ദിവ്യസക്രാരിയുടെ അച്ചുതണ്ടിലാണ് വി. എവുപ്രാസ്യയുടെ ജീവിതം കറങ്ങിക്കൊണ്ടിരുന്നത്. സദാ പള്ളിയുടെ ഒരു മൂലയിരുന്നു പ്രാർഥിക്കുന്ന അമ്മ, ദിവ്യസക്രാരിക്കുമുൻപിൽ ഏകാഗ്രചിത്തയായിരിക്കുമ്പോൾ മണിക്കൂറുകൾ കടന്നുപോകുന്നത് അറിയാറില്ല, പരിസരത്തെക്കുറിച്ച് ബോധവുമില്ല. സാധാരണയായി രണ്ട് ബിന്ദുവിലാണ് ആ കണ്ണുകൾ തറച്ചിരിക്കുക. ഒന്ന്, സക്രാരിയിൽ; പിന്നെ അവിടെയുള്ള പരിശുദ്ധ അമലോത്ഭവമാതാവിന്റെ മുഖത്തും. എഴുന്നേറ്റുപോകേണ്ട ഘട്ടത്തിലെത്തുമ്പോൾ ആ കണ്ണുകൾ വലിച്ചെടുക്കാൻ ആയാസപ്പെടുന്നതുപോലെ തോന്നും. സമീപസ്ഥയായ ഒരു വ്യക്തിയുമായി നടത്തുന്ന അഭിമുഖസംഭാഷണംപോലെ സജീവമായിരുന്നു പ്രാർഥനാസമയത്തുള്ള അവളുടെ ഭാവചലനങ്ങൾ. ദിവ്യകാരുണ്യനാഥനെ ഉറ്റുനോക്കിക്കൊണ്ടിരുന്ന അവൾ ഏതു കാര്യത്തിനും അഭിപ്രായം ആരാഞ്ഞിരുന്നത് അവിടുത്തോടാണ്. ഉറ്റസുഹൃത്തുക്കളോടെന്നപോലുള്ള വ്യക്തിബന്ധത്തിലാണ് ഈ ഗാഢസംസർഗം ചെന്നെത്തിയത്.
മഠത്തിൽ കുർബാനയില്ലാത്ത അവസരങ്ങൾ ആദ്യകാലത്ത് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഇത്തരമൊരവസരത്തിൽ എവുപ്രാസ്യമ്മ പറയുന്നു: “കുർബാന എന്ന പരമഭാഗ്യം മഠത്തിൽ കുറവുള്ളതുകൊണ്ട് ഉള്ളിൽ സങ്കടം തോന്നുന്നു. ഈ കുറവ് തീർക്കുന്നതിന് എന്തു പ്രവൃത്തിയെങ്കിലും ചെയ്യുന്നതിന് വലുതായ ആഗ്രഹം തോന്നുന്നു.”
കറകളഞ്ഞ വിശ്വാസവും നിഷ്കളങ്കതയും കൈമുതലാക്കിയ അമ്മയുടെ, വിശുദ്ധ കുർബാനയിൽ സംബന്ധിക്കാനുള്ള ആഗ്രഹത്തെ അത്ഭുതകരമായി ഈശോ സാധിച്ചുകൊടുക്കുന്നു. വാഗ്ദാനത്തിൽ വിശ്വസ്തനും സ്നേഹത്തിൽ സംതൃപ്തനുമായ ദിവ്യരക്ഷിതാവ് തന്റെ സ്നേഹമണവാട്ടിക്കായി അവളുടെ മുറിയിൽത്തന്നെ ബലിയിടപ്പെടുന്നു. ആ മുറി പലപ്പോഴും അൾത്താരയായി മാറി. എത്രയോ ഉദാത്തമായ സ്നേഹം.
അവൾ എഴുതുന്നു: “ദിവ്യമണവാളനെ സ്നേഹിക്കണം, തന്നിലോട്ടു ഏറ്റം ചേരണം എന്നൊരു ആഗ്രഹം വിടാതെ എന്റെ ഹൃദയത്തിൽ വർധിച്ചുവരുന്നു.”
