പരിചാരകനിൽനിന്ന് പുരോഹിതനിലേക്ക്; ഇന്ന് അമേരിക്കയിൽ ഇടവക വികാരി

ഇത് 55 വയസ്സുള്ള ഒരു അമേരിക്കൻ പുരോഹിതന്റെ ജീവിതമാണ്. കാവൽക്കാരനായും പരിചാരകനായും ജോലിചെയ്തശേഷം കർത്താവിന്റെ പുരോഹിതനാകാനുള്ള വിളി തിരിച്ചറിഞ്ഞ ഫാ. കെവിൻ റെയ്‌ലിയെ കൂടുതൽ അറിയാം.

പ്രാസംഗികൻ

14 വർഷമായി സെന്റ് പാട്രിക്സ് പള്ളിയിൽ സേവനമനുഷ്ഠിക്കുന്ന ഫാ. കെവിൻ റെയ്‌ലിയെ ഒറ്റനോട്ടത്തിൽ മുൻ സൈനികനായാണ് തോന്നുക. കാര്യശേഷിയും കായികബലവുമുള്ള ഫാ. കെവിൻ നല്ലൊരു പ്രാസംഗികൻ കൂടിയാണ്. പൗരോഹിത്യത്തിലേക്കുള്ള യാത്രയിൽ അദ്ദേഹം കടന്നുവന്ന വഴികളും ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ മാറി മാറി ധരിച്ച വേഷങ്ങളും തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം ഒരിക്കൽ തന്റെ അപ്രതീക്ഷിതമായ വിളിയെക്കുറിച്ച് തന്റെ പ്രസംഗത്തിൽ പറഞ്ഞത് ഇപ്രകാരമാണ്.

ഒരു സാധാരണക്കാരനായി ജനിച്ചു ജീവിച്ച ഞാൻ ഏതൊരാളെയും പോലെ പഠിച്ച് ജോലി സമ്പാദിച്ച് സുഖമായി ജീവിക്കാൻ ആഗ്രഹിച്ചു. അങ്ങനെ ബാല്യവും കൗമാരവും പിന്നിട്ട് 1990 കളുടെ തുടക്കത്തിൽ ജോർജ്ജ്ടൗണിൽ നിന്ന് ബിരുദം നേടിയ ശേഷം കാപ്പിറ്റോൾ ഹില്ലിൽ ഒരു ചെറിയ ജോലിയിൽ പ്രവേശിച്ചു. ആ നാളുകളിൽ സംഗീതത്തിന്റെയും ആഘോഷങ്ങളുടെയും ഒരു ലോകം എനിക്ക് സ്വന്തമായിരുന്നു. മികച്ച ശമ്പളം ലഭിച്ചിരുന്നതുകൊണ്ടുതന്നെ ധാരാളം പേർ എന്നോടൊപ്പം ഉണ്ടായിരുന്നു.

“എന്റെ ജീവിതം എത്ര അത്ഭുതകരമാണെന്ന് എല്ലാവരും എന്നോട് പറയുകയായിരുന്നു. ഞാൻ ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രമേ ജോലി ചെയ്തിരുന്നുള്ളൂ. എങ്കിലും ഞാൻ ധാരാളം പണം സമ്പാദിച്ചുകൊണ്ടിരുന്നു. അപ്പോഴും എന്തുകൊണ്ടോ എന്റെയുള്ളിൽ ദുഃഖമായിരുന്നു.” ഫാ. കെവിൻ പറയുന്നു.

പിന്നീട് വാഷിംഗ്ടൺ ഡിസിയിലും തുടർന്ന് സാൻ ഫ്രാൻസിസ്കോയിലും ഒരു കാവൽക്കാരനും പരിചാരകനുമായി ജോലി ചെയ്തു. സ്ഥലംമാറ്റം വലിയ വ്യത്യാസമൊന്നും എന്നിൽ വരുത്തിയില്ല.
അപ്പോഴാണ് ഒരു ദിവസം എന്റെ അമ്മ എനിക്ക് തന്ന പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കാൻ ഇടയായത്. ആ പുസ്തകം എന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്നുപറയാം. ആ പുസ്തകവുമായി ഞാൻ എത്രമണിക്കൂറുകൾ ഇരുന്നു എന്നോർമയില്ല. ഞാൻ അതിൽ ക്രിസ്തുവിന്റെ മുഖം കണ്ടു. ഞാൻ എനിക്ക് വരുത്തിവച്ച വിനാശങ്ങളെപ്രതി എന്റെ ദൈവം കരയുകയായിരുന്നു. ആ അനുഭവം എന്നെ രൂപാന്തരപ്പെടുത്തി, പൗരോഹിത്യത്തിലേക്കുള്ള പാതയിലേക്ക് നയിച്ചു.

“ലോകത്തിൽ സന്തോഷം കണ്ടെത്താൻ കഴിയാത്തതിന്റെ കാരണം ഒരു പുരോഹിതനാകാൻ വിളിക്കപ്പെട്ടതുകൊണ്ടാണ് എന്ന് പരിശുദ്ധ മറിയം എന്നോട് പറഞ്ഞു. പിന്നീട് ഞാൻ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ തുടങ്ങി. പുരോഹിതന്മാർ ക്രിസ്തുവിന്റെ തിരുശരീരം ഉയർത്തുമ്പോൾ എല്ലാം എനിക്ക് ലഭിച്ച ഉൾവിളി ഞാൻ അനുസ്മരിക്കുമായിരുന്നു. അങ്ങനെ പൗരോഹിത്യം എന്ന ദൈവത്തിന്റെ ഉന്നതമായ വിളിയിലേക്ക് ഞാൻ ഇറങ്ങിത്തിരിച്ചു.” അദ്ദേഹം പറയുന്നു.

ഇപ്പോൾ കഴിഞ്ഞ 14 വർഷമായി ഫാ. കെവിൻ റെയ്‌ലി സെന്റ് പാട്രിക്സിന്റെ ഇടവക വികാരിയായി ശുശ്രൂഷചെയ്യുന്നു.

വിവർത്തനം: സി. നിമിഷറോസ് CSN

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.