രോഗംമൂലം ദൈവത്തിലേക്ക് അടുത്ത അഞ്ചു വിശുദ്ധർ

ശാരീരിക കഷ്ടപ്പാടുകളിലൂടെ ദൈവത്തിലേക്ക് അടുക്കുകയും പിന്നീട് വിശുദ്ധരായിത്തീരുകയും ചെയ്തവരുണ്ട്. രോഗവും ശാരീരികബുദ്ധിമുട്ടുകളും ദൈവത്തിലേക്ക് അടുപ്പിച്ച അഞ്ചു വിശുദ്ധരെ പരിചയപ്പെടാം.

1. വി. ഇഗ്നേഷ്യസ് ലയോള

വി. ഇഗ്നേഷ്യസിന് ഏകദേശം 20 വയസ്സുള്ളപ്പോൾ യുദ്ധത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും അദ്ദേഹത്തിന്റെ വലതുകാൽ ഒടിയുകയും ചെയ്തു. പിതാവിന്റെ കൊട്ടാരത്തിലേക്കു മടങ്ങിയെത്തിയ അദ്ദേഹം കാലുകൾ നന്നാക്കാൻ നിരവധി ശസ്ത്രക്രിയകൾക്കു വിധേയനായി. ഇതെല്ലാം അനസ്തേഷ്യയ്ക്കുമുമ്പുള്ള ഒരു കാലഘട്ടത്തിലാണ്. ഓപ്പറേഷനുകൾ അദ്ദേഹത്തിന്റെ വലതുകാൽ മറ്റേതിനേക്കാൾ ചെറുതാക്കി. അങ്ങനെ അദ്ദേഹം ആജീവനാന്തം അംഗവൈകല്യമുള്ള വ്യക്തിയായിമാറി. അതിനാൽ അദ്ദേഹത്തിന് സൈനികജീവിതം അവസാനിപ്പിക്കേണ്ടിവന്നു.

ഇഗ്നേഷ്യസ് എന്ന യുവസൈനികനെ സംബന്ധിച്ചിടത്തോളം അതൊരു ഇരുണ്ട സമയമായിരുന്നു. എന്നാൽ, ദൈവത്തിന് അദ്ദേഹത്തെക്കുറിച്ച് വലിയ പദ്ധതികളുണ്ടായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് സുഖം പ്രാപിച്ചതിനുശേഷം ഇഗ്‌നേഷ്യസ് ഒരു ആത്മീയപരിവർത്തനത്തിനു വിധേയമാകുകയും തന്റെ ദൈവവിളി തിരിച്ചറിയുകയും ചെയ്തു.

2. വി. അന്ന ഷാഫർ

വി. അന്ന ഷാഫർ, ഒരു യുവതിയായിരിക്കെ അലക്കുശാലയിൽ ജോലിചെയ്യുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു. 30-ലധികം ശസ്ത്രക്രിയകൾ നടത്തിയിട്ടും അവൾ പൂർണ്ണമായും ചലനരഹിതയായി ജീവിതകാലം മുഴുവൻ നിരന്തരമായ വേദനയോടെ ജീവിച്ചു. അങ്ങനെ ഒരു സന്യാസിനിയാകാനുള്ള അവളുടെ ദീർഘകാല സ്വപ്നം ഉപേക്ഷിക്കാൻ അവൾ നിർബന്ധിതയായി.

അന്ന ഒരിക്കലും അവളുടെ ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുത്തിയില്ല, നിരന്തരമായ കഷ്ടപ്പാടുകൾ അനുഭവിക്കുന്നതിനിടയിൽ അവളുടെ വിശ്വാസത്തിൽ കൂടുതൽ അർപ്പണബോധമുള്ളവളായിത്തീർന്നു. അവൾക്ക് പലപ്പോഴും ഉറങ്ങാൻ കഴിഞ്ഞില്ല. പക്ഷേ, അവൾ ക്രിസ്തുവിനോടുള്ള ആരാധനയും മറിയത്തോടുള്ള ഭക്തിയും പ്രകടിപ്പിക്കുന്നത് തുടർന്നു. നല്ല മനോഭാവം അന്നയെ ആ നഗരത്തിലെ പ്രിയപ്പെട്ട വ്യക്തിയാക്കി. വിശ്വാസപരമായ വാക്കുകൾ കേൾക്കാൻ ആളുകൾ പലപ്പോഴും അവളെ സന്ദർശിക്കുമായിരുന്നു. 2012-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്ന ഷാഫറിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

3. വി. കാമില്ലസ് ഡി ലെല്ലിസ്

നിയന്ത്രിക്കാൻ കഴിയാത്ത കോപവും പെരുമാറ്റശാലിയുമുള്ള ഒരു സൈനികനായിരുന്നു വി. കാമിലസ് ഡി ലെല്ലിസ്. എന്നാൽ, ഒരു കത്തോലിക്കാ ആശുപത്രിയിലെ താമസവും കപ്പൂച്ചിൻ വൈദികന്റെ ശുശ്രൂഷയും അദ്ദേഹത്തെ മറ്റൊരു ജീവിതരീതിയിലേക്ക് കൊണ്ടുവന്നു. സന്യാസാശ്രമത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും വിട്ടുമാറാത്ത അസുഖങ്ങൾ കാരണം നിരസിക്കപ്പെട്ടു.

