ബാസ്കറ്റ് ബോൾ കോർട്ടിൽനിന്ന് ദൈവം തെരഞ്ഞെടുത്ത തന്റെ മണവാട്ടി

ജൂൺ 28. സ്വർഗം സന്തോഷിച്ച ഒരു ദിനം കൂടിയായിരുന്നു കടന്നുപോയത്. ബാസ്കറ്റ് ബോൾ താരവും ഇറ്റാലിയൻ ദേശീയ ടീമംഗവുമായ ഒറിയാന മിലാസ്സോ തന്റെ ജീവിതം ഇന്നലെ കർത്താവിനു സമർപ്പിച്ചു. യേശുവിനെപ്പോലെ, 33-ാം വയസിൽ തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ നിയോഗം തിരിച്ചറിഞ്ഞ് ബാസ്കറ്റ് ബോൾ കോർട്ടിൽനിന്ന് ഒറിയാന മിലാസ്സോ ആത്മാക്കളെ നേടാനുള്ള സ്വർഗത്തിന്റെ കോർട്ടിലേക്കു യാത്ര തിരിച്ചു. വി. ക്ലാരയുടെ സന്യാസിനീസമൂഹത്തിൽ ഇന്ന് ഔദ്യോഗിക അംഗമായിത്തീർന്ന ഒറിയാന മിലാസ്സോയെ കൂടുതൽ അറിയാം.

ആത്മീയ യാത്രയുടെ ആരംഭം

1991-ൽ കാനിക്കാട്ടിയിലെ കമ്യൂണിൽ ജനിച്ച ഒറിയാന ഒരു ബാസ്കറ്റ് ബോൾ കളിക്കാരിയാകാനുള്ള ആഗ്രഹം തന്റെ സഹോദരി ഇലേറിയയുമായി പങ്കുവച്ചു. ബാസ്കറ്റ് ബോൾ പ്ലയർ എന്ന ആഗ്രഹം ഒരു അഭിനിവേശമായതുകൊണ്ടുതന്നെ ആദ്യം സീരി എ1-ടീമിൽ ചേർന്നു. പരിശീലനവുമായി ബന്ധപ്പെട്ട് സിസിലിയിലെ അൽകാമോയിൽ ചെലവഴിച്ച നാളുകളിലാണ് ഒറിയാന, വി. ക്ലാരയുടെ സഹോദരിമാരെ പരിചയപ്പെടുന്നത്. പിന്നീട് ദേശീയ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒറിയാന, താൻ സ്വപ്നം കണ്ട കായികജീവിതം ആസ്വദിക്കുകയായിരുന്നു. ബാസ്കറ്റ് ബോളിൽ വിജയം കൈവരിച്ചെങ്കിലും അവളെ ഒരു ശൂന്യത പിന്തുടർന്നുകൊണ്ടിരുന്നു.

അലോസരപ്പെടുത്തിയ ശൂന്യത

“ബാസ്കറ്റ് ബോളിൽ ഞാൻ ആഗഹിച്ച വിജയം കൈവരിച്ചെങ്കിലും ഉള്ളിൽ ഒരു അതൃപ്തി എനിക്ക് അനുഭവപ്പെട്ടു. എന്തോ നഷ്ടപ്പെട്ടതുപോലെ. അന്നുമുതൽ ഞാൻ ഇടവകയിലും ഇടവകപ്രവർത്തനങ്ങളിലും സജീവമായി” – ഒറിയാന പങ്കുവച്ചു. എന്നിട്ടും ഉള്ളിലെ ശൂന്യതയെ അതിജീവിക്കാനാവാതെ അസ്വസ്ഥയായിരുന്ന ഒറിയാന ഒരു മെഡിക്കൽ മിഷനറിയാകുക എന്ന സ്വപ്നവുമായി മെഡിസിൻ പഠിക്കാൻ ആരംഭിച്ചു. പിന്നീട് പഠനം തുടരാൻ റോമിലേക്കു താമസം മാറിയെങ്കിലും അപ്പോഴും അവളുടെ ഹൃദയം ശൂന്യതയെ അഭിമുഖീകരിച്ചുകൊണ്ടിരുന്നു.

വെളിച്ചത്തിലേക്കുള്ള യാത്ര

“ഭൂമിയിലെ എന്റെ ജീവിതം വിജയങ്ങൾ സ്വന്തമാക്കുന്നതിനേക്കാൾ പരിപൂർണ്ണത നേടാനുള്ളതാണെന്നുള്ള ആത്മീയവെളിച്ചം എന്നിൽ പ്രകാശിച്ചപ്പോൾ എന്റെ ഹൃദയം ശാന്തമായി” – ആത്മീയവെളിച്ചം കാണിച്ചുതന്ന പാതയിലേക്കുള്ള യാത്ര ആരംഭിച്ച ഒറിയാന പങ്കുവച്ചു. 2011-ലെ ലോക യുവജനദിനത്തിൽ തന്റെ ദൈവവിളിയെക്കുറിച്ചു വ്യക്തത ലഭിച്ച ഒറിയാന പിന്നീട് വി. ക്ലാരയുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിൽ ചേരാൻ തീരുമാനിച്ചു.

“എനിക്ക് എന്റെ വീട്ടിൽ തിരിച്ചെത്തിയതുപോലെയുള്ള ഒരു സമാധാനമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്” എന്നായിരുന്നു മഠത്തിൽ പ്രവേശിച്ച ഒറിയാനയുടെ വാക്കുകൾ. പരിശീലനകാലയളവുകൾ പൂർത്തിയാക്കി ഒറിയാന കർത്താവിന്റെ മണവാട്ടിയായിത്തീർന്നിരിക്കുകയാണ്. തെക്കൻ ഇറ്റലിയിലെ ട്രാപാനി പ്രവിശ്യയിലുള്ള അൽകാമോയിലെ ദൈവാലയത്തിലാണ് ചടങ്ങുകൾ നടന്നത്.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.