നൈജീരിയയിൽ വംശീയവും മതപരവുമായ ആക്രമണങ്ങളിൽ നാലുവർഷത്തിനിടെ കൊല്ലപ്പെട്ടത് 56,000 പേർ

നൈജീരിയയിലെ വംശീയവും മതപരവുമായ ആക്രമണങ്ങളിൽ നാലു  വർഷത്തിനിടെ കൊല്ലപ്പെട്ടത് ഏകദേശം 56,000 പേരാണെന്ന് വെളിപ്പെടുത്തി ‘ദ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക.’ കൊല്ലപ്പെട്ടതിൽ കൂടുതലും ക്രിസ്ത്യാനികളാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2019 ഒക്ടോബർ മുതൽ 2023 സെപ്തംബർ വരെ ഉണ്ടായത് 11,000-ത്തിലധികം തീവ്ര അക്രമസംഭവങ്ങളാണ്. 9,970 മാരകമായ ആക്രമണങ്ങളിലായി 55,910 പേരാണ് കൊല്ലപ്പെട്ടത്. അതുപോലെ 2,705 ആക്രമണങ്ങളിലായി 21,621 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

56,000 പേർ കൊല്ലപ്പെട്ടതിൽ സാധാരണക്കാരും തീവ്രവാദ ഗ്രൂപ്പുകളിൽപെട്ടവരും നൈജീരിയൻ സായുധസേനയും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ 30,880 പേർ പ്രദേശവാസികളാണ്. അവരിൽ 16,769 പേർ ക്രൈസ്തവരാണ് എന്നത് കൂടുതൽ ഞെട്ടൽ ഉളവാക്കുന്ന വസ്തുതയാണ്. ഒപ്പം 6,235 മുസ്ലീങ്ങൾ, ആഫ്രിക്കൻ ഗോത്രവർഗക്കാരായ 154 പേരും ഉൾപ്പെടുന്നു. എങ്കിലും, ആക്രമണങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കുണ്ടായ ആനുപാതികമായ നഷ്ടം വളരെ കൂടുതലാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ, ക്രിസ്ത്യാനികൾ അക്രമത്തിൽ കൊല്ലപ്പെടാനുള്ള സാധ്യത 6.5 ​​മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ട് കണ്ടെത്തി. അതുപോലെ, സംസ്ഥാന ജനസംഖ്യ കണക്കാക്കുമ്പോൾ, ക്രിസ്ത്യാനികൾ തട്ടിക്കൊണ്ടുപോകലിന് ഇരയാകാനുള്ള സാധ്യത 5.1 മടങ്ങ് കൂടുതലാണ്.

റിപ്പോർട്ടനുസരിച്ച്, 81% പ്രദേശവാസികളുടെ കൊലപാതകങ്ങളും ഭൂമി അടിസ്ഥാനമാക്കിയുള്ള കമ്മ്യൂണിറ്റി ആക്രമണങ്ങളാണ്. ആ കൊലപാതകങ്ങളിൽ 42 ശതമാനവും നടത്തിയത് ആയുധധാരികളായ ഫുലാനി തീവ്രവാദികളാണ്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, വീടുകൾ നശിപ്പിക്കൽ, കൃഷി നശിപ്പിക്കൽ എന്നിവയും ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങളിൽ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.