
1890 ഒക്ടോബർ 16-ന് ജനിച്ച് 1902 ജൂലൈ ആറിന് തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി രക്തസാക്ഷിയായിത്തീര്‍ന്ന വിശുദ്ധയാണ് മരിയ ഗൊരെത്തി. ജൂലൈ ആറിനാണ് തിരുസഭ വി. മരിയ ഗൊരെത്തിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളാണ് വി. മരിയ ഗൊരേത്തി. ഈ കാലഘട്ടത്തിന്റെ വിശുദ്ധയായ മരിയ ഗൊരെത്തിയുടെ ജീവിതത്തിലൂടെ നമുക്ക് കടന്നുപോകാം.
ഇറ്റലിയിലെ കൊറിനാള്‍ഡോ എന്ന സ്ഥലത്ത് 1890 ഒക്ടോബര്‍ 16-നാണ് മരിയ ഗൊരേത്തി ജനിച്ചത്. മാതാപിതാക്കളുടെ ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായിരുന്നു മരിയ. അവള്‍ക്ക് ആറു വയസ്സായപ്പോഴേക്കും അവരുടെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി വളരെയധികം മോശമാവുകയും കൃഷിസ്ഥലമെല്ലാം വിറ്റ് മറ്റു കര്‍ഷകര്‍ക്കു വേണ്ടി ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അധികം താമസിയാതെ മരിയയുടെ പിതാവ് രോഗബാധിതനാവുകയും മരിയക്ക് ഒന്‍പതു വയസ്സുള്ളപ്പോള്‍ മരണമടയുകയും ചെയ്തു.
അമ്മയും സഹോദരങ്ങളും പാടത്ത് ജോലി ചെയ്യുമ്പോള്‍ വീടു വൃത്തിയാക്കുകയും പാചകം ചെയ്യുകയും മറ്റും ചെയ്തിരുന്നത് മരിയയായിരുന്നു. വളരെ കഷ്ടത നിറഞ്ഞ ജീവിതമായിരുന്നെങ്കിലും മരിയയുടെ കുടുംബാംഗങ്ങളെല്ലാവരും വളരെ സ്നേഹത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ദൈവത്തിലുള്ള അഗാധമായ വിശ്വാസവും സ്നേഹവും അവര്‍ പങ്കുവച്ചു. പിന്നീട് അവര്‍ ലാസിയോ എന്ന സ്ഥലത്തേക്ക് താമസം മാറുകയും അവിടെ സെറിനെല്ലി എന്ന കുടുംബത്തിന്റെ കൂടെ അവരുടെ വീടിന്റെ ഒരു ഭാഗത്ത് താമസമാരംഭിക്കുകയും ചെയ്തു.
സെറിനെല്ലി കുടുംബത്തിലെ അലക്സാണ്ടര്‍ എന്ന പേരുള്ള പത്തൊന്പതുകാരന് മരിയയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ തന്റെയൊപ്പം ലൈംഗികമായി പാപം ചെയ്യാന്‍ പലതവണ ക്ഷണിച്ചു. എന്നാല്‍, അവള് ഒരിക്കലും അതിനു വഴങ്ങിയില്ല. ഒരു ദിവസം മരിയ തന്റെ മുറിയില്‍ തനിച്ചിരിക്കുമ്പോള്‍ അലക്സാണ്ടര്‍ അവിടേക്ക് കയറിവന്ന് അയാളോടൊപ്പം പാപം ചെയ്യാന്‍ അവളെ നിര്‍ബന്ധിച്ചു. എന്നാൽ മരിയ വഴങ്ങിയില്ല. അയാൾ ചെയ്യാൻ പോകുന്നത് മരണകരമായ പാപമാണെന്നും നരകത്തിൽ പോകുമെന്നും പറഞ്ഞ് അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ, “പാപം ചെയ്യുന്നതിനേക്കാള്‍ മരിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു” എന്ന് മരിയ പറഞ്ഞപ്പോൾ അയാൾ പതിനൊന്നു തവണ മരിയയെ കഠാര കൊണ്ട് കുത്തി. ഓടിരക്ഷപെടാൻ ശ്രമിച്ച മരിയയെ വീണ്ടും മൂന്നു തവണ കൂടി അലക്സാണ്ടര്‍ കുത്തി.
മരണക്കിടക്കയില്‍ വച്ച് മരിയ പറഞ്ഞു: “അലക്സാണ്ടറിനോട് ഞാന്‍ ക്ഷമിച്ചുകഴിഞ്ഞു. ഒരിക്കല്‍, താൻ ചെയ്ത തെറ്റിനെക്കുറിച്ച് അയാള്‍ക്ക് ബോധ്യമുണ്ടാവും; അയാള്‍ മാനസാന്തരപ്പെടും.” പിറ്റേന്ന്, 1902 ജൂലൈ ആറിന് മരിയ മരിച്ചു. അപ്പോള്‍ അവള്‍ക്ക് 11 വയസ്സായിരുന്നു. അലക്സാണ്ടറിനെ കോടതി 30 വര്‍ഷത്തേക്ക് തടവുശിക്ഷക്കു വിധിച്ചു. താൻ ചെയ്ത തെറ്റിനെക്കുറിച്ച് യാതൊരുവിധ അനുതാപമോ, പശ്ചാത്താപമോ ഇല്ലാത്ത അവസ്ഥയിലാണ് അയാള്‍ തന്റെ ജയില്‍വാസത്തിന്റെ ആദ്യഘട്ടം ചിലവഴിച്ചത്.
ആ സമയത്താണ് ബിഷപ്പ് ജിയോവന്നി ബ്ലാൻഡിനി ജയിലിൽ കഴിയുന്ന അലക്സാണ്ടറിനെ സന്ദർശിക്കുന്നത്. ആ സന്ദര്‍ശനം അലക്സാണ്ടറില്‍ മാറ്റങ്ങൾ വരുത്തി. അതിനു ശേഷം അദ്ദേഹം ബിഷപ്പിന് ഒരു കത്തെഴുതി. അതിൽ, തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ജയിലില്‍ വച്ച് അയാള്‍ കണ്ട സ്വപ്നത്തെക്കുറിച്ചും അലക്സാണ്ടര്‍ എഴുതിയിരുന്നു. മരിയ ഗൊരേത്തി അദ്ദേഹത്തിന് ലില്ലിപ്പൂക്കൾ നൽകുന്നതായും അത് അലക്സാണ്ടറിന്റെ കരങ്ങളിൽ എത്തുമ്പോൾ കരിഞ്ഞുപോകുന്നതായും സ്വപ്നത്തിൽ കണ്ടെന്ന് അദ്ദേഹം ആ കത്തിലൂടെ വെളിപ്പെടുത്തി.
പിന്നീട്, ജയിൽമോചിതനായ ശേഷം അലക്സാണ്ടര്‍, മരിയയുടെ അമ്മയായ അസൂന്തയെ സന്ദർശിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. ആ അമ്മ തന്റെ മകളുടെ ഘാതകനോട് ക്ഷമിച്ചു. പിറ്റേന്ന് അവർ ഒരുമിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വർഷങ്ങളായി വിശ്വാസത്തിൽ നിന്നും അകന്നുകഴിഞ്ഞിരുന്ന അലക്സാണ്ടര്‍, ഒരുക്കത്തോടെ വിശുദ്ധ കുർബാന സ്വീകരിച്ചു. അദ്ദേഹം എല്ലാ ദിവസവും മരിയ ഗൊരേത്തിയെ ‘എന്റെ ചെറിയ വിശുദ്ധ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിച്ചിരുന്നു. അലക്സാണ്ടര്‍ പിന്നീട് ഫ്രാൻസിസ്ക്കന്‍ സമൂഹത്തില്‍ തുണസഹോദരനായി ചേര്‍ന്നു.
1947 ഏപ്രിൽ 27-ന് മരിയയെ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ചടങ്ങിനിടയിൽ മാർപാപ്പ മരിയയുടെ മാതാവിന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “നിങ്ങള്‍ അനുഗൃഹീതയും സന്തോഷവതിയുമായ മാതാവാണ്. കാരണം നിങ്ങള്‍ ഒരു അനുഗൃഹീതയുടെ അമ്മയാണ്” എന്ന്. മൂന്നു വർഷങ്ങൾക്കു ശേഷം 1950 ജൂൺ 24-ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ആ ചടങ്ങിലും മരിയയുടെ അമ്മ പങ്കെടുത്തു. തന്റെ സന്താനത്തെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ മാതാവായിരുന്നു അവർ. മരിയയുടെ ജീവിച്ചിരുന്ന നാല് സഹോദരങ്ങളും അലക്സാണ്ടറും ചടങ്ങിൽ പങ്കെടുത്തു.
എല്ലാ വര്‍ഷവും ജൂലൈ മാസം ആറാം തീയതിയാണ് വി. മരിയ ഗൊരേത്തിയുടെ തിരുനാള്‍ തിരുസഭ ആചരിക്കുന്നത്. യുവജനങ്ങളുടെയും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്നവരുടെയും മധ്യസ്ഥയാണ് വി. മരിയ ഗൊരേത്തി.
നമുക്ക് പ്രാര്‍ത്ഥിക്കാം
ക്ഷമയുടെ മാതൃകയായ വി. മരിയാ ഗൊരേത്തീ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ. പതിനൊന്നാം വയസ്സിലും, ക്രൂരമായി ആക്രമിച്ച വ്യക്തിയോട് അങ്ങ് ക്ഷമിച്ചുവല്ലോ. ശപിക്കുന്നതിനും ശകാരിക്കുന്നതിനും പകരം അങ്ങ് ആ വ്യക്തിക്ക് സ്വര്‍ഗം ആശംസിച്ചുവല്ലോ. അത്രമേല്‍ ശത്രുക്കളെ സ്നേഹിക്കാന്‍ അങ്ങ് മനസ്സായല്ലോ. ഇപ്രകാരം ശത്രുക്കളെ സ്നേഹിക്കാനുള്ള കൃപക്കായി എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ. ദ്രോഹിക്കുന്നവര്‍ക്ക് സ്വര്‍ഗം ആശംസിക്കാന്‍ എനിക്കും സാധിക്കട്ടെ. ആമ്മേന്‍.
കീര്‍ത്തി ജേക്കബ്