84 വയസ് പൂർത്തിയായ ഫാ. ആൽബർട്ട് ബൗഡൗഡ് പാപുവ ന്യൂ ഗിനിയയിലെ ഏറ്റവും പ്രായമേറിയ മിഷനറി വൈദികനാണ്. 1968-ൽ ആണ് അദ്ദേഹം പാപ്പുവ ന്യൂ ഗിനിയയിൽ എത്തിയത്. ഫ്രാൻസിൽ നിന്നും മിഷനറി പ്രവർത്തനങ്ങൾക്കായി 28-ാം വയസ്സിൽ പാപുവ ന്യൂ ഗിനിയയിൽ എത്തിയ ഈ വൈദികൻ, ഇപ്പോൾ തന്റെ മാതൃഭാഷയായ ഫ്രഞ്ചുപോലും മറന്നുപോയി.
ഫ്രാൻസിലെ ലെസ് ഹെർബിയേഴ്സിലെ രൂപത സെമിനാരിയിൽ ആയിരുന്ന ആൽബർട്ട് അപ്രതീക്ഷമായിട്ടാണ് ഒരു മിഷനറിയെ കണ്ടുമുട്ടിയത്. ആ കണ്ടുമുട്ടൽ സാഹസികതയെക്കുറിച്ച് സ്വപ്നം കാണാൻ ആൽബർട്ടിനെ പ്രേരിപ്പിച്ചു. രണ്ട് വർഷത്തിന് ശേഷം, രൂപതാ സെമിനാരിയിൽ നിന്നും അദ്ദേഹം ഇസ്സോഡൂണിലെ മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് സന്യാസ സമൂഹത്തിൽ ചേരുകയും 1967-ൽ വൈദികനായി അഭിഷിക്തനാവുകയും ചെയ്തു.
പാരീസ് നഗരത്തിലെ പ്ലെയിൻ സെന്റെഡെനിസിൽ ഒരു വർഷം അജപാലന ശുശ്രൂഷ ചെയ്യാൻ അധികാരികൾ അദ്ദേഹത്തെ അയച്ചു. അവിടെയൊരു ‘മിഷനറി അന്തരീക്ഷം’ ഉണ്ടായിരുന്നു. ഒരു വർഷത്തിന് ശേഷം പാപ്പുവ ന്യൂ ഗിനിയയിലേക്ക് മിഷനറിയായി പോകാൻ ഫാ. ആൽബർട്ടിനോട് സഭാധികാരികൾ നിർദ്ദേശിച്ചു. അദ്ദേഹം ഉടൻ തന്നെ യാത്രയ്ക്കായി തന്റെ മിഷൻ ബാഗ് ഒരുക്കി. ഉദ്ദേശിച്ചതിലും നേരത്തെ അദ്ദേഹം ഇംഗ്ലീഷ് പഠനം പൂർത്തിയാക്കി. അങ്ങനെ ഫ്രാൻസിൽ നിന്നും കപ്പൽമാർഗം അദ്ദേഹം പാപ്പുവ ന്യൂ ഗിനിയയിലേക്ക് യാത്രയായി. 45 ദിവസത്തെ നീണ്ട യാത്രയായിരുന്നു അത്. അവിടെ ചെന്നിട്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് അവധിക്കായി പിന്നീട് അദ്ദേഹം തന്റെ മാതൃരാജ്യത്തിൽ തിരിച്ചെത്തിയത്. പക്ഷേ അദ്ദേഹത്തിന് അതിൽ ഖേദമൊന്നുമില്ല. “ഞാൻ സ്വമേധയാ ആണ് മിഷനറിയായി ഈ രാജ്യത്തിലേക്ക് വന്നത്. ജനങ്ങളുമായി അടുത്ത് ജീവിച്ചുകൊണ്ട് ഞാൻ പാപ്പുവ ന്യൂ ഗിനിയ എന്റെ രാജ്യമാക്കി,” ഫാ. ആൽബർട്ട് പറയുന്നു.
ബഹുഭാഷാ മിഷനറി
പ്രാദേശിക ഭാഷകൾ കണക്കിലെടുക്കാതെ പാപ്പുവ ന്യൂ ഗിനിയയിൽ 800-ലധികം വ്യത്യസ്ത ഭാഷകളുണ്ട്. ഗ്രാമങ്ങൾ തോറും കയറിയിറങ്ങി ഫാ. ആൽബർട്ട് പല ഭാഷകളും പഠിച്ചു. അവിടുത്തെ ആളുകളോട് ഇണങ്ങിച്ചേരാൻ, അവരെപ്പോലെ ജീവിക്കുവാൻ അദ്ദേഹം ശ്രമിച്ചു. ചെളിയും കല്ലും നിറഞ്ഞ പ്രദേശത്തിലൂടെ അദ്ദേഹം കാൽനടയായി യാത്രചെയ്തുകൊണ്ട് ക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചു. വിദൂര ഗ്രാമങ്ങളിലേക്ക് പോലും അദ്ദേഹം സുവിശേഷം അറിയിക്കാനും വിശുദ്ധ കുർബാന അർപ്പിക്കാനുമായി ഫാ. ആൽബർട്ട് യാത്ര തിരിച്ചു. ആ യാത്രയിൽ നിറയെ പാമ്പുകൾ ഉള്ള പ്രദേശവും ഉണ്ടായിരുന്നു. ചിലപ്പോൾ പാമ്പുകടിയും ഏൽക്കേണ്ടി വന്നതായി അദ്ദേഹം ഓർമ്മിക്കുന്നു. ഓരോ ഗ്രാമത്തിലും വിശുദ്ധ കുർബാന അർപ്പിച്ചും കൂദാശകൾ നൽകിയും അദ്ദേഹം ദിവസങ്ങളോളം ചെലവഴിച്ചു. നിരവധിപ്പേർക്ക് മാമ്മോദീസ നൽകി.
വർഷങ്ങൾ നീണ്ട സേവനങ്ങൾക്കു ശേഷം ഇപ്പോൾ ഫാ. ആൽബർട്ട് വിശ്രമ ജീവിതം നയിക്കുകയാണ്; അതും പാപ്പുവ ന്യൂ ഗിനിയയിൽ തന്നെ. ജീവിതത്തിന്റെ ഭൂരിഭാഗവും പാപ്പുവ ന്യൂ ഗിനിയയിൽ തന്നെ, മിഷനറിയായ അദ്ദേഹം മാതൃരാജ്യത്തിലേക്ക് തിരികെ പോയിട്ടില്ല. തന്നെ സമീപിക്കുന്നവർക്ക് ക്രിസ്തുവിന്റെ സാക്ഷ്യം പകരുവാൻ പുഞ്ചിരിലൂടെയും വാക്കിലൂടെയും അദ്ദേഹം ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.