ഭക്ഷണക്രമവും മാനസികാരോഗ്യവും

ഡോ. സെമിച്ചൻ ജോസഫ്

അജയൻ ഒരു മൾട്ടിനാഷണൽ കമ്പനിയിലെ സെയിൽസ് മാനേജറാണ്. ഒരുദിവസം ജോലിസ്ഥലത്തു തളർന്നുവീണ അജയനെ സഹപ്രവർത്തകർ അപ്പോൾത്തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ ടൈപ്പ് 2 ഡയബറ്റിക്ക് സ്ഥീരീകരിക്കയും ചെയ്തു. കേവലം 30 വയസ്സിൽ പ്രമേഹബാധിതനാകേണ്ടിവന്നതിന്റെ സങ്കടവുമായാണ് അയാൾ എന്നെ കാണാൻ വന്നത്. ജോലിയുടെ നമ്മർദവും പിരിമുറുക്കവും ഏറുമ്പോൾ ആശ്വാസത്തിനായി കക്ഷി ആശ്രയിക്കുന്നത് കടുപ്പത്തിലുള്ള ഒരു ഗ്ലാസ് ചായയെ ആണ്. ചില ദിവസങ്ങളിൽ 20 ഗ്ലാസിനു മുകളിൽ ചായ കുടിക്കുമത്രെ. ചുരുക്കത്തിൽ സമ്മർദവും പിരിമുറുക്കവും മാറ്റാൻ അയാൾ കണ്ടവഴി അയാൾക്ക് മാനസികമായ പ്രതിസന്ധിക്കു കാരണമായി എന്നുസാരം.

അജയന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം ശാരീരികവും മാനസികവുമായ വെല്ലുവിളികൾക്ക് കാരണമാകാറുണ്ട്. അനുചിതവും അപര്യാപ്തവുമായ ഭക്ഷണക്രമം നമ്മെ ദോഷകരമായി ബാധിക്കുന്നു. അത് നമ്മുടെ മനസ്സിനെ ബാധിക്കുകയും ഏകാഗ്രത കുറയ്ക്കുകയും സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യും. മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണപദാർഥങ്ങൾ ഏതാണെന്നു നോക്കാം.

പ്രോസസ് ചെയ്ത ഭക്ഷണങ്ങളാണ് ഇതിൽ പ്രധാനം. ഇത്തരം ഭക്ഷണങ്ങളില്‍ ധാരാളം പഞ്ചസാര, ഉപ്പ്, ഹാനികരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ മാനസികനിലയെ ബാധിക്കും. പഞ്ചസാരയും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മൂലമുണ്ടാകുന്ന വീക്കം തലച്ചോറുള്‍പ്പെടെ മുഴുവന്‍ ശരീരത്തെയും ബാധിക്കും. ഇത് ഉത്കണ്ഠയും വിഷാദവുംപോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാം. മറ്റൊരു പ്രധാന പ്രശ്നമാണ് മദ്യത്തിന്റെ അമിത ഉപയോഗം. അത്  ഉറക്കത്തെ  ബാധിക്കുകയും ഉത്കണ്ഠ ഉണ്ടാക്കുകയും ചെയ്യും. അധികമായി മദ്യം കഴിക്കുന്നത് നിര്‍ജലീകരണത്തിനും ഉത്കണ്ഠ ഉളവാക്കുന്ന ഹാംഗ് ഓവര്‍ ലക്ഷണങ്ങളിലേക്കും നയിക്കാം.

ട്രാന്‍സ് ഫാറ്റ്, പൂരിത കൊഴുപ്പുകളടങ്ങിയ ഭക്ഷണങ്ങൾ, വെണ്ണ, ഉയര്‍ന്ന കൊഴുപ്പുള്ള പാലുല്പന്നങ്ങള്‍, ഉപ്പ് അധികമായ ഭക്ഷണങ്ങള്‍, ചായ, കാപ്പി മുതലായവയുടെ അമിത ഉപയോഗം തുടങ്ങിയവയും മാനസികാരോഗ്യത്തെ ദേഷകരമായി ബാധിക്കുന്നതായി പഠനങ്ങളുണ്ട്. ഏതെങ്കിലുമൊരു ഭക്ഷണം നേരിട്ട് മാനസികാരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുകയല്ല, മറിച്ച് ഉയര്‍ന്ന അളവില്‍ ഈ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഹോര്‍മോണ്‍, കെമിക്കല്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുകയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം നിത്യജീവിതത്തിന്റെ ഭാഗമാക്കുകവഴി നമുക്ക് ആരോഗ്യമുള്ള ശരീരവും ഒപ്പം ആരോഗ്യകരമായ മനസ്സും ഉറപ്പാക്കാം. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നമ്മുടെ തലച്ചോറിനെ കൂടുതല്‍ സജീവമാക്കാനും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും സഹായിക്കും. അതുവഴി കൂടുതല്‍ വ്യക്തമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും നമുക്കു സാധിക്കും.

ഡോ. സെമിച്ചൻ ജോസഫ്

(തുടരും)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.