![Families,-slain-Israeli-hostages,-atrocities,-Hamas-terrorists](https://i0.wp.com/www.lifeday.in/wp-content/uploads/2024/09/Families-slain-Israeli-hostages-atrocities-Hamas-terrorists.jpg?resize=696%2C435&ssl=1)
കഴിഞ്ഞ ദിവസം ഹമാസ് തടവിൽ കൊല്ലപ്പെട്ട ആറ് ഇസ്രായേലി ബന്ദികൾ കടന്നുപോയത് അതിക്രൂരമായ അവസ്ഥകളിലൂടെ ആയിരുന്നെന്ന് ‘ചാനൽ 12’ ന്യൂസ് റിപ്പോർട്ട് ചെയ്തതായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ വെളിപ്പെടുത്തി. ഭക്ഷണവും വെള്ളവും ശ്വസിക്കാൻ വായുപോലും ലഭിക്കാത്ത അവസ്ഥകളിലൂടെയാണ് ബന്ദികൾ കടന്നുപോയിരുന്നതെന്ന് ഇവർ പറയുന്നു.
എയർ വെന്റുകളോ, ഷവറുകളോ, ടോയ്‌ലറ്റുകളോ ഇല്ലാത്ത തുരങ്കത്തിലായിരുന്നു ഈ ആറുപേരെയും പാർപ്പിച്ചിരുന്നതെന്നും സുരക്ഷാസേന എത്തുന്നതിനുമുൻപ് അവരെ കൊലപ്പെടുത്തിയെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു. മാനസികമായി തളർന്ന ഇവരെ ഭക്ഷണവും വെള്ളവും കൊടുക്കാതെയും ഇരുട്ടുനിറഞ്ഞ സ്ഥലത്ത് കിടത്തിയും ഭീകരർ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഐ. ഡി. എഫ്. വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി വെളിപ്പെടുത്തുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാൽ ആറുപേരും ക്ഷീണിച്ച അവസ്ഥയിലായിരുന്നു കാണപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ദികൾ കൊല്ലപ്പെടുന്നതിനുമുൻപ് ഉപയോഗിച്ചിരുന്ന ഒരു ചെസ്സ് ബോർഡും നോട്ട്ബുക്കുകളും ഉൾപ്പെടെയുള്ള വ്യക്തിപരമായ വസ്തുക്കൾ പ്രിയപ്പെട്ടവർക്ക് തിരികെനൽകുമെന്ന് ചാനൽ 12 ന്യൂസ് കുടുംബങ്ങളെ അറിയിച്ചു. ഭീകരതയ്ക്കിടയിലും ആശ്വസിക്കാനും അവരുടെ പ്രിയപ്പെട്ടവരുടെ പോരാട്ടത്തിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലുമാണ് ഈ വസ്തുക്കൾ.