ആഗോള യുവജനസമ്മേളനത്തിൽ പങ്കെടുത്ത മലയാളി സന്യാസിനിയുടെ അനുഭവങ്ങൾ

“ഞാനവിടെ കണ്ടത് വെറും യുവജനങ്ങളെയല്ല; ഈശോയെ സ്നേഹിക്കുന്ന, കത്തോലിക്കാ സഭയെ സ്നേഹിക്കുന്ന യുവജനങ്ങളെയാണ്. ആടിയും പാടിയും യുവജനങ്ങൾ ആ സംഗീതലഹരിയിൽ ദൈവത്തെ സ്തുതിക്കുന്നത് ഞാൻ കണ്ടു.” ആഗോള യുവജനസമ്മേളനത്തിൽ പങ്കെടുത്ത മലയാളി സന്യാസിനി സി. റീജാ എം.എസ്.എം.ഐ ലൈഫ് ഡേയുമായി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

യൂത്ത് മിനിസ്ട്രിയുടെ ഭാഗമായാണ് ഞാൻ ആഗോള യുവജനദിന സമ്മേളനത്തിൽ എത്തിച്ചേർന്നത്. യുവജനങ്ങളോടൊപ്പം ചെലവഴിച്ച ലിസ്ബണിലെ ദിനങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളായിരുന്നു. ഞാനവിടെ കണ്ടത് വെറും യുവജനങ്ങളെയായിരുന്നില്ല; ഈശോയെ സ്നേഹിക്കുന്ന, കത്തോലിക്കാ സഭയെ സ്നേഹിക്കുന്ന യുവജനങ്ങളെയായിരുന്നു. അവരോട് സംവദിച്ചപ്പോഴും അവരോടൊപ്പം പ്രാർഥിച്ചപ്പോഴും ഭാവിയിലെ സഭയെ ഞാൻ അവരിൽ കാണുകയായിരുന്നു. അവരോടൊപ്പം നിരവധി യുവവൈദികരെയും സമർപ്പിതരെയും കാണാൻ കഴിഞ്ഞു. വിവിധ മ്യൂസിക് ബാന്റുകൾ നിരന്തരം ദൈവസ്തുതികൾ ആലപിച്ചുകൊണ്ടിരുന്നത് ആ അന്തരീക്ഷത്തെ കൂടുതൽ ദൈവികമാക്കാൻ സഹായകരമായിരുന്നു. ആടിയും പാടിയും യുവജനങ്ങൾ ആ സംഗീതലഹരിയിൽ ദൈവത്തെ സ്തുതിക്കുന്നത് ഞാൻ കണ്ടു.

ലോകം മുഴുവനുമുള്ള യുവജനങ്ങൾ ഒരു അൾത്താരയ്ക്കു ചുറ്റും 

ആഗോള യുവജനദിനത്തിലെ ആദ്യ വിശുദ്ധ കുർബാന ഏറെ ഹൃദയസ്പർശിയായിരുന്നു. വലിയ ചെക്കിങ്ങിനും ബഹളങ്ങൾക്കും ശേഷമാണ് കുർബാനയ്ക്കായി ഞങ്ങൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നത്. എന്നാൽ ചെക്കിങ് സമയത്തെ കളിയും ചിരിയും ബഹളവുമൊന്നും കുർബാനയ്ക്കായി ഒത്തുചേർന്നപ്പോൾ ഉണ്ടായിരുന്നില്ല. ഗ്രൗണ്ടിലെ കടുത്ത വെയിലിൽപോലും കുർബാന ഉയർത്തുന്ന സമയങ്ങളിലും മറ്റുപ്രധാനപ്പെട്ട ഭാഗങ്ങളിലെല്ലാം മുട്ടുകുത്തിയും സാഷ്ടാഗം പ്രണാമം ചെയ്തും പ്രാർഥിക്കുന്ന യുവജനങ്ങളെ കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അത്രമാത്രം ഭക്തിയോടെ പ്രാർഥിക്കുന്ന യുവജനങ്ങൾ ഇന്നത്തെ കാലത്തുമുണ്ടോ എന്നുപോലും ഞാൻ ചിന്തിച്ചു. അവരുടെ ഇടയിൽനിന്ന് ബലിയർപ്പിക്കാൻ സാധിച്ചതിൽ  ഞാൻ ദൈവത്തിനു നന്ദിപറഞ്ഞു.

യുവജനവേദിയിലേക്കെത്തുന്ന മാർപാപ്പയെ കാത്ത് 

ആഗസ്റ്റ് രണ്ടിനാണ് മാർപാപ്പ പോർച്ചുഗലിൽ എത്തിച്ചേരുന്നത്. ആദ്യമായി, മാർപാപ്പ ബെലമിലെ നാഷണൽ  പാർക്കിൽ സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ജെറേനിമോസ് ആശ്രമം സന്ദർശിച്ചതിനുശേഷമാണ് യുവജനവേദിയിലേക്ക് എത്തുന്നത്. പാപ്പായുടെ വരവുംകാത്ത് അവിടെ മുഴുവനും യുവജനങ്ങൾ നിറഞ്ഞിരുന്നു. ഏതുവഴിയിലൂടെയാണ് പാപ്പ വരുന്നതെന്ന് ആർക്കും കൃത്യമായി അറിയില്ലായിരുന്നു. എല്ലാ വഴികളിലും മാർപാപ്പയെ കാണാൻ യുവജനങ്ങൾ തിങ്ങിനിറഞ്ഞു. ഒടുവിൽ മാർപാപ്പ എത്തിച്ചേർന്നപ്പോഴുള്ള കാഴ്ച മനോഹരമായിരുന്നു. ഓരോരുത്തരും അവരവരുടെ രാജ്യത്തിന്റെ പതാക വീശിക്കൊണ്ടും പാപ്പയുടെ പേര് ഉച്ചത്തിൽ വിളിച്ചുകൊണ്ടും വലിയ ആരവത്തോടെ മാർപാപ്പയെ എതിരേറ്റു.

മാർപാപ്പ വേദിയിലേക്ക് എത്തിയപ്പോൾ പോർച്ചുഗീസുകാർ നൽകിയ മനോഹരമായ സ്വാഗതം ഏറെ ശ്രദ്ധയാകർഷിക്കുന്നതായിരുന്നു. അഞ്ചുലക്ഷം യുവജനങ്ങളാണ് പാപ്പായെ സ്വീകരിക്കുന്ന ആ സ്വാഗതചടങ്ങിൽ ഉണ്ടായിരുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളും നൃത്തവും കോർത്തിണക്കിയ പരിപാടി മാർപാപ്പ ഏറെ ആസ്വാദ്യതയോടെ വീക്ഷിച്ചു.

നിങ്ങളോരോരുത്തരും ഇവിടെ എത്തിയിരിക്കുന്നത് ദൈവത്തിന്റെ പ്രത്യേക പരിപാലനയിലാണെന്നും ദൈവം നിങ്ങളെ ഓരോരുത്തരെയും പ്രത്യേകം വിളിച്ചതുകൊണ്ടുമാത്രമാണ് നിങ്ങൾ ഇവിടെ എത്തിച്ചേർന്നിരിക്കുന്നതും പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സംഭാഷണം ആരംഭിച്ചത്.   ‘ഹർഷാരവത്തോടെ നമുക്ക് ദൈവത്തെ സ്തുതിക്കാം’ എന്നുപറഞ്ഞപ്പോഴേക്കും ഒരു കടലിരമ്പുന്നതുപോലെയുള്ള പ്രതീതിയിരുന്നു ആ അന്തരീക്ഷം മുഴുവനും. ഒരേ ഹൃദയത്തോടെയുള്ള ദൈവസ്തുതികൾ കേട്ട് സ്വർഗം സന്തോഷിച്ചിരിക്കും.

ലാളിത്യമുള്ള വലിയ ഇടയൻ

എന്റെ ഹൃദയത്തെ സ്പർശിച്ച മറ്റൊരു സംഭവമായിരുന്നു, മാർപാപ്പ കുമ്പസാരിപ്പിക്കാനെത്തിയ സംഭവം. വാസ്കോഡ ഗാമ ഗാർഡനിനടുത്തുള്ള ‘സിറ്റി ഓഫ് ജോയ്’ എന്ന സ്ഥലത്തായിരുന്നു കുമ്പസാരത്തിനായി അവസരമൊരുക്കിയിരുന്നത്. മാർപാപ്പയ്ക്കായി പ്രത്യേകം കുമ്പസാരക്കൂടുകൾ സജ്ജീകരിച്ചിരുന്നു. എങ്കിലും മാർപാപ്പ കുമ്പസാരിപ്പിക്കാനെത്തിയപ്പോൾ മാർപാപ്പയ്ക്കായി പ്രത്യേകം ഒരുക്കിയിരുന്ന കുമ്പസാരക്കൂട് ഉപയോഗിക്കാതെ മറ്റൊരു കുമ്പസാരക്കൂടിൽ ഇരുന്നുകൊണ്ടാണ് പാപ്പാ ഒരു യുവാവിനെയും യുവതിയെയും കുമ്പസാരിപ്പിച്ചത്.

മാർപാപ്പയോടൊത്തുള്ള കുരിശിന്റെ വഴി

ഏറെ പ്രാർഥനാനിർഭരമായിരുന്നു മാർപാപ്പയോടൊപ്പമുള്ള കുരിശിന്റെ വഴി. ആ പ്രാർഥനയിൽ എല്ലാവരും ഒരേ ഹൃദയത്തോടെ പങ്കുചേർന്നു. ആ അനുഭവം കണ്ണുനിറയാതെ ഓർക്കാനാവില്ല.

അത്ഭുതങ്ങളുടെ രാത്രി

സമാപനദിനത്തിനു തൊട്ടുമുൻപുള്ള രാത്രി അക്ഷരാർഥത്തിൽ അത്ഭുതങ്ങളുടെ രാത്രിയായിരുന്നു. 150 രാജ്യങ്ങളിൽ നിന്നുമുള്ള യുവപ്രതിനിധികൾ രാത്രി മുഴുവനും ആ ജാഗരണപ്രാർഥനയിൽ മാർപാപ്പയോടൊപ്പം ഉണർന്നിരുന്ന് പ്രാർഥിച്ചു. അത് ഏറെ ഹൃദയസ്പർശിയായിരുന്നു.

വിവിധ സെക്ടറുകളായി തിരിച്ചിട്ടുണ്ടായിരുന്നെങ്കിലും അവിടെ ഒരു കടൽപോലെ നോക്കെത്താദൂരത്തോളം യുവജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. ആരാധന തുടങ്ങിയപ്പോൾ മുതൽ അവർ മുട്ടിൽ നിന്നും ഇരുന്നും നിലംമുട്ട് താണുവണങ്ങിയും പ്രാർഥിച്ചുകൊണ്ടിരുന്നു. ആരാധന കഴിഞ്ഞതിനുശേഷവും അവർ പ്രാർഥിക്കുന്നുണ്ടായിരുന്നു.

എല്ലാ സെക്ടറുകളിലും പിറ്റേ ദിവസത്തേക്കുള്ള വിശുദ്ധ കുർബാന കൂദാശ ചെയ്തുവച്ചിരുന്നു. അതിനരികെ മുട്ടുകുത്തി ജപമാല ചൊല്ലിയും ധ്യാനനിരതരായും രാത്രിയിൽ ഏറെനേരം പ്രാർഥിച്ച യുവജനങ്ങളെ കണ്ടപ്പോൾ മനസ്സിൽ പ്രചോദനവും ആനന്ദവും അനുഭവപ്പെട്ടു. നാളത്തെ സഭയെക്കുറിച്ച് ഏറെ പ്രതീക്ഷകളും മനസ്സിലൂടെ കടന്നുപോയി.

യൂറോപ്പിൽ ദൈവവിളികൾ നിലച്ചിട്ടില്ല

ആഗോള യുവജനദിനത്തിൽ യൂറോപ്പിൽ നിന്നുള്ള നിരവധി സമർപ്പിതരെയും വൈദികരെയും കാണാനിടയായി. അവരുടെ സാന്നിധ്യം വളരെ അത്ഭുതം ജനിപ്പിക്കുന്നതായിരുന്നു. അവർ യുവജനങ്ങളോടൊപ്പം അവരുടെ ഇടയിലൂടെ മ്യൂസിക് ബാൻഡിന്റെ അകമ്പടിയോടെ നൃത്തം ചെയ്തിരുന്നു. ആടിയും പാടിയും അവർ യുവജനങ്ങളെ ആകർഷിച്ചു.

പലപ്പോഴും മെട്രോയിലൂടെയും ബസ്സിലൂടെയും യാത്രചെയ്ത സന്ദർഭങ്ങളിലെല്ലാം കൂടെ സഞ്ചരിച്ചിരുന്ന യുവജനങ്ങളുടെ സംസാരങ്ങൾ പലപ്പോഴും യുവജനദിനത്തിൽ അവർ കണ്ടുമുട്ടിയ സമർപ്പിതരെക്കുറിച്ചും ദൈവവിളിയെ സംബന്ധിച്ചുമായിരുന്നു. യൂറോപ്പിൽ സഭ അന്യംനിന്നുപോകുന്നു എന്ന ചിന്തയായിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാൽ ഇരുപതും ഇരുപത്തിമൂന്നും വയസ്സുള്ള ധാരാളം യൂറോപ്പ്യൻ സമർപ്പിതരെയും വൈദികരെയും കാണാനിടയായത് എന്റെ ഈ ചിന്താഗതിയെത്തന്നെ മാറ്റിമറിക്കുന്നതായിരുന്നു. അവരുടെ ദൈവവിളിയെക്കുറിച്ച് കേൾക്കാനും അനേകരെ പരിചയപ്പെടാനും ഈ യുവജനദിനത്തിൽ എനിക്ക് സാധിച്ചു. അവരുടെ ദൈവവിളിയെക്കുറിച്ചു ചോദിച്ചപ്പോൾ മിക്കവാറും പേർ സന്യാസത്തിലേക്കും വൈദികജീവിതത്തിലേക്കും കടന്നുവന്നത്, മാതൃകാപരമായ ജീവിതം നയിച്ചിട്ടുള്ള വൈദികരും സമർപ്പിതരും അവർക്ക് പ്രചോദനമായതുകൊണ്ടാണ്.

‘എനിക്ക് എല്ലാവരുടെയും അടുത്തുപോകണം; എല്ലാവരെയും കാണണം’

ഒരു വലിയ കാത്തിരിപ്പിനൊടുവിലാണ് മാർപാപ്പയോടൊപ്പം കുർബാന അർപ്പിക്കാൻ കഴിയുന്നത്. നൈറ്റ് വിജില്‍ കഴിഞ്ഞതിനുശേഷം പിറ്റേദിവസം രാവിലെ അവിടെത്തന്നെയായിരുന്നു മാർപാപ്പയോടൊപ്പം വിശുദ്ധ കുർബാന അർപ്പിച്ചത്. അതിനുശേഷമായിരുന്നു യുവജനങ്ങളിരുന്ന സെക്ടറുകളുടെ ഇടയിലൂടെ മാർപാപ്പ യുവജനങ്ങളെ കാണാൻ കടന്നുപോയത്.

സംഘാടകർ, നേരത്തെതന്നെ നിശ്ചയിച്ചുവച്ച വഴിയിലൂടെ കടന്നുപോകാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ മാർപാപ്പ പറഞ്ഞു: “എനിക്ക് എല്ലാവരെയും കാണണം; എല്ലാവരുടെയും അടുത്ത് പോകണം.” അങ്ങനെ  ക്രമീകരിച്ച വഴികളിലൂടെയല്ലാതെ മാർപാപ്പ എല്ലാ യുവജനങ്ങളുടെയും ഇടയിലൂടെ കടന്നുപോയി. ആ വലിയ ഇടയന്റെ സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. മാർപാപ്പയെ കുറേക്കൂടി അടുത്തുകാണാനുള്ള ആളുകളുടെ ആഗ്രഹം മനസ്സിലാക്കിപ്രവർത്തിച്ച സഭയുടെ വലിയ ഇടയൻ.

ജീവിതത്തിലെ ഏറ്റവും മനോഹരമായ സംഭവങ്ങളിലൊന്നായിട്ടാണ് ആഗോള യുവജനസമ്മേളനത്തിലെ തന്റെ പങ്കാളിത്വത്തെ സി. റീജ വിശേഷിപ്പിക്കുന്നത്.    എം.എസ്.എം.ഐ സന്യാസിനി സമൂഹാംഗമായ സി. റീജാ കഴിഞ്ഞ കുറേ വർഷങ്ങളായി ജർമ്മനിയിൽ ആതുര ശുശ്രൂഷാരംഗത്താണ്. കേരളത്തില്‍ അരൂര്‍ സെന്റ്‌ അഗസ്റിന്‍ ഇടവകയിലെ വട്ടത്തറ കുടുംബാംഗമാണ് സി. റീജ ആന്റണി എം.എസ്.എം.ഐ.

തയാറാക്കിയത്: സി. നിമിഷ റോസ് CSN

സി. നിമിഷ റോസ് CSN

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.