“എനിക്ക് പാലസ്തീനില്‍ സുഹൃത്തുക്കളുണ്ട്”: ഹമാസ് ഭീകരരോട് കണ്ണുനീരോടെ സംസാരിക്കുന്ന ഇസ്രായേൽ സൈനിക

2023 ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോകപ്പെട്ട ഇസ്രായേല്‍ സൈനികയും സമാധാനപ്രവര്‍ത്തകയുമാണ് നാമ ലെവി. ഇക്കഴിഞ്ഞ ദിവസം അവരുള്‍പ്പെടെ, ഹമാസിന്റെ തടങ്കലിലുള്ള ഏതാനും സ്ത്രീകളുടെ വീഡിയോ പുറത്തുവന്നിരുന്നു. മുഖം ചോരയില്‍ പൊതിഞ്ഞിരിക്കെ, “എനിക്ക് പാലസ്തീനില്‍ സുഹൃത്തുക്കളുണ്ട്” എന്ന ലെവിയുടെ വാക്കുകള്‍ ഏവരുടെയും കരളലിയിക്കുന്നതാണ്.

ടെല്‍ അവീവിനടുത്തുള്ള റാനാനയില്‍ വളര്‍ന്ന അവര്‍, ഇസ്രായേലിലെയും പാലസ്തീനിലെയും ചെറുപ്പക്കാര്‍ക്കിടയില്‍ സഹകരണവും പരസ്പര ധാരണയും വളര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു സംഘടനയായ ഹാന്‍ഡ്സ് ഓഫ് പീസില്‍ പ്രവര്‍ത്തിച്ചിരുന്നു. പാലസ്തീനികളുടെ അവകാശങ്ങള്‍ക്കായി അവള്‍ നിരന്തരം പോരാടിയിരുന്നു. വിദ്വേഷവും അക്രമവുംകൊണ്ട് വിഭജിക്കപ്പെട്ട സമൂഹങ്ങള്‍ക്കിടയില്‍ തടസ്സങ്ങള്‍ തകര്‍ക്കുന്നതിനും പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വര്‍ക്ക്‌ഷോപ്പുകള്‍, സംവാദങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ലെവി പങ്കെടുത്തു. അതുകൊണ്ടുതന്നെയാവണം, തന്നെ ആക്രമിക്കാനാഞ്ഞ ഭീകരരോട് എനിക്ക് പാലസ്തീനില്‍ സുഹൃത്തുക്കളുണ്ടെന്ന് ലെവി പറഞ്ഞത്.

പാലസ്തീന്‍ ജനതയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടും, ഒക്ടോബറിലെ നിര്‍ഭാഗ്യകരമായ ആ ദിവസം ലെവിയും അക്രമം നേരിട്ടു. നഹല്‍ ഓസ് കിബ്ബട്ട്‌സ് സൈനികതാവളത്തില്‍ നിന്നാണ് ലെവിയെ തട്ടിക്കൊണ്ടുപോയത്. അവള്‍ യഹൂദ ആയതുകൊണ്ടുമാത്രം, അവൾ പിന്തുണച്ചുകൊണ്ടിരുന്ന ജനവിഭാഗങ്ങള്‍തന്നെ അവളെ വേട്ടയാടി. ഈ കടുത്ത വൈരുധ്യം കേവലം ദുരന്തമല്ല; അന്ധമായ വിദ്വേഷത്തിന്റെ ഫലമാണ്. അക്രമത്തിന്റെ ക്രൂരമായ ഈ ചക്രത്തില്‍, സമാധാനത്തിന്റെ വക്താക്കള്‍പ്പോലും ഒഴിവാക്കപ്പെടുന്നില്ലെന്ന ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണ് ലെവിയുടെ തട്ടിക്കൊണ്ടുപോകല്‍.

ലെവിയുടെ കുടുംബം അവളുടെ മോചത്തിനായുള്ള ശ്രമങ്ങളിലാണ്. പിന്തുണയ്ക്കായി അന്താരാഷ്ട്രസംഘടനകളോടും ആഗോളനേതാക്കളോടും അവര്‍ അഭ്യർഥിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.