“ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു” (മത്തായി 18:5).
ഈ തിരുവചനത്തിന്റെ പൊരുളറിഞ്ഞ്, ഈ വചനത്തിന് ജീവിതത്തിലൂടെ സാക്ഷ്യമേകിയവളാണ് വി. എവുപ്രാസ്യമ്മ. നിർമ്മലരായ കുഞ്ഞുങ്ങൾ, കളങ്കമേശാത്ത ദൈവികത നിറഞ്ഞ വ്യക്തികളോട് സ്വാഭാവികമായി ഒരടുപ്പം കാണിക്കുന്നത് സാധാരണ ജീവിതത്തിൽ നാം കാണാറുള്ളതാണ്. ഒല്ലൂരിലെ കർമ്മല മഠത്തിൽ പ്രാർഥനാനിരതയായിരുന്ന എവുപ്രാസ്യമ്മയുടെ പക്കലേക്ക് കുട്ടികൾ ആകർഷിക്കപ്പെട്ടതും ഇത്തരത്തിലുള്ള ഒരു അനുഭവമായിരുന്നു.
തന്റെ പക്കലേക്കു വന്ന കുഞ്ഞുങ്ങളിൽ ഈശോമിശിഹായെ കണ്ടുകൊണ്ട് അവർക്ക് ആശ്വാസവും സാന്ത്വനവും പകർന്നുനൽകാൻ അമ്മ ബദ്ധശ്രദ്ധയായിരുന്നു. തങ്ങളുടെ ആവശ്യങ്ങളും വേദനകളും അവർ അമ്മയുമായി പങ്കുവച്ചു. ആശ്വാസവചനങ്ങളും പ്രാർഥനകളുംകൊണ്ട് കുഞ്ഞുങ്ങളുടെ ഹൃദയത്തിലെ നൊമ്പരപ്പാടുകളിൽ സൗഖ്യത്തിന്റെ സ്നേഹതൈലം പകർന്നു ആ വിശുദ്ധ.
പരീക്ഷയടുക്കുമ്പോൾ അവർ അമ്മയുടെ ചുറ്റും ഓടിക്കൂടും. എങ്ങനെയും പരീക്ഷയിൽ ജയിക്കണം. അതിനുവേണ്ടി അമ്മ പ്രാർഥിക്കണം. അമ്മ പ്രാർഥിച്ചാൽ ജയിക്കുമെന്ന് കുട്ടികൾക്ക് ഉറപ്പാണ്. ഇങ്ങനെ അടുത്തുവരുന്ന കുട്ടികൾക്കുവേണ്ടി തന്റെ ദിവ്യമണവാളനോട് അമ്മ പ്രാർഥിക്കും, “കണ്ടില്ലേ, ആ കുട്ടികളുടെ വിശ്വാസം! അവരെ നിരാശപ്പെടുത്തരുത്.”
പരീക്ഷയുടെ ഫലമറിയുമ്പോൾ നന്ദിപറയാനും അവർ അമ്മയുടെ അടുക്കൽ ഓടിവരും. അപ്പോൾ ഈശോയുടെ പക്കൽ അവരെ കൊണ്ടുപോയി അവിടുത്തോട് നന്ദിപറയാനും കൊച്ചുകൊച്ചു സുകൃതജപങ്ങളിലൂടെ പ്രാർഥിനയിൽ വളരാനും അമ്മ അവരെ അഭ്യസിപ്പിച്ചു.
ഒരിക്കൽ മേരി എന്ന പെൺകുട്ടി തന്റെ കൂട്ടുകാരികളുമൊത്ത് പിറ്റേന്നത്തെ പരീക്ഷയിൽ ജയിക്കുന്നതിനുവേണ്ടി പ്രാർഥന തേടി അമ്മയുടെ അടുക്കലെത്തി. മേരിയും അമ്മയും അന്ന് ആദ്യമായാണ് കണ്ടുമുട്ടുന്നത്. എല്ലാവർക്കുംവേണ്ടി പ്രാർഥിച്ച് അനുഗ്രഹിച്ചശേഷം മേരിയെ അടുത്തുവിളിച്ച് അമ്മ ഇപ്രകാരം പറഞ്ഞു: “കുഞ്ഞിനെ ഈശോ ഒത്തിരിയേറെ സ്നേഹിക്കുന്നുണ്ട്. കുഞ്ഞിന്റെ ജീവിതത്തിൽ അവിടുന്ന് അനുവദിക്കുന്നതെല്ലാം അവിടുന്നുതന്നെ നന്മയ്ക്കായി ക്രമീകരിക്കും. മോൾക്കുവേണ്ടി അമ്മ പ്രാർഥിക്കുന്നുണ്ട്. ധൈര്യമായിരിക്കൂട്ടോ.”
എല്ലാ കുട്ടികളും അമ്മയുടെ പ്രാർഥനയും ആശീർവാദവും വാങ്ങി വീട്ടിലേക്കു തിരിച്ചുപോയി. മേരി ഓർത്തു, ‘എന്നോടുമാത്രം അമ്മ എന്താണ് ഇങ്ങനെ പറഞ്ഞത്.’ എത്ര ചിന്തിച്ചിട്ടും അവൾക്ക് ഒന്നും മനസിലായില്ല. എന്നാൽ, അന്നു രാത്രി മേരിയുടെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ദുഃഖഭാരത്തോടെ അമ്മയുടെ അരികിൽ നിൽക്കുമ്പോൾ മേരി, എവുപ്രാസ്യമ്മയുടെ വാക്കുകളുടെ പൊരുൾ മനസിലാക്കി. ദൈവത്തിന് തന്നെക്കുറിച്ച് കരുതലുണ്ടെന്ന ഒരു ഓർമ്മ അവളെ സമാശ്വസിപ്പിച്ചു. തന്നെ കരുതുന്ന, സ്നേഹിക്കുന്ന ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അതവളെ സഹായിച്ചു.
അനേകം യുവതികൾക്ക് തങ്ങളുടെ ദൈവവിളി വിവേചിച്ചറിയുന്നതിന്, തിരുസക്രാരിയുടെ മുൻപിൽ അവരോടൊപ്പം പ്രാർഥിച്ചുകൊണ്ട് അമ്മ അവരെ സഹായിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിശ്വാസവും വിശുദ്ധിയും പകർന്നുകൊടുക്കുകയും ആശ്വാസത്തിന്റെ കുളിർമഴയായി അവരിലേക്കു പെയ്തിറങ്ങുകയും ചെയ്ത ഈ സുകൃതജീവിതം ഇന്നും മാതൃകയും പ്രചോദനവും വഴിവിളക്കുമായി നിലകൊള്ളുന്നു.
സി. മരിയറ്റ CMC