![dev](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/dev.webp?resize=696%2C435&ssl=1)
ജനുവരി 14, ഭാരതത്തിലെ ആദ്യത്തെ അത്മായ രക്തസാക്ഷി വിശുദ്ധനായ ദേവസഹായം പിള്ളയുടെ തിരുനാൾ ദിനം. 2022 മെയ് മാസം പതിനഞ്ചാം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയത്. ഏഴുവർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നുവർഷവും ജയിലിൽ കൊടിയ പീഡനങ്ങൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി നിലകൊണ്ട വിശുദ്ധന്റെ ജീവിതത്തിലൂടെ നമുക്കൊന്ന് യാത്ര ചെയ്യാം.
1712 ഏപ്രിൽ 22-ന് പഴയ തിരുവതാംകൂർ രാജ്യത്തിന്റെ ഭാഗവും ഇന്ന് തമിഴ്നാടിന്റെ ഭാഗവുമായ കന്യകുമാരി ജില്ലയിലെ നട്ടാലം എന്ന ഗ്രാമത്തിൽ ദേവസഹായം പിള്ള ജനിച്ചു. പിതാവ് വാസുദേവൻ നമ്പൂതിരി ഒരു ബ്രാഹ്മണനും മാതാവ് ദേവകിയമ്മ ഒരു നായർ സ്ത്രീയുമായിരുന്നു. നീലകണ്ഠൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥപേര്. നാട്ടുഭാഷകളായ തമിഴിലും മലയാളത്തിലും പ്രാവീണ്യംനേടിയ നീലകണ്ഠൻ പുരാതന വർമ്മശാസ്ത്രം, അമ്പെയ്ത്ത്, യുദ്ധായുധങ്ങളുടെ ഉപയോഗം എന്നിവയിലും നിപുണനായിരുന്നു.
പട്ടാളക്കാരനായാണ് നീലകണ്ഠൻ തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് പദ്മനാഭപുരം നീലകണ്ഠസ്വാമി ക്ഷേത്രം, രാജാവിന്റെ ട്രഷറി എന്നിവിടങ്ങളിൽ ജോലിചെയ്തിരുന്നു. മേക്കോട് ഗ്രാമത്തിലെ ഭാർഗവിയമ്മാൾ ആയിരുന്നു നീലകണ്ഠന്റെ ധർമ്മപത്നി.
നീലകണ്ഠന്റെ ജീവിതത്തിൽ സുവിശേഷത്തിന്റെ വെള്ളിവെളിച്ചം ആദ്യം വിതറിയത് ഡച്ച് സൈനിക ഉദ്യോഗസ്ഥനായ യൂസ്റ്റാച്ചിയസ് ബെനഡിക്റ്റസ് ഡി ലാനോയാണ് (Eustachius Benedictus De Lannoy). 1741-ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ച് സൈന്യം മാർത്താണ്ഡവർമ്മ രാജാവിന്റെ സൈന്യത്തോടു പരാജയപ്പെട്ടതിനെതുടർന്ന് രാജാവ് അറസ്റ്റ് ചെയ്തു ബന്ധനസ്ഥനാക്കിയ കത്തോലിക്കനായ സൈനിക ഉദ്യോഗസ്ഥനായിരുന്നു ബെനഡിക്റ്റസ് ഡി ലാനോയ്. നീലകണ്ഠൻ തന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളുടെ പരമ്പര ഒന്നിനുപിറകെ ഒന്നായി ഡി ലാനോയോടു വിവരിച്ചു. ഡി ലാനോയ് പഴയനിയമത്തിലെ ജോബിന്റെ കഥ അവനോടുപറയുകയും കഷ്ടപ്പാടിലൂടെ ഒരു നല്ല മനുഷ്യന്റെ വിശ്വാസത്തെ ദൈവത്തിന് എങ്ങനെ പരീക്ഷിക്കാമെന്നു വിശദീകരിക്കുകയുംചെയ്തു.
ഡച്ച് ഓഫീസറുടെ സാമീപ്യത്തിലൂടെ ക്രിസ്തുവിനെ അറിയാൻതുടങ്ങിയ നീലകണ്ഠൻ, ഒരു ക്രിസ്ത്യാനിയാകാനുള്ള തന്റെ ആഗ്രഹം പരസ്യമാക്കുകയും കത്തോലിക്കാ വിശ്വാസസത്യങ്ങൾ തന്നെ പഠിപ്പിക്കാൻ ഡി ലാനോയിയോട് അഭ്യർഥിക്കുകയുംചെയ്തു. ഡി ലാനോയ് നീലകണ്ഠനെ തിരുവിതാംകൂർ രാജ്യത്തിന്റെ പരിധിക്കുപുറത്തുള്ള, വടക്കേക്കുളം എന്ന ഗ്രാമത്തിലുണ്ടായിരുന്ന ഒരു ഈശോസഭാ വൈദികനായ ജിയോവാനി ബാറ്റിസ്റ്റ ബട്ടാരിയുടെ പക്കലേക്ക് അയയ്ക്കുകയും അവനെ കത്തോലിക്കാ സഭയിൽ ജ്ഞാനസ്നാനം നൽകാൻ അഭ്യർഥിക്കുകയുംചെയ്തു.
ഒമ്പതു മാസക്കാലം ബുട്ടാരി അച്ചൻ നീലകണ്ഠനെ കത്തോലിക്കാ വിശ്വാസസത്യങ്ങളെക്കുറിച്ചു പഠിപ്പിക്കുകയും 1745 മെയ് 14-ന് വടക്കേക്കുളം തിരുക്കുടുംബ ദൈവാലയത്തിൽവച്ച് ജ്ഞാനസ്നാനം നൽകുകയും ചെയ്തു. നീലകണ്ഠന്, ലാസർ എന്ന പേരിന്റെ തമിഴ് തത്തുല്യമായ ദേവസഹായം എന്ന പേരാണ് ബുട്ടാരിയച്ചൻ നൽകിയത്. തന്റെ മാമോദീസാ ദിനത്തിൽ ക്രിസ്തുവിനായി സ്വയം സമർപ്പിച്ചുകൊണ്ട് ദേവസഹായം പിള്ള ഇപ്രകാരം പറഞ്ഞതായി പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു: “ജ്ഞാനസ്നാനം സ്വീകരിക്കാൻ ആരും എന്നെ നിർബന്ധിച്ചില്ല. സ്വന്ത ഇഷ്ടപ്രകാരമാണ് ഞാൻ വന്നിരിക്കുന്നത്. എനിക്ക് എന്റെ ഹൃദയം അറിയാം. അവൻ എന്റെ ദൈവമാണ്. അവനെ അനുഗമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ജീവിതകാലം മുഴുവൻ ഞാൻ അവനെ അനുഗമിക്കും.”
ദേവസഹായം താമസിയാതെ മറ്റുള്ളവരോട് സുവിശേഷം പ്രസംഗിക്കാൻ ആരംഭിച്ചു. തന്റെ പത്നി ഭാർഗവിയമ്മാളിനെ ‘തെരേസാ’ എന്നതിന്റെ തമിഴ് രൂപമായ ‘ജ്ഞാനപു’ എന്ന പേരു നൽകി സ്നാനാനപ്പെടുത്തി.
ദേവസഹായം എല്ലാ ജാതിയിലുംപെട്ട ആളുകളുമായി ഇടകലരാൻ തുടങ്ങി. അവൻ തന്റെ ‘ഉയർന്ന’ ജാതിയുടെ ആനുകൂല്യങ്ങൾ നിരസിക്കുകയും ‘താഴ്ന്ന’ ജാതിക്കാരുമായി ഒരുമിച്ചിരുന്നു ഭക്ഷണംകഴിക്കാനും തുടങ്ങി. ദേവസഹായത്തിലെ പ്രകടമായ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ട ഉയർന്ന ജാതിക്കാർ, വിശ്വാസവഞ്ചന, മതപരമായ ആചാരങ്ങളോടുള്ള അവഹേളനം, ദൈവനിന്ദ, രാജദ്രോഹം തുടങ്ങി നിരവധി കുറ്റങ്ങൾ അദ്ദേഹത്തിൽ ആരോപിക്കാൻ തുടങ്ങി.
പുതുതായി സ്വീകരിച്ച ക്രിസ്ത്യൻ വിശ്വാസത്തിൽനിന്ന് അദ്ദേഹത്തെ വ്യതിചലിപ്പിക്കാൻ ഉയർന്ന ജാതിയിൽപെട്ട വിവിധ വ്യക്തികൾ ശ്രമിച്ചെങ്കിലും ക്രിസ്തുവിനുവേണ്ടി പീഡ സഹിക്കാനും മരണംവരെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും ദേവസഹായം അസാധാരണമായ ധൈര്യം കാണിച്ചു. ദേവസഹായം ഹിന്ദുമതത്തിലേക്കു തിരികെവരികയില്ലന്നറിഞ്ഞ രാജാവ്, 1749 ഫെബ്രുവരി 23-ന് ദേവസഹായത്തെ അറസ്റ്റ് ചെയ്യുകയും വളരെ ഇടുങ്ങിയ ഒരു അറയിൽ പൂട്ടുകയും പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് മധുര, തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തിയിലുള്ള ആരൂവാമൊഴിയിലെ ജയിലിലേക്ക് ദേവസഹായം പിള്ളയെ മാറ്റി.
തടവിലായ സന്ദർഭങ്ങളിൽ എല്ലാദിവസവും രാവിലെയും രാത്രിയും അദ്ദേഹം ധ്യാനാത്മക പ്രാർഥനയിൽ ഭൂരിഭാഗം സമയം ചെലവഴിച്ചിരുന്നു. ഈശോയുടെ മരണത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യകുലത്തിന്റെയും ബഹുമാനാർഥം എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ അദ്ദേഹം ഉപവസിച്ചിരുന്നു. വൈദികർ സന്ദർശിക്കുമ്പോഴെല്ലാം കുമ്പസാരിക്കുകയും വിശുദ്ധ കുർബാന ഭക്തിയോടെ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. കൊടിയ പീഡനങ്ങൾക്കും കഷ്ടപ്പാടുകൾക്കും നടുവിലും എല്ലാവരോടും അവൻ ആഴമായ സ്നേഹവും ആദരവും പ്രകടിപ്പിച്ചിരുന്നു.
ജയിലിൽ ദേവസഹായത്തെ സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുന്നതറിഞ്ഞ ഉദ്യോഗസ്ഥർ ദേവസഹായത്ത രഹസ്യമായി വധിക്കണമെന്ന് രാജാവിനെ പ്രേരിപ്പിച്ചു. 1752 ജനുവരി 14-ന് ആരുവാമൊഴിക്കടുത്തുള്ള കാറ്റാടിമലയിൽവച്ച് അർധരാത്രിയിൽ വധശിക്ഷ നടപ്പാക്കി. വെടിയേറ്റു മരിക്കുന്നതിനുമുമ്പ് ദേവസഹായം മുട്ടുകുത്തിപ്രാർഥിച്ചു. അവന്റെ മൃതശരീരം വന്യമൃഗങ്ങൾക്ക് തിന്നാനായി ഉപേക്ഷിച്ചെങ്കിലും ഭക്തരായ ക്രിസ്ത്യാനികൾ അതു കണ്ടെത്തി, വി. ഫ്രാൻസിസ് സേവ്യറിന്റെ നാമത്തിലുള്ള പള്ളിയുടെ പ്രധാന അൾത്താരയ്ക്കു മുന്നിൽ അടക്കംചെയ്തു. ഇന്ന് ഈ ദൈവാലയം കോട്ടാർ രൂപതയുടെ കത്തീഡ്രലാണ്.
വളരെ പെട്ടന്നുതന്നെ ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള വാർത്ത സമീപപ്രദേശങ്ങളിലെല്ലാം പരന്നു. 1756 മുതൽ ദേവസഹയത്തിന്റെ നാമകരണത്തിനുള്ള നടപടി ആരംഭിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും 1993-ലാണ് ഔദ്യോഗികമായി നാമകരണ നടപടികൾ രൂപതാതലത്തിൽ തുറന്നത്.
2004-ൽ തമിഴ്നാട്ടിലെ കോട്ടാർ രൂപതയും 2009-ൽ മൈസൂരിൽ കൂടിയ ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാന്മാരുടെ (CCBI) ഇരുപത്തിയൊന്നാമത് പ്ലീനറി അസംബ്ലിയും ദേവസഹായം പിള്ളയുടെ നാമകരണ നടപടികൾ വേഗത്തിലാക്കാൻ വത്തിക്കാനോട് അപേക്ഷിച്ചിരുന്നു. 2012 ഡിസംബർ മാസം രണ്ടാം തീയതി വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ആഞ്ചലോ അമാത്ത ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.
ഏഴുവർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നുവർഷവും ജയിലിൽ കൊടിയ പീഡനകൾക്കുനടുവിൽ ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അത്മായ രക്തസാക്ഷിയുടെ ജീവിതകഥ നമ്മുടെ വിശ്വാസജീവിതത്തെയും ധന്യമാക്കട്ടെ.
ഫാ. ജയ്സൺ കുന്നേൽ MCBS