അമ്മയുടെ ആഗ്രഹം നിഷ്കളങ്കമായിരുന്നു. തന്നാൽ കഴിയുംവിധം ദൈവത്തെ സ്നേഹിക്കാൻ അവൾ കൊതിച്ചു. ദൈവത്തിന് ഇഷ്ടമാകുന്നുവെങ്കിൽ തനിക്ക് കാഴ്ചപ്പാടുകൾ തരേണ്ട, പകരം ഹൃദയ ഒന്നിപ്പിന്റെ മനോഗുണം മരണം വരെ നിലനിർത്തിത്തരാൻ അവൾ പ്രാർഥിക്കുന്നു. മറ്റ് ആത്മീയസന്തോഷങ്ങളോ, പാരവശ്യങ്ങളോ അല്ല അവർ ആഗ്രഹിച്ചത്; യേശുവിന്റെ ഹൃദയമാണ്. ആ ഹൃദയത്തിൽ ഒന്നിക്കാനുള്ള വഴികളെ അവൾ ആലോചിച്ചു. സ്നേഹിക്കാനുള്ള അവളുടെ ആഗ്രഹത്തിന്റെ അത്യുച്ചിയിൽ അവൾ ചോദിക്കുന്നു: “തന്നെ സ്നേഹിക്കാൻ ഞാൻ എന്തു ചെയ്യേണ്ടൂ.” അവൾ പ്രാർഥിച്ചു: “എന്റെ ദിവ്യരക്ഷിതാവേ, മനുഷ്യഹൃദയങ്ങളിൽ അങ്ങ് തിരസ്കൃതനാകുമ്പോഴെല്ലാം എന്റെ ഹൃദയത്തിൽ വന്ന് വാഴണമേ.”
ദിവ്യസക്രാരിയിലെ തിരുസാന്നിധ്യം അറിയിച്ചുകൊണ്ട് ദൈവാലയത്തിൽ കെടാതെ കത്തുന്ന ദീപംപോലെ സക്രാരിയുടെ കാവൽക്കാരിയായി എവുപ്രാസ്യമ്മ എന്ന ദീപനാളം സദാ തിരുമുൻപിൽ ജ്വലിച്ചുകൊണ്ടിരുന്നു. ദൈവാലയത്തിനു പുറത്തിറങ്ങുമ്പോഴും ആ ദിവ്യസാന്നിധ്യം കുറവില്ലാതെതന്നെ സൂക്ഷിച്ചു. സഭാപിതാക്കന്മാർ ദിവ്യകാരുണ്യരഹസ്യത്തെ വിശേഷിപ്പിക്കുന്നത്, ‘സ്നേഹത്തിന്റെയും ഒന്നിപ്പിന്റെയും ഉടമ്പടി’ എന്നാണ്. ഈ ഉടമ്പടി അമ്മ തന്നിൽത്തന്നെ സംജാതമാക്കി. ദിവ്യകാരുണ്യദൗത്യം എന്നത് ഉപവി, ഹൃദയ ഐക്യം, കുടുംബാരൂപി, പരിത്യാഗത്തിന്റെയും ആത്മബലിയുടെയും അരൂപി തുടങ്ങിയ സദ്ഫലങ്ങൾ ദൈവജനത്തിന് പകർന്നുകൊടുക്കാനുള്ള വിളിയാണ്. തന്നെ സമീപിച്ചവർക്കും താനുമായി അടുത്ത് ഇടപെട്ടവർക്കെല്ലാം ഈ അരൂപി അവൾ പകർന്നുകൊടുത്തു. പ്രാർഥനയിലൂടെ, സേവനത്തിലൂടെ, സഹനത്തിലൂടെ നമ്മുടെ ജീവിതവും ദിവ്യകാരുണ്യചൈതന്യത്തിൽ നിറയട്ടെ.
സി. ജാന്റി മരിയ CMC