിവാഹജീവിതം നയിക്കുന്നവർക്കും ഉത്തമ മാർഗദീപമാണ് അമ്മയുടെ ഈ കത്തിന്റെ ഉള്ളടക്കം.

സി. മരിയറ്റ CMC 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.