വി. അംബ്രോസിനെക്കുറിച്ച് അറിയേണ്ട എട്ട് പ്രധാന വസ്തുതകൾ

കത്തോലിക്ക സഭയിലെ വേദപാരംഗതൻ എന്നറിയപ്പെടുന്ന ആദ്യത്തെ നാലുപേരിൽ ഒരാളും വി. അഗസ്റ്റിന് മാമോദീസ നൽകിയ വ്യക്തിയുമാണ് വി. അംബ്രോസ്. ഈ വിശുദ്ധന്റെ തിരുനാൾ ദിനമാണ് ഡിസംബർ ഏഴ്. അദ്ദേഹത്തെക്കുറിച്ച് അറിയേണ്ട എട്ട് വസ്തുതകൾ ഇതാ.

1. ആരായിരുന്നു വി. അംബ്രോസ് 

മിലാനിലെ (ഇറ്റലി) ബിഷപ്പായിരുന്നു വി. അംബ്രോസ്. 338 ൽ ജനിച്ച അദ്ദേഹം 397 ൽ മരിച്ചു.

2. എങ്ങനെയാണ് അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചത് 

വി. അംബ്രോസ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. പ്രദേശത്തെ ബിഷപ്പിന്റെ മരണത്തെത്തുടർന്ന് കത്തോലിക്കരും ആര്യന്മാരും പിൻഗാമി ആരായിരിക്കണം എമെന്നതിനെച്ചൊല്ലി കടുത്ത തർക്കത്തിൽ ഏർപ്പെട്ടു. അംബ്രോസ് ഈ സമയം സമാധാനം നിലനിർത്താനും ഇരുകൂട്ടരെയും ശാന്തമാക്കാനും ശ്രമിക്കുകയായിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു ചെറിയ കുട്ടി ‘ബിഷപ്പ് അംബ്രോസ്’ എന്ന് വിളിച്ചുപറഞ്ഞു. തുടർന്ന് അംബ്രോസ് പുതിയ ബിഷപ്പായി വരണമെന്ന് ഇരുകൂട്ടരും തീരുമാനിച്ചു.

അതിലും അസാധാരണമായത് അംബ്രോസ് അതുവരെ ഒരു ക്രിസ്ത്യാനിപോലും ആയിരുന്നില്ല എന്നതാണ്. അദ്ദേഹം അപ്പോൾ മാമ്മോദീസ സ്വീകരിക്കാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന ഒരു കാറ്റെക്കുമെൻ (ക്രിസ്തുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനുമുൻപ് പരിശീലനം നേടുന്നയാൾ) ആയിരുന്നു.

3. വി. അംബ്രോസ് മെത്രാനാകാൻ ആഗ്രഹിച്ചിരുന്നില്ല

ബിഷപ്പ് ആകാൻ ആഗ്രഹമില്ലാതിരുന്നതിനാൽ അദ്ദേഹം ഒളിവിൽ പോകാൻ തീരുമാനിച്ചു. എന്നാൽ, വാലന്റീനിയൻ ചക്രവർത്തി ഇത് മനസ്സിലാക്കുകയും അംബ്രോസിന് അഭയം കൊടുക്കുന്നവർക്ക് കടുത്ത ശിക്ഷ വിധിക്കുകയും ചെയ്തു. അതിനാൽ ഒളിവിൽനിന്ന് പുറത്തുവരാനും ബിഷപ്പായി സ്ഥാനാരോഹണം ചെയ്യാനും അദ്ദേഹം നിർബന്ധിതനായി.

4. ഒരു ബിഷപ്പ് എന്ന നിലയിൽ വി. അംബ്രോസ് എങ്ങനെ പ്രവർത്തിച്ചു

വി. അംബ്രോസ് ഒരു ബിഷപ്പ് എന്ന നിലയിൽ വളരെ നന്നായി പ്രവർത്തിച്ചു. ഇത് അദ്ദേഹത്തെ കത്തോലിക്ക സഭയിൽ ‘വേദപാരംഗതൻ ‘ ആയി പ്രഖ്യാപിക്കുന്നതിനു കാരണമായി. അദ്ദേഹം അത്ഭുതകരമായ നിരവധി രചനകൾ നിർവഹിച്ചു. വി. അഗസ്റ്റിന്റെ മനസാന്തരത്തിൽ അദ്ദേഹം നിർണ്ണായകപങ്കു വഹിച്ചു. അംബ്രോസ് മെത്രാൻ പാഷണ്ഡതയ്‌ക്കെതിരെ പോരാടി. ‘ലെക്‌സിയോ ഡിവീന’ പാശ്ചാത്യലോകത്ത് അവതരിപ്പിച്ചു. ഈ വചനധ്യാന രീതി ഇന്നും നിലനിൽക്കുന്നു.

