സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ സ്വാധീനിക്കുന്ന വിധം: ബി. ബി. സി. ഡോക്യുമെന്ററി വിലയിരുത്തുന്നത് ഇങ്ങനെ

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ആപ്പുകള്‍ അതിന്റെ ഉപയോക്താക്കളെ എങ്ങനെ ബാധിച്ചുവെന്നു വിശദമാക്കാന്‍ ബി. ബി. സി. ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയുണ്ടായി. അതിനായി ചില സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍മാരില്‍നിന്ന് അവരുടെ അനുഭവം രേഖപ്പെടുത്തുകയും ചെയ്തു.

ഒന്നാമത്തെയാള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ലോറന്‍ ബ്ലാക്ക് ആയിരുന്നു. അവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഒരുലക്ഷത്തിലധികം ഫോളോവേഴ്സ് ആയ സമയത്ത് സമ്മര്‍ദം വളരെയധികം വര്‍ധിച്ചിരുന്നു. “ഞാന്‍ വളരെ ഉത്കണ്ഠാകുലനായിരുന്നു. കാരണം, എല്ലാ ദിവസവും ആയിരക്കണക്കിന് ആളുകളെ സന്തോഷിപ്പിക്കേണ്ട ഉത്തരവാദിത്വം എനിക്ക് വന്നു. അതിനായി എല്ലാ സമയവും ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ത്തന്നെ ചിലവഴിച്ചു. എന്റെ സ്‌ക്രീന്‍സമയം ഒരു ദിവസം കുറഞ്ഞത് 13 മണിക്കൂറെങ്കിലുമായിരുന്നു” – അവള്‍ പറയുന്നു.

രാവിലെ ഉണരുന്നതുമുതല്‍ രാത്രി ഉറങ്ങുന്നതുവരെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ സ്‌ക്രോള്‍ ചെയ്തു കാണുകയും ലൈക്ക് ചെയ്യുകയും ചെയ്യുമായിരുന്നു ഈ ഇരുപത്തിയാറുകാരി. ഇങ്ങനെയൊക്കെ ചെയ്താല്‍ തനിക്ക് കൂടുതല്‍ അനുയായികളെ ലഭിക്കുമെന്നും കൂടുതല്‍ പുതിയ അവസരങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍നിന്നു ലഭിക്കുമെന്നും അവള്‍ കരുതി. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിച്ചുതുടങ്ങിയപ്പോള്‍ അവളുടെ ഭക്ഷണക്രമം താളം തെറ്റി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളില്‍നിന്ന് പോസ്റ്റുകളിലേക്ക് കണ്ണും മനസ്സും ബുദ്ധിയും ചലിച്ചുകൊണ്ടേയിരുന്നു. ഇതിനിടയില്‍ ഭക്ഷണം കഴിക്കുന്ന കാര്യംപോലും മറന്നുതുടങ്ങി. ചിലപ്പോഴൊക്കെ വിശപ്പ് അവഗണിച്ച് ജോലിചെയ്തു. പിന്നീട് തീരെ വിശപ്പില്ലാതെയായി. ഇനി എന്തെങ്കിലും കഴിക്കാന്‍ ഇരുന്നാല്‍ത്തന്നെ തീരെ ചെറിയ അളവില്‍മാത്രം കഴിച്ച് അവസാനിപ്പിക്കും.

പിന്നീട് ഇത് സ്വയം ദ്രോഹിക്കുന്നതിനു തുല്യമാണെന്ന് ലോറന്‍ മനസ്സിലാക്കിത്തുടങ്ങി. സ്വയം പട്ടിണി കിടക്കല്‍ എന്ന അപകടം തിരിച്ചറിഞ്ഞതുമുതല്‍, കൃത്യമായി പറഞ്ഞാല്‍ 2020 ജൂണ്‍ മുതല്‍ അവള്‍ തന്റെ ഭക്ഷണക്രമം ചിട്ടയിലാക്കി. സോഷ്യല്‍ മീഡിയയില്‍നിന്നുള്ള അമിതസമ്മര്‍ദം ഒഴിവാക്കാനും ശ്രമം തുടങ്ങി.

സമ്മര്‍ദം കുറയ്ക്കുന്നത് ബുദ്ധിമുട്ടാണ്

ഉപയോക്താക്കളെ സോഷ്യല്‍ മീഡിയ ആപ്പുകള്‍ സമ്മര്‍ദത്തിലേക്കു തള്ളിവിടുന്നുണ്ടെന്ന് മുന്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഇന്‍സൈഡര്‍മാര്‍തന്നെ സമ്മതിക്കുന്നുണ്ട്. “ഇന്‍സ്റ്റാഗ്രാം സമ്മര്‍ദം കുറയ്ക്കുക എന്നത് വെല്ലുവിളി തന്നെയാണ്” – ഇന്‍സ്റ്റാഗ്രാമിന്റെ ആദ്യ എഞ്ചിനീയര്‍മാരിലൊരാളായ ഗ്രെഗ് ഹോച്ച്മുത്ത് വിശദീകരിക്കുന്നു. 2012-ല്‍ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം വാങ്ങിയപ്പോള്‍ തനിക്കുതന്നെ ഒരു മാറ്റം അനുഭവപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇന്‍സ്റ്റാഗ്രാമിലെ ജനപ്രീതി കാരണം സാധാരണക്കാരായ പലരും വിജയത്തിലേക്ക് ഉയരുന്നത് താന്‍ കണ്ടതായി മുന്‍ കമ്മ്യൂണിറ്റി മാനേജര്‍ ഹന്ന റേ പറയുന്നു. അതേസമയം, തങ്ങളെ ഫോളോ ചെയ്യുന്നവരുടെ എണ്ണം കുറവായതിനാൽ, ഉള്ള ജോലിപോലും നഷ്ടപ്പെടുമോയെന്ന് ആശങ്കപ്പെടുന്നവരും ഉണ്ടത്രെ.

ലോറനും മറ്റ് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്കും അഭിമുഖീകരിക്കേണ്ടിവരുന്ന മറ്റൊരു പ്രശ്‌നം സോഷ്യല്‍ മീഡിയയിലെ ഫില്‍ട്ടറുകളുടെ ഉപയോഗമാണ്. എല്ലാ ചിത്രങ്ങളും വളരെ ഉയര്‍ന്ന രീതിയില്‍ എഡിറ്റ് ചെയ്യപ്പെടുന്നവയാണ്. ഇതുമായാണ് പിന്നീട് ആളുകള്‍ സ്വയം താരതമ്യം ചെയ്യുന്നത്. അങ്ങനെവരുമ്പോള്‍ നിരാശയും അപകര്‍ഷതാബോധവും പൊട്ടിപ്പുറപ്പെടുന്നു.

ദിവസത്തില്‍ ആറുമണിക്കൂറിലേറെ സോഷ്യല്‍ മീഡിയയില്‍ ചെലവഴിച്ച് സമൂഹത്തോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാതെ, മാനസികപ്രശ്‌നം അനുഭവിക്കുന്നര്‍ നമുക്കിടയിലുണ്ട്. രാത്രി അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, രാവിലെ വൈകി എഴുന്നേല്‍ക്കല്‍, തുടര്‍ന്ന് ഭക്ഷണക്രമത്തില്‍ വ്യത്യാസം, ക്ഷീണം. ഇതൊക്കെ ഒരാളുടെ ജീവിതത്തില്‍ എത്രമാത്രം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരും ചിന്തിക്കുന്നതുപോലുമില്ല.

സോഷ്യല്‍ മീഡിയയ്ക്ക് അടിമയായി മാറിയാല്‍ പിന്നീട് മടി, അലസത, വാശി തുടങ്ങിയ മാനസികാവസ്ഥകളിലേക്ക് സ്വാഭാവികമായി നീങ്ങിത്തുടങ്ങും. ഇപ്പോഴെത്തെ കുട്ടികളും യുവജനങ്ങളും ഏറെയും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ്. പ്രഭാതഭക്ഷണം തലച്ചോറിന്റെ ഭക്ഷണമാണ്. അതുകൊണ്ടുതന്നെ ശരീരത്തിനും തലച്ചോറിനും അത് അത്യന്താപേക്ഷിതമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായും ഉച്ചയാകുമ്പോള്‍ നല്ല വിശപ്പും ക്ഷീണവും ആര്‍ത്തിയും ഉണ്ടാകും. ഇത് ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയായി മാറും. ഇതോടെ പ്രമേഹം ഉള്‍പ്പെടെ പലതരം ജീവിതശൈലിരോഗങ്ങള്‍ നമ്മളെ തേടിയെത്തും.

ശാസ്ത്രജ്ഞര്‍ പല രീതിയിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍, തുടര്‍ച്ചയായിട്ടുള്ള മൊബൈല്‍ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഉറക്കത്തെയുമൊക്കെ ബാധിക്കും എന്നാണ് പറയുന്നത്. മൊബൈല്‍ ഫോണില്‍നിന്നു പ്രവഹിക്കുന്ന റേഡിയേഷന്‍ തലച്ചോറിന്റെ കോശങ്ങളില്‍ ജനിതകമാറ്റം വരുത്താനും തന്മൂലം കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും  കാരണമായേക്കാം എന്നുവരെയാണ് പഠനങ്ങള്‍ പറയുന്നത്. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ് ഇത് കൂടുതല്‍ ദോഷകരമാകുന്നത്. കാരണം, കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇത്തരത്തിലുള്ള റേഡിയേഷനുകള്‍ക്കു വിധേയമാക്കുമ്പോള്‍ കൂടുതല്‍ കുഴപ്പങ്ങള്‍ക്കു കാരണമാകുന്നു.

മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം നമ്മളില്‍ പലതരത്തിലുള്ള സമ്മര്‍ദങ്ങള്‍ ഉണ്ടാക്കുന്നു. കൂടുതല്‍നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചിലര്‍ അതിന് വല്ലാതെ അടിമപ്പെട്ടുപോകുകയും ഒരു നിമിഷംപോലും മൊബൈല്‍ ഫോണ്‍ കൈയിലില്ലാതെ ഇരിക്കാന്‍ കഴിയാത്ത സാഹചര്യംവരെ ഉണ്ടാകുന്നു. ജോലിസ്ഥലങ്ങളിലും മീറ്റിംഗുകളില്‍ പങ്കെടുക്കുമ്പോഴും മറ്റും മൊബൈല്‍ ഫോണിന്റെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്താറുണ്ട് . ഇത്തരം അവസ്ഥകളില്‍ മൊബൈല്‍ ഫോണിന് അടിമപ്പെട്ടവര്‍ക്കുണ്ടാകുന്ന മാനസികസമ്മര്‍ദം  വളരെയധികമായിരിക്കും എന്നുള്ളത് പഠനങ്ങള്‍ തെളിയിക്കുന്നു.

ഇക്കാരണങ്ങളാല്‍ത്തന്നെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് അതിരുകളും പരിമിതികളും നിശ്ചയിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ആരോഗ്യകരമായ അതിരുകളില്‍ നിന്നുകൊണ്ടുള്ള സോഷ്യല്‍ മീഡിയയുടെ ഉപയോഗം സുരക്ഷയും സന്തുഷ്ടിയും ഉറപ്പുവരുത്തുന്നു – ബി. ബി. സി. ഡോക്യുമെന്ററിയില്‍ പറയുന്നു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.