കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 487 നമ്പറിൽ “മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസത്തിൽ അധിഷ്ഠിതമാണ്. മറ്റൊരു വിധത്തിൽ മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസത്തെ കൂടുതൽ പ്രകാശിപ്പിക്കുന്നു” എന്നു പഠിപ്പിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തെപ്പറ്റി നാല് മരിയൻ പ്രബോധനങ്ങൾ (ഡോഗ്മകളാണ്) തിരുസഭയിലുള്ളത്.
മറിയം ദൈവമാതാവ്, മറിയം നിത്യകന്യക, മറിയം അമലോത്ഭവ, മറിയം സ്വർഗാരോപിത
ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തേതുമായ മരിയൻ ഡോഗ്മയാണ് മറിയത്തിന്റെ ദൈവമാതൃത്വം. ഒന്നാം നൂറ്റാണ്ടുമുതൽ ഈ വിശ്വാസം സഭാപാരമ്പര്യത്തിൽ ഉത്ഭവിച്ചു. റോമിലെ മെത്രാനായിരുന്ന ഹിപ്പോളിറ്റസാണ് മറിയത്തെ ദൈവമാതാവ് എന്ന് ആദ്യം വിശേഷിപ്പിച്ചത്. ക്രിസ്തീയപാരമ്പര്യത്തിലെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതുമായ മരിയൻതിരുനാളാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ. പുതുവർഷം സഭ ആരംഭിക്കുന്നതുതന്നെ മറിയത്തിന്റെ ഈ ദൈവമാതൃത്വം ആഘോഷമായി പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ്.
ജനുവരി ഒന്ന് ദൈവമാതാവിന്റെ തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കാൻ തുടങ്ങയത് 1970 -ൽ പോൾ ആറാമൻ പാപ്പയുടെ കാലംമുതലാണ്. അതിനുമുമ്പ് ഒക്ടോബർ പതിനൊന്നാം തീയതിയാണ് ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഘോഷപൂർവമായ ആരംഭത്തിനു തിരഞ്ഞെടുത്ത ദിനം 1962 ഒക്ടോബർ 11 ആയിരുന്നു.
പോൾ ആറാമൻ പാപ്പയുടെ, പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള മരിയാലിസ് കുൾത്തൂസ് (Marislis Cultus) എന്ന ചാക്രികലേഖനത്തിലൂടെ, റോം നഗരത്തിലെ പുരാതനമായ ആരാധനക്രമത്തിന് അനുസൃതമായി രക്ഷാകരരഹസ്യത്തിൽ മറിയം വഹിച്ച പങ്കിനെ അനുസ്മരിക്കാൻ ജനുവരി ഒന്നാം തീയതി ഈ തിരുനാൾ ആഘോഷിക്കാൻ പാപ്പ തീരുമാനിച്ചു. യേശുവും മറിയവും തമ്മിലുള്ള ബന്ധത്തെയാണ് ഈ തിരുനാൾ വെളിപ്പെടുത്തുക. ജനുവരി ഒന്നാം തീയതി തന്നെ സഭ ഈ തിരുനാൾ ആഘോഷിക്കുന്നത് ക്രിസ്തുവിന്റെയും സഭയുടെയും ജീവിതത്തിൽ മറിയത്തിനുള്ള പ്രാധാന്യം ഊന്നിപ്പറയുന്നതിനുവേണ്ടിയാണ്.
മറിയത്തിന്റെ ദൈവമാതൃത്വം സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചത് എ.ഡി. 431 -ലെ എഫേസോസ് സൂനഹദോസിൽ വച്ചാണ്. യേശുവിന്റെ അമ്മ എന്ന പദവി വിവരിക്കാൻ പല പേരുകളും മറിയത്തിന്റെ പേരിൽ ഉപയോഗിക്കുന്നുണ്ട്. അതിൽ ആദ്യത്തേത് ദൈവമാതാവ് എന്നതാണ്. ഗ്രീക്ക് ഭാഷയിൽ ഇത് തെയോട്ടോക്കോസ് (Theotokos) എന്നാണ്. അതായത് ‘ദൈവത്തിന് ജന്മം നൽകിയവൾ’ (Birthgiver of God) എന്നർഥം. എമ്മാനുവേൽ യഥാർഥ ദൈവമാണെന്നും അതുകൊണ്ട് പരിശുദ്ധ കന്യക ദൈവസംവാഹകയാണെന്നും ഏറ്റുപറയാത്തവനു ശാപമെന്നും എഫേസോസ് സൂനഹദോസ് പഠിപ്പിക്കുന്നു.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 495 നമ്പറിൽ മറിയത്തിന്റെ ദിവ്യമാതൃത്വത്തെപ്പറ്റി പഠിപ്പിക്കുന്നു. മറിയത്തെ സുവിശേഷകർ ‘ഈശോയുടെ അമ്മ’ എന്നു വിശേഷിപ്പിക്കുന്നു. ഏലീശ്വായാകട്ടെ, മറിയത്തിന്റെ പുത്രൻ ജനിക്കുന്നതിനുമുൻപുതന്നെ ആത്മാവിനാൽ പ്രചോദിതയായി, മറിയത്തെ “എന്റെ കർത്താവിന്റെ അമ്മ’ എന്നു പ്രകീർത്തിക്കുന്നു. വാസ്തവത്തിൽ, മറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ മനുഷ്യനായി അവതരിച്ചവൻ, ജഡപ്രകാരം യഥാർഥത്തിൽ മറിയത്തിന്റെ മകനായിത്തീർന്നവൻ, പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയും പിതാവിന്റെ നിത്യപുത്രനുമല്ലാതെ മറ്റാരുമല്ല. തന്നിമിത്തം തിരുസഭ ഉദ്ഘോഷിക്കുന്നു: മറിയം യഥാർഥത്തിൽ ദൈവത്തിന്റെ അമ്മയാണ്.”
ദൈവപുത്രൻ നൽകിയ അമ്മയാണ് മറിയം
മനുഷ്യരാശി മുഴുവന്റെയും മാതാവാകാൻ യേശു തന്റെ അമ്മയെ നമുക്കു നൽകി. പരിശുദ്ധ കന്യകാമറിയം യേശുവിന്റെ അമ്മയാണ്; അതുവഴി ദൈവത്തിന്റെ അമ്മയും. അവൾ ക്രിസ്തുവിന്റെ മൗതീകശരീരമായ സഭയുടെയും അമ്മയാണ്. അതിനാൽ മറിയത്തിന്റെ ദൗത്യവും സഭയുടെ ദൗത്യവും വേർതിരിക്കുക സാധ്യമല്ല. മനഷ്യരാശിയുടെ അമ്മ എന്ന നിലയിലുള്ള മറിയത്തിന്റെ പങ്ക് ഒരുതരത്തിലും ക്രിസ്തുവിനെ മറികടക്കുകയോ, അവന് എന്തെങ്കിലും കുറവു വരുത്തുകയോ ചെയ്യുന്നില്ല. മറിച്ച് മറിയത്തിന്റെ പങ്ക് ക്രിസ്തുവിന്റെ പങ്കിനെ കൂടുതൽ പ്രകാശമാനമാക്കുന്നു. കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം 147 നമ്പറിൽ വിശുദ്ധരുടെ ഇടയിൽ കന്യകാമറിയത്തിനുള്ള വിശിഷ്ടസ്ഥാനത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്: “മറിയം ദൈവമാതാവാണ്. അവൾ യേശുവുമായി ഭൂമിയിൽ അവഗാഢം ഐക്യപ്പെട്ടിരിക്കുന്നു. മറ്റൊരാളും അങ്ങനെ ഐക്യപ്പെട്ടിരുന്നില്ല. മറ്റൊരാൾക്കും അതും സാധ്യമായിരുന്നുമില്ല. ആ ഉറ്റബന്ധം സ്വർഗത്തിൽ ഇല്ലാതാകുന്നില്ല. മറിയം സ്വർഗറാണിയാണ്. അവളുടെ മാതൃത്വത്തിൽ നമ്മോട് ഏറ്റവും അടുത്തിരിക്കുന്നു.”
മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ ദിനത്തിൽ പരിശുദ്ധ മറിയത്തിൽനിന്നു പഠിക്കേണ്ടതായി വി. ജോൺ പോൾ പാപ്പ പറയുന്ന മൂന്നു കാര്യങ്ങൾ നമുക്ക് മനസ്സിൽ സൂക്ഷിക്കാം.
എല്ലാ കാര്യങ്ങളിലും ദൈവഹിതത്തിനു മുമ്പിൽ കീഴടങ്ങാനുള്ള മനസ്സ്.
എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതുമ്പോഴും ദൈവത്തിൽ ശരണപ്പെടാനുള്ള ഹൃദയവിശാലത.ദൈവപുത്രനും മറിയത്തിന്റെ മകനുമായ യേശുക്രിസ്തുവിനെ എങ്ങനെ സ്നേഹിക്കണമെന്നും.
ഫാ. ജയ്സൺ കുന്നേൽ MCBS