1500-കളിൽ രോഗികളുടെ പരിചരണം എങ്ങനെയായിരുന്നുവെന്ന് നന്നായി അറിയാമായിരുന്നതിനാൽ, രോഗികളുടെയും മരിക്കുന്നവരുടെയും ജീവകാരുണ്യശുശ്രൂഷയിൽ പങ്കുപറ്റാൻ നാലാമതൊരു വ്രതമെടുത്ത് ഒരു ഓർഡർ സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതിനായി അദ്ദേഹത്തെ പ്രേരിപ്പിച്ചത് സ്വന്തം അനുഭവങ്ങൾ തന്നെയായിരുന്നു.

വിട്ടുമാറാത്ത ഒന്നിലധികം അസുഖങ്ങൾ ഉണ്ടായിരുന്നിട്ടും, അദ്ദേഹം പൗരോഹിത്യപഠനം പൂർത്തിയാക്കി. ഇറ്റലിയിലുടനീളം തന്റെ ഓർഡർ സ്ഥാപിച്ച്  രോഗികളുടെയും മരിക്കുന്നവരുടെയും വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കാൻ സമയം ചെലവഴിച്ചു. ഇന്ന് നമുക്ക് സുപരിചിതമായ ‘റെഡ് ക്രോസ്സ്’ എന്ന ചിഹ്നം രോഗീപരിചരണത്തിനായി ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്. 1746-ൽ ബെനഡിക്ട് പതിനാലാമൻ മാർപാപ്പ കാമിലസ് ഡി ലെല്ലിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

4. വാഴ്ത്തപ്പെട്ട ബെനെഡെറ്റ ബിയാങ്കി പോറോ

മിടുക്കിയും ജനപ്രിയവുമായ ഒരു മെഡിക്കൽ വിദ്യാർഥിയായിരുന്ന ബെനെഡെറ്റ ബിയാങ്കി പോറോ. അവൾക്ക് ഒരു അപൂർവ ജനിതകരോഗമായിരുന്നു. ഈ രോഗം അവളുടെ അഞ്ച് ഇന്ദ്രിയങ്ങളെയും നശിപ്പിച്ചു. എന്നിട്ടും, അവൾ ആ വൈകല്യത്തെ ധീരതയോടെ അഭിമുഖീകരിക്കുകയും നിരവധി ശസ്‌ത്രക്രിയകൾക്കു വിധേയയാകുകയും ചെയ്തു.

അടുത്ത ഏഴുവർഷത്തിനുള്ളിൽ അവൾക്ക് കേൾവിയും കാഴ്ചയും നഷ്ടപ്പെട്ടു. പിന്നീട് അവളുടെ കാലുകളുടെ സ്വാധീനവും നഷ്ടമായി. ഒടുവിൽ, അവൾക്ക് അവളുടെ ഇടതുകൈയല്ലാതെ മറ്റൊന്നും ചലിപ്പിക്കാനായില്ല. അവളുടെ കവിളിൽ ഒപ്പിട്ട അക്ഷരങ്ങളിലൂടെ മാത്രമേ ആശയവിനിമയം ലഭിക്കൂ. അവൾ ആത്മീയ അന്ധകാരത്തോടും നിരാശയിലേക്കുള്ള പ്രലോഭനത്തോടും ശക്തമായി പോരാടി. പക്ഷേ, അവസാനം സന്തോഷം കണ്ടെത്തി.

ബിയാങ്കി പോറോ 1964-ൽ 27-ാം വയസ്സിൽ മരിച്ചു. അവളുടെ മരണത്തിനുമുമ്പുള്ള വർഷങ്ങളിൽ, അവളുടെ വിശുദ്ധിയെയും ദൈവസ്നേഹത്തെയും കുറിച്ചുള്ള വാക്കുകൾ പ്രചരിച്ചപ്പോൾ നിരവധി ആളുകൾ അവളെ സന്ദർശിച്ചു.

5. വി. മാക്സിമില്യൺ കോൾബെ

ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ വിവാഹിതനായ പിതാവിനു പകരം ജീവൻ ബലിയർപ്പിക്കുന്ന നിസ്വാർഥ പ്രവർത്തനത്തിലൂടെയാണ് വി. മാക്സിമില്യൺ കോൾബെ കൂടുതൽ അറിയപ്പെടുന്നത്. എന്നാൽ, അതിനുമുൻപേ തന്നെ അദ്ദേഹത്തിന്റെ വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിച്ചതാണ്. വാർസോയ്ക്കു  സമീപമുള്ള നീപോകലാനോവ് ആശ്രമത്തിൽ ആയിരുന്നപ്പോൾ ക്ഷയരോഗം അദ്ദേഹത്തെ ബാധിച്ചു. എങ്കിലും, തന്റെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും പോലെ, ഫാ. കോൾബെ തന്റെ രോഗത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.