കളരിയും കരാട്ടെയും പഠിച്ച വൈദികൻ; പക്ഷേ കൂടുതൽ കരുത്ത് കർത്താവിൽ നിന്നും

സി. സൗമ്യ DSHJ

കളരിപ്പയറ്റും കരാട്ടെയും വഴങ്ങുന്ന ഒരു വൈദികൻ! ആ വിശേഷണം ചെന്ന് നിൽക്കുന്നത് ഫാ. ജോബി മാതാളികുന്നേൽ എന്ന ഇടുക്കി രൂപതയിലെ വൈദികനിലാണ്. അസാധ്യമായ മെയ് വഴക്കത്തോടെയും മനക്കരുത്തോടെയും പയറ്റി തെളിഞ്ഞ കളരിപ്പയറ്റും കരാട്ടെയും ഒക്കെ കൈമുതലായുണ്ടെങ്കിലും ജീവിതത്തിനു ബലം പകരുന്നത് എന്താണെന്നു ചോദിച്ചാൽ ഈ വൈദികൻ അൾത്താരയിലേയ്ക്ക് വിരൽ ചൂണ്ടും. വിശുദ്ധ കുർബാനയും ബൈബിളുമാണ് തന്റെ ജീവിതത്തിനു ബലം പകരുന്നതെന്ന് അത്രമേൽ ഉറപ്പാണ് ഫാ. ജോബിക്ക്. അതുകഴിഞ്ഞേയുള്ളു ജോബിയച്ചന് മറ്റെന്തും. ഇടുക്കി രൂപതയിലെ രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്‌കൂളിന്റെ പ്രിൻസിപ്പാളും രാജകുമാരി ദൈവമാതാ ഇടവകയുടെ അസിസ്റ്റന്റ് വികാരിയും കൂടിയായ ഫാ. ജോബി തന്റെ ആത്മീയ വളർച്ചയ്ക്ക് ഈ ആയോധനകലകൾ എങ്ങനെ സഹായിച്ചുവെന്ന് പങ്കുവെയ്ക്കുകയാണ്. തുടർന്ന് വായിക്കുക.  

അഞ്ചാം ക്ലാസ് മുതൽ കളരി അഭ്യാസം

ഇടുക്കി രൂപതയിലെ തടിയമ്പാട്, വിമലഗിരി ഇടവകാംഗമായ ജോബിയച്ചൻ അഞ്ചാം ക്ലാസ് മുതൽ ആയോധനകലയായ കളരിപ്പയറ്റ് അഭ്യസിക്കാൻ തുടങ്ങി. തുളുനാടൻ തെക്കൻ കളരിപ്പയറ്റാണ് അഭ്യസിച്ചത്. ‘സെന്റ് സെബാസ്റ്റ്യൻ മർമ്മ തിരുമ്മ്‌ കളരി സംഘം ചേലച്ചുവട്’ എന്നാണ് അച്ചൻ അഭ്യസിച്ച കളരി സംഘത്തിന്റെ പേര്. ഇടുക്കിയിലെ ചേലച്ചുവട് കേന്ദ്രീകരിച്ച് സെബാസ്റ്റ്യൻ ആശാന്റെ നേതൃത്വത്തിലുള്ള കളരി സംഘമാണിത്. അദ്ദേഹം വെവ്വേറെ സ്ഥലങ്ങളിൽ ക്ലാസുകളിടും. അതിന്റെ ഭാഗമായി തടിയൻപാട്, പെരിയാറിന്റെ തീരത്ത് ഒരു ക്ലാസ് അദ്ദേഹം ചെയ്തിരുന്നു. അവിടെ ക്ലാസുകൾ നടക്കുന്നത് ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ ഒമ്പത് മണി വരെയായിരുന്നു. ആ ക്ലാസുകൾക്ക് അഞ്ചാം ക്ലാസ് മുതൽ തന്നെ ജോബി അച്ചനും പോകുമായിരുന്നു.

കുടുംബത്തിൽ നിന്ന് തന്നെ അച്ചന് ആയോധനകലകളോടുള്ള ആഭിമുഖ്യവും സ്നേഹവും ആരംഭിച്ചിരുന്നു. ബേബി – എൽസി എന്നിവരാണ് അച്ചന്റെ മാതാപിതാക്കൾ. ജിൽസൺ ജേഷ്ഠസഹോദരനാണ്. അദ്ദേഹവും കളരി പഠിച്ചിട്ടുണ്ട്. “വീട്ടിൽ പപ്പയ്ക്ക് കളരിയോട് വലിയ താത്പര്യമാണ്. കടത്തനാടൻ ശൈലിയിലുള്ള കളരി പപ്പയും മുൻപ് പഠിച്ചിട്ടുണ്ടായിരുന്നു. ആ ഒരു പാരമ്പര്യം ഉള്ളതുകൊണ്ടായിരുന്നോ എന്നറിയില്ല ഞങ്ങൾ മക്കൾ രണ്ടുപേരെയും കളരി പഠിപ്പിക്കുവാൻ താത്പര്യം കാണിച്ചിരുന്നു. കളരിപ്പയറ്റിന്റെ ഏറ്റവും അവസാനത്തെ ആയുധംവച്ചുള്ള മുറയാണ് ഉറുമി. അതുവരെ എത്താൻ സാധിച്ചു. അന്ന് കളരിപ്പയറ്റ് പഠിക്കാൻ വിടണമെങ്കിൽ സ്‌കൂളിൽ നല്ല മാർക്ക് മേടിക്കണം എന്ന നിബന്ധന പപ്പ ഞങ്ങൾക്ക് മുന്നിൽ വച്ചിരുന്നു. അതുകൊണ്ട് ഇത് പഠിക്കാൻ പോകുവാനായി മുഴുവൻ മാർക്ക് മേടിക്കുമായിരുന്നു.” അച്ചൻ കളരി പരിശീലനം ആരംഭിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പറയുന്നു. ഒൻപതാം ക്ലാസ് മുതൽ കരാട്ടെയും പഠിക്കാൻ ആരംഭിച്ചു. ഷിറ്റോ റ്യു എന്ന സ്റ്റൈലിലുള്ള കരാട്ടെയാണ് പഠിച്ചത്. എന്നാൽ, ബ്ലാക്ക് ബെൽറ്റ് നേടുന്നതിന് മുൻപ് മറ്റൊരു പരിശീലനം ആരംഭിച്ചു. സെമിനാരിയിലേയ്ക്ക് എത്തിയതിനെ കുറിച്ച് തമാശയെന്നോണം അച്ചൻ വെളിപ്പെടുത്തി.

സെമിനാരികാലഘട്ടത്തിലെ കളരിയും കരാട്ടെയും  

പത്താം ക്ലാസിന് ശേഷമാണ് ഫാ. ജോബി സെമിനാരിയിൽ ചേരുന്നത്. ആ സമയങ്ങളിൽ മൈനർ സെമിനാരിയിൽ ഷിറ്റോ റ്യു കരാട്ടെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ ആണ് പഠനം. മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ താൽപര്യപ്രകാരമായിരുന്നു അത്. ‘അച്ചന്മാർ മലയൊക്കെ കയറി നടക്കാനുള്ളവരാണ്. അതിനാൽ ഇവർക്ക് നല്ല ആരോഗ്യം വേണം.’ അതായിരുന്നു പിതാവിന്റെ കാഴ്ചപ്പാട്. കരാട്ടെയിൽ താത്പര്യമുള്ളവർക്ക്, അത് കൂടുതൽ നന്നായി പഠിക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെ സെമിനാരി കാലഘട്ടത്തിലാണ് അദ്ദേഹം കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടുന്നത്.

“സെമിനാരി കാലഘട്ടത്തിൽ തന്നെ ‘ബുദോ റിയൂ’ എന്ന കരാട്ടെ സ്റ്റൈൽ ബ്ലാക്ക് കഴിഞ്ഞു. അതിന്റെ ഫോർത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് വരെ എത്തി. സെമിനാരിയിൽ നിന്നും അവധി കാലഘട്ടത്തിലും ഒക്കെയായിട്ടാണ് പഠനം പൂർത്തിയാക്കിയത്. കളരി പഠിച്ചതുകൊണ്ടുള്ള ഒരു ഉപകാരം, ആശാന്റെ കയ്യിൽ നിന്നും മർമ്മ തിരുമ്മ് പഠിക്കാൻ സാധിച്ചിട്ടുണ്ട് എന്നതായിരുന്നു. അതുകൊണ്ട് സെമിനാരികളിലും പഠന സമയങ്ങളിലും ഒക്കെ സ്പോട്സുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും കയ്യോ കാലോ ഉളുക്കുമ്പോഴും അത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും തിരുമ്മുന്നതിന് കൂടെയുള്ളവരെ സഹായിക്കാൻ സാധിച്ചിട്ടുണ്ട്” അച്ചൻ പറയുന്നു. 2016 ൽ ആയിരുന്നു അച്ചൻ തിരുപ്പട്ടം സ്വീകരിച്ചത്.

മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക, അതുവഴി ആത്മീയ വളർച്ച പ്രാപിക്കുക 

ഏറ്റവും നല്ല വ്യായാമം ആയി നാം കരുതപ്പെടുന്നത് നീന്തലാണ്. അതിന് സമാനമാണ് കളരിപ്പയറ്റിലെ ചിലമ്പാട്ടം അല്ലെങ്കിൽ വടി കറക്ക്. പതിനഞ്ചു മിനിറ്റ് ഈ അഭ്യാസം ചെയ്യുകയാണെങ്കിൽ ശരീരത്തിന് നല്ല വ്യായാമം ലഭിക്കും. എല്ലാ നാഡീഞരമ്പുകളിലും കൃത്യമായി വഴക്കവും ആയാസവും ലഭിക്കും. ഇത് വളരെ മികച്ച ഒരു വ്യായാമ മുറയും കൂടിയാണ്. ജോബി അച്ചൻ നിരന്തരം പരിശീലനം നടത്തുന്നില്ലെങ്കിലും പറ്റുമ്പോഴൊക്കെ വ്യായാമത്തിന്റെ ഭാഗമായി അത് തുടരുന്നു.

“നല്ല മാനസിക ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ നന്നായി പ്രാർഥിക്കാൻ സാധിക്കൂ. നല്ല പോസിറ്റിവിറ്റി കിട്ടുന്നത് ശാരീരികമായ ചില അഭ്യാസങ്ങളിലൂടെയാണ്. ശാരീരിക വ്യായാമം, നല്ല ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്. മികച്ച രീതിയിൽ ആരോഗ്യം സംരക്ഷിക്കപ്പെടുമ്പോൾ അത് ആധ്യാത്മിക വളർച്ചയ്ക്കും സഹായകമായി മാറുന്നു. രണ്ടാമത്തെ കാര്യം, സെമിനാരി കാലഘട്ടത്തിൽ മുതൽ പരിശീലിക്കുന്ന ഒന്നാണ് മെഡിറ്റേഷൻ അല്ലെങ്കിൽ ധ്യാനം. ധ്യാനസമയത്ത് മാത്രമല്ല ഏത് കാര്യങ്ങളും ഭൂമിയിൽ നമ്മൾ ചെയ്യണമെങ്കിൽ അതിന് ഏകാഗ്രത വളരെ അത്യാവശ്യമാണ്. ഏകാഗ്രത കൂടുവാൻ ഏറ്റവും നല്ല മാർഗ്ഗം മെഡിറ്റേഷൻ ആണ്. കരാട്ടെ, കളരി ഇവയുടെയൊക്കെ തുടക്കം ഒരു മെഡിറ്റേഷനോട് കൂടിയാണ്. ഇവയൊക്കെ നമ്മിൽ ഉറപ്പിച്ചു തരുന്ന ഒന്നാണ് ശാന്തയിൽ ഇരിക്കാനും മനസിനെ ഏകഗ്രമാക്കാനും സഹായിക്കുക എന്നത്. ശാന്തതയിലൂടെ മനസിനെ സെറ്റ് ചെയ്യാനാണ് കരാട്ടെ പഠിപ്പിക്കുമ്പോൾ പറയുന്നത്.

‘ശാന്തമാകുക, ഞാൻ ദൈവമാണെന്ന് അറിയുക’ എന്ന് ബൈബിളും പഠിപ്പിക്കുന്നു. ആന്തരിക നിശ്ശബ്ദത വളർത്തുവാൻ ഈ ആയോധനകലകൾ നമ്മെ സഹായിക്കും. യാഥാർത്ഥത്തിൽ നോക്കുമ്പോൾ നേർ വിപരീതമെന്നു തോന്നാം. കാരണം, ഒരാൾ ചാടി മറഞ്ഞു ആയുധങ്ങൾ വെച്ചുകൊണ്ട് ഇത്രയും കാര്യങ്ങൾ ചെയ്യുന്നു. എന്നാൽ ഇവ യഥാർത്ഥത്തിൽ ഒരാളെ ആന്തരിക നിശ്ശബ്ദതയിലേക്ക് നയിക്കുന്നു. കാരണം, കരാട്ടെ, കളരിപ്പയറ്റ് ഇവയൊക്കെ വളരെയേറെ സൂക്ഷ്മത ആവശ്യമുള്ള കലയാണ്. ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ അത്രമാത്രം ശ്രദ്ധ നമുക്ക് ആവശ്യമാണ്. ആ മേഖലയിൽ നാം പരിശീലനം നടത്തുമ്പോൾ ഏകാഗ്രത വർദ്ധിക്കുന്നു. അങ്ങനെ ക്രമേണ അത് നമ്മുടെ ജീവിതത്തിന്റെയും ഭാഗമാകുന്നു. എല്ലാം ശ്രദ്ധയോടെ ചെയ്യുന്നതിലേക്ക് അത് നമ്മെ നയിക്കുന്നു. അത് നമ്മളെ ആന്തരിക നിശ്ശബ്ദതയിലേക്ക് നയിക്കും. നമുക്ക് ശാന്തത ലഭിക്കുകയും നമ്മുടെ ദേഷ്യത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.” ആധ്യാത്മിക വളർച്ചയ്ക്കും മാനസിക ആരോഗ്യത്തിനും ആയോധനകലകൾ എങ്ങനെ സഹായിക്കുമെന്ന് അദ്ദേഹം വിശദമാക്കി.

പരിശീലനത്തിന് ഒരു ദിവസം 15 മിനിറ്റ് സമയമാണ് സാധാരണ അച്ചൻ എടുക്കുന്നത്. എന്തൊക്കെ തിരക്കാണെങ്കിലും രാവിലെയോ വൈകിട്ടോ 15 മിനിറ്റ് സമയം അച്ചൻ ഇതിനായി കണ്ടെത്താറുണ്ട്. സ്‌കൂളിലെ പ്രിൻസിപ്പൽ ആയതിനാൽ ഇത്തരം ആയോധന കലകളിലേയ്ക്ക് കുട്ടികളെയും എത്തിക്കുവാൻ അദ്ദേഹം ശ്രമിക്കുന്നു. കരാട്ടെ, തായ്‌ക്വോണ്ടോ, കുങ്ഫു, യോഗാ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സ്‌കൂളിൽ പരിശീലനം നൽകിവരുന്നുണ്ട്. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിസിന്റെ ഭാഗമായിട്ടാണ് ഇത്. എന്നാൽ കുട്ടികൾക്ക് കളരിപ്പയറ്റിൽ പരിശീലനം കൊടുക്കുന്നില്ല. ആയുധങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസം ആയതിനാൽ കളരിപ്പയറ്റിന് പരിശീലനം കൊടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

കളരി, കരാട്ടെ അച്ചനെ ലോകം അറിയാൻ തുടങ്ങിയത്

ചിൽഡ്രൻസ് ഡേ യോട് അനുബന്ധിച്ച് സെന്റ് മേരീസ് സെൻട്രൽ സ്‌കൂളിൽ ഒരു പതിവുണ്ട്. അന്നേദിനം കുട്ടികളെ അതിഥികളായി ഇരുത്തിക്കൊണ്ട് അധ്യാപകർ മാത്രം പ്രോഗ്രാമുകൾ ചെയ്യും. അധ്യാപക ദിനത്തിൽ അധ്യാപകർ അതിഥികളാണ്. അന്ന് കുട്ടികൾ പ്രോഗ്രാം ചെയ്യും. ചിൽഡ്രൻസ് ഡേയുടെ ഭാഗമായി എല്ലാ അധ്യാപകരും എന്തെങ്കിലുമൊക്കെ ചെയ്യണം. എല്ലാവരും അന്നേദിനം സ്റ്റേജിൽ കയറുകയും വേണം. ആദ്യം അധ്യാപകരുടെ കൂടെ ഡാൻസ് ചെയ്യാമെന്നാണ് കരുതിയത്. എന്നാൽ അതിനാവശ്യമായ പരിശീലനം നടത്താനൊന്നും സാധിക്കുമായിരുന്നില്ല. അപ്പോൾ വ്യക്തിഗതമായ ഒരു പ്രോഗ്രാം ചെയ്യാം എന്നതിലേക്കായി തീരുമാനം. കരാട്ടെയും കളരിപ്പയറ്റുമൊക്കെ  പരിശീലനം നടത്താറുള്ളത് സ്‌കൂളിലെ ചുരുക്കം ചിലർ മാത്രമേ കണ്ടിട്ടുള്ളൂ. ചില അധ്യാപകരും പ്ലസ് ടു വിലെ കുട്ടികളും കളരിപ്പയറ്റ് അഭ്യാസം ചെയ്യാൻ ജോബി അച്ചനെ നിർബന്ധിച്ചു. അങ്ങനെ എല്ലാവരും കൂടി പറഞ്ഞപ്പോൾ പിള്ളേർക്ക് സന്തോഷമാകുമല്ലോ എന്ന് കരുതിയാണ് അച്ചൻ ചിൽഡ്രൻസ് ഡേയിൽ കളരി അഭ്യാസം ചെയ്തത്. പ്രോഗ്രാമുകളുടെ കൂട്ടത്തിൽ അതിന്റെ വീഡിയോയും ഉൾപ്പെട്ടിരുന്നു. സ്‌കൂളിലെ ചിൽഡ്രൻസ് ഡേ പ്രോഗ്രാമിനോട് അനുബന്ധിച്ചുള്ള സ്റ്റാറ്റസ് വീഡിയോ ഇറക്കിയപ്പോൾ അത് ക്ലാസ് ഗ്രൂപ്പിലും പലയിടങ്ങളിലും എത്തി. അങ്ങനെയാണ് അച്ചൻ ഒരു കളരി, കരാട്ടെ അഭ്യാസിയാണെന്ന് പുറംലോകം അറിയുന്നതും അച്ചൻ വൈറലാകുന്നതും.

‘എന്റെ പാഷൻ ബൈബിളും വിശുദ്ധ കുർബാനയുമാണ്’

“ഇപ്പോൾ ഇത് എനിക്കൊരു പാഷനല്ല. എന്റെ പാഷൻ ബൈബിളും വിശുദ്ധ കുർബാനയുമാണ്. എല്ലാദിവസവും മാക്സിമം ഒരു മണിക്കൂർ ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ആരാധനക്ക് ഇരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതാണ് ശരിക്കും എന്റെ ശക്തി. കളരിപ്പയറ്റ് ശക്തിയാണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ശക്തി എന്നൊന്നും പറയാനില്ല. ശക്തിയിലേക്ക് നയിക്കുവാൻ വേണ്ട പാത ഒരുക്കുന്ന ഒരു ഘടകം മാത്രമാണിത്. യഥാർഥ ശക്തി എന്ന് പറയുന്നത് ദിവ്യകാരുണ്യമാണ്. ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ഇരുന്നുകൊണ്ട് പ്രാർഥിക്കാൻ സാധിക്കുക, ജപമാല ചൊല്ലുക, ബൈബിൾ വായിക്കുക അതാണ് ശക്തി.” തന്റെ യഥാർഥ ബലമെന്താണെന്ന് ജോബി അച്ചൻ വെളിപ്പെടുത്തുന്നു.

വ്യായാമം എന്ന രീതിയിൽ ഈ ആയോധനകലകൾ ജീവിതത്തിന്റെ ഭാഗമാക്കുവാൻ തന്നെയാണ് തീരുമാനം. കളരി, കരാട്ടെ പരിശീലനം മുൻപോട്ട് കൊണ്ടുപോകുക തന്നെ ചെയ്യും ഈ വൈദികൻ. അദ്ദേഹത്തിന് കൂടെ ഒരു ആഗ്രഹവും കൂടിയുണ്ട്. തമിഴ്നാട് ചിലമ്പാട്ടം പഠിക്കണമെന്നാണത്. അത് കളരിപ്പയറ്റിന്റെ മറ്റൊരു വേർഷൻ ആണ്. കളരിയും കരാട്ടെയും കൈപ്പിടിയിൽ ഉള്ളപ്പോഴും അച്ചന്റെ ബലം വിശുദ്ധ കുർബാനയും വിശുദ്ധ ഗ്രന്ഥവുമാണ്. അതാണ് മറ്റുള്ള ആയോധനകലാ അഭ്യാസികളിൽ നിന്നും ഈ വൈദികൻ വ്യത്യസ്തനാകുന്നത്.

ആയോധനകലയിലൂടെ, ആധ്യാത്മിക ജീവിതത്തെ രൂപപ്പെടുത്തുവാൻ സഹായിക്കുന്ന മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കും എന്ന് ഈ വൈദികൻ തന്റെ ജീവിതത്തിലെ അനുഭവത്തിലൂടെ തന്നെയാണ് വെളിപ്പെടുത്തുന്നത്. കായികവും കലാപരവുമായ കഴിവുകളൊന്നും ദൈവത്തിലേക്കുള്ള വളർച്ചയ്ക്ക് ഒരു തടസ്സമാകുന്നില്ല. അതിനൊരു മികച്ച ഉദാഹരണമാണ് ഈ വൈദികൻ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.