

“ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും. ആരെങ്കിലും എനിക്കുവേണ്ടിയോ, സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും” (മർക്കോ. 8: 34-35.) ഈ ദൈവവചനം ജീവിതത്തിൽ പ്രാവർത്തികമാക്കിയവളാണ് എവുപ്രാസ്യമ്മ. ദൈവത്തിന്റെ സ്വന്തമാകാനും ദൈവത്തെ സ്വന്തമാക്കാനുംവേണ്ടി ദൈവം തന്നെ വിളിക്കുന്നു എന്നു മനസ്സിലാക്കിയ എവുപ്രാസ്യമ്മ തനിക്കുള്ളതെല്ലാം വിറ്റ് ദൈവമാകുന്ന അമൂല്യനിധിയെ സ്വന്തമാക്കി. സമ്പത്ത്, ലോകസുഖങ്ങൾ, പേര്, പ്രശസ്തി ആദിയായ നേട്ടങ്ങൾ എല്ലാം തൃണസമാനം വലിച്ചെറിഞ്ഞ് ‘തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യനായിത്തീർന്ന’ ഈശോയുടെ മാതൃക സ്വന്തമാക്കാൻ അവൾ ശ്രമിച്ചു.
“കർത്താവേ, എനിക്ക് ഒരു ആഗ്രഹമേയുള്ളൂ. അങ്ങയെ അന്വേഷിക്കുക. അങ്ങയെ അന്വേഷിക്കുമ്പോൾ മാർഗമധ്യേ നിൽക്കുന്ന പുഷ്പങ്ങൾ പറിക്കാൻ ഞാൻ സമയം കളയുകയില്ല. അതായത്, ഈ ജീവിതം എനിക്ക് നൽകുന്ന ആനന്ദങ്ങൾ ആസ്വദിച്ചുകൊണ്ട് ഞാൻ തങ്ങിനിൽക്കുകയില്ല. എന്റെ ശരീരത്തിന്റെ ആനന്ദങ്ങൾ ഞാൻ സ്വീകരിക്കുകയില്ല. ആത്മീയാനന്ദങ്ങളിൽപ്പോലും ഞാൻ വിശ്രമിക്കുകയില്ല. അങ്ങയെ സർവോപരി വിലമതിക്കാനും അങ്ങയുടെ സ്നേഹത്തിലും സഹായത്തിലും ശരണപ്പെട്ടുകൊണ്ട് സ്വാഭാവികസന്തോഷങ്ങളെല്ലാം ഉപേക്ഷിക്കാനുമുള്ള ശക്തി പ്രാപിക്കാൻവേണ്ടി അങ്ങയോടുള്ള സ്നേഹത്താൽ എന്നെ ഉജ്വലിപ്പിക്കണമേ.”
കുരിശിന്റെ വി. യോഹന്നാന്റെ ഈ ശൈലി സ്വീകരിച്ചുകൊണ്ട് ഏറ്റവും ലളിതമായ ജീവിതം നയിക്കാൻ അമ്മ ശ്രമിച്ചിരുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയൊക്കെ അത്യാവശ്യം മാത്രം അനുഭവിച്ച് തൃപ്തിയടഞ്ഞവളാണ് ഈ അമ്മ. പഴകിയതും ഭംഗി കുറഞ്ഞതും തെരഞ്ഞെടുക്കുന്നതിൽ അമ്മ സന്തോഷിച്ചു. നല്ലത് എന്തെങ്കിലും കിട്ടിയാൽ അത് അനുവാദത്തോടെ മറ്റാർക്കെങ്കിലും കൊടുക്കും. ഉപയോഗസാധനങ്ങൾ എല്ലാം ഉപയോഗിക്കാവുന്നയത്ര അമ്മ ഉപയോഗിച്ചിരുന്നു. കീറിയവ തുന്നിയും കഷണങ്ങൾ വച്ചുതയ്ച്ചും ആവുന്നത്ര കാലം ഉപയോഗിച്ചിരുന്നുവെന്ന് അമ്മയോടൊപ്പം ജീവിച്ചിരുന്ന സഹോദരിമാർ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ചയിൽ മൂന്നും നാലും ദിവസങ്ങളിൽ ഉപവാസമായിരിക്കും. മറ്റുദിവസങ്ങളിൽ ഒരുനേരം മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂ; അതും രുചി കളയാൻ ഉപ്പ് കയ്‌പ്പൊക്കെ ചേർത്ത്. മത്സ്യം, മാംസം, മുട്ട, പാൽ എന്നിവയൊന്നും അമ്മ ഉപയോഗിച്ചിരുന്നില്ല. അമ്മ എന്തിനാണ് ഇത്രമാത്രം പരിത്യാഗം ചെയ്യുന്നതെന്നു ചോദിച്ച സിസ്റ്റേഴ്സിനോട് അമ്മ പറഞ്ഞു: “രുചിയുള്ളതും നല്ലതുമെല്ലാം കഴിക്കാൻ എനിക്ക് വലിയ ആശയാണ്. അതിനെ ജയിക്കാൻവേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.”
തന്നിലെ സ്വാഭാവിക പ്രവണതകളെപ്പറ്റി അവബോധമുണ്ടായിരുന്ന അവൾ, ഹൃദയത്തിന്റെ എല്ലാ സ്വാഭാവിക ചായ്‌വുകളെയും ശ്രദ്ധാപൂർവം സംയമനം ചെയ്തു. ആരുമറിയാതെ തന്റെ ഇഷ്ടാനിഷ്ടങ്ങൾ അവൾ ബലി കഴിച്ചു. ദൈവത്തെ സ്നേഹിക്കുന്നവർക്ക് സമസ്തത്തെയും പരിത്യജിക്കുക എന്നത് ആനന്ദമാണ് എന്ന് അമ്മയുടെ ജീവിതം തെളിയിച്ചു.
‘ഉണ്ണാതെ ഊട്ടുന്നവൾ’ എന്നാണ് അമ്മയെ സഹോദരിമാർ വിളിച്ചിരുന്നത്. ഉപയോഗയോഗ്യമായ എന്തെങ്കിലും നഷ്ടപ്പെടുത്തുന്നത് കണ്ടാൽ അമ്മയേറെ സങ്കടത്തോടെ പറയും, “മനുഷ്യർക്ക് ഉപയോഗിക്കാവുന്നവ നഷ്ടപ്പെടുത്തരുത്; പാവങ്ങൾക്ക് കൊടുത്തുകൂടെ?”
അധ്വാനശീലം അമ്മയിലുണ്ടായിരുന്നു. രോഗിയും കെല്പില്ലാത്തവളുമായിരുന്നെങ്കിലും തന്നാലാവുന്നതിൽ ഏറെ അധ്വാനിക്കാൻ അമ്മയ്ക്കു താല്പര്യമായിരുന്നു. എളിയ ജോലികൾ, അതും ആരുമറിയാതെ ചെയ്യുക അമ്മയ്ക്ക് ഒരു ഹോബി ആയിരുന്നു. രോഗികളെ ശുശ്രൂഷിക്കുന്നതിലും മരണാസന്നരെ ഒരുക്കുന്നതിലും അവർക്കുവേണ്ടി പ്രാർഥിക്കുന്നതിലും അമ്മ നിഷ്ഠ പുലർത്തിയിരുന്നു.
‘മരണാസന്നരുടെ കൂട്ടുകാരി’ എന്നും അമ്മയെ സഹോദരിമാർ വിളിച്ചിരുന്നു. ‘ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ചു ജീവിക്കുന്നവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല” (റോമ 8:8) എന്ന സത്യം തിരിച്ചറിഞ്ഞ്, അധ്വാനനിർഭരവും ലാളിത്യം നിറഞ്ഞതുമായ ജീവിതത്തിലൂടെ ദൈവൈക്യത്തിൽ ജീവിച്ച ഈ അമ്മ നമുക്ക് ഇന്നും പ്രചോദനമാകുന്നു.
സി. മരിയറ്റ CMC