![chakrika](https://i0.wp.com/www.lifeday.in/wp-content/uploads/2024/10/chakrika.jpeg?resize=696%2C435&ssl=1)
ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം ‘ദിലേക്‌സിത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) പ്രസിദ്ധപ്പെടുത്തി. ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചുള്ള ഈ ചാക്രികലേഖനത്തിൽ മാനുഷിക, ദൈവികസ്നേഹത്തെക്കുറിച്ച് ഉദ്ബോദിപ്പിക്കുന്ന നിരവധി ചിന്തകളുണ്ട്. ‘ഡിലക്സിറ്റ് നോസി’ ൽ മാർപാപ്പ പങ്കുവയ്ക്കുന്ന പ്രചോദനാത്മകമായ പത്തു ചിന്തകളെ പരിചയപ്പെടാം.
1. നമ്മൾ എന്താണോ എല്ലായ്‌പ്പോഴും അതായിരിക്കുക. ഉള്ളിൽ ഒന്നും പുറത്ത് മറ്റൊന്നുമായിക്കൊണ്ടുള്ള ജീവിതം ഹൃദയത്തിന്റെ കാപട്യമാണ് വെളിപ്പെടുത്തുന്നത്. നമ്മൾ അല്ലാത്തത് കാണിക്കാനും പ്രകടിപ്പിക്കാനുമുള്ള ശ്രമങ്ങൾ നമ്മെ അപകടത്തിൽപ്പെടുത്തും.
2. നാം ഹൃദയത്തെ വിലമതിക്കാതെ വരുമ്പോൾ ബുദ്ധിക്കപ്പുറം ഹൃദയത്തിനുമാത്രം നൽകാൻ കഴിയുന്ന ഉത്തരങ്ങൾ നമുക്കു നഷ്ടപ്പെടും. മറ്റുള്ളവരുമായുള്ള സമാഗമം നഷ്ടമാകും. നമ്മിലെ സംഗീതവും ചരിത്രവും കഥകളും നഷ്ടമാകും. കാരണം, ഹൃദയമാണ് വ്യക്തിത്വത്തെ വ്യത്യസ്തമാക്കുന്നത്.
3. ക്രിസ്തുവിന്റെ ഹൃദയം ആനന്ദമാണ്. അതൊരു പുറപ്പാടാണ്. അത് വലിയ ദാനമാണ്. അതൊരു കണ്ടുമുട്ടലാണ്. അതു നമ്മെ ആരോഗ്യകരമായും സന്തോഷത്തോടെയും മറ്റുള്ളവരുമായി ബന്ധപ്പെടാനും ലോകത്തിൽ നീതിയുടെയും സ്നേഹത്തിന്റെയും രാജ്യം കെട്ടിപ്പടുക്കാനും നമ്മെ പ്രാപ്തരാക്കുന്നു.
4. ക്രിസ്തുവിന്റെ ഹൃദയത്തിനു മുൻപിൽ നിൽക്കുമ്പോൾ മുറിവേൽക്കപ്പെട്ട ഈ ഭൂമിയോട് ഒരിക്കൽക്കൂടി കരുണ കാണിക്കാൻ ഞാൻ അപേക്ഷിക്കുകയാണ്. യുദ്ധങ്ങളുടെയും സാമൂഹിക-സാമ്പത്തിക അസന്തുലിതാവസ്ഥയുടെയും ഉപഭോക്‌തൃസംസ്കാരത്തിന്റെയും മനുഷ്യത്വരഹിതമായ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെയും നടുവിൽനിൽക്കുന്ന ലോകത്തെ വീണ്ടെടുക്കാൻ പ്രകാശത്തിന്റെയും സ്നേഹത്തിന്റെയും നിധികൾ അവിടുത്തെ ഹൃദയത്തിൽനിന്നും ചൊരിയപ്പെടാൻ ആഗ്രഹിക്കുന്നു.
5. നിരവധി അസത്യങ്ങളുടെയും ആക്രമണങ്ങളുടെയും നിരാശയുടെയും നടുവിൽ വിശ്വസിക്കാൻ പ്രയാസപ്പെടുന്ന നമ്മോട് ‘മകനേ ആത്മവിശ്വാസത്തോടെയിരിക്കുക’ എന്ന് അവിടുന്ന് ചെവികളിൽ മന്ത്രിക്കുന്നു. ഭയത്തെ അതിജീവിക്കുന്നതിനും അവിടുത്തോടൊപ്പം നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും മനസ്സിലാക്കുന്നതിനും വേണ്ടിയാണിത്.
6. എല്ലാവരും നമ്മെ അവഗണിക്കുമ്പോഴും നമ്മുടെ അവസ്ഥകളെ മനസ്സിലാക്കാൻ ആരും താല്പര്യപ്പെടാത്തപ്പോഴും ആർക്കും നമ്മൾ പ്രധാനപ്പെട്ടവരല്ലാത്തപ്പോഴും ക്രിസ്തു നമ്മെ വിലമതിക്കുന്നു.
7. ക്രിസ്തുവിനെ ആഴത്തിൽ സ്നേഹിക്കുന്ന യഥാർഥ വിശ്വാസത്തിന്റെ പ്രവൃത്തികളിൽ ആണോ അവിടെയുള്ള പരിമിതമായ സ്നേഹപ്രവർത്തികളിലൂടെയാണോ നാം നമ്മുടെ വിശ്വാസത്തെ പ്രകടിപ്പിക്കുന്നത്. ആഴമാർന്ന വിശ്വാസത്തിലേക്ക് നാം വളരേണ്ടതല്ലയോ?
8. വിവേകവും ആദരവും നഷ്ടപ്പെടുത്താതെ തന്നെ അവിടുന്നുമായി ഒരു സൗഹൃദം സ്ഥാപിക്കാമെന്നു ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തുന്നു. നാം കണ്ടെത്തിയ ക്രിസ്തു എത്ര നല്ലവനാണെന്ന് മറ്റുള്ളവരോട് പങ്കുവയ്ക്കാനും അവിടുന്ന് ഓർമ്മപ്പെടുത്തുന്നു.
9. പണം നൽകി എല്ലാം വാങ്ങുന്ന, സമ്പത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട് കാര്യങ്ങൾ നേടിയെടുക്കുന്ന ഒരു ലോകത്തിലാണ് നാം. നമ്മുടെ ആവശ്യങ്ങൾക്കപ്പുറത്തേക്കു നോക്കാൻ നമ്മെ അനുവദിക്കാത്ത തരംതാണ വ്യവസ്ഥിതിയുടെ തടവുകാരായ നമുക്ക് അതിൽനിന്നും പുറത്തുകടക്കേണ്ടതുണ്ട്. അതിന് ക്രിസ്തുവിനു മാത്രമേ നമ്മെ സഹായിക്കാൻ സാധിക്കൂ. ഭൂമിക്കൊരു ഹൃദയം നൽകാനും സ്നേഹം മരിച്ചുകൊണ്ടിരിക്കുന്നു എന്നു കരുതുന്നിടത്ത് സ്നേഹം പുനർനിർമിക്കാനും ക്രിസ്തുവിനു സാധിക്കും.
10. മുറിയപ്പെട്ട ക്രിസ്തുവിന്റെ ഹൃദയത്തിൽനിന്ന് ഒരിക്കലും നിലയ്ക്കാത്തതും അവസാനിക്കാത്തതും ആയ ഒരു നദി ഒഴുകിക്കൊണ്ടിരിക്കുന്നു. സ്നേഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് വീണ്ടും വീണ്ടും നൽകുന്നു. ക്രിസ്തുവിന്റെ സ്നേഹം മാത്രമാണ് പുതിയ മാനവികതയെ രൂപപ്പെടുത്തുന്നത്.
വിവർത്തനം: സി. നിമിഷറോസ് CSN