മാനസികാരോഗ്യത്തെ സംബന്ധിച്ച അബദ്ധധാരണകൾ

‘മനസ്സ് ഒരു മാന്ത്രികക്കൂട്
മായകൾതൻ കളിവീട്…’

രമേശൻ നായരും മോഹൻ സിതാരയും ചേർന്ന് മലയാളിക്കു സമ്മാനിച്ച മനോഹരഗാനം ഒരുവട്ടമെങ്കിലും മൂളാത്തവർ ചുരുക്കമായിരിക്കും. മനസ്സിന്റെ നിഗൂഢമായ ഉള്ളറകളിലേക്ക് ഊളിയിട്ട് അതിന്റെ നിമ്നോന്നതികളില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകളെ കണ്ടത്തെി നിര്‍മാര്‍ജനം ചെയ്ത് താളം വീണ്ടെടുത്തുനല്‍കുന്ന അതിസാഹസികമായ ദൗത്യമാണ് ഓരോ മാനസികാരോഗ്യപ്രവർത്തകരിലും നിക്ഷിപ്തമായിരിക്കുന്നത്. ഇതിന് ഏറെ ക്ഷമയും ശേഷിയും കൂടിയേ തീരൂ.

ശരീരത്തിന് രോഗം വന്നാല്‍ താരതമ്യേന വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതിനാല്‍ ചികിത്സ എളുപ്പമാണ്. എന്നാല്‍, മനസ്സിനെ രോഗം ബാധിച്ചാല്‍ ഒട്ടുമിക്കവര്‍ക്കും അത് രോഗമാണെന്നു മനസ്സിലാകില്ല. മനസ്സിലായാല്‍ത്തന്നെ ചികിത്സ തേടേണ്ടിവരുമ്പോള്‍ നിരവധി സന്ദേഹങ്ങൾ കടന്നുവരികയായി. മറ്റാരെങ്കിലും അറിഞ്ഞെങ്കിലോ? മാനസികരോഗിയെന്ന് ഒരിക്കല്‍ മുദ്രകുത്തപ്പെട്ടാല്‍ ജീവിതത്തില്‍ പിന്നെ ആ പേരുദോഷം മാറിയില്ലെങ്കിലോ?

അസുഖം കൂടുതല്‍ സങ്കീര്‍ണ്ണവും അപകടകരവുമായ തലത്തിലെത്തി പിടിവിട്ട് നാലാളറിയുന്ന നിലയിലത്തെിയാലേ പലരും ചികിത്സിക്കാൻ തയ്യാറാകൂ. ചികിത്സയ്ക്ക് ആരെ സമീപിക്കണം എന്നതാണ് പിന്നീടുള്ള പ്രശ്നം. ഈ ആധുനികയുഗത്തിലും മാനസികമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ കൂടുതല്‍പേരും ആദ്യം സമീപിക്കുക മന്ത്രവാദികളെയും ആള്‍ദൈവങ്ങളെയുമൊക്കെ ആയിരിക്കും. മനോരോഗം പിശാചുബാധ മൂലമാണെന്നാണ് പലരുടെയും വിശ്വാസം. ചിലരാകട്ടെ, ദൈവശാപമെന്നു സങ്കടപ്പെട്ട് നെടുവീര്‍പ്പിടും. മറ്റുചിലർക്ക് മരുന്ന് കഴിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും മുറിവൈദ്യന്മാരുടെ ഉപദേശങ്ങളുമാണ് പ്രശ്നം.

മനോരോഗചികിത്സകയായ ഡോ. അനു ശോഭ ജോസ് ഫേസ്ബുക്കിൽ തന്റെ ഒരനുഭവം വിവരിക്കുന്നുണ്ട്.

“മാനസികാഘാതം നേരിടുന്ന ഒരാളാണ് ആ മനുഷ്യൻ. ഉറങ്ങിയിട്ട് ദിവസങ്ങളായി. ദിനചര്യകളെല്ലാം തകരാറിലാണ്. ഉറങ്ങാനും സമ്മർദം കുറയാനും മരുന്നിന്റെ സഹായം ആവശ്യമുള്ള അവസ്ഥ. മരുന്നിന്റെ പ്രിസ്ക്രിപ്ഷനുമായി അദ്ദേഹം ചെന്നത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മെഡിക്കൽ ഷോപ്പിൽ. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഈ മരുന്ന് കഴിക്കരുതെന്ന് പരോപകാരിയായ ആ സുഹൃത്ത് ഉപദേശിക്കുന്നു. ആകെ കൺഫ്യൂഷനിൽ നിൽക്കുന്ന മനുഷ്യൻ മരുന്നു വാങ്ങാതെ തിരിച്ചുപോയി. മൂന്നു ദിവസം മരുന്നില്ലാതെ തള്ളിനീക്കി ആകെ പ്രശ്നമായപ്പോൾ വീണ്ടും എന്നെ വിളിക്കുന്നു. മരുന്ന് കഴിച്ചുതുടങ്ങിയതോടെ ആൾക്ക് അല്പം ആശ്വാസമായിത്തുടങ്ങി. സമാന അനുഭവക്കാർ നിരവധിയുണ്ട്.
വിഷാദത്തിന് മരുന്നു കഴിച്ചാൽ ഗുരുതരമായ എന്തു സംഭവിക്കുമെന്നാണാവോ ആ സുഹൃത്ത് കരുതിയിരിക്കുന്നത്? ഒരാളുടെ ദുരിതം കൂട്ടിക്കൊടുക്കാനേ ഈ അല്പജ്ഞാനം സഹായിക്കൂവെന്ന് എന്നാണ് ഇത്തരക്കാർ മനസ്സിലാക്കുന്നത്?”

മനഃശാസ്ത്ര ചികിത്സാരംഗം ഏറെ പുരോഗതി പ്രാപിച്ച ഇക്കാലത്ത് ഒട്ടുമിക്ക മാനസികരോഗ പ്രശ്നങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുണ്ട് എന്ന വസ്തുത നമുക്ക് മറക്കാതിരിക്കാം. മനോരോഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ അബദ്ധധാരണകളെയും ശാസ്ത്രീയമായ അറിവ് കൊണ്ട് നമുക്ക് കീഴടക്കാം.

ഡോ. സെമിച്ചൻ ജോസഫ്

(തുടരും)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.