ക്രിസ്തുമസ് ട്രീകളുടെ ചരിത്രം നിങ്ങള്‍ക്കറിയാമോ?

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

കൃത്രിമവും സജീവവുമായ ക്രിസ്തുമസ് ട്രീകള്‍ ഇന്ന് ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. 16 -ാം നൂറ്റാണ്ടില്‍ ജര്‍മനിയിലാണ് ഇന്നത്തെ രീതിയില്‍ ട്രീ അലങ്കരിക്കുന്ന പാരമ്പര്യം തുടങ്ങിയത്. 19-ാം നൂറ്റാണ്ടോടുകൂടി ഇത് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വൈദ്യുതിയുടെ കണ്ടുപിടുത്തമാണ് ക്രിസ്തുമസ് ട്രീയെ ഇത്രമാത്രം ജനകീയമാക്കിയത്.

ബ്രിട്ടണിലെ രാജകുടുംബം ക്രിസ്തുമസ് ട്രീക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം അവിടുത്തെ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും അത്  ക്രിസ്തുമസ് ട്രീക്ക് ബ്രിട്ടീഷ് കോളനികളില്‍ പ്രചുരപ്രചാരം നേടുന്നതിന് കാരണമായിത്തീരുകയും ചെയ്തു. 1923 മുതല്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസില്‍ ക്രിസ്തുമസ് ട്രീ പ്രദര്‍ശിപ്പിക്കുന്ന പതിവ് തുടങ്ങി.

പലവിധമായ അലങ്കാരങ്ങളാല്‍ ക്രിസ്തുമസ് ട്രീ മനോഹരമാക്കുന്ന രീതി എല്ലാ സ്ഥലങ്ങളിലുമുണ്ട്. സാധാരണയായി ട്രീയുടെ മുകളില്‍ ഒരു മാലാഖയുടേയോ, നക്ഷത്രത്തിന്റെയോ രൂപമാണ് വയ്ക്കുന്നത്. ഇതുകൂടാതെ മിക്കവാറും അമേരിക്കന്‍ പള്ളികളില്‍ ‘ഗിവിംഗ് ട്രീ’ (giving tree) ക്രിസ്തുമസ് കാലയളവില്‍ വയ്ക്കുകയും അതില്‍ ആ പ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് ആവശ്യമായ സാധനങ്ങളുടെ പട്ടിക തൂക്കിയിടുകയും ഇടവകക്കാര്‍ അതു എടുത്തുകൊണ്ടുപോയി സാധനങ്ങള്‍ വാങ്ങി ട്രീയുടെ അടിയില്‍ കൊണ്ടുവയ്ക്കുകയും പിന്നീട് ഇത് ആവശ്യാനുസരണം പാവങ്ങള്‍ക്ക് വിതരണംചെയ്യുകയും ചെയ്യുന്നു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലുള്ള ക്രിസ്തുമസ് ട്രീ വളരെ പ്രസിദ്ധമാണ്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1982 -ല്‍ ആരംഭിച്ച ഒരു പാരമ്പര്യമാണിത്. ക്രിസ്തുമസ് ട്രീ ക്രിസ്തുവിന്റെ പ്രതീകമാണെന്ന് ഒരു പ്രസംഗത്തില്‍ മാര്‍പാപ്പ പറയുകയുണ്ടായി.

യൂറോപ്പിലെ വിവിധ രാജ്യങ്ങളാണ് വത്തിക്കാനിലെ ക്രിസ്തുമസ് ട്രീ സംഭാവന ചെയ്യുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.