നവീകരിച്ച അൽഫോൻസാ ചാപ്പലിലെ ഐക്കണുകൾ: വർണ്ണങ്ങളിൽ വിശുദ്ധി നിറച്ച് ഒരു വൈദികൻ 

സി. സൗമ്യ DSHJ

“ഒരു നിയോഗം പോലെ എന്നിലേക്ക് വന്നുചേർന്നതാണ് ഇവിടെ ഐക്കൺ വരയ്ക്കാനുള്ള ഉത്തരവാദിത്വം. വി. അൽഫോൻസാമ്മയോട് ഒത്തിരി പ്രാർഥിച്ചാണ്‌ ഐക്കണുകൾ വരച്ചു പൂർത്തിയാക്കിയത്.” ഫാ. സാബു മണ്ണട എം സി ബി എസ്- ന്റെ കൈകളാൽ രചിക്കപ്പെട്ട അൽഫോൻസാ ചാപ്പലിലെ പുതിയ ഐക്കണുകൾ മനോഹാരിതകൊണ്ടും ആത്മീയതകൊണ്ടും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. തുടർന്നു വായിക്കുക.

വന്നെത്തുന്ന എല്ലാവരിലേക്കും ആത്മീയതയുടെ അനുഭവം ഒരുപോലെ ചൊരിയുന്ന ഒരിടമാണ് ഭരണങ്ങാനത്തുള്ള വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടന ചാപ്പൽ. ആ ചാപ്പലിലെ മദ്ബഹ നവീകരിച്ചപ്പോൾ പുതിയ ഐക്കണുകൾകൂടി ചേർക്കാൻ തീരുമാനമായി. ദൈവികമായ കരസ്പർശത്തോടെ മദ്ബഹയിലെ അഞ്ചോളം ഐക്കണുകളുടെ രചന പൂർത്തിയാക്കാൻ നിയോഗം ലഭിച്ചത് ഫാ. സാബു മണ്ണട എന്ന എം സി ബി എസ് വൈദികനായിരുന്നു. ഈ വലിയ ഉത്തരവാദിത്വം ഒരു ദൈവനിയോഗം പോലെ അദ്ദേഹം സ്വീകരിച്ചു. സാബു അച്ചന്റെ കൈകളാൽ രചിക്കപ്പെട്ട വി. അൽഫോൻസാമ്മയുടെ ഈ തീർഥാട ചാപ്പലിലെ പുതിയ ഐക്കണുകൾ മനോഹാരിതകൊണ്ടും ആത്മീയതകൊണ്ടും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

2024 ജൂലൈ 11 നാണ് നവീകരിച്ച തീർഥാടന ചാപ്പലിന്റെ ആശീർവാദകർമ്മം നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്  കൂദാശ കർമ്മം നിർവഹിച്ചു. തദവസരത്തില്‍ ബിഷപ്പ് എമിരറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്യന്‍ വേത്താനത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. തീർഥാടന കേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്‌ക്കാപറമ്പിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആന്റണി തോണക്കര എന്നിവരുടെ മേൽനോട്ടത്തിലാണ് നവീകരണപ്രവർത്തനങ്ങൾ നടന്നത്.

ഒരു നിയോഗംപോലെ അൽഫോൻസാമ്മയ്ക്കരികിൽ

“ഒരു നിയോഗം പോലെ എന്നിലേക്ക് വന്നുചേർന്നതാണ് ഇവിടെ ഐക്കൺ വരയ്ക്കാനുള്ള ഉത്തരവാദിത്വം. വി. അൽഫോൻസാമ്മയോട് ഒത്തിരി പ്രാർഥിച്ചാണ്‌ ഐക്കണുകൾ വരച്ചു പൂർത്തിയാക്കിയത്. ഇത്രയും അറിയപ്പെടുന്ന ഒരു തീർഥാടനാലയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഒത്തിരിപേർക്ക് പ്രാർഥനക്കും ആത്മീയ ഉന്നമനത്തിനും ഈ ഐക്കണും അതിനോട് അനുബന്ധിച്ചവയും കാരണമാകുന്നു എന്ന് അറിയുന്നതിൽ ഒത്തിരി സന്തോഷമുണ്ട്. ദൈവീക പദ്ധതിയുടെ വലിയ ഭാഗമായിട്ട് ഞാനിതിനെ കാണുന്നു.” – ഫാ. സാബു വെളിപ്പെടുത്തുന്നു.

അഞ്ചോളം ഐക്കണുകൾ ഉള്ള മദ്ബഹ

ഫാ. സാബുവിന്റെ നേതൃത്വത്തിൽ നവീകരിച്ച മദ്ബഹയുടെ നിർമ്മാണം പൂർത്തിയാക്കിയത് അമ്പത് ദിവസംകൊണ്ടാണ്. ഇറ്റാലിയൻ കളറുകൾ ഉപയോഗിച്ച് കൈകൾകൊണ്ട് വരച്ച അഞ്ചു ഐക്കൺ ആണ് ഇവിടെയുള്ളത്. അൾത്താരയുടെ മധ്യത്തിലായി, ‘പഠിപ്പിക്കുന്ന ക്രിസ്തുവിന്റെ’ ഐക്കൺ വരച്ചിരുന്നു. വലതുവശത്തായി പരിശുദ്ധ അമ്മയുടെയും ഇടതുവശത്തായി വി. അൽഫോൻസാമ്മയുടെയും ഐക്കൺ വരച്ചു ചേർത്തു. മദ്ബഹയുടെ മുകളിൽ ആർച്ചിന്റെ രണ്ടുവശത്തുമായി തോമാശ്ലീഹായുടെയും മാതാവിന്റേയും ഐക്കണുകൾ ഉണ്ട്. ഇങ്ങനെ അഞ്ചു ഐക്കണുകൾ ആണ് മദ്ബഹയിൽ.

ബാക്കിയുള്ള മദ്ബഹയുടെ അലങ്കാര പണികളെല്ലാം പൂർത്തിയാക്കിയത് ഫാ. സാബുവിന്റെ കൂടെയുള്ള ഉണ്ണി സെബിനും കൂട്ടരുമാണ്. ഇവരുടെ മേൽനോട്ടത്തിൽ തേക്കിൻ തടിയിൽ നിർമ്മിച്ച മനോഹരമായ ആർട്ട് വർക്കുകളും ഈ ചാപ്പലിനെ വ്യത്യസ്തമാക്കുന്നു.

കലയെ പ്രാണനെപ്പോൽ സ്നേഹിക്കുന്ന വൈദികൻ

പുരോഹിതനായ ശേഷം അധികം വൈകാതെ തന്നെ സാബുവച്ചൻ തൃപ്പൂണിത്തുറയിലെ ആർ.എൽ.വി. കോളേജിൽ ചിത്രകല അഭ്യസിക്കാൻ ആരംഭിച്ചു. അവിടുത്തെ പഠനത്തിനുശേഷം യൂറോപ്യൻ കലാരീതികളെ പരിചയപ്പെടാൻ അദ്ദേഹം ഇറ്റലിയിലെ ലാക്വിലയിലെ സെക്കുലർ യൂണിവേഴ്സിറ്റിയിലും തുടർന്ന് റോമിലെ സെന്റ് ആൻസ് യൂണിവേഴ്സിറ്റിയിലും ചിത്രകലാപഠനം നടത്തി. അവിടെവച്ചായിരുന്നു ആർട്ട് ആൻഡ് ആർക്കിടെക്ചർ ഫോർ ലിറ്റർജിയിൽ ബിരുദം നേടുന്നത്.

ഇതാദ്യമായല്ല, ഫാ. സാബുവിന്റെ ഐക്കണുകൾ ശ്രദ്ധ നേടുന്നത്. മറ്റു ചിത്രകലകളെപ്പോലെതന്നെ ഐക്കൺ ചിത്രകലയും സ്വായത്തമാക്കിയ ഫാ. സാബു ഇതിനോടകം അനേകം ഐക്കൺ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ മാന്നില ദൈവാലയത്തിലെ എല്ലാ ഐക്കൺ ചിത്രങ്ങളും, പാലായിലെ പാളയം ദൈവാലയത്തിലെ ഏതാനും ഐക്കൺ ചിത്രങ്ങളും സാബുവച്ചന്റെ വിരലുകൾ തീർത്ത വിസ്മയങ്ങളാണ്. കൂടാതെ, വിവിധ സന്യാസഭവനങ്ങളിലേക്കും അദ്ദേഹം ഐക്കൺ ചിത്രങ്ങൾ വരച്ചുനൽകിയിട്ടുണ്ട്.

ഇറ്റലിയിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ചിത്രപ്രദർശനങ്ങൾ നടത്താനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

ഹൈറേഞ്ചിൽ ആരംഭിക്കുന്ന പുതിയ ആർട്ട് സെന്ററിന്റെ ഡയറക്ടർ ആണ് ഫാ. സാബു. കലാകാരൻമാർക്ക് ഏതാനും ദിവസങ്ങൾ സ്വസ്ഥമായി താമസിക്കാനും ചിത്രങ്ങൾ വരയ്ക്കാനും ധ്യാനിക്കാനും അവസരമൊരുക്കുക, ചിത്രകലയുമായി ബന്ധപ്പെട്ട ആർട്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക, ആത്മീയമായി ചിത്രകലയെ സമീപിക്കുന്ന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുക തുടങ്ങിയ കാലോചിതമായ ഒരുപാട് സ്വപ്നങ്ങളോടെയാണ് ഫാ. സാബു പുതിയ ദൗത്യവുമായി മുന്നേറുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.