വി. ബ്രിജിത്തിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍

1. ആരായിരുന്നു വി. ബ്രിജിത്ത്

അയര്‍ലണ്ടിലെ കില്‍ഡെയര്‍ കൗണ്ടിയിലെ ആദ്യ ആശ്രമത്തിന്റെ സ്ഥാപകയാണ് എ.ഡി 450-ല്‍ ജനിച്ച വി. ബ്രിജിത്ത്. അമ്മ ക്രിസ്ത്യാനിയും പിതാവ് അന്യമതസ്ഥനുമായിരുന്നു. വി. പാത്രിക്കിന്റെ സഹായത്താല്‍ ബ്രിജിത്ത് അവസാനകാലത്ത് തന്റെ പിതാവിനെയും ക്രിസ്തുവിശ്വാസത്തിലേക്ക് എത്തിച്ചു.

2. അയര്‍ലണ്ടിന്റെ വിശുദ്ധ

ഐറിഷിന്റെ മാതാവ് എന്നുകൂടി വി. ബ്രിജിത്ത് അറിയപ്പെടുന്നു. അയര്‍ലണ്ടിന്റെ മധ്യസ്ഥയായും അറിയപ്പെടുന്നു.

3. ഉറച്ച തീരുമാനം

ചെറുപ്പത്തില്‍തന്നെ മഠത്തില്‍ ചേരാനുള്ള ആഗ്രഹം വിശുദ്ധ അറിയിച്ചെങ്കിലും, അവളെ ധനികനായ ഒരു വ്യക്തിക്ക് വിവാഹം ചെയ്തുനല്‍കാന്‍ അവളുടെ പിതാവ് തീരുമാനിച്ചു. അതോടെ തന്റെ സൗന്ദര്യം തിരിച്ചെടുത്ത് ഈ വിവാഹത്തില്‍നിന്ന് തന്നെ രക്ഷിക്കണമെന്ന് അവള്‍ ദൈവത്തോടു പ്രാർഥിച്ചു. അധികം വൈകാതെ പിതാവിന്റെ മനസ്സുമാറി അവളെ അദ്ദേഹം കോണ്‍വന്റിലേക്ക് അയച്ചു.

വിശുദ്ധയുടെ സൗന്ദര്യത്തില്‍ കുറവു വന്നില്ലെന്നുമാത്രമല്ല, അവള്‍ കൂടുതല്‍ സുന്ദരിയാവുകയും ചെയ്തു. പിന്നീട് അവള്‍ പിതാവിനോട്, കോണ്‍വെന്റ് പണിയാനായി കുറച്ചു സ്ഥലം ചോദിച്ചു. നിന്റെ മേലങ്കിയുടെ അളവില്‍മാത്രമേ സ്ഥലം തരികയുള്ളൂ എന്നുപറഞ്ഞ് അദ്ദേഹം അവളെ പരിഹസിച്ചു. അതു സമ്മതിച്ച് മേലങ്കിക്കു തുല്യമായി സ്ഥലം അളന്നുതുടങ്ങിയപ്പോള്‍ ഏക്കറുകണക്കിനു സ്ഥലത്തേക്ക് വിശുദ്ധയുടെ വസ്ത്രം നീണ്ട സംഭവവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

4. കുരിശിന്റെ കഥ

തന്റെ പിതാവിന്റെ അന്ത്യനിമിഷത്തില്‍ വിശുദ്ധ, അദ്ദേഹത്തിന്റെ അരികിലിരുന്ന് വിശ്വാസത്തെപ്പറ്റിയും ക്രിസ്തുവിന്റെ കുരിശിന്റെ മഹിമയെക്കുറിച്ചും ധാരാളം സംസാരിക്കുകയുണ്ടായി. കൂടാതെ, മുറ്റത്തുനിന്ന് കുറച്ചു പുല്ലുകള്‍ പറിച്ച് ഒരു കുരിശുരൂപം ഉണ്ടാക്കി അദ്ദേഹത്തിന്റെ മുറിയില്‍വയ്ക്കുകയും ചെയ്തു. ആ സമയത്തുതന്നെ അദ്ദേഹം മാമ്മോദീസാ ആവശ്യപ്പെടുകയും കൂദാശ സ്വീകരിച്ച് മരണംവരിക്കുകയും ചെയ്തു.

ഈ സംഭവം പ്രചരിച്ചതോടെ ദേശത്തുള്ളവരെല്ലാം പ്രിയപ്പെട്ടവരുടെ അന്ത്യസമയങ്ങളിലും കുരിശുരൂപം ഉണ്ടാക്കി മുറിയില്‍വയ്ക്കുന്ന പതിവ് ഉണ്ടായി. വി. ബ്രിജിത്തിന്റെ പേരില്‍ത്തന്നെ ആ ആചാരം തുടരുകയും ചെയ്യുന്നു.

5. സംസ്‌കാരം

75-ാമത്തെ വയസിലാണ് വിശുദ്ധ മരണമടഞ്ഞത്. അവര്‍തന്നെ നേതൃത്വംകൊടുത്തു പണിത ദൈവാലയത്തിലാണ് വിശുദ്ധയെ സംസ്‌കരിച്ചത്. പിന്നീട് ഭൗതികാവശിഷ്ടങ്ങള്‍ ഡൗണ്‍പാട്രിക്കില്‍ വി. പാട്രിക്കിന്റേതിനൊപ്പം സംസ്‌കരിച്ചു. തലയോട്ടിയുടെ തിരുശേഷിപ്പ് ഇപ്പോഴും ലിസ്ബണില്‍ സൂക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.