വിദ്യാഭ്യാസത്തിനായി അഫ്ഗാനിസ്ഥാനിൽനിന്നും രക്ഷപെടുന്ന പെൺകുട്ടികൾ

താലിബാൻ ഭരണത്തിനുകീഴിൽ അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറുന്ന സാഹചര്യമാണ്. ഈയൊരു സാഹചര്യത്തിലാണ് രാജ്യത്തുനിന്നും പെൺകുട്ടികൾ വിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ ജീവൻ പണയംവച്ച് പലായനം ചെയ്യുന്നത്. “ഞാനിപ്പോൾ സന്തോഷവതിയാണ്, സുരക്ഷിതയാണ്, എനിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, അഫ്ഗാനിസ്ഥാനിലെ എന്റെ സുഹൃത്തുക്കൾക്ക് ഒന്നുംചെയ്യാൻ കഴിയുന്നില്ലല്ലോ എന്നതിൽ അതിയായ ദുഃഖവുമുണ്ട്. എനിക്കിവിടെ കോളേജിൽ പോകാം, ജോലിക്കുപോകാം. പക്ഷേ, എന്റെ രാജ്യത്ത് സമപ്രായക്കാരായ എന്റെ സുഹൃത്തുക്കൾക്ക് വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയില്ല”- മാഹ് എന്ന ഇരുപത്തിരണ്ടുകാരിയായ അഫ്ഗാൻ യുവതിയുടെ വാക്കുകളാണിത്.

വിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ ജീവൻ പണയംവച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് പലായനംചെയ്ത അനേകം യുവതികളിലൊരാളാണ് മാഹ്. സ്വന്തം രാജ്യത്തുനിന്ന് രക്ഷപെട്ടല്ലോ എന്ന ആശ്വാസത്തിനിടയിലും വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട തന്റെ സുഹൃത്തുക്കളെയോർത്ത് വിങ്ങുകയാണ് മാഹ്.

2021 ആഗസ്റ്റിൽ താലിബാൻ ഭരണം ഏറ്റെടുക്കുമ്പോൾ കാബൂളിൽനിന്നും യു. കെ. യിലേക്കു രക്ഷപെട്ടവരിൽ ഒരാളായിരുന്നു മാഹ്. യു. കെ. യിൽ പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾ ക്ലാസ്മുറികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും വിലക്കപ്പെട്ടുകഴിയുകയാണ്. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം മൂന്നുവർഷത്തിനുള്ളിൽ സ്ത്രീകളുടെ ജീവിതത്തിനുമേൽ വളരെയധികം നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. 12 വയസ്സിനുമുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്  വിലക്കേർപ്പെടുത്തിക്കൊണ്ടായിരുന്നു താലിബാൻ സ്ത്രീസമൂഹത്തിനുനേരെയുള്ള നിയന്ത്രണങ്ങൾ ആരംഭിച്ചത്. പിന്നീട്, അത് പെൺകുട്ടികൾ ഉന്നതവിദ്യാഭ്യാസം നേടുന്നതിൽനിന്നും തടയുന്നതിലേക്കെത്തി. ബ്യൂട്ടി സലൂണുകൾ അടച്ചിടുക, പാർക്കുകൾ, ജിമ്മുകൾ, സ്‌പോർട്‌സ് ക്ലബുകൾ എന്നിവിടങ്ങളിൽ പോകുന്നതിനും പൊതുസ്ഥലങ്ങളിൽ സംസാരിക്കുന്നതിനുപോലും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി.

മതപരമായ പ്രശ്നങ്ങളാലാണ് സ്ത്രീകൾക്കുമേലുള്ള നിയന്ത്രണങ്ങൾക്കു കാരണമെന്നു താലിബാൻ ചൂണ്ടിക്കാട്ടുന്നു. പാഠ്യപദ്ധതി ‘ഇസ്ലാമികം’ ആണെന്ന് ഉറപ്പാക്കുന്നതുൾപ്പെടെ, പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ സ്ത്രീകളെ വീണ്ടും പൊതുഇടങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരികെയെത്തിക്കുമെന്നും ഇവർ പറയുന്നു. എന്നാൽ നിയന്ത്രണങ്ങൾ സ്ത്രീകൾക്കുമേൽ അടിച്ചേല്പിക്കുന്നതല്ലാതെ അവയിൽ ഒന്നുപോലും മാറ്റാൻ താലിബാൻ ശ്രമിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം.

സ്വാതന്ത്ര്യത്തിലേക്കുള്ള രക്ഷപെടൽ

വിദ്യാഭ്യാസം നേടുക എന്ന സ്വപ്നവുമായി അഫ്ഗാനിസ്ഥാനിൽനിന്നുള്ള യാത്ര മാഹിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. താലിബാൻ പിടിച്ചടക്കിയ സമയത്ത്, ഹെൽമണ്ട് പ്രവിശ്യയിൽനിന്ന് കാണ്ഡഹാറിലേക്കും തുടർന്ന് കാബൂളിലേക്കും അവൾ പലായനം ചെയ്തു.

“ഞാൻ അഫ്ഗാനിസ്ഥാനിൽ താമസിച്ചാൽ, അവർ എന്നെ കൊല്ലും. ഒരുപക്ഷേ, അവർ എന്നെ വിവാഹം കഴിച്ചേക്കാം. ഞാൻ അമ്മയെ വിളിച്ച് അമ്മേ, ഞാൻ പോകുന്നു എന്നുപറഞ്ഞു. ‘എവിടെ പോകുന്നു?’ എന്ന് ‘അമ്മ ചോദിച്ചു. എനിക്കറിയില്ല എന്ന് ഞാൻ പറഞ്ഞു” – അഫ്ഗാനിസ്ഥാനിൽനിന്ന് രക്ഷപെട്ട രാത്രി മാഹ് ഓർത്തെടുക്കുന്നത് ഇപ്രകാരമാണ്. ഒടുവിൽ രാജ്യത്തേക്കു സ്വാഗതം ചെയ്യപ്പെട്ട മറ്റ് അഭയാർഥികളോടൊപ്പം മാഹ് യു. കെ. യിൽ എത്തി.

മാഹിനെപ്പോലെതന്നെ വിദ്യാഭ്യാസം നേടാൻ കൊതിച്ച് അഫ്ഗാനിസ്ഥാനിൽനിന്നും രക്ഷപെട്ട പെൺകുട്ടിയാണ് 17-കാരിയായ അക്ദാസ്. ഈ പെൺകുട്ടി സ്കോളർഷിപ്പോടെ യു. എസ്. ൽ പഠിക്കുകയാണ് ഇപ്പോൾ. താലിബാൻ, കാബൂൾ പിടിച്ചടക്കിയ ദിവസം വളരെ ഭീതി നിറഞ്ഞതായിരുന്നു എന്ന് അവൾ ഓർക്കുന്നു. 20 വർഷങ്ങൾക്കുമുൻപ് താലിബാൻമൂലം പഠനം ഉപേക്ഷിക്കേണ്ടിവന്നു എന്നുപറഞ്ഞ് കണ്ണീർ വാർക്കുന്ന അവളുടെ അമ്മയെ ഓർമ്മ വന്നു. എന്തുവന്നാലും നിങ്ങൾക്കു പരിധിയിടാൻ താലിബാനുകീഴിൽ നിൽക്കരുതെന്ന ആ അമ്മയുടെ ഓർമ്മപ്പെടുത്തലിന്റെ ബലത്തിൽ അക്ദാസ് ഓൺലൈനിൽ രഹസ്യമായി തന്റെ പഠനം തുടർന്നു.

യു. എസ്. ലേക്ക് സ്കോളർഷിപ്പ് ലഭിച്ചപ്പോൾ അവൾക്ക് വിസ ലഭിക്കേണ്ടതായിരുന്നു. പക്ഷേ, അഫ്ഗാനിസ്ഥാനിലെ എംബസി അടച്ചുപൂട്ടിയതിനാൽ അവൾക്ക് തടസ്സം നേരിട്ടു. ഒരു സ്ത്രീയായ തനിക്ക് രാജ്യം വിടാൻ അനുമതിയില്ലാത്തതിനാൽ മെഡിക്കൽ വിസ ഉപയോഗിച്ച് പിതാവിനൊപ്പം പാക്കിസ്ഥാനിലേക്കു പോകുകയും അവിടുന്ന് തന്റെ ലക്ഷ്യസ്ഥാനത്തേക്കു കുതിക്കുകയും ചെയ്തു.

“അഫ്ഗാനിസ്ഥാനിലെ ഒരേയൊരു പ്രശ്‌നം പെൺകുട്ടികളുടെ വിദ്യാഭ്യാസം മാത്രമാണെന്ന് ഒട്ടുമിക്ക ആളുകളും കരുതുന്നു. എന്നാൽ, അതിലും പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യം. അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾ എല്ലാദിവസവും വിഷാദത്തിലൂടെയും ഉത്കണ്ഠയിലൂടെയും കടന്നുപോകുന്നു. അവരെ സഹായിക്കാൻ ആരുമില്ല” – അക്ദാസ് ചൂണ്ടിക്കാണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.