ഉയിര്‍പ്പു തിരുനാള്‍

ഉയിര്‍പ്പുതിരുനാള്‍ മുതല്‍ പന്തക്കുസ്താ വരെയുള്ള ഏഴ് ആഴ്ചകളാണ് ഉയിര്‍പ്പുകാലം. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ ആഹ്‌ളാദിക്കുന്നതിനുള്ള അവസരമാണിത്. ഈ ആഹ്‌ളാദത്തിന്റെ പ്രതിഫലനമാണ് ഈ കാലത്തിലെ പ്രാര്‍ഥനകളിലും ഗീതങ്ങളിലുമുള്ളത്. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ കര്‍ത്താവിന്റെ ഉയിര്‍പ്പാണ് സഭയില്‍ ആദ്യമായി ആഘോഷിച്ചുതുടങ്ങിയ തിരുനാള്‍. നിഖ്യാ സൂനഹദോസിന്റെ (325) കാലം മുതല്‍, സാര്‍വ്രതിക സഭയില്‍ ഈ തിരുനാള്‍ ആഘോഷിക്കുന്നത്, മാര്‍ച്ച് 21-ാം തീയതി കഴിഞ്ഞുവരുന്ന പൂർണ്ണചന്ദ്രദിനത്തിനു (വെളുത്ത വാവ്) ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ്.

ഉത്ഥാനം മുതല്‍ പന്തക്കുസ്താ വരെയുള്ള സംഭവങ്ങള്‍ ഏഴ് ആഴ്ചകളിലായി ഈ കാലത്തില്‍ സഭ അനുസ്മരിക്കുന്നു. പൗരസ്ത്യ സഭകള്‍ ഉയിര്‍പ്പുകാലത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നു. ഉയിര്‍പ്പിന്റെ എട്ടാം ദിനമായ പുതുഞായര്‍ മാര്‍ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനദിനമാണ്. ഉയിര്‍പ്പുകാലത്തിലെ ആദ്യ ആഴ്ച, പുതുതായി മാമ്മോദീസ സ്വീകരിച്ച ”പുതുക്രിസ്ത്യാനി”കളുടെ ആഴ്ചയായി മാറ്റിവച്ചിരുന്നു. അതിനാല്‍ അനുകരണാര്‍ഹമായ ഈ പാരമ്പര്യം പുനര്‍ജിവിപ്പിച്ചുകൊണ്ട് ഉയിര്‍പ്പു തിരുനാളിനോടനുബന്ധിച്ച് മാമ്മോദീസ നല്‍കുക ഉചിതമായിരിക്കും.

സഭയെ നയിക്കാന്‍ ശെമയോന്‍ കേപ്പായെയും മറ്റു ശ്ലീഹന്മാരെയും അവരുടെ പിന്‍ഗാമികളെയും ചുമതലപ്പെടുത്തിയ ഉത്ഥിതനായ മിശിഹാ, ലോകാവസാനം വരെ തന്റെ ശ്ലീഹന്മാരോടും പിന്‍ഗാമികളോടും തന്റെ ജനത്തോടും കൂടെയുണ്ട് എന്ന സദ്വാര്‍ത്തയും ഈ കാലം നമുക്കു നൽകുന്നു. ഉയിര്‍പ്പു കഴിഞ്ഞ് നാൽപതാം ദിവസം ‘കര്‍ത്താവിന്റെ സ്വര്‍ഗാരോഹണത്തിരുനാള്‍’ ആഘോഷിക്കുന്നു. അതുകൊണ്ടുതന്നെ, സ്വര്‍ഗരാജ്യ പ്രവേശനവുമായി അഭേദ്യം ബന്ധപ്പെട്ടുനിൽക്കുന്ന നിതൃജീവനും ഉയിര്‍പ്പും ഈ കാലത്തിലെ വിചിന്തനവിഷയങ്ങളാണ്.

നിത്യജീവന്‍ പ്രാപിക്കാന്‍ ഏകരക്ഷകനായ മിശിഹായുടെ അടുക്കലേക്കാണ് പോകേണ്ടത് എന്ന സത്യവും ഈ കാലത്തില്‍ പ്രഘോഷിക്കപ്പെടുന്നു. സ്വര്‍ഗാരോഹണത്തോടനുബന്ധിച്ച് ഈശോ ശിഷ്യന്മാര്‍ക്കു നൽകിയ നിര്‍ദേശമനുസരിച്ച് സദാസമയവും ദൈവാലയത്തില്‍ (പ്രാര്‍ഥിക്കുന്ന ശിഷ്യരെയും സഭ നമുക്കു പരിചയപ്പെടുത്തുന്നു. സ്വര്‍ഗവും ഭൂമിയും സന്ധിക്കുന്ന കര്‍ത്താവിന്റെ ആലയത്തില്‍ പ്രത്യാശയോടെ പന്തക്കുസ്താനുഭവത്തിനായി കാത്തിരിക്കാനാണ് സഭാമാതാവ് നമ്മോടും ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.