‘ദൈവജനനിയായ അമലോത്ഭവ കന്യാസ്ത്രീ മറിയത്തെ ത്രിലോകരാജ്ഞിയായി വാഴ്ത്തിസ്തുതിക്കുന്നു’ എന്ന സുകൃതജപം നിരന്തരം ഉരുവിട്ട്, അമ്മയുടെ പ്രിയപ്പെട്ട മകളായി ജീവിച്ച്, ഒല്ലൂർ മഠത്തിലേ കപ്പേളയുടെ ഒരു മൂലയിലിരുന്ന്, ദിവ്യകാരുണ്യനാഥനെയും പരിശുദ്ധ അമ്മയെയും ഇടമുറിയാതെ നോക്കിയിരുന്ന എവുപ്രാസ്യമ്മ ഏവർക്കും സുപരിചിതയാണ്. അമ്മയുടെ കരങ്ങളിൽ ചലിക്കുന്ന ജപമാല, അധരങ്ങളിൽ മരിയൻസ്തുതികൾ, ഹൃദയത്തിൽ ദൈവരഹസ്യങ്ങളുടെ ധ്യാനം. ‘ജപമാല ചൊല്ലി പ്രാർഥിക്കുന്നവർ വിശുദ്ധരാകും’ എന്ന സത്യം ആധുനികലോകത്തെ പഠിപ്പിക്കാനായി ദൈവം തെരഞ്ഞെടുത്ത വിശുദ്ധ.
ജപമാലഭക്തിയുടെ വലിയൊരു പ്രേഷിതയായിരുന്നു വി. എവുപ്രാസ്യ. കൈയിൽ ചലിക്കുന്ന ജപമാലയേന്തി രാത്രിയുടെ യാമങ്ങളിലും നീണ്ട മണിക്കൂറുകളിലും അവൾ നടന്നു. പടയാളിക്ക് തന്റെ രക്ഷയ്ക്കുള്ള വാൾപോലെ എവുപ്രാസ്യമ്മയ്ക്ക് തന്റെയും മറ്റുള്ളവരുടെയും ആത്മരക്ഷയ്ക്കുള്ള ആയുധമായിരുന്നു ജപമാല. ദിവസത്തിൽ ഒൻപതു കൊന്തവീതം ഒൻപതു ദിവസം – ഇതാണ് അവളുടെ ഒറ്റമൂലി. ‘ഞാനും എന്റെ അമ്മയും നിന്നെ എല്ലാറ്റിലും സഹായിക്കുന്നുണ്ട്’ എന്ന ഈശോയുടെ വാഗ്ദാനം അവളെ ആഴമായ ദൈവസ്നേഹത്തിലേക്കു നയിച്ചു.
എവുപ്രാസ്യമ്മ തന്റെ ബാല്യകാല ഓർമ്മകളെ ഒരിടത്ത് കുറിക്കുന്നത് ഇപ്രകാരമാണ്: “ജപമാല സുലഭമല്ലാതിരുന്ന കാലത്ത് ഞാൻ കൈകൊണ്ട് തൊട്ടുകളിച്ച ആദ്യ കളിപ്പാട്ടം ജപമാലയായിരുന്നു. മരിക്കുന്നതിനുമുൻപ് അവസാനം കൈയിൽ ചലിക്കുന്നതും അതുതന്നെയായിരിക്കും.”
ജപമാലയുടെ മുത്തുകളിലൂടെ കൈവിരലുകൾ ചലിപ്പിച്ച് ജീവിതത്തിന്റെ ഓരോ നിമിഷവും അമ്മയോടൊപ്പം അവൾ ജീവിച്ചു. പിശാചുക്കൾ പലപ്പോഴും എവുപ്രാസ്യമ്മയെ ഭയപ്പെട്ടിരുന്നത് അമ്മയുടെ കൈയിലെ ജപമാലയുടെ സാന്നിധ്യം മൂലമാണ്. ചെറുപ്പത്തിൽ കേട്ടുപഠിച്ച ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർഥന, ജീവിതത്തിന്റെ അവസാന വിനാഴികവരെ നെഞ്ചോടു ചേർത്തുവയ്ക്കാൻ അമ്മയ്ക്കു കഴിഞ്ഞു. ഇത് തീർച്ചയായും അമ്മയുടെ ജപമാലഭക്തിയുടെ ആഴത്തെ വ്യക്തമാക്കുന്നതാണ്.
വി. ജോൺ പോൾ പാപ്പ പറയുന്നു: “ദിവ്യകാരുണ്യത്തിനു മുമ്പിലിരുന്ന് ജപമാല ചെല്ലുന്നത് പരിശുദ്ധ അമ്മയുടെ മടിയിലിരുന്ന് ഈശോയുടെ തിരുമുഖം ധ്യാനിക്കുന്നതുപോലെയാണ്.” വി. എവുപ്രാസ്യയും നമുക്ക് കാണിച്ചുതരുന്നത് ഇതുതന്നെയാണ്. ജപമാലയാകുന്ന ആയുധമേന്തി തിന്മയ്ക്കെതിരെ നമുക്കും പടപൊരുതാം.
സി. സോണിയ CMC