
കുട്ടികളിൽ ദൈവസാന്നിധ്യത്തെക്കുറിച്ച് അവബോധം വരുത്തുന്നതിന് മാതാപിതാക്കൾക്ക് വിശ്വാസപരമായ ചില ശീലങ്ങൾ കുടുംബജീവിതത്തിലേക്ക് സ്വീകരിക്കാൻ കഴിയും. അതിന് സഹായിക്കുന്ന എട്ടു കാര്യങ്ങൾ ഇതാ:
1. പുറത്തുപോകുമ്പോഴും വരുമ്പോഴും ദൈവസാന്നിധ്യ സ്‌മരണ നിലനിർത്തുക
യാത്രയ്ക്ക് പുറത്തുപോകുന്നതിനു മുൻപ് അന്നത്തെ യാത്രയെ ദൈവത്തിന് സമർപ്പിക്കുകയും തിരിച്ചു വരുമ്പോൾ ദൈവീകസംരക്ഷണത്തിന് നന്ദിപറയുകയും ചെയ്യുക.
2. ദൈവാലയത്തിന്റെ മുൻപിൽ കൂടി കടന്നുപോകുമ്പോൾ ആദരവ് പ്രകടിപ്പിക്കുക
ദൈവാലയങ്ങളുടെ മുൻപിൽ കൂടി കടന്നുപോകുമ്പോൾ ആദരവ് പ്രകടിപ്പിക്കുകയും കുരിശടയാളം വരയ്ക്കുകയും ചെയ്യണം.
3. ആംബുലൻസ് സൈറൺ കേൾക്കുമ്പോൾ പ്രാർഥിക്കുക
ആംബുലൻസിന്റെയോ, ഫയർ എഞ്ചിന്റെയോ സൈറൺ കേൾക്കുമ്പോൾ, ആ ആംബുലൻസിലുള്ള വ്യക്തിയെയും അപകടം നടന്ന ആളുകളെയും സ്ഥാപനങ്ങളെയും സഹായിക്കണമേ എന്ന ചെറിയ പ്രാർഥനകൾ നടത്താം.
4. സെമിത്തേരിയുടെ മുൻപിലൂടെ കടന്നുപോകുമ്പോൾ മരിച്ചവർക്കുവേണ്ടി പ്രാർഥിക്കുക
ഒരു സെമിത്തേരിയുടെ മുൻപിലൂടെ കടന്നുപോകുമ്പോൾ, എല്ലാ ആത്മാക്കളുടെമേലും കരുണ ആയിരിക്കണമേ എന്ന് പ്രാർഥിക്കാം.
5. എല്ലാദിവസവും പ്രഭാതത്തിൽ പ്രാർഥിക്കുക
ഓരോ ദിവസവും ദൈവത്തിന് സമർപ്പിച്ചുകൊണ്ട് ആരംഭിക്കാൻ ശ്രമിക്കുക. കുട്ടികൾ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഇപ്രകാരം പ്രാർഥിക്കാനുള്ള പരിശീലനം നൽകുക.
6. ഉറങ്ങുന്നതിനുമുമ്പ് പ്രാർഥിക്കുക
അന്നേ ദിവസം നൽകിയ എല്ലാകാര്യങ്ങൾക്കും ദൈവത്തിന് നന്ദി പറയണം. കുഞ്ഞുങ്ങൾ ഉറങ്ങുന്നതിനു മുൻപ് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ നെറ്റിയിൽ കുരിശടയാളം വരച്ചു പ്രാർഥിക്കണം.
7. ഭക്ഷണത്തിന് മുമ്പ് പ്രാർഥിക്കുക
ഭക്ഷണത്തിന് മുമ്പ് പ്രാർഥിക്കുന്നശീലം കുട്ടികളിൽ വളർത്തണം. പിതാവായ ദൈവമേ, ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിലൂടെ, ഇന്നേ ദിവസം നീ ഞങ്ങൾക്ക് നൽകിയ ഈ ആഹാരത്തെ ഓർത്തു ഞങ്ങൾ നന്ദിപറയുന്നു എന്ന് പ്രാർഥിക്കുക.
8. എല്ലാദിവസവും മക്കളുടെ ഭാവി ജീവിതത്തെ സമർപ്പിച്ച് പ്രാർഥിക്കുക
എല്ലാദിവസവും മക്കളുടെ ഭാവിജീവിതത്തെ ദൈവകരങ്ങളിൽ സമർപ്പിക്കണം. വരാനിരിക്കുന്ന ജീവിതത്തെയും സാഹചര്യങ്ങളെയും ജീവിതവഴികളെയും തലമുറകളെയും അനുഗ്രഹിച്ചുപ്രാർഥിക്കുക.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