5. ‘ലെക്‌സിയോ ഡിവീന’ – വചന ധ്യാനരീതി അവതരിപ്പിച്ചു

വി. അംബ്രോസ് സാംസ്കാരികമായി നല്ല വിദ്യാഭ്യാസം നേടിയിരുന്നെങ്കിലും അദ്ദേഹത്തിന് വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് അറിവ് കുറവായിരുന്നു. അതിനാൽ അദ്ദേഹം അവ പഠിക്കാൻ തുടങ്ങി. അങ്ങനെ, അംബ്രോസ്, ഒറിജൻ ആരംഭിച്ച വിശുദ്ധ ഗ്രന്ഥ ധ്യാനം ലാറ്റിൻ തലത്തിലേക്കു മാറ്റി. പാശ്ചാത്യരാജ്യങ്ങളിൽ ‘ലെക്‌സിയോ ഡിവീന’ രീതി അവതരിപ്പിച്ചു. മിലാൻ ബിഷപ്പിന്റെ എല്ലാ പ്രസംഗങ്ങൾക്കും എഴുത്തുകൾക്കും ഈ രീതി ഒരു വഴികാട്ടിയായി വർത്തിച്ചുവെന്ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പ പ്രസ്താവിച്ചു. ഈ രീതി പ്രാർഥനാപൂർവം ദൈവവചനം ശ്രവിക്കുന്നതിന് സഹായകമായി.

6. വി. അഗസ്റ്റിന്റെ മാനസാന്തരത്തിൽ വി. അംബ്രോസ് എങ്ങനെയാണ് സഹായിച്ചത്

വി. അഗസ്റ്റിന്റെ മാനസാന്തരത്തിൽ ആത്മീയമായി സഹായിക്കുകയും പ്രാർഥനയിലൂടെ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്‌തു വി. അംബ്രോസ്.

7. വി. അംബ്രോസിന്റെ മറ്റു ചില പ്രത്യേകതകൾ

വി. അംബ്രോസിനോട് സംസാരിക്കാൻ ഒരു നീണ്ട നിര എപ്പോഴും കാത്തുനിന്നിരുന്നു. അനേകർ അദ്ദേഹത്തിൽ ആശ്വാസവും പ്രതീക്ഷയും തേടിയിരുന്നു. ബിഷപ്പ് ജനങ്ങളോടൊപ്പം ഇല്ലാതിരുന്ന സമയം ഏതാനും നിമിഷങ്ങൾ മാത്രമായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴോ, വായിക്കുമ്പോഴോ അല്ലാത്ത എല്ലാ സമയവും അദ്ദേഹം ജനങ്ങളോടൊപ്പം ചിലവഴിച്ചു. വി. അംബ്രോസ് വായ അടച്ച് കണ്ണുകൊണ്ടു മാത്രമാണ് വിശുദ്ധ ഗ്രന്ഥം വായിച്ചിരുന്നത്.

8. വി. അംബ്രോസിന്റെ പ്രസിദ്ധമായ ഉപദേശം

വി. അംബ്രോസ്, അഗസ്റ്റിന് വളരെ പ്രസിദ്ധമായ ഒരു ഉപദേശം നൽകി. ഈ ഉപദേശം ഇന്നും വ്യാപകമാണ്. എന്നാൽ അത് അംബ്രോസ് നൽകിയതാണെന്ന് പലർക്കും അറിയില്ല. “റോമിൽ ആയിരിക്കുമ്പോൾ റോമാക്കാർ ചെയ്യുന്നതുപോലെ ചെയ്യുക.”

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.