ജനറേഷൻ എക്സിലെ വിശുദ്ധ ജീവിതങ്ങൾ

1965 നും 1980 നും ഇടയിൽ ജനിച്ചവരാണ് ജനറേഷൻ എക്സ് അഥവാ ‘ജെൻ എക്സ്’ ൽ ജനിച്ചവരെന്ന് അറിയപ്പെടുന്നത്. ആധുനിക ലോകത്തിൽ വിശുദ്ധി നഷ്ടമായിട്ടില്ലെന്നും ലോകം എത്രമേൽ തിന്മയിൽ അകപ്പെട്ടാലും നന്മ വറ്റാതെ ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാൻ കഴിയുമെന്നും പുതിയ തലമുറയിലെ വിശുദ്ധരുടെ ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ജെൻ എക്സിലെ ആറ് വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടാം.

നീന റൂയിസ് അബാദ്

ദൈവദാസിയായ നീന റൂയിസ് അബാദ് 1979 ഒക്ടോബർ 31ന് ഫിലിപ്പീൻസിലെ ക്യൂസോൺ സിറ്റിയിലാണ് ജനിച്ചത്. ചെറുപ്പം മുതലേ ആഴമായ വിശ്വാസത്തിൽ ജീവിച്ച നീനയ്ക്ക് മൂന്നു വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് 1988 അമ്മയോടും സഹോദരി മേരി ആനിനുമൊപ്പം നോർട്ടെയിലെ സരാത്തിലേക്ക് താമസം മാറ്റി.

നീനയ്ക്ക് പത്ത് വയസ്സുള്ളപ്പോഴാണ് ഹൃദയപേശികൾ കട്ടിയുള്ളതായി മാറുന്ന ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന ഒരപൂർവ രോഗത്തിനിരയാണെന്നറിയുന്നത്. ഇതൊരിക്കലും ഭേദമാക്കാനാവാത്ത ഒരു ഹൃദ്രോഗമായിരുന്നു. പുതിയ സ്കൂളിൽ പഠനം ആരംഭിച്ച അതേ വർഷംതന്നെ ഹൃദയാഘാതം ഉണ്ടാവുകയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പുതന്നെ അവൾ മരണമടയുകയും ചെയ്തു.

അവൾ വലിയ കാര്യങ്ങളൊന്നും ചെയ്തിരുന്നില്ല. എന്നാൽ ആ പതിമൂന്ന് വയസ്സുകാരി ഒരുപാടു ചെറിയകാര്യങ്ങൾ ചെയ്തു. അവയെല്ലാം ദൈവതിരുമുമ്പിൽ വലിയ കാര്യങ്ങളായിരുന്നു എന്നതാണ് അവളുടെ പ്രവൃത്തികളുടെ പ്രത്യേകത. നീനയുടെ വിശ്വാസം വളരെ ആഴമേറിയതായിരുന്നു. അവൾ ചെയ്തിരുന്ന കൊച്ചു കൊച്ചു ജീവകാരുണ്യപ്രവർത്തനങ്ങൾ അനേകരെ സ്വാധീനിച്ചിരുന്നതായി പലരും പങ്കുവച്ചിട്ടുണ്ട്. ചെറിയ കുഞ്ഞായിരുന്നപ്പോൾ മുതൽ തന്നെ ദിവ്യബലിയിൽ അവൾ പുലർത്തിയിരുന്ന ഭക്തി അനിതരസാധാരണമായിരുന്നു. പരിശുദ്ധാത്മാവിനോടും പരിശുദ്ധ കന്യകാമറിയത്തോടുമുള്ള ഭക്തിയും ആരാധനയും ആത്മബന്ധവും അവളിൽ നിറഞ്ഞു നിന്നിരുന്ന മറ്റു പ്രത്യേകതകളാണ്. ജപമാലകളും ബൈബിളുകളും പ്രാർത്ഥനാപുസ്തകങ്ങളും വിശുദ്ധരുടെ ചിതങ്ങളും ഒരുപാടു പേർക്ക് നൽകുന്നതിലൂടെ ദൈവ ഓർമ്മ അവർക്കുനൽകാൻ അവൾ പരിശ്രമിക്കുമായിരുന്നു. ഒരു കുഞ്ഞ് എന്നനിലയിൽ അവൾക്ക് ചെയ്യാവുന്ന സുവിശേഷ പ്രഘോഷണമായിരുന്നു അവ. അതുകൊണ്ടു തന്നെ അവൾ വലിയ ഉത്സാഹത്തോടെയാണ് അവ വിതരണം ചെയ്തിരുന്നത്. എപ്പോഴും കഴുത്തിൽ ജപമാലയണിഞ്ഞും വെള്ള വസ്ത്രങ്ങൾ ധരിച്ചും നടന്നിരുന്ന ആ കൊച്ചു വിശുദ്ധ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. 2024 ഏപ്രിൽ ഏഴിന് അവളുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു.

മാർസെലോ ഹെൻറിക് ക്യാമറ

1979 ജൂൺ 26 ന് ബ്രസീലിലെ ഫ്ലോറിയാനോപൊളിസിലാണ് മാർസെലോ ഹെൻറിക് ക്യാമറ ജനിച്ചത്. വിശ്വാസത്തിൽ വളർന്നുവന്ന മിടുക്കനായ ആ യുവാവ് സ്റ്റേറ്റ് പ്രോസിക്യൂട്ടറായി ജോലി ചെയ്തിരുന്ന നിയമ ബിരുദധാരിയായിരുന്നു. ഒപ്സ് ദേയിയുടെ സ്ഥാപകനായ വിശുദ്ധ ജോസ് മരിയ ഐസ്ക്രീവായുടെ ആത്മീയതയിൽ ദൈനംദിന ജീവിതത്തിന്റെ വിശുദ്ധി കണ്ടെത്തിയ മാർസെലോ ഒപ്സ് ദേയിയിലെ അംഗവും ദിവ്യകാരുണ്യ ശുശ്രൂഷകനുമായി ജീവിതം നയിച്ചു. താൻ രക്താർബുദ ബാധിതനാണെന്ന് കണ്ടെത്തിയപ്പോഴും അദ്ദേഹം പതറിയില്ല. 2028 മാർച്ച് 20ന് മാർസെലോയ്ക്ക് 28 വയസ്സുള്ളപ്പോഴാണ് അദ്ദേഹം മരണമടയുന്നത്. ബോധം മറയുന്നതുവരെയും രോഗത്തിന്റെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സന്തോഷത്തോടും പ്രത്യാശയോടും കൂടെ അദ്ദേഹം സ്വീകരിച്ചു. യുവത്വത്തിൽ വിശുദ്ധി സാധ്യമാണെന്നും സഹനങ്ങളുടെ നടുവിലും വിശ്വാസം ജീവിക്കാൻ സാധിക്കുമെന്നും മാർസെലോയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. 2020 ലാണ് മാർസെലോയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്താൻ ഉള്ള നടപടികൾ ആരംഭിച്ചത്.

തിരുമുഖത്തിന്റെ സിസ്റ്റർ സിസിലിയ മരിയ

1973 ഡിസംബർ അഞ്ചിന് അർജന്റീനയിലെ ന്യൂക്വൻ പ്രവിശ്യയിലുള്ള സാൻ മാർട്ടിൻ ഡി ലോസ് ആൻഡസിൽ ജനിച്ച സി. സിസിലിയ മരിയ, 24-ാം വയസ്സിൽ സാന്താ ഫെയിലെ ഡിസ്കാൽസ്ഡ് കാർമെലൈറ്റ്സിൽ പ്രവേശിച്ചു. 26-ാം വയസ്സിൽ ആദ്യ വ്രതവും 2003-ൽ നിത്യവ്രതവും സ്വീകരിച്ച സി. സിസിലിയ ഒരു നഴ്‌സും വയലിനിസ്റ്റുമായിരുന്നു. എപ്പോഴും സന്തോഷവതിയായിരുന്ന സി. സിസിലിയ ക്രിസ്തുവുമായുള്ള സ്നേഹത്തിൽ നിരന്തരം വളർന്നുകൊണ്ടിരുന്നു. സി. സിസിലിയയ്ക്ക് നാവിലാണ് ആദ്യമായി കാൻസർ കണ്ടെത്തുന്നത്. കാൻസറിന്റെ സഹനങ്ങളെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ച സിസ്റ്ററിന്റെ രോഗം കൂടുതൽ വഷളാവുകയും മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. സഹനങ്ങളുടെ നടുവിലും ഈശോയോട് കൂട്ടുകൂടാനും പ്രാർത്ഥിക്കാനും സമയം കണ്ടെത്തിയിരുന്ന സിസ്റ്റർ 2016 ജൂൺ 23നാണ് മരണമടയുന്നത്. മരണക്കിടക്കിയിലും പുഞ്ചിരി തൂകി ഇരുന്ന അവളുടെ ചിത്രങ്ങൾ ലോകമെമ്പാടും പ്രചരിച്ചിരുന്നു. 2025 ജനുവരിയിൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്താനുള്ള നടപടികൾ ആരംഭിച്ചു.

റെബേക്ക റോക്കമോറ

സ്പെയിനിലെ ഗ്രാൻജ ഡി റോക്കമോറയിൽ നിന്നുള്ള ഒരു യുവ മതബോധന അധ്യാപികയായിരുന്നു റെബേക്ക റോക്കമോറ. 1975-ൽ ജനിച്ച റോക്കമോറ തന്റെ പത്താം വയസ്സു മുതൽ നേരിട്ടിരുന്ന കഠിനമായ അസുഖങ്ങൾക്കിടയിലും, വിശ്വാസവും സന്തോഷവും പുലർത്തുന്നതിലും മറ്റുള്ളവർക്ക് വേണ്ടി സ്വയം മറന്നുള്ള സമർപ്പണത്തിലും പ്രശസ്തയായിരുന്നു. ഇരുപതാം വയസ്സിലാണ് റോക്കമോറ മരണമടയുന്നത്. 2009 ലാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്.

ക്യാര “ലൂസ്” ബദാനോ

സഹനങ്ങൾക്കിടയിലും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷ്യത്തിന് പേരുകേട്ട ഒരു യുവ ഇറ്റാലിയൻ യുവതിയായിരുന്നു ക്യാര “ലൂസ്”ബദാനോ. 16 വയസ്സുള്ളപ്പോൾ കാൻസർ ബാധിച്ച ക്യാര ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി തന്റെ സഹനജീവിതം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. കുരിശിലെ ക്രിസ്തുവിനോട് ഐക്യപ്പെടാനുള്ള ആഗ്രഹത്തിൽ തന്റെ രോഗത്തെ ഏറ്റവും സ്നേഹത്തോടെ സ്വീകരിച്ച ക്യാര വേദനസംഹാരികളെ ബോധപൂർവ്വം നിഷേധിച്ചുകൊണ്ട് രോഗത്തിന്റെ എല്ലാ ക്ലേശങ്ങളും സ്നേഹത്തോടെ സഹിച്ച് 1990 ല്‍ മരണമടഞ്ഞു. 2019 സെപ്റ്റംബറിലാണ് ക്യാര വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത്.

വിക്ടർ മാനുവൽ ഷിയാവോണി

1977 നവംബർ 24 ന് അർജന്റീനയിലെ നൊഗോയ ജില്ലയിലാണ് വിക്ടർ ഷിയാവോണിയുടെ ജനനം. തന്റെ വിളി തിരിച്ചറിഞ്ഞ വിക്ടർ 14 വയസ്സുള്ളപ്പോൾ, ഔവർ ലേഡി ഓഫ് ദി സെനക്കിൾ മൈനർ സെമിനാരിയിൽ ചേർന്നു. 1995-ൽ ലുജാനിലേക്കുള്ള ഒരു തീർത്ഥാടന വേളയിൽ, തന്റെ വിളിയുടെ ആഴം മനസ്സിലാക്കി ധ്യാനാത്മക ജീവിതത്തിലൂടെ പരിശുദ്ധ കന്യകയ്ക്ക് സ്വയം സമർപ്പിച്ച വിക്ടറിന് താമസിയാതെ തന്നെ രക്താർബുദം സ്ഥിരീകരിക്കപ്പെട്ടു. “പരിശുദ്ധ കന്യക എനിക്കു നൽകിയത് ഞാൻ സ്വീകരിക്കുന്നു. ഞാനതിൽ പരാതിപ്പെടുന്നില്ല” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പരാതികളില്ലാതെ തന്റെ രോഗത്തെ സ്വീകരിച്ചു. 1995 ൽ തന്റെ പതിനേഴാമത്തെ വയസിലാണ് അദ്ദേഹം മരണമടയുന്നത്. 2023ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.

കാർലോസ് റോഡോൾഫോ യാരിയസ്

1966 മാർച്ച് 29 ന് അർജന്റീനയിലെ പരാനയിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് കാർലോസ് റോഡോൾഫോ യാരിയസ് ജനിച്ചത്. ദൈവത്തിനായുള്ള നിരന്തരമായ അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സവിശേഷത. ഇത് അർജന്റീനിയൻ കത്തോലിക്കാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. തികഞ്ഞ പ്രതിബദ്ധതയോടെ തന്റെ ശുശ്രൂഷകളിൽ മുന്നേറിയിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് രക്താർബുദം സ്ഥിരീകരിക്കുന്നത്. വലിയ വിശ്വാസത്തോടെ അദ്ദേഹം തന്റെ രോഗത്തെ സ്വീകരിക്കുകയും ശിഷ്ട ജീവിതത്തിലുടനീളം ദിവ്യകാരുണ്യ ആരാധനയിലും പരിശുദ്ധ മറിയത്തോടുള്ള വലിയ ഭക്തിയിലും അദ്ദേഹം വളർന്നുവന്നു. 1990 ഒക്ടോബർ 30 നാണ് അദ്ദേഹം മരണമടയുന്നത്. 2023 ന് വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു.

വിവർത്തനം: സി. നിമിഷറോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.