പ്രൊഫസർ, നാല് പെൺമക്കളുടെ പിതാവ്; 78-ാം വയസ്സിൽ ആംഗ്ലിക്കൻ സഭയിൽനിന്നും കത്തോലിക്കാ വൈദികവൃത്തിയിലേക്ക്

ഹൃദയങ്ങൾക്ക് സന്തോഷം നൽകുന്ന സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കഥകളിലൊന്നാണ് ജോൺ മോറിലിന്റെ ജീവിതം. കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസറും നാല് പെണ്മക്കളുടെ പിതാവുമായിരിക്കുന്ന ഈ 78-കാരൻ ഇപ്പോൾ ഒരു കത്തോലിക്കാ പുരോഹിതനായി അഭിഷിക്തനായിരിക്കുകയാണ്.

സെപ്റ്റംബർ 21-ന് നോർവിച്ചിലെ സെന്റ് ജോൺസ് കത്തീഡ്രലിൽ വച്ചായിരുന്നു ഫാ. ജോൺ മോറിലിന്റെ പൗരോഹിത്യസ്വീകരണം. ഈസ്റ്റ് ആംഗ്ലിയ ബിഷപ്പ്, പീറ്റർ കോളിൻസിന്റെ അധ്യക്ഷതയിൽ നവവൈദികന്റെ നാല് പെൺമക്കളായ റേച്ചൽ, റൂത്ത്, നവോമി, ക്ലെയർ എന്നിവരുൾപ്പെടെ 250-ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.

“ഈ മനുഷ്യൻ പല അവസരങ്ങളിലും ദൈവത്തിന്റെ വിളിയുടെ ശബ്ദം കേട്ടിട്ടുണ്ട്. ജീവിതത്തിലുടനീളം യേശുവിന്റെ വിളിയോട് മനസ്സോടെയും ഉദാരമായും പ്രതികരിച്ച ഒരു ഒരു വ്യക്തിയാണിദ്ദേഹം” – ബിഷപ്പ് കോളിൻസ് തന്റെ പ്രഭാഷണത്തിൽ പറഞ്ഞതായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ വെബ്‌സൈറ്റ് പറയുന്നു.

കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള വഴിയിൽ അദ്ദേഹത്തെ നയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ഫ്രാൻസെസാണ്. അവരുടെ മരണശേഷം വർഷങ്ങളായി ഡീക്കനായി ശുശ്രൂഷ ചെയ്തിരുന്നു ഇദ്ദേഹം. എഴുപത്തിയഞ്ചാം വയസ്സിൽ ഡീക്കൻസ്ഥാനത്തുനിന്നു വിരമിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോഴാണ് അദ്ദേഹത്തിന് ക്രിസ്തുവിന്റെ പുരോഹിതനാകാനുള്ള വിളി ലഭിക്കുന്നത്. 1977 ഡിസംബർ എട്ടിന്, അമലോത്ഭവ തിരുനാളിൽ, കേംബ്രിഡ്ജിലെ സെന്റ് എഡ്മണ്ട്സ് കോളേജിൽവച്ച് കത്തോലിക്കാ സഭയുമായി ഐക്യപ്പെട്ടു.

“ഒരു ഡീക്കനാകുക എന്നതിന്റെ അർഥം എന്താണെന്നും ഒരു നല്ല ഭർത്താവ്, നാല് പെൺമക്കളുടെ പിതാവ്, ഒരു വിദ്യാഭ്യാസ വിദഗ്ദ്ധൻ എന്നീ നിലകളിൽ എനിക്ക് എങ്ങനെ സഭാസേവനത്തിനു സമയം ലഭിക്കുമെന്നും എനിക്ക് അറിയില്ലായിരുന്നു” – അദ്ദേഹം പറയുന്നു. 28 വർഷത്തെ സേവനത്തിനുശേഷം, ഒരു സെമിനാരിയിൽ ഡീക്കന്മാരെ പരിശീലിപ്പിക്കുന്നതിനും അദ്ദേഹം സന്നദ്ധനായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.