നേവി ഏവിയേറ്ററിൽനിന്ന് വൈദികജീവിതത്തിലേക്ക്: പ്രചോദനാത്മകമായ ദൈവവിളി അനുഭവം

ഒരു നേവി ഏവിയേറ്ററാകാൻ മാസങ്ങൾ മാത്രം അവശേഷിക്കെയാണ് വൈദികനാകാനുള്ള തന്റെ ദൈവവിളി ഫാ. ഡാനി ഹെർമൻ തിരിച്ചറിഞ്ഞത്. ചെറുപ്പത്തിൽ ഒരിക്കൽപോലും ഒരു വൈദികനാകുന്നതിനെക്കുറിച്ച് ഡാനി ചിന്തിച്ചിരുന്നില്ല. അതിനാൽ തന്നെ തന്റെ ഉള്ളിലെ വിളി കണ്ടെത്താൻ അദ്ദേഹത്തിന് അൽപം കാലതാമസം വേണ്ടിവന്നു. ഏവിയേഷൻ പഠനം ഉപേക്ഷിച്ച് സെമിനാരിയിൽ ചേരാനുള്ള തീരുമാനമെടുക്കാൻ ഡാനി എന്ന യുവാവിനെ പ്രേരിപ്പിച്ച അനുഭവങ്ങളിലൂടെ നമുക്കും കടന്നുപോകാം.

ഏതാണ്ട് എട്ടുവർഷം നീണ്ട ആലോചനകൾക്കൊടുവിലാണ് മിലിട്ടറി വിട്ട് സെമിനാരിയിൽ പ്രവേശിച്ചത്. 17 വയസ്സുള്ളപ്പോൾ സെമിനാരിയിൽ പ്രവേശിക്കാനുള്ള ആഗ്രഹം മനസ്സിൽ തോന്നിയിരുന്നുവെങ്കിലും സ്വാർഥമോഹം കാരണം അതിന്റെ വഴിയേ പോയില്ല. “അവസാന വഴിത്തിരിവ് സംഭവിച്ചത് ഒരു രാത്രിയിൽ ഞാൻ നാവികസേനയ്ക്കുവേണ്ടിയുള്ള പരിശീലന ഫ്ലൈറ്റുകളിലൊന്നിൽ പഠിക്കുമ്പോഴാണ്. ആ രാത്രിയിൽ എന്റെ പഠനകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ട് തോന്നി. കാരണം എന്നെ മറ്റൊരിടത്തേക്കു നയിക്കുന്ന അഗാധമായ ഒരു ആന്തരികവിളി എനിക്ക് അനുഭവപ്പെട്ടു. ‘നിന്നെ ഇതിനായി സൃഷ്ടിച്ചതല്ല’ എന്നിങ്ങനെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്നത് ഞാൻ കേട്ടു. ആ അനുഭവം എന്റെ ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ എന്നെ നിർബന്ധിച്ചു. ഭൗതികവും ബാഹ്യവുമായ ആനന്ദങ്ങളെ പിന്തുടരുന്നത് എനിക്ക് ശാശ്വതമായ സന്തോഷം നൽകുന്നില്ലെന്ന് ഞാൻ മനസ്സിലാക്കി” – ദൈവവിളിയെക്കുറിച്ച് ഡാനി പറയുന്നു.

നോട്ടർ ഡാം സർവകലാശാലയിലെ ‘വിഷൻ’ എന്ന പേരിലുള്ള ഒരു വേനൽക്കാല പ്രോഗ്രാമിൽ 17 വയസ്സുള്ളപ്പോൾ ഡാനി പങ്കെടുത്തിരുന്നു. കുർബാന, മറ്റ് കൂദാശകൾ, വിശുദ്ധരുടെ ജീവിതങ്ങൾ എന്നിവയോടുള്ള സ്നേഹത്തെ കേന്ദ്രീകരിച്ചുള്ള ഒരു പ്രദർശനം ഈ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു. കുമ്പസാര സമയത്ത് ഒരു വൈദികൻ തന്നോടു കാണിച്ച അജപാലനസ്നേഹമാണ് ഡാനിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഒരു പിതാവിന്റെ കരുതലോടെ തന്നോട് ഇടപെട്ട ആ വൈദികനും തന്റെ ഉള്ളിൽ പാകപ്പെട്ട ദൈവവിളിയുടെ വിത്തുകളെ തിരിച്ചറിയാൻ അദ്ദേഹത്തെ സഹായിച്ചു.

” ‘ഈ വൈദികനെപ്പോലെ എനിക്കും കൃപയുടെ ഉപകരണമാകാൻ കഴിയുമെങ്കിൽ എന്റെ ജീവിതത്തിന് എന്തെങ്കിലും അർഥമുണ്ടായേനെ’ എന്ന ചിന്ത ആ നിമിഷം എന്നിലുണ്ടായി. ആ ഓർമ എന്റെ ലക്ഷ്യബോധത്തെ ഉണർത്തുകയും മിലിട്ടറിസേവനം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിക്കുകയും ചെയ്തു” – താൻ ദൈവവിളി തിരഞ്ഞെടുത്തിനെക്കുറിച്ച് അദ്ദേഹം പറയുന്നു. ഇന്ന് ഫാ. ഹെർമൻ, ടെന്നസിയിലെ നോക്‌സ്‌വില്ലെയിലെ മോസ്റ്റ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കത്തീഡ്രൽ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിക്കുന്നു.

ടെന്നസിയിലെ ഗ്രാമപ്രദേശത്ത് ഒരു കത്തോലിക്കാ പള്ളി പണിയുന്നതിൽ അദ്ദേഹത്തിന്റെ അമ്മ ലൂസിയ ഹെർമൻ ഒരു പ്രധാന പങ്ക് വഹിച്ചു. തങ്ങളുടെ സമൂഹത്തെ സേവിക്കാൻ പുരോഹിതന്മാരെ അയയ്ക്കണമെന്ന് അവൾ ദൈവത്തോട് അപേക്ഷിച്ചപ്പോൾ ദൈവം ആ പ്രാർഥന കേട്ട് അവളുടെ മകനെത്തന്നെ വിളിച്ചു.

ഇന്ന് ഈ ആധുനിക കാലഘട്ടത്തിലും തന്റെ മുന്തിരിത്തോപ്പിൽ വേലചെയ്യാൻ ദൈവം അനേകരെ വിളിക്കുന്നുണ്ട്. കർത്താവ് ആരെയെങ്കിലും വിളിക്കുമ്പോൾ ഒരു പുരോഹിതനാകാനുള്ള വ്യക്തമായ തിരഞ്ഞെടുപ്പായി തോന്നുന്നവരിലേക്ക് പരിമിതപ്പെടുത്തുന്നില്ല എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഫാ. ഡാനിയുടെ ജീവിതം.

“ഏതൊരു അമേരിക്കക്കാരനും അഭിമാനിക്കുന്ന ഒരു കരിയർ ഡാനിക്ക് ലഭിക്കുമായിരുന്നു. എന്നാൽ ദൈവത്തിന്റെ കൃപ എന്നെ കണ്ടെത്തി, അവന്റെ വിളിയോട് സഹകരിച്ച് ഞാൻ യഥാർഥ സന്തോഷം കണ്ടെത്തി” – ഫാ. ഡാനി അഭിമാനത്തോടെ പറയുